Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 82: എന്തു യുദ്ധമാണു നടക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ!
Transcript
- എപ്പിസോഡ് 82. 16. 11.1988. ഇന്നലെ മുതൽ സാത്താൻ എന്നെ ക്രൂരമായി ആക്രമിച്ചു കൊണ്ടിരിക്കുന്നു. യേശു നേരത്തെ തന്നെ എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സാത്താൻ എന്റെ ദൗർബല്യങ്ങൾ അറിയുന്നു; അവയെ തന്നെയാണ് അവൻ ലക്ഷ്യം വയ്ക്കുന്നത്. ഈ ദൈവിക സന്ദേശങ്ങളിൽ എനിക്കുണ്ടാകുന്ന സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള അസുരക്ഷിതത്വമാണ് എന്റെ ഏറ്റവും വലിയ ദൗർബല്യം. മുഖ്യമായും ഞാൻ ആരാണെന്നുള്ള കാരണത്താൽ തന്നെ. ഞാൻ ദൈവദൂതനെ പോലെയോ അല്ലെങ്കിൽ വിശുദ്ധിയോ അല്ല. എനിക്ക് പലപ്പോഴും പിഴവുകൾ പറ്റുന്നു; വാസ്തവത്തിൽ എനിക്ക് ഒന്നും അറിയില്ല. മറ്റു പല മിസ്റ്റിക്കുകൾക്ക് ലഭിച്ചതുപോലെ അസാധാരണമായ അതിഭൗതിക അടയാളങ്ങൾ യേശു എനിക്ക് നൽകുന്നില്ലെന്ന് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്. അപ്പോൾ സാത്താൻ എന്റെ ആ ചിന്തയെ മുതലെടുത്ത് തന്റെ സൗകര്യമനുസരിച്ച് എന്നെ പീഡിപ്പിക്കുന്നു. വസൂല, ഇത് കർത്താവായ ഞാനാണ്. നീ ഓരോ തവണ സംശയിക്കുമ്പോഴും ഞാൻ ആഴത്തിലുള്ള ദുഃഖത്തിലേക്ക് വീഴുന്നു. എന്റെ ഹൃദയം വേദനിക്കുന്നു. എന്റെ ഈ പ്രവർത്തി തുടരുവാൻ നീ തയ്യാറാണോ? ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ. നമ്മുടെ കർത്താവ് വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ എന്ന് പറയുക, കാരണം എനിക്ക് സംശയം ഉണ്ടായി. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ. നമ്മുടെ കർത്താവ് വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ. വസൂല, വസൂല, എന്റെ കുഞ്ഞേ, സാത്താനാൽ വഞ്ചിക്കപ്പെടരുത്. അവൻ നിർദ്ദേശങ്ങൾ നിനക്ക് നൽകിക്കൊണ്ട് നിന്നോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. അവൻ എന്റെ പദ്ധതിക്കെതിരെ യുദ്ധം ചെയ്യുന്നു. നീ ഓരോ പടി മുകളിലേക്ക് കയറുമ്പോഴും അവൻ കോപത്തോടെ ആക്രോഷിക്കുന്നു. കുഞ്ഞേ, നിനക്ക് മുന്നറിയിപ്പ് നൽകുവാൻ ഞാൻ നിന്നോടൊപ്പമുണ്ട്. വസൂല, ഈ വെളിപ്പെടുത്തലിനായി എന്റെ അടയാളങ്ങൾ ഈ തവണ വളരെ പരിമിതമാണ്. ഇങ്ങനെ വെളിപ്പെടുത്തലുകൾ നൽകുമ്പോഴാണ് ഞാൻ കൂടുതൽ മഹത്വം പ്രാപിക്കുന്നത്. അതിനുള്ള കാരണം ഞാൻ നിന്നോട് വിശദീകരിച്ചിട്ടുണ്ട്. അനേകം അസാധാരണ അടയാളങ്ങൾ ഇല്ലാതെ തന്നെ വിശ്വാസം ആദ്യം വരണം എന്നതാണ് എന്റെ ആഗ്രഹം. ഞാൻ ഇത് ലളിതമാക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നോട് പറഞ്ഞതുപോലെ, ഞാൻ നൽകുന്ന ഏക അടയാളം നീ തന്നെയും നിന്റെ ഫലങ്ങളുമാണ്. അതിൽ പ്രധാനമായും മാനസാന്തരങ്ങളുമാണ്. ഈ കാലഘട്ടത്തിൽ വിശ്വാസം എത്രത്തോളം കുറവാണെന്ന് ഞാൻ അറിയുന്നു. അതുകൊണ്ടാണ് നീ പീഡിപ്പിക്കപ്പെടുന്നത്. എന്നാൽ ഞാൻ തന്നെയും പീഡിപ്പിക്കപ്പെട്ടിട്ടില്ലയോ? എന്നിൽ ഫലങ്ങൾ ഉണ്ടായിരുന്നിട്ടും അനേകർ എന്നെ വിശ്വസിച്ചില്ല. വസൂല, നീ ഒന്നും അർഹിക്കുന്നില്ലെങ്കിലും ഞാൻ നിന്നെ അനേകം കൃപകൾ കൊണ്ട് അനുഗ്രഹിക്കുന്നു. നിന്നെക്കാൾ കൂടുതൽ അർഹതയുള്ള ദാസന്മാർ എനിക്കുണ്ടെങ്കിലും ഞാൻ അവരെ കൃപാദാനങ്ങളുടെ കാര്യത്തിൽ പരിമിതപ്പെടുത്തുന്നു. ഞാൻ നിന്നെ വിധിക്കുന്നില്ല; ഞാൻ നിന്നെ ഓർമ്മപ്പെടുത്തുകയാണ്. ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. നിന്റെ മുഴുവൻ വ്യക്തിത്വത്തോടെയും നിന്റെ പൂർണ്ണ മനസ്സോടെയും നിന്റെ ദൈവമായ എന്നെ സ്നേഹിക്കുക. ഒരു പ്രത്യേകമായ, ആഴമുള്ള, അഗാഥമായ സ്നേഹത്താൽ എന്നെ സ്നേഹിക്കുന്നതിന് വേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. ഞാൻ സ്വർഗ്ഗത്തിന്റെ എന്റെ വാതിലുകൾ തുറന്ന് നിന്നെ അകത്ത് പ്രവേശിപ്പിച്ചു. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമുള്ള എന്റെ മന്ദിരത്തിലേക്ക് ഞാൻ നിന്നെ സ്വാഗതം ചെയ്തു. എന്റെ രക്ഷാപദ്ധതി എന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഞാൻ വെളിപ്പെടുത്തി കൊടുത്തു. എന്റെ അതിരുകളില്ലാത്ത കരുണയാലാണ് ഞാൻ അത് ഒരുക്കിയിരിക്കുന്നത്. എന്റെ മന്ദിരത്തിൽ വച്ച് ഞാൻ അതിനെക്കുറിച്ച് അവരോട് പ്രഖ്യാപിച്ചു. എന്റെ മഹാകരുണയും അധികാരവും പ്രകടിപ്പിക്കുവാനായി എന്റെ സൃഷ്ടികളിൽ ഏറ്റവും ചെറുതും ദുർബലവും നികൃഷ്ടവുമായവളിൽ ഞാൻ എന്റെ ദൃഷ്ടി പതിപ്പിച്ചിട്ടുണ്ടെന്നും ഞാൻ അവളെ തിരഞ്ഞെടുക്കുമെന്നും ഞാൻ അവരോട് പറഞ്ഞു. നിന്നെ അന്വേഷിച്ച് മൃതരുടെ ഇടയിൽ നിന്ന് നിന്നെ എടുത്ത് എന്റെ അടുക്കലേക്ക് നിന്നെ ഉയർത്തുന്നതിനായി ഞാൻ ഇറങ്ങി വന്നു. എന്നാൽ ഇതാണ് എന്റെ അഭീഷ്ടം. അതിനുശേഷം ഞാൻ നിനക്കായി ഒരു മേശ ഒരുക്കി, എന്റെ കൈകൊണ്ട് തന്നെ എന്റെ ആഹാരം നിന്റെ വായിൽ വെച്ച് തന്നു. നിന്റെ ദൈവമായ ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നു. അസൂയയോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ തൈലം കൊണ്ട് ഞാൻ നിന്നെ അഭിഷേകം ചെയ്തു, നിന്നെ ഞാൻ എന്റേതാക്കി. നിന്നെ എന്റെ മണവാട്ടിയാക്കി, ഞാൻ നിന്റെ യജമാനനായി. എന്റെ കൃപകളാൽ ഞാൻ നിന്നെ പൊതിഞ്ഞു, എന്റെ ആഭരണങ്ങളാൽ നിന്നെ ഞാൻ സമ്പന്നയാക്കി. എന്റെ കുരിശും എന്റെ ആണികളും എന്റെ മുൾക്കിരീടവും ഞാൻ നിനക്ക് തന്നിട്ടില്ലയോ? ഒരു മണവാളന് തന്റെ മണവാട്ടിക്ക് ഇതിനേക്കാൾ വിലയേറിയ എന്ത് സമ്മാനമാണ് നൽകാൻ കഴിയുക? സ്നേഹത്തിന്റെ ആത്മാവായ ഞാൻ നീ എന്നെ എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെയാണ് നീ സ്നേഹത്തിൽ വളരേണ്ടതെന്നും നിന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ മാലാഖമാർക്ക് ഞാൻ നിന്നെ പരിചയപ്പെടുത്തി. എനിക്കുള്ളതെല്ലാം ഞാൻ നീയുമായി പങ്കുവെക്കുന്നു. നീ എന്റെ ഭവനത്തിൽ ജീവിക്കുന്നു, നീ എന്റെ തിരുഹൃദയത്തിൽ ജീവിക്കുന്നു. എന്റെ സ്വന്തം കരത്താൽ വിശുദ്ധീകരിക്കപ്പെട്ടവളാണ് നീ, എന്റെ കൃപകളാൽ അനുഗ്രഹിക്കപ്പെട്ടവളാണ് നീ. സാത്താൻ നിന്നെ പിന്തുടർന്ന് വേട്ടയാടുന്നത് എന്തിനാണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്റെ പദ്ധതിയെ നശിപ്പിക്കുവാനാണ് അവൻ പരിശ്രമിക്കുന്നത്. എത്ര വലിയ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് നീ അറിഞ്ഞിരുന്നെങ്കിൽ, ഭൂമിയും ഈ യുദ്ധത്തിന്റെ പ്രകമ്പനങ്ങൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് അവനെ ജാഗ്രതയോടെ കരുതുക, അവൻ നിന്നെ വഞ്ചിക്കാതിരിക്കട്ടെ. അങ്ങ് എന്നെ സഹായിക്കുന്നില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യുവാൻ സാധിക്കും? എന്നെ വഞ്ചിക്കുവാൻ അവനെ അനുവദിക്കരുതേ. അവനെ തടഞ്ഞുനിർത്തണമേ. ഞാൻ നിന്നെ എപ്രകാരമാണ് സംരക്ഷിക്കുന്നത് എന്ന് നീ അറിഞ്ഞിരുന്നെങ്കിൽ, ഇതാ നോക്കൂ. ഞാൻ നിൽക്കുന്നതായിട്ടും എന്റെ ചുറ്റും മാലാഖമാർ പരസ്പരം കൈകൾ കോർത്തു പിടിച്ച് നിന്നുകൊണ്ട് എന്റെ നേർക്കുള്ള സാത്താന്റെ വഴി തടയുന്നതായും ഞാൻ കണ്ടു. നിന്നെ സ്പർശിക്കുവാൻ ഞാൻ സാത്താനെ അനുവദിക്കുകയില്ലെന്ന് ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു. രോഗമോ അകാലമരണമോ വരുത്തുവാൻ സാത്താനെ ദൈവം അനുവദിക്കുകയില്ലെന്ന സാരം. എന്റെ ഭാഗത്തുനിന്ന് ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയോ അവഗണിക്കുകയോ ഇല്ല. എന്നോട് കൂടെ നിന്നാൽ നിനക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. എന്റെ സമാധാനം ഞാൻ നിനക്ക് നൽകിയിട്ടുണ്ട്. എളിയവരോടുള്ള എന്റെ പ്രത്യേകമായ സ്നേഹം ഞാൻ നിനക്ക് കാണിച്ചു തന്നിട്ടുണ്ടല്ലോ. എന്റെ തിരുഹൃദയം ഞാൻ നിന്നെ കാണിച്ചിട്ടുണ്ട്. എന്റെ വസൂല, എന്നെ അളവില്ലാത്ത വിധം സ്നേഹിക്കുവാനും എന്നെ സന്തോഷിപ്പിക്കുവാനുമാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത്. നീ എപ്പോഴും എന്നെ ആഗ്രഹിക്കണം, നീ എന്നെ അനുസരിക്കണം, നീ എന്നെ സന്തോഷിപ്പിക്കണം. നീ എന്റെ ക്രോധം ശമിപ്പിക്കണം, നീ എന്നെ ആശ്വസിപ്പിക്കണം, നീ എനിക്ക് വിശ്രമം നൽകണം. നീ എന്നെ ആരാധിക്കണം, നീ എന്നിൽ പ്രത്യാശ വെക്കണം. നീ എന്നിൽ പൂർണ്ണമായും അന്ധമായും വിശ്വസിക്കണം. ഇവയാണ് എന്റെ ഹൃദയത്തിന്റെ സിദ്ധാന്തങ്ങൾ. എന്റെ പ്രതിബിംബമായി ജീവിച്ചുകൊണ്ട് എന്നെ ആദരിക്കുക. ഞാൻ നിനക്ക് നൽകുന്നതെല്ലാം സ്വീകരിച്ചുകൊണ്ട് എന്നെ മഹത്വപ്പെടുത്തുക. പുഷ്പമേ, എന്റെ താല്പര്യങ്ങൾക്കും എന്റെ മഹത്വത്തിനും വേണ്ടി മാത്രം ജീവിക്കുക. ഞാൻ നിനക്ക് നൽകുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുക. അതെ, കർത്താവേ, ഞാൻ അതിനായി പരിശ്രമിക്കുന്നു. ഞാൻ എല്ലായ്പ്പോഴും സന്നിഹിതനാണ്. ഞാൻ നിന്നെ രക്ഷിക്കുവാൻ വന്നിട്ടില്ലായിരുന്നെങ്കിൽ, നീ ഇപ്പോൾ എന്നെ, എന്നെ മാത്രം, ആഗ്രഹിക്കുമായിരുന്നു. ഇല്ല, കർത്താവേ. ദൈവത്തിലുള്ള യഥാർത്ഥ ജീവിതം എന്താണെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. കൂടെ കൂടെ പ്രാർത്ഥിക്കുക. അനുദിനം വിശുദ്ധ ജപമാല പ്രാർത്ഥന പ്രാർത്ഥിക്കുക. ഈ ജപമാല എന്ന ചങ്ങലയാണ് സാത്താനെ ബന്ധിക്കുന്നതും അവനെ കീഴടക്കുന്നതും. എന്റെ സമാധാനം ഞാൻ നിനക്ക് തരുന്നു. ഒരിക്കലും സംശയിക്കരുത്. നമ്മൾ, നമുക്ക്. എന്നേക്കും ആമേൻ. വെളിപാട് 20-ാം അധ്യായം 2-ാം വാക്യത്തിൽ സാത്താൻ ബന്ധിക്കപ്പെടുമെന്ന് പറയുമ്പോൾ, മനുഷ്യരാശി മുഴുവനും ലോകമെമ്പാടും വിശുദ്ധ ജപമാല ചൊല്ലുമ്പോഴായിരിക്കും അത് സംഭവിക്കുന്നത് എന്ന് ഞാൻ കരുതുന്നു. ആ ദിവസം വരുമ്പോൾ ജപമാല എന്ന ചങ്ങലയാൽ സാത്താൻ ബന്ധിക്കപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്യും. 21.11.1988. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ. നമ്മുടെ കർത്താവ് വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ. എന്റെ കർത്താവേ. ഇത് ഞാനാണ്. എന്റെ തിരുഹൃദയം എപ്രകാരമാണെന്നത് അനുഭവിച്ചറിയുക. യേശുവിന്റെ തിരുഹൃദയം എല്ലാ ഹൃദയങ്ങളെക്കാളും വിനീതവും ഊഷ്മളവും ക്ഷമയുള്ളതുമാണ്. എനിക്ക് എങ്ങനെ അങ്ങയെ പ്രതിരോധിക്കാൻ കഴിയും? മീറ്റിംഗിനു വേണ്ടി നൽകപ്പെട്ട സന്ദേശം. ഞാനാണ് സ്നേഹം. സ്നേഹത്തിന്റെ ഏറ്റവും പരമമായ സ്രോതസ്സാണ് ഞാൻ. അതിനാൽ എന്നെ പ്രതിരോധിക്കരുത്. എന്റെ അടുക്കലേക്ക് വരിക. ഞാൻ കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും മഹാസമുദ്രം ആയതിനാൽ എന്നിൽ മുങ്ങിക്കുളിക്കുക. നിങ്ങൾ എല്ലാവരും എന്റെ വിശുദ്ധ ഹൃദയത്തിൽ നിന്ന് എന്റെ കാരുണ്യവും സമാധാനവും എടുത്ത് നിങ്ങളുടെ ഹൃദയങ്ങൾ നിറയ്ക്കുക. ഞാൻ നിങ്ങളെ അലങ്കരിക്കും, ഞാൻ നിങ്ങളെ പരിപൂർണ്ണരാക്കും. എന്നിൽ നിന്ന് ഭക്ഷിക്കൂ, നിങ്ങൾ എന്നേക്കും ജീവിക്കും. ഞാനാണ് ജീവന്റെ അപ്പം, ജീവൻ നൽകുന്ന അപ്പം ഞാനാണ്. യോഹന്നാൻ 6-ാം അധ്യായം 51-ാം വാക്യം. യോഹന്നാൻ 6-ാം അധ്യായം 35-ാം വാക്യം. പ്രിയപ്പെട്ടവരെ, എന്റെ കരുണ നിറഞ്ഞ ദൈവീക വിളികളെ സംശയിക്കരുത്. ഞാൻ ഇപ്പോഴും നിങ്ങളുടെ ഇടയിലുണ്ട്. നിങ്ങളുടെ യോഗങ്ങളിൽ ഞാൻ സന്നിഹിതനാണ്. നിങ്ങളെ സഹായിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മധ്യേ സന്നിഹിതനാണ്. എന്റെ സാന്നിധ്യം അനുഭവിച്ചറിയുക. നിങ്ങളുടെ ഹൃദയങ്ങളിൽ സംസാരിക്കുന്ന മഹാപുരോഹിതനാണ് ഞാൻ. എന്നെ സമീപിക്കുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നവൻ ഞാനാണ്. എന്റെ അടുക്കലേക്ക് നിങ്ങളെ ആകർഷിക്കുവാൻ ഞാൻ അത്യധികം ശ്രമിക്കുന്നു. നിങ്ങളെ എന്റെ കൈകളിൽ ചേർത്തു പിടിക്കുവാനും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു. നിങ്ങൾ എന്നെ സമീപിക്കുക, നിങ്ങൾ എന്നോട് ഏറ്റവും അടുത്ത ബന്ധത്തിലായി തീരുക. ഞാൻ നിങ്ങളുടെ മഹാപുരോഹിതനാണ്, ഞാൻ നിങ്ങളുടെ പരിശുദ്ധനായ ദൈവവുമാണ്. ഞാൻ നിങ്ങളുടെ സഹോദരനാണ്, ഞാൻ നിങ്ങളുടെ സഹചാരിയാണ്, ഞാൻ നിങ്ങളുടെ മണവാളനുമാണ്. ഞാൻ നിങ്ങളുടെ സൃഷ്ടാവാണ്, നിങ്ങൾ എല്ലാവരും എന്റെ സന്തതികളാണ്. വസൂല, ഞാൻ ഈ യോഗങ്ങളിൽ എന്നും ഉണ്ടാകും. നിന്റെ പ്രഭാഷണങ്ങൾ എന്നിൽ നിന്ന് വരുന്നു. നീ പറയാനുള്ള വാക്കുകൾ എന്റെ അധരങ്ങളിൽ നിന്ന് വരും. ഞാൻ എന്റെ തോട്ടം നനയ്ക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ലയോ? സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ മഞ്ഞുതുള്ളികൾ ഞാൻ നിങ്ങളുടെ മേൽ വർഷിക്കും. അതിനാൽ എന്നെ പ്രതിരോധിക്കരുത്. സൃഷ്ടികളെ, നിങ്ങളെ അലങ്കരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. തങ്ങളെത്തന്നെ എനിക്ക് തുറന്നു തന്ന്, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ മഞ്ഞുതുള്ളികൾ നിങ്ങളിലേക്ക് പ്രവേശിക്കുവാൻ അനുവദിക്കുന്നവർ ഭാഗ്യവാന്മാർ. എന്നോട് വിശ്വസ്തരായിരുന്നുകൊണ്ട് എന്നെ സ്നേഹിക്കുന്നവർ ഭാഗ്യവാന്മാർ. എന്തെന്നാൽ അവരെ ഞാൻ എന്നിലേക്ക് കൂടുതലായി അടുപ്പിക്കുകയും എന്റെ സ്നേഹത്താൽ അവരെ പൊതിയുകയും ചെയ്യും. നിങ്ങൾ എന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്, ആ ഛായയിൽ ജീവിക്കുവാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ. നിങ്ങളിൽ പലരും എന്റെ ഛായ മറന്നുപോയിരിക്കുന്നു. എന്നാൽ മഹാപുരോഹിതനായ ഞാൻ നിങ്ങളെ എന്റെ ദൈവീകതയും പരിശുദ്ധിയും ഓർമ്മിപ്പിക്കും. ഞാൻ പരിശുദ്ധനാണെന്ന് ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തും. യേശുവേ. ഇത് ഞാനാണ്. നിങ്ങൾ പരിശുദ്ധരായി ജീവിക്കേണ്ടതിന് ഞാൻ പരിശുദ്ധനാണെന്ന് നിങ്ങൾ എല്ലാവരെയും ഞാൻ ഓർമ്മിപ്പിക്കും. ഞാൻ സ്നേഹമാണ്. എന്റെ അനന്ത സ്നേഹം നിമിത്തം ലോകമെമ്പാടും വിവിധ സ്ഥലങ്ങളിൽ ഞാൻ മുന്നറിയിപ്പുകളും അടയാളങ്ങളും നൽകുന്നു. എന്റെ നാമത്തിൽ പിതാവ് അയക്കുന്ന പരിശുദ്ധാത്മാവ് നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുമെന്നും ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുമെന്നും ഞാൻ പറഞ്ഞിട്ടില്ലയോ? പരിശുദ്ധ മറിയം. പുഷ്പമേ, എന്റെ സമാധാനം സ്വീകരിക്കുക. ഇപ്പോൾ ശ്രദ്ധയോടെ ഇരിക്കുക. അനുസരണയുള്ളവളായിരിക്കുക. അപ്പോൾ നിനക്ക് യാതൊന്നും ഭയപ്പെടാൻ ഉണ്ടാകില്ല. വസൂല, യേശു നിന്നെ അതിരുകളില്ലാതെ സ്നേഹിക്കുന്നു. അവിടുന്ന് നിന്നെ പരിപാലിക്കുന്നു. നീയും അവനും ചേർന്ന് ഒന്നിച്ച് അവന്റെ കുരിശു വഹിക്കുന്നു. യേശു നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അതെ, ഞാൻ തന്നെയാണ്. വരൂ, വിശ്രമിക്കുക. ഞാൻ നിന്നോടൊപ്പമുണ്ട്. നമ്മൾ, നമുക്ക്. യേശുവേ. യോഗത്തിനുവേണ്ടി നൽകിയ സന്ദേശത്തിന്റെ തുടർച്ച. ഇത് ഞാനാണ്, ക്രൂശിതനായ നിന്റെ കർത്താവ് തന്നെ. എന്റെ മക്കളെ, എന്റെ ഹൃദയത്തിന്റെ പ്രിയപ്പെട്ടവരെ, സ്നേഹം അത്യധികമായി സഹിക്കുന്നു. എനിക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് ഗ്രഹിക്കുക. ഞാൻ എന്റെ സ്വന്തപ്പെട്ടവരാൽ പരിത്യജിക്കപ്പെട്ട്, വിസ്മരിക്കപ്പെട്ട്, ഒറ്റിക്കൊടുക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഞാൻ എന്റെ കുരിശിൽ രണ്ടാമത്തെ പീഡാനുഭവം സഹിച്ചുകൊണ്ടിരിക്കുന്നു. ഭൂമി ഇതുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ കൂടുതലായി വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ദുരന്തഫലങ്ങൾ പ്രിയപ്പെട്ടവരായ നിങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ അതിന്റെ ഇരകളാണ്. നിങ്ങളിൽ അനേകർ വിശന്നു വലയുന്നു, മറ്റനേകർ ദുഷ്ടനാൽ വഞ്ചിക്കപ്പെടുന്നു. നിങ്ങൾ എല്ലാവരോടും എനിക്ക് വളരെ അനുകമ്പ തോന്നുന്നു. എന്റെ കുരിശിൽ കിടന്നുകൊണ്ട് ഞാൻ ഇതെല്ലാം കാണുമ്പോൾ എന്റെ ഹൃദയത്തിൽ നിന്ന് രക്തം ധാരയായി ഒഴുകുന്നു. രക്തക്കണ്ണീരാൽ എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഞാൻ നിങ്ങൾക്ക് അനേകം അടയാളങ്ങൾ നൽകുന്നു, എങ്കിലും വളരെ കുറച്ചുപേർ മാത്രമേ ഇവ ശ്രദ്ധിക്കുന്നുള്ളൂ. പ്രാർത്ഥനയിലൂടെ എന്റെ അടുക്കലേക്ക് വരിക. ഞാൻ എപ്പോഴും സന്നിഹിതനാണ്. ഞാൻ നിങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുന്നുണ്ട്. നിങ്ങളുടെ രക്ഷകന്റെ കരങ്ങളിലേക്ക് വരിക. നിങ്ങളുടെ പാപങ്ങൾ എനിക്ക് തരിക. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുകയും സൗഖ്യമാക്കുകയും ചെയ്യും. ഞാൻ ദൈവമായതിനാൽ ഞാൻ നിങ്ങളെ ദൈവീകരാക്കി മാറ്റും. ഞാൻ നിങ്ങളെ പരിപൂർണ്ണരാക്കും. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ എന്റെ അടുക്കലേക്ക് വരിക. നിങ്ങൾ എന്നെ ഭയപ്പെടേണ്ട. ഞാൻ സ്നേഹം നിറഞ്ഞ ദൈവമാണ്. നികൃഷ്ടരായവരോട് അനന്തമായ കരുണയുള്ള ദൈവമാണ് ഞാൻ. ഞാൻ കാരുണ്യവാനായ ദൈവമാണ്. എന്നോട് പ്രാർത്ഥിക്കുക, എന്നോട് സംസാരിക്കുക. നിങ്ങൾ ഒട്ടും മടിക്കരുത്. ഞാൻ ആകാംക്ഷയോടെ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. പരിശുദ്ധരിൽ പരിശുദ്ധനും നിത്യനും സർവ്വ സൃഷ്ടികളുടെയും മേൽ സർവ്വാധിപതിയും ദൈവവുമായ ഞാൻ, നിങ്ങളുടെ ദൗർബല്യങ്ങളിൽ നിന്ന് നിങ്ങളെ സൗഖ്യപ്പെടുത്തുവാൻ വേണ്ടി നിങ്ങളുടെ അടുക്കലേക്ക് താണിറങ്ങി വരുവാൻ തക്കവണ്ണം, നിങ്ങൾ എല്ലാവരോടുമുള്ള എന്റെ സ്നേഹം അത്രമാത്രം ഉന്നതമാണ്. എപ്പോഴും, അവസാനം വരെ, ഞാൻ നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കും. സമാധാനത്തിന്റെയും സ്നേഹത്തിന്റേതുമായ എന്റെ സന്ദേശം പ്രചരിപ്പിക്കുന്നവർ ഭാഗ്യവാന്മാർ. എന്റെ അടുക്കൽ വന്ന് എന്നെ ആശ്വസിപ്പിക്കുന്നവർ ഭാഗ്യവാന്മാർ. എന്നോട് ഐക്യപ്പെട്ടൊന്നായിരിക്കുക, എന്റെ സ്നേഹത്തിൽ എന്നേക്കും നിലകൊള്ളുക. പരിശുദ്ധ മാതാവ് സംസാരിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളെ, ഞാൻ നിങ്ങളുടെ പരിശുദ്ധ മാതാവാണ്. സർവ്വ മനുഷ്യരുടെയും മാതാവാണ് ഞാൻ. എന്റെ പ്രിയപ്പെട്ടവരെ, മനുഷ്യരുടെ വാക്കുകൾക്ക് വിവരിക്കാൻ സാധിക്കാത്ത വിധം യേശു സഹിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ യേശു രണ്ടാമത്തെ പീഡാസഹനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഇരുഹൃദയങ്ങൾ എപ്രകാരം സഹിക്കുന്നുണ്ടെന്ന് അനുഭവിച്ചറിയുക. ഇന്ന് വളരെ വലിയ ഘോരയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. സാത്താൻ അതിക്രൂരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ദൂതന്മാരോടൊപ്പം വിശുദ്ധ മിഖായേൽ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. ഈ മഹായുദ്ധത്തിന്റെ പ്രകമരങ്ങൾ ഭൂമി അനുഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ എനിക്ക് ആവശ്യമുണ്ട്. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. എന്റെ പ്രിയപ്പെട്ടവരെ, നിരന്തരം പ്രാർത്ഥിക്കുക. ഈ അന്ധകാരത്തിൽ പ്രകാശദൂതന്മാരെ പോലെ ജ്വലിക്കുക. മനുഷ്യരുടെ നിത്യരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. എന്റെ പ്രിയപ്പെട്ടവരെ, മനുഷ്യരുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾ ഓരോരുത്തരെയും ഇക്കാര്യത്തിനുവേണ്ടി എണ്ണുന്നു. തന്റെ മക്കൾ നിത്യാഗ്നിയിലേക്ക് നിബധിക്കുന്നതായി കാണുന്ന ഒരു അമ്മയുടെ ഹൃദയവേദന എത്രയെന്ന് ഗ്രഹിക്കുക. തന്റെ പ്രിയപ്പെട്ട മക്കളിൽ ചിലർ നിത്യാഗ്നിയിൽ വീഴുന്നത് കാണുന്ന ഒരു അമ്മയുടെ ഹൃദയനമ്പരം എത്രയധികമാണെന്ന് മനസ്സിലാക്കുക. ഇക്കാര്യത്തെക്കുറിച്ച് ധ്യാനിക്കുക. അപ്പോൾ നിങ്ങൾക്ക് എന്നെ കൂടുതലായി മനസ്സിലാകും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നിങ്ങളെ അനുഗ്രഹിച്ചുകൊണ്ട് ഞാൻ ഈ സന്ദേശം അവസാനിപ്പിക്കുന്നു. വരൂ, യേശുവിനെ ആശ്വസിപ്പിക്കൂ. എന്റെ കർത്താവേ. ഇത് ഞാനാണ്. ജപമാല പ്രാർത്ഥിക്കുമ്പോൾ അതിലെ ദൈവീക രഹസ്യങ്ങൾ സജീവമായി ധ്യാനിച്ചുകൊണ്ട് അവയിൽ ജീവിക്കുവാൻ നീ പരിശ്രമിക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നു. അനുഗ്രഹിക്കപ്പെട്ട കുഞ്ഞേ, ജപമാല സാവകാശം ധ്യാനിച്ച് പ്രാർത്ഥിക്കുവാൻ മറ്റുള്ളവരെയും പരിശീലിപ്പിക്കുക. ഓരോ പ്രാർത്ഥനയും ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കണം. നിങ്ങൾ ഉച്ചരിക്കുന്നത് എന്താണെന്ന് നിങ്ങൾ അനുഭവിച്ചറിയണം. അതിനാൽ ഓരോ രഹസ്യവും സമയമെടുത്ത് ധ്യാനപൂർവ്വം പ്രാർത്ഥിക്കുക. എന്റെ കർത്താവേ, അങ്ങേയ്ക്ക് നന്ദി.