Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 86: ഞാൻ എന്റെ സഭയെ ഒന്നിപ്പിക്കും
Transcript
- എപ്പിസോഡ് 86. 29/01/1989. കഴിഞ്ഞ രാത്രി ഞാൻ ഒരു പ്രതീകാത്മക സ്വപ്നം കണ്ടു; ജനങ്ങൾ നിറഞ്ഞ ഒരു ദേവാലയത്തിൽ ഞാൻ പ്രവേശിച്ചു, വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരിക്കുന്നു. ദേവാലയത്തിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു; കുന്തിരിക്ക ധൂപം ദേവാലയ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നിരുന്നു. പുരോഹിതൻ ഒരു പെട്ടി കൊണ്ടുവന്നു; ആ പെട്ടിക്കുള്ളിൽ ജീവിച്ചിരിക്കുന്ന ഒരു പ്രാവുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു. ആ പ്രാവ് ദേവാലയത്തിനുള്ളിൽ, ജനങ്ങളുടെ ചുറ്റിലും പറന്ന്, അവർക്ക് സന്തോഷം പകരുന്നതിന് വേണ്ടി പുരോഹിതൻ അതിനെ തുറന്നു വിടാനിരിക്കുകയായിരുന്നു. അദ്ദേഹം പ്രാവിനെ സ്വതന്ത്രമാക്കി; അത് ഞങ്ങളുടെ ചുറ്റിലും പറന്നു. ഞങ്ങൾ എല്ലാവരും കൈകൾ നീട്ടി, കാരണം ആ പ്രാവ് ആരുടെ കൈകളിലേക്ക് വരുന്നുവോ, അതൊരു അയാൾക്കുള്ള ഒരു കൃപയുടെ അടയാളമായി ഞങ്ങൾ കരുതിയിരുന്നു. ആകാശനീല നിറമുള്ള ആ പ്രാവ് എന്റെ കൈകളിലേക്ക് വന്ന് എന്റെ വിരൽത്തുമ്പിൽ ഇരുന്നു; എന്റെ ചുറ്റിലും നിന്നിരുന്നവരിൽ വലിയ ആശ്ചര്യവും സന്തോഷവും ഉളവായി. ചില ആളുകൾ ആ പ്രാവ് അവരിലേക്കും വരുമെന്ന് പ്രതീക്ഷിച്ചു. ആ പ്രാവ് വീണ്ടും ചുറ്റി പറന്നുയർന്നു; വീണ്ടും ആ പ്രാവ് എന്റെ കൈവിരൽത്തുമ്പിൽ വന്ന് വിശ്രമിച്ചു. ഞാൻ അതിനെ സാവകാശം കൈകളിൽ എടുത്തു, സ്നേഹപൂർവ്വം എന്റെ ഇടതു കവിളിൽ ചെവിയോട് ചേർത്ത് പിടിച്ചു. അതിന്റെ ധ്രുതഗതിയിലുള്ള ഹൃദയസ്പന്ദനം ഞാൻ കേട്ടു; അതിന്റെ ഹൃദയം ത്രസിക്കുകയായിരുന്നു. തുടർന്നുള്ള സ്വപ്നത്തിൽ ഞാൻ ഒരു പാതയിലൂടെ ഒറ്റയ്ക്ക് നടക്കുന്നതായി കണ്ടു; ആ വഴിയുടെ ഇരുവശങ്ങളിലും അജ്ഞാതരായ ചെറുജീവികൾ നിഷ്കരണം പരസ്പരം ഇഴുകിക്കൊണ്ടിരുന്നു. എന്നെ ഭയപ്പെടുത്തുവാൻ ഒരു എലി അതിന്റെ വായിൽ മറ്റൊരു ജീവിയെ കടിച്ചുപിടിച്ചുകൊണ്ട് എന്റെ നേർക്ക് വന്നു. ഞാൻ ഭയപ്പെട്ടില്ല; ഞാൻ യജമാനനാണെന്ന് അതിനെ കാണിക്കാൻ ഞാൻ വേഗത്തിൽ നടന്നു നീങ്ങി. എലി അത് മനസ്സിലാക്കി, പിന്നെ വഴിയരികിലേക്ക് മാറി. എലി ഒരു അണ്ണാനെ പിന്നിൽ നിന്ന് ആക്രമിച്ചു; അക്ഷരാർത്ഥത്തിൽ എലി അണ്ണാനെ വിഴുങ്ങി. അതിനുശേഷം ഞാൻ നടന്നു നീങ്ങവേ, എന്റെ മുമ്പിൽ ഏകദേശം 7 മീറ്റർ അകലെ എന്റെ വഴി തടഞ്ഞുകൊണ്ട് ഒരു പാമ്പ് വഴിയിൽ കിടന്നിരുന്നു. അതിനെ എന്നെ കാണിച്ചു തന്നതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു; കാരണം അതിന്റെ നിറം സെല്ലോഫോണിന്റേതുപോലെ സുദാര്യമായതിനാൽ ആളുകൾ അതിനെ ചവിട്ടാനും അതിന്റെ കടിയേൽക്കാനും സാധ്യതയുണ്ട്. ഞാൻ അതിനെ ഒഴിവാക്കിക്കൊണ്ട് മുമ്പോട്ട് കടന്നു പോകാമെന്ന് തീരുമാനിച്ചതിനാൽ ഞാൻ തെല്ലും ഭയപ്പെട്ടില്ല. പെട്ടെന്ന് എന്റെ വലതുവശത്ത് പിന്നിൽ നിന്ന് മറ്റൊരു പാമ്പ് വന്നു; എന്നാൽ അത് വ്യത്യസ്തമായിരുന്നു. അത് ആക്രമണ സ്വഭാവമുള്ളതായിരുന്നു, അതും സുദാര്യമായിരുന്നു. അതിന്റെ ദേഹത്ത് ഏതാനും പുള്ളികൾ ഉണ്ടായിരുന്നു; എന്റെ കൈവിരലിന്റെ വണ്ണമേ അതിനുള്ളെങ്കിലും, ഏതാണ്ട് 3 മീറ്റർ നീളമുള്ളതായിരുന്നു അത്. ഞാൻ കുടുങ്ങിയതായി എനിക്ക് തോന്നി. എന്നാൽ ഉടൻ തന്നെ എന്റെ സ്വർഗീയ പിതാവ് എന്നെ നിലത്തുനിന്ന് 3 മീറ്റർ ഉയരത്തിലേക്ക് ഉയർത്തി. ഞാൻ 3 മീറ്റർ ഉയരത്തിലേക്ക് ഉയർത്തപ്പെട്ടെങ്കിലും, ആ പാമ്പ് ഉയർന്നു നിന്ന് എന്നെ ആക്രമിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അതിനാൽ എന്റെ സ്വർഗീയ പിതാവ് എന്നെ മുന്നോട്ട് ഉയരത്തിൽ ഒഴുക്കി, ഒരു സുഹൃത്തിനരികിൽ കൊണ്ടുചെന്നു നിർത്തി. ഞങ്ങൾ രണ്ടുപേരും വഴിയുടെ അവസാനം നിന്നു. ഞങ്ങളുടെ മുമ്പിൽ ഒരു മതിൽ; വഴി അടഞ്ഞു കിടക്കുന്നു. എന്തോ ശബ്ദം കേട്ട് ഞാൻ വലതുവശത്തേക്ക് നോക്കി. ആദ്യം ഞാൻ കണ്ട പാമ്പ് എന്തോ അന്വേഷിക്കുന്നതായി ഞാൻ കണ്ടു. പാമ്പിനെ കാണാതിരുന്ന സുഹൃത്തിനോട് ഞാൻ പറഞ്ഞു, "ചലിക്കരുത്, നിശ്ചലമായി അവിടെ തന്നെ നിൽക്കുക." അവൻ ചലിക്കാതിരിക്കാൻ അവിടെ പാമ്പുണ്ടെന്ന് ഞാൻ പറഞ്ഞില്ല; കാരണം ഭയം മൂലം അവൻ ചലിക്കാൻ ഇടയുണ്ട്. അപ്പോൾ രണ്ടാമത്തെ പാമ്പും അടുത്തെത്തി. പിന്നെ ആദ്യത്തെ പാമ്പ് വിശപ്പ് മൂലം ആർത്തിയോടെ അതിക്രൂരമായി വണ്ണം കുറഞ്ഞ പാമ്പിനെ ആക്രമിച്ച്, അസഹ്യമായ ശബ്ദത്തോടെ ആ പാമ്പ് മറ്റേ പാമ്പിനെ വിഴുങ്ങി. ആ പാമ്പിന് ഇനി ഉറക്കത്തിൽ മാത്രമേ താല്പര്യമുള്ളൂ എന്നതിനാൽ, ഞങ്ങളെ സമാധാനത്തിൽ വിട്ടേക്കും എന്നറിഞ്ഞതിൽ എനിക്ക് ആശ്വാസവും സമാധാനവും ലഭിച്ചു. നിന്നെ പീഡിപ്പിക്കുന്നവരുടെ മുമ്പിൽ വെച്ച് തന്നെ ഞാൻ നിനക്ക് ആഹാരം നൽകി പോഷിപ്പിക്കും; അവർ നിന്നെ ചവിട്ടി മെതിക്കാതിരിക്കാനായി ഞാൻ നിന്നെ എന്റെ അടുക്കലേക്ക് ഉയർത്തും. പുഷ്പമേ, എന്റെ നീതിയുടെ മഞ്ഞുതുള്ളികൾ ഞാൻ നിന്റെ മേൽ വർഷിക്കും; നിന്നെ വേരോടെ പിഴുതു നശിപ്പിക്കാൻ ഞാൻ ഒരു മനുഷ്യനെയും അനുവദിക്കുകയില്ല. ഞാൻ നിന്നെ കാത്തുസംരക്ഷിക്കുന്നു; നിന്റെ സ്വന്തം അബ്ബായുടെ കരങ്ങൾക്കുള്ളിൽ നീ മറഞ്ഞിരിക്കുന്നു. നീ ഭയപ്പെടരുത്, ഞാൻ നിന്റെ സമീപമുണ്ട്; സ്നേഹമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. 30/01/1989. എന്റെ കർത്താവേ, ഓ എന്റെ ദൈവമേ, അങ്ങയെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു. ഇത് ഞാനാണ്; പുഷ്പമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്റെ ആത്മാവ് നിന്റെ മേൽ ഉണ്ട്; എന്റെ സാന്നിധ്യം അനുഭവിച്ചറിയുക. ഞാൻ നിന്നെ സഹായിച്ചില്ലായിരുന്നെങ്കിൽ, നീ ഇപ്പോഴും മൃതരുടെ ഇടയിൽ മരിച്ചുകിടക്കുമായിരുന്നു. നിന്നിലൂടെ ഞാൻ വെളിപ്പെടുത്തുന്ന ഈ സന്ദേശത്താൽ, ഞാൻ ദൈവവിശ്വാസമില്ലാത്ത ജനതകളെ ഉയർപ്പിക്കേണ്ടതിന് കർത്താവായ ഞാൻ നിന്നെ ഉയർപ്പിച്ചിരിക്കുന്നു. ദിവസങ്ങൾ പറന്നുപോകുന്നു; മണിക്കൂറുകളും അതിവേഗത്തിൽ പാഞ്ഞുപോകുന്നു. എന്നാൽ എന്റെ സൃഷ്ടി ബധിരമാണ്; അന്ധകാരത്തിൽ മുങ്ങിത്താണു കിടക്കുന്ന അവർ എന്നെ ശ്രദ്ധിക്കുന്നില്ല. അവർ എന്റെ കരുണാര്ധരമായ അടയാളങ്ങളിൽ വിശ്വസിക്കുന്നുമില്ല. എന്റെ സ്നേഹത്തിലും കരുണയിലും ഞാൻ നിന്നെ വീണ്ടെടുത്തു; നിന്നെ ഞാൻ എന്നിലേക്ക് എടുത്തുയർത്തി. എന്റെ തിരുഹൃദയത്തിൽ വെച്ച് ഞാൻ നിന്നെ താരാട്ടു നടത്തി ലാളിച്ചു. സ്വർഗ്ഗത്തിലെ എന്റെ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഞാൻ ഈ കൃതജ്ഞതയില്ലാത്ത തലമുറയിലേക്ക് കുനിഞ്ഞിറങ്ങി വന്നു. എന്റെ മക്കളുടെ ചുടുരക്തത്താൽ നിങ്ങളുടെ കരങ്ങൾ നനഞ്ഞിരിക്കുന്നു. ഫാത്തിമായിൽ വെച്ച് ഞാൻ നൽകിയ സന്ദേശത്തിൽ നിങ്ങൾ വിശ്വസിക്കാൻ വിസമ്മതിച്ചതിനാലാണ് രക്തം; അന്ന് നിങ്ങൾ അതിന്റെ അടിയന്തിര സ്വഭാവത്തിൽ വിശ്വസിച്ചില്ല. നിങ്ങളുടെ തെറ്റുകൾ ഇപ്പോൾ നിങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു; നിങ്ങളുടെ കഠിനമായ പിടിവാശി മൂലം പുതിയ രക്തം വീണ്ടും ചൊരിയപ്പെടും. എന്റെ കുഞ്ഞേ, എന്റെ സ്വന്തപ്പെട്ടവരിൽ, പുരോഹിതന്മാർ, അനേകർ സാത്താന്റെ പുകയാൽ അന്ധരായിരിക്കുന്നു. എന്റെ സ്വന്തപ്പെട്ടവർ ധൈര്യപൂർവ്വം, ഒട്ടും മടിക്കാതെ, വിമത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അവരിൽ ആത്മാർത്ഥതയില്ല; അവരിൽ പരിശുദ്ധിയുമില്ല. ഞാൻ അവരിൽ സ്നേഹം അന്വേഷിക്കുന്നു, പക്ഷേ കണ്ടെത്തുന്നില്ല. അവരിൽ നീതി കാണാനില്ല; ജ്ഞാനത്തിന്റെ സ്ഥാനത്ത് ഭോഷത്വത്തെ സ്വീകരിച്ചിരിക്കുന്നു. അവർ നീതിയെയും ജ്ഞാനത്തെയും പരിത്യജിച്ചിരിക്കുന്നു; എന്തെന്നാൽ അവരുടെ നാവുകൾ ഇരട്ടമുഖമുള്ളതാണ്; അവ എപ്പോഴും വഞ്ചന മുറുമുറുത്തുകൊണ്ടിരിക്കുന്നു. ഈ വിമതർ വ്യർത്ഥാഭിമാനത്തെ തങ്ങളുടെ കിരീടമാക്കിയിരിക്കുന്നു; അനുസരണമില്ലായ്മയെ തങ്ങളുടെ അംശവടിയായി സ്വീകരിച്ചിരിക്കുന്നു. അവരിൽ ഞാൻ യാതൊരു സമാധാനവും കാണുന്നില്ല; അവരുടെ ചിന്താഗതികൾ എന്റേതല്ല; അവർ എന്റെ നഗരത്തെ അതിന്റെ നാശത്തിലേക്കും ശൂന്യതയിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. ഓ കായേനെ, കായേനെ, ഞാൻ നിനക്ക് നൽകിയിരിക്കുന്ന ആത്മാവ് എവിടെയാണ്? നീ വീണ്ടും നിന്റെ നാശത്തിലേക്ക് തന്നെയാണോ കുതിച്ചുകൊണ്ടിരിക്കുന്നത്? ജനിച്ച നാൾ മുതൽ നീ ക്രൂരനാണെന്ന് ഞാൻ അറിഞ്ഞിരുന്നു; ഇത് എനിക്ക് പുതിയ അറിവല്ല എന്ന് നിനക്ക് അറിവുള്ളതിനാൽ, ഇപ്പോൾ നീ മഹാപുരോഹിതനായി കപടവേഷം കെട്ടി വന്നിരിക്കുന്നു. കറുത്ത മൃഗം, സാത്താൻ, നിനക്ക് നൽകിയിട്ടുള്ള കറുത്ത വസ്ത്രങ്ങളെ മറയ്ക്കാൻ നീ ഇപ്പോൾ സ്വർണ്ണവും വെള്ളിയുമുള്ള എന്റെ വസ്ത്രങ്ങൾ അണിഞ്ഞു വന്നിരിക്കുന്നു. നിന്റെ ഉള്ളിൽ വെളിച്ചമില്ല; എന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ പോലും വഞ്ചിക്കുവാൻ കഴിയേണ്ടതിന്, നിന്റെ ഭീകര മുഖം മറയ്ക്കാൻ നീ ഒരു മുഖംമൂടി ധരിച്ചിരിക്കുന്നു. നിന്റെ മുഖംമൂടിക്ക് എന്നെ വഞ്ചിക്കുവാൻ കഴിയുകയില്ല; എന്തെന്നാൽ നീ ധരിച്ചിരിക്കുന്ന ആട്ടിൻ മുഖാവരണത്തിന് പുറകെ ഒരു മഹാവിനാശം നീ മറച്ചുവെച്ചിരിക്കുന്നത് എന്റെ കണ്ണുകൾ കാണുന്നുണ്ട്. ദുഷ്ടതയുടെ പടച്ചട്ട കൊണ്ട് നീ സർവ്വാംഗം ആയുധം അണിഞ്ഞിരിക്കുന്നു; ഇപ്പോൾ നീ ലോകത്തെ കീഴടക്കാൻ പദ്ധതിയിട്ടിരിക്കുന്നു. മനുഷ്യരിൽ അവശേഷിച്ചിട്ടുള്ള ചെറിയ വെളിച്ചം പോലും അണച്ചുകളയാൻ നീ വെമ്പൽ കൊള്ളുന്നു. നിയമലംഘനം വർദ്ധിപ്പിക്കുകയും വിശുദ്ധമായതിനെ എല്ലാം ഉന്മൂലനം ചെയ്യുകയും ശക്തന്മാരെ അധികാരസ്ഥാനത്തു നിന്ന് നീക്കി എന്റെ വിശുദ്ധ ആലയത്തിൽ സർവ്വാധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് നിന്റെ ലക്ഷ്യം. എന്റെ കുഞ്ഞേ, ഞാൻ നിന്നെ ദർശനത്തിൽ കാണിച്ച അണലി സർപ്പങ്ങൾ എന്റെ വിശുദ്ധ കൂതാശകളിലും എന്റെ പരിശുദ്ധ സക്രാരികളുടെ മേലും ഇഴഞ്ഞു നടക്കുന്നു; അവൻ പലരെയും വഞ്ചിക്കും. അവന്റെ വഞ്ചന നിമിത്തം ജനങ്ങൾ അന്ധരായിത്തീരും; അവൻ ധരിച്ചിരിക്കുന്ന വഞ്ചകവേഷം കാരണം ജനങ്ങൾ അന്ധരായിത്തീരും. അവരുടെ ഈ കാലഘട്ടത്തിൽ, അവരുടെ കണ്ണുകൾക്ക് മുമ്പിൽ അവർ കാണുന്നത് മഹാപുരോഹിതനാണെന്ന് പാവപ്പെട്ടവരായ ഈ മനുഷ്യർ വിശ്വസിക്കുന്നു. വലിയ കാപട്യത്തിലൂടെ അവൻ എന്റെ സഭയിൽ ഉടനീളം വലിയ വിശ്വാസത്യാഗത്തിന് ഇടവരുത്തും; അവൻ വലിയ നാശവും ശൂന്യതയും ഉളവാക്കും. എന്നാൽ അവയെല്ലാം അത്ഭുതങ്ങളാലും ആകാശത്തിൽ പ്രത്യക്ഷപ്പെടുന്ന അടയാളങ്ങളാലും മറയ്ക്കപ്പെടും. അനുദിനം അർപ്പിക്കപ്പെടുന്ന നിത്യമായ എന്റെ ദിവ്യബലി അവൻ തള്ളിക്കളയും; അതിനെ അവൻ ചവിട്ടി മെതിച്ചില്ലാതാക്കും. എന്നാൽ ഇതെല്ലാം ആരും തിരിച്ചറിയാത്ത വിധം കാപട്യത്തിലൂടെയും ദുഷ്ടതയിലൂടെയും ആയിരിക്കും. എന്റെ വിശുദ്ധ നഗരം കായേന്റെ അധികാരത്തിന് കീഴിലായിരിക്കും; കാരണം അവർ എന്റെ മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായി, നിഷ്പാദനായി, ഞാൻ അവരുടെ അടുക്കൽ വന്നു; എന്നാൽ അവർ എന്നെ പരിഹസിച്ചു. കായേന്റെ അധികാരം അല്പകാലത്തേക്കെ നിലനിൽക്കുകയുള്ളൂ. പരിഹാരം ചെയ്യുന്ന, പ്രാർത്ഥിക്കുന്ന, ത്യാഗം ചെയ്യുന്ന എന്റെ പ്രിയപ്പെട്ട മക്കൾക്ക് നന്ദി. ഇവയെല്ലാം ഞാൻ പരിഗണിച്ചിരിക്കുന്നു; നിങ്ങളുടെ ത്യാഗങ്ങൾ വ്യർത്ഥമായിട്ടില്ല. അനീതിയെയും അതിക്രമങ്ങളെയും നിങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് അടിച്ചമർത്താം. കർത്താവേ, അങ്ങയുടെ വിശുദ്ധ ജനങ്ങൾക്ക് എന്ത് സംഭവിക്കും? എനിക്ക് വലിയ ദുഃഖം വരുത്തിക്കൊണ്ട് അവന്റെ കപടവേഷത്താൽ അനേകർ വഞ്ചിക്കപ്പെടും; എന്തെന്നാൽ അവൻ ധരിച്ചിരിക്കുന്നത് കുഞ്ഞാടിന്റെ മുഖംമൂടിയാണ്. അവന്റെ പക്ഷത്തേക്ക് അവൻ പലരെയും ആകർഷിക്കും; എന്നാൽ അവന്റെ ഉള്ളിലുള്ള യഥാർത്ഥ അവസ്ഥ എന്താണെന്ന് കാണാൻ ഞാൻ നിന്നെ അനുവദിച്ചു. അത് അണലി സർപ്പത്തിന്റെ മാരക വിഷം പോലെയാണ്; വസൂല ഗംഭീരമായ ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെയും വലിയ സംഹാര അഗ്നിയോടെയും ഞാൻ വിമതനെയും അവന്റെ അനുയായികളെയും തകിടം മറിച്ചിടും. അസത്യത്താൽ പണിയപ്പെട്ടിരിക്കുന്ന അവരുടെ അഭയകേന്ദ്രം ഞാൻ ചവിട്ടി മെതിക്കും; വ്യാജങ്ങളിൽ നിർമ്മിച്ച അവരുടെ സുരക്ഷാകേന്ദ്രം ഞാൻ പൊടിക്കൂമ്പാരമാക്കും. അതിനുശേഷം ഞാൻ ആവേലുമാരെ വിളിക്കും; മഹാസ്നേഹത്തോടെ ഞാൻ അവരെ ആശ്ലേഷിക്കും. എന്റെ തിരുഹൃദയത്തിൽ ഞാൻ അവർക്ക് അഭയം നൽകും; അവർ എന്റെ നൈവല്യം നിറഞ്ഞ പ്രാവുകളെ പോലെ ആയിരിക്കും; എന്റെ തിരുഹൃദയം അവരുടെ കൂടായിരിക്കും. ചുറ്റും നോക്കൂ, നീ കാണുന്നില്ലേ? എന്റെ സഹോദരന്മാരിൽ എത്രപേർ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് നീ ശ്രദ്ധിച്ചിട്ടില്ലേ? എന്റെ കുഞ്ഞേ, എന്റെ സ്വന്തപ്പെട്ടവരാൽ ഞാൻ ഒറ്റിക്കൊടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കർത്താവേ, എന്തുകൊണ്ടാണ് അവർ അങ്ങയോട് ഇത് ചെയ്യുന്നത്? ഒരുപക്ഷേ അവർ ഇത് തിരിച്ചറിയുന്നില്ലായിരിക്കും. എന്റെ കുഞ്ഞേ, ദുരഭിമാനത്താലും അനുസരണക്കേടിനാലും അവർ അന്ധരായി തീർന്നിരിക്കുന്നു. അവർ ചെയ്യുന്നത് ശരിയാണെന്ന് അവർ ആത്മാർത്ഥമായി ചിന്തിക്കുന്നു. അവർ എന്റെ കല്പന ലംഘിച്ചുകൊണ്ടിരിക്കെ, അവർ ചെയ്യുന്നത് ശരിയാണെന്ന് അവർക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? അവർ എന്നെ അനുസരിക്കുന്നില്ല; അനുസരണക്കേട് എന്നിൽ നിന്ന് വരുന്നതല്ല; അവർ എന്റെ എതിരാളിയുടെ നിയമമാണ് പിന്തുടരുന്നത്. അവർ അവന്റെ കാൽപ്പാടുകളിൽ തന്നെ അവരുടെ പാദങ്ങൾ വയ്ക്കുന്നു; അവർ അവരുടെ നാശത്തിലേക്കും വീഴ്ചയിലേക്കും നയിക്കപ്പെടുന്നു. കിഴക്കൻ കാറ്റുപോലെ ഞാൻ ഈ വിമതരെ ചിതറിക്കും; കാത്തിരുന്നു കാണുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക; എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ നീതിയെ ശമിപ്പിക്കുക. മനുഷ്യരെ രക്ഷിക്കുന്നതിനു വേണ്ടി അവരെ എന്റെ അടുക്കൽ കൊണ്ടുവന്ന് എന്നെ മഹത്വപ്പെടുത്തുവിൻ. ഈ ഇരുണ്ട കാലഘട്ടത്തിൽ ജീവിക്കുന്ന യുവജനങ്ങളുടെ മേലാണ് എന്റെ കണ്ണുകൾ സവിശേഷമായി പതിഞ്ഞിരിക്കുന്നത്. വരൂ, നമുക്ക് പിതാവിനോട് പ്രാർത്ഥിക്കാം. ഓ പിതാവേ, അങ്ങയുടെ മക്കളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് കരുണ കാണിക്കണമേ; ഇവരെ എടുത്ത് അങ്ങയുടെ ചിറകിൻ കീഴിൽ വയ്ക്കണമേ; ദുഷ്ടനിൽ നിന്ന് അവരെ രക്ഷിക്കണമേ; അവരെ വലയം ചെയ്തിരിക്കുന്ന ആലസ്യത്തിൽ നിന്ന് അവരെ രക്ഷിക്കണമേ; അങ്ങയുടെ സത്യത്തിന്റെ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കണമേ; അങ്ങയുടെ പ്രകാശത്തിലേക്ക് അവരെ കൊണ്ടുവന്ന് എന്നേക്കും നിലനിർത്തണമേ. ആമേൻ. കുഞ്ഞേ, വന്നു വിശ്രമിക്കൂ; ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. ഞാൻ നിനക്ക് നൽകിയിട്ടുള്ള പ്രകാശം നിന്നിൽ നിന്ന് എടുത്തുകളയുന്നതിൽ അവർ വിജയിക്കുകയില്ല. ഭയപ്പെടേണ്ട; ഞാൻ നിന്നോടൊപ്പമുണ്ട്. വരൂ, നമ്മൾ, നമുക്ക്, എന്റെ സാന്നിധ്യം. അതെ, കർത്താവേ, ഞാൻ അങ്ങയെ മരണത്തോളം സ്നേഹിക്കുന്നു. 5/2/1989. വസൂല, എന്റെ സമാധാനം സ്വീകരിക്കുക; എന്റെ സന്ദേശം വ്യക്തമാക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം നീ ഏറ്റെടുക്കേണ്ടതില്ല; ഞാൻ നിന്നോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ നിനക്ക് സ്വയം ചെയ്യാൻ കഴിയുകയില്ല. ആദ്യമായി ഞാൻ പറയുന്ന കാര്യം ഇതാണ്: എന്റെ സന്ദേശങ്ങളിൽ ഞാൻ 'നീ' എന്ന് എഴുതുമ്പോഴും അത് യഥാർത്ഥത്തിൽ 'നീ' തന്നെയല്ല. എത്രയോ തവണ ഞാൻ എഴുതി: 'വസൂല, എന്റെ സഭയെ പുനരുജ്ജീവിപ്പിക്കുക. ' എന്റെ ശക്തിയാൽ എന്റെ സഭയെ പുനരുജ്ജീവിപ്പിക്കുന്നത് ഞാൻ തന്നെയായിരിക്കും. പുഷ്പമേ, ഗരബന്താളിലെ എന്റെ മക്കളെ അനുഗ്രഹിക്കുന്നതും ഞാൻ തന്നെയായിരിക്കും. എന്റെ പുഷ്പമേ, എന്റെ സഭയെ ഐക്യപ്പെടുത്തുവാൻ ഞാൻ ഉദ്ദേശിക്കുന്നു. വസൂല, എന്റെ സഭയെ ഐക്യപ്പെടുത്തുക എന്ന് എത്രയോ തവണ ഞാൻ എഴുതിയിട്ടുണ്ട്. എന്റെ സഭയെ ഐക്യപ്പെടുത്തുന്നത് നീയായിരിക്കുമെന്ന് യഥാർത്ഥത്തിൽ നീ ചിന്തിക്കുന്നുണ്ടോ? ഇവിടെയും എന്റെ വാക്കുകൾ പ്രതീകാത്മകമാണ്; അതിനാൽ ഇക്കാര്യം അറിയുക: ഇനിയും നീ നിന്നെ തന്നെ വഞ്ചിക്കരുത്. എല്ലാ കാര്യങ്ങളും ഞാൻ തന്നെയായിരിക്കും ചെയ്യുന്നത്. എന്റെ ദൂതന്മാരേ, ഞാൻ നിങ്ങൾക്ക് അനേകം കൃപകൾ നൽകിയിട്ടുണ്ട്; നിങ്ങൾ അവ ഉപയോഗിക്കുക. നിങ്ങൾ ആശയക്കുഴപ്പത്തിൽ ആകരുത്; സമാധാനത്തിൽ ആയിരിക്കുക. എന്റെ ദൈവീക സന്ദേശത്താൽ എന്റെ ആടുകളെ പോഷിപ്പിക്കുക; എന്റെ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിക്കുക. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. 9/2/1989. അർദ്ധരാത്രിയിൽ കർത്താവ് എന്നെ ഉണർത്തി ഒരു സന്ദേശം എഴുതുവാൻ പറഞ്ഞു. വസൂല, ഞാൻ നിന്നെ വിളിച്ചിരിക്കുന്നു; എന്നെ കേൾക്കുക. പാറപോലെ ഉറച്ചിരിക്കുക; ചതുപ്പുമണൽ പോലെ ആകരുത്. നിനക്ക് ദൗർബല്യങ്ങൾ ഉണ്ടായിരുന്നിട്ടും ഞാൻ നിന്നെ തിരഞ്ഞെടുത്തു. എന്നിരുന്നാലും, ചതുപ്പുമണൽ പോലെ എന്റെ വചനങ്ങളെ നീ അപ്പാടെ വിഴുങ്ങി സ്വീകരിക്കുകയില്ലെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്റെ വചനം നിന്നിൽ നിക്ഷേപിക്കപ്പെടും; അവ നിന്നിൽ ആലേഖനം ചെയ്യപ്പെടും. എല്ലാവർക്കും വായിക്കാൻ കഴിയേണ്ടതിന് എന്റെ വചനം അവിടെ ഉണ്ടായിരിക്കും. വസൂല, നീ ചിന്തിക്കുക: ഒരു കർഷകൻ തന്റെ ധാന്യം വിതയ്ക്കാൻ സമൃദ്ധമായ മണ്ണ് കൃഷി ചെയ്ത് ഒരുക്കുമോ, അഥവാ അത് ചെളിക്കുഴികളിലോ ചതുപ്പുമണലിലോ എറിയുമോ? എന്റെ വസൂല, എന്താണ് നിനക്ക് ഭയപ്പെടാനുള്ളത്? വിവേചനപരത്തിനായി പ്രാർത്ഥിക്കുക. വസൂല, 17-ാം തീയതിയിലെ മീറ്റിംഗിലുള്ള എന്റെ പരിപാടി ഞാൻ ഇപ്പോൾ എഴുതും; അതിനുശേഷം യോഗത്തിൽ സംബന്ധിക്കുന്നവർക്കുള്ള സന്ദേശവും ഞാൻ എഴുതുന്നതാണ്. എന്റെ കുഞ്ഞേ, യോഗം നടക്കുന്ന ഹാളിനെ നീ കുന്തിരിക്ക ധൂപവും വിശുദ്ധ ജലവും കൊണ്ട് വിശുദ്ധീകരിക്കുക; വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന ചൊല്ലിക്കൊണ്ട് പിശാചിനെ ബന്ധിച്ച് ഒഴിവാക്കണം. ഇനി ശേഷിക്കുന്ന പരിപാടി എന്റെ സ്വകാര്യ നോട്ട്ബുക്കിൽ എഴുതി വയ്ക്കണമെന്ന് കർത്താവ് എന്നെ ഓർമ്മപ്പെടുത്തി. കൊള്ളാം, വസൂല, നീ എന്നെ മനസ്സിലാക്കി; വരൂ, ഇതാ എന്റെ സന്ദേശം. എന്റെ വചനം പ്രകാശമാണ്; എന്റെ വചനം സമാധാനവും സ്നേഹവുമാണ്; എന്റെ വചനം ഐക്യവും പ്രത്യാശയുമാണ്. എന്റെ അടുക്കൽ വരുക; എന്റെ വചനം കൂടെക്കൂടെ വായിക്കുക. പ്രിയപ്പെട്ടവരെ, ഇത് ഞാൻ കാരുണ്യവാനായ യേശുവാണ്; നിങ്ങളുടെ രക്ഷകനായ യേശുവായ ഞാൻ ഈ ദുർബല ഉപകരണത്തിലൂടെ എന്റെ വചനം ആലേഖനം ചെയ്യാൻ ഇറങ്ങി വരുന്നു. എന്റെ അനന്തമായ സ്നേഹവും കരുണയും നിമിത്തം ഈ അന്ധകാരം നിറഞ്ഞ വരണ്ട മരുഭൂമിയിൽ നിങ്ങളുടെ മേൽ എന്റെ ആത്മാവിനെ വർഷിക്കാൻ ഞാൻ ഇറങ്ങി വരുന്നു. സൃഷ്ടികളേ, ഈ വരണ്ട മണ്ണിനെ ജലസേചിതമാക്കാനും ഈ ദാഹാർത്ഥമായ മണ്ണിൽ നിന്ന് നദികളെ ഉളവാക്കാനുമായി ഞാൻ ഇതാ ഇറങ്ങി വരുന്നു. പ്രഭാതമഞ്ഞുപോലെ എന്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ മേൽ വർഷിക്കാൻ ഞാൻ ഇതാ ഇറങ്ങി വരുന്നു. സകല തിന്മകളെയും നീക്കിക്കളഞ്ഞ്, എല്ലാ അകൃത്യങ്ങളെയും വേരോടെ പിഴുതുകളഞ്ഞ്, അവയുടെ സ്ഥാനത്ത് സമാധാനവും സ്നേഹവും പുനസ്ഥാപിക്കാനായി ഞാൻ ഇതാ വരുന്നു. ഇന്ന് സ്നേഹത്തിനായുള്ള ദാഹത്താൽ എന്റെ അധരങ്ങൾ വരണ്ടു ഉണങ്ങിയിരിക്കുന്നു. അവരിൽ നിന്നുള്ള സ്നേഹം എനിക്ക് ആവശ്യമാണ്; സ്നേഹത്തിനായി ഞാൻ ദാഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കാൻ പഠിക്കണമെന്ന് എന്റെ തിരുഹൃദയം വളരെയധികം ആഗ്രഹിക്കുന്നു. നിങ്ങൾ സ്നേഹത്തിന്റെ പാരമ്യത്തിലെത്തി, സ്നേഹം നിമിത്തം 'ആബാ' എന്ന് എന്നെ വിളിക്കണമെന്ന് ഞാൻ എത്രയധികമായി ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമേ എന്റെ മുറിവുകൾ ഉണങ്ങുവാൻ തുടങ്ങുകയുള്ളൂ. എന്റെ പുരോഹിതന്മാർ എന്റെ അനന്ത സ്നേഹത്തിൽ നിന്ന് സ്നേഹം കോരിയെടുത്ത് അവരുടെ ഹൃദയം നിറയ്ക്കണമെന്ന് ഞാൻ എത്രയധികമായി ആഗ്രഹിക്കുന്നു. എനിക്ക് അവരോടുള്ള സ്നേഹം വളരെ ഉന്നതമാണ്; അവർ സ്വർഗ്ഗത്തിൽ എത്തുന്നതുവരെ അതിന്റെ പൂർണത ഗ്രഹിക്കുവാൻ അവർക്ക് കഴിയുകയില്ല. ഭക്തി അവരുടെ പതാകയാകട്ടെ; വിശ്വസ്തത അവരുടെ വിളക്കാകട്ടെ; നൈർമല്യം അവരുടെ വിശുദ്ധ വസ്ത്രമാകട്ടെ. എന്റെ ആടുകൾ അവരിൽ എന്നെ വ്യക്തമായി തിരിച്ചറിയുകയും എന്റെ ഛായ അവരിൽ കാണുകയും ചെയ്യേണ്ടതിന് സ്നേഹം അവരുടെ മുദ്രയായി തീരട്ടെ. എന്റെ ഇടയന്മാർ ശുദ്ധരായി തീരട്ടെ; അങ്ങനെ അവരുടെ ശുദ്ധതയിൽ അവരുടെ ഫലം സമ്പൂർണ്ണമായി തീരട്ടെ. എന്റെ തിരുഹൃദയത്തെ സന്തോഷിപ്പിക്കുകയും എന്റെ കല്പനകൾ പൂർണമായി അനുസരിക്കുകയും ചെയ്യുക. സ്നേഹിക്കുക എന്നതിനർത്ഥം എന്റെ കല്പനകൾ അനുസരിക്കുക എന്നതാണ്. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. എന്റെ പ്രകാശത്തിന്റെ മക്കളേ, എന്റെ വചനം ശ്രവിക്കുവിൻ; എന്റെ വചനത്തിൽ ജീവിക്കുവിൻ; എന്റെ വചനം നിങ്ങളിൽ ജീവിക്കട്ടെ. നിങ്ങൾ എന്നെ കേൾക്കുകയാണെങ്കിൽ, സമാധാനം നിങ്ങളുടെ പതാകയും സ്നേഹം നിങ്ങളുടെ കിരീടവും ആയിരിക്കും. നിങ്ങൾ നിങ്ങളെ തന്നെ എനിക്ക് പൂർണമായി തുറന്നു തന്നാൽ, ഞാൻ നിങ്ങളെ നവീകരിക്കും. എന്നിൽ വിശ്വസിക്കുക; ഞാൻ നിങ്ങളെ നവീകരിക്കുകയും നിങ്ങളിൽ നിന്ന് ഒരു പുതിയ ജനതയെ, ഒരു ശുദ്ധമായ ജനതയെ ഉളവാക്കും. എന്റെ സന്ദേശം അനുസരിച്ച് ജീവിക്കുക; എന്റെ സന്ദേശത്തെക്കുറിച്ച് ധ്യാനിക്കുക; സ്നേഹപൂർവ്വം എന്റെ അടുക്കൽ വരുവിൻ; എന്റെ പാദമുദ്രകളെ പിന്തുടരുക. അവ നിങ്ങളെ എന്നിലേക്ക്, എന്റെ ഭവനത്തിലേക്ക് നയിക്കും; എന്റെ ഭവനം നിങ്ങളുടെയും ഭവനമായിരിക്കും. നിങ്ങൾ അപൂർണ്ണരാണെങ്കിലും മടിക്കരുത്; ഞാൻ എന്റെ കരങ്ങൾ തുറന്ന് നിങ്ങളെ ആശ്ലേഷിക്കും. നിങ്ങളുടെ സ്നേഹം മന്ദോഷണമാണെങ്കിലും, എന്റെ കരങ്ങൾക്കുള്ളിലേക്ക് വീഴുക. ഞാൻ സ്നേഹത്തിന്റെ ഗുരുവായതിനാൽ, എങ്ങനെയാണ് എന്നെ സ്നേഹിക്കേണ്ടതെന്ന് ഞാൻ നിങ്ങളെ പഠിപ്പിക്കാം. എങ്ങനെയാണ് നിങ്ങൾ പരസ്പരം സ്നേഹിക്കേണ്ടതെന്നും ഞാൻ നിങ്ങളെ പഠിപ്പിക്കാം. എന്നെ സ്നേഹിക്കാതിരിക്കുന്നവർ പോലും എന്റെ അടുക്കലേക്ക് വരുവിൻ; ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു; വരൂ, ഞാൻ നിങ്ങളെ സൗഖ്യപ്പെടുത്താം. എന്നെ കാണാതെ തന്നെ എന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ; എന്റെ ചെറിയ മക്കളേ, നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങളോട് എനിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ട്; ചെറുതായി വിനീതരായി നിലകൊള്ളുവിൻ. എന്തോ ഒന്നാകാൻ ഒരിക്കലും ശ്രമിക്കരുത്; ചെറുതായി നിലകൊള്ളുക. അപ്പോൾ നിങ്ങൾക്ക് എന്റെ തിരുഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങുവാൻ സാധിക്കും. ശിശുസഹജമായ വിശ്വാസത്തോടെ ശിശുക്കളെ പോലെ ആകുവിൻ; എന്നാൽ ഇതാണ് എന്റെ പിതാവിനെ പ്രസാദിപ്പിക്കുന്നത്. പ്രാർത്ഥന ഒരിക്കലും നിർത്തരുത്; നിങ്ങളുടെ ഹൃദയം പ്രാർത്ഥിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. എന്റെ ശരീരമായ സഭയുടെ ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ. മാർപാപ്പയ്ക്കും പാത്രിയാർക്കീസിനും വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ പുരോഹിതന്മാർക്കും വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണമെന്ന് ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പത്രോസിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ അല്ലാത്ത ആടുകൾ പത്രോസിന്റെ അടുക്കലേക്ക് മടങ്ങി വന്നുകൊണ്ട് രമ്യതപ്പെടുവാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുവിൻ. നിങ്ങൾ ഒറ്റ ആട്ടിൻ കൂട്ടവും ഒരു ഇടയനും ആയിത്തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കുക. നിങ്ങളുടെ ഇടയിൽ സമാധാനവും ഐക്യവും ഗാഢമായ പരസ്പര സ്നേഹവും ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുക. ഒരു ബലിപീഠത്തിന് ചുറ്റിലും നിന്നുകൊണ്ട് ഐക്യത്തോടെ എന്നെ സ്തുതിക്കുവാൻ കഴിയുന്നതിനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക. എന്റെ പ്രിയപ്പെട്ടവരെ, നിങ്ങൾ ഐക്യപ്പെട്ടൊന്നായി തീരുക; പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ, പ്രിയപ്പെട്ടവരെ, നിങ്ങൾ ഒന്നായി തീരുവിൻ. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുന്നു. എന്റെ വസൂല, എന്റെ സന്ദേശം എഴുതിയെടുക്കാമോ? പൂവു പരിശുദ്ധ മാതാവേ, സമാധാനം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. എന്റെ പ്രിയപ്പെട്ടവരെ, നിങ്ങളെല്ലാവരും ഐക്യത്തിനു വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനകൾ വർദ്ധിപ്പിക്കണമെന്ന് ഞാൻ ഇന്ന് ആഹ്വാനം ചെയ്യുന്നു. ഈ ഐക്യമാണ് എന്റെ പുത്രൻ അത്യധികം ആഗ്രഹിക്കുന്നത്. ചിതറിപ്പോയ പുരോഹിതന്മാർ പത്രോസിന്റെ ഏക ആട്ടിൻ തൊഴുത്തിലേക്ക് മടങ്ങി വരുന്നതിനു വേണ്ടി പ്രാർത്ഥിക്കുവിൻ. അവർ ആത്മാർത്ഥതയോടെ ഐക്യപ്പെടുന്നതിനു വേണ്ടി പ്രാർത്ഥിക്കുവിൻ. സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവിൻ. ദൈവത്തോട് രമ്യതപ്പെടാത്ത മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. എപ്രകാരം തങ്ങൾക്ക് തെറ്റ് പറ്റിപ്പോയെന്ന് അവർ ഗ്രഹിക്കുന്നതിനു വേണ്ടി, തെറ്റായ രാജ്യങ്ങൾക്ക് വേണ്ടി, സമൂഹങ്ങൾക്ക് വേണ്ടി, ഒഴുകി നടക്കുന്ന തെറ്റായ രാജ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക. ഈ നാളുകളിൽ വിവിധ സ്ഥലങ്ങളിൽ തന്നെ വെളിപ്പെടുത്തുന്ന ജീവനുള്ള ദൈവത്തെ സ്തുതിക്കുവിൻ. അവിടുത്തെ അനന്തമായ സ്നേഹത്തെയും കരുണയെയും പ്രതി അവിടുത്തെ പ്രകീർത്തിക്കുവിൻ. അവിടുത്തെ കൃപ സർവ്വ മനുഷ്യവർഗ്ഗത്തിന്റെ മേലും വർഷിക്കപ്പെട്ടുകൊണ്ടിരിക്കും. അവിടുത്തെ സ്വീകരിക്കുന്നവർ അവിടുത്തെ പരിശുദ്ധ നാമത്തെ വാഴ്ത്തട്ടെ. അവിടുന്ന് സ്നേഹമുള്ള പിതാവായതിനാൽ അവിടുത്തെ സ്തുതിക്കുവിൻ. ചെവിയുള്ളവർ സ്വർഗ്ഗത്തിൽ നിന്നുള്ള ഈ മഹാ നിലവിളി കേൾക്കട്ടെ. ഞാൻ പരിശുദ്ധനായിരിക്കുന്നതിനാൽ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. എന്റെ പുഷ്പങ്ങളെ, ഞങ്ങളുടെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കുക. ഞങ്ങളുടെ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ജീവിക്കുക, പ്രാവർത്തികമാക്കുക. അവിടുത്തെ കരുണ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ദൈവഹിതം എന്തെന്ന് ഗ്രഹിക്കുവാൻ പരിശ്രമിക്കുവിൻ. അവിടുത്തെ പ്രകാശത്തിന്റെ മക്കളായി തീരുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമേൻ.