Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 92: എന്റെ സഭ കായേന്മാർ നിറഞ്ഞതാണ്
Transcript
- എപ്പിസോഡ് 92. 15. 1989. കർത്താവേ, മെയ് 19-ൽ നടക്കാനിരിക്കുന്ന യോഗത്തിന് വേണ്ടിയുള്ള സന്ദേശം എഴുതാൻ അങ്ങ് ആഗ്രഹിക്കുന്നുവോ? നീ തയ്യാറാണോ? ഞാൻ ഒരിക്കലും തയ്യാറല്ല, പക്ഷേ അങ്ങേയ്ക്ക് എന്നെ തയ്യാറാക്കാമല്ലോ. ചോദിക്കുക; നിനക്ക് അത് നൽകപ്പെടും. കർത്താവേ, അങ്ങയുടെ ശബ്ദം കേട്ട് എഴുതുവാൻ എന്നെ തയ്യാറാക്കണമേ. നിന്റെ ചെവി തുറന്ന് ശ്രദ്ധാപൂർവ്വം കേൾക്കുക, എഴുതുക. നിങ്ങൾ എല്ലാവർക്കും സമാധാനം ഉണ്ടായിരിക്കട്ടെ. ഞാൻ കർത്താവാണ്; പരിശുദ്ധരിൽ പരിശുദ്ധനായ ഇമ്മാനുവേലായ ഞാൻ, ഈ ബലഹീന ഉപകരണത്തിലൂടെ എന്നെത്തന്നെ വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങളേ, എന്റെ അനുഗ്രഹിക്കപ്പെട്ട ജനമേ, എന്റെ തിരുഹൃദയം വെളിപ്പെടുത്തിക്കൊണ്ട് ഞാൻ നിങ്ങളുടെ മുമ്പിലേക്ക് വരുന്നു. എന്റെ തിരുഹൃദയം പരിശുദ്ധവും നിർമ്മലവും സ്നേഹം നിറഞ്ഞതുമാണ്; അതുകൊണ്ട് നിങ്ങൾ ഉണരുക, പഴയകാലത്തെപ്പോലെ ഉണരുക, നിങ്ങളുടെ ആലസത്തിൽ നിന്ന് ഉണരുക, ഉണർന്ന് എന്നെ അനുഭവിച്ചറിയുക. എന്റെ ആത്മാവിനെ നിങ്ങളുടെ മേൽ നിരന്തരം സമൃദ്ധമായി വർഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; എന്നിരുന്നാലും നിങ്ങളിൽ പലരും ഇക്കാര്യം ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഞാൻ നിങ്ങളെ സൃഷ്ടിച്ച നാൾ മുതൽ പ്രവാചകന്മാരെ നിങ്ങളിലേക്ക് അയച്ചിട്ടുണ്ട്; എന്നാൽ എന്റെ സ്വന്തം ജനം അവരെ പീഡിപ്പിക്കുന്നു, ഒരു പട്ടണത്തിൽ നിന്ന് മറ്റൊന്നിലേക്ക് അവരെ വേട്ടയാടുന്നു. ആബേലിന്റെ പരിശുദ്ധ രക്തം ഇന്നും അവിരാമം ചൊരിയപ്പെടുന്നു; ഈ ജനം നീതിപൂർവ്വമായ നിയമത്തിനുവേണ്ടി എന്നോട് ചോദിക്കുന്നു, ഞാൻ അവരോടൊപ്പം ആയിരിക്കണമെന്ന് അവർ തീക്ഷ്ണമായി ആഗ്രഹിക്കുന്നു. എന്നാൽ കൃപയുടെ പരിശുദ്ധാത്മാവിനെ ഞാൻ അവരിലേക്ക് അയക്കുമ്പോൾ, അവർ അവരുടെ കണ്ണുകൾ അടയ്ക്കുന്നു, എന്നെ കേൾക്കാൻ വിസമ്മതിക്കുന്നു, തങ്ങളുടെ ഹൃദയത്തെ കരിങ്കല്ലുപോലെ കഠിനമാക്കുന്നു. ഒരു ദുഷ്ടപക്ഷിയെ തുരത്തി ഓടിക്കുന്നതുപോലെ, അവർ ഒത്തുചേർന്ന് കൃപയുടെ എന്റെ പരിശുദ്ധാത്മാവിനെ തുരത്തി ഓടിക്കുന്നു. എന്റെ തിരുഹൃദയത്തിന് വേദനിക്കുന്നു; തുറക്കുക, തുറക്കുക, എന്റെ വഴി തടയരുത്. നിങ്ങൾ പട്ടിണിക്ക് ഇട്ടിരിക്കുന്ന എന്റെ ജനം, എന്റെ അടുക്കൽ എത്താതിരിക്കുന്നതിന് നിങ്ങൾ വഴിയിൽ വച്ചിരിക്കുന്ന തടസ്സങ്ങളെ നീക്കുക. നിങ്ങളെ സൗഖ്യമാക്കാനും ആശ്വസിപ്പിക്കാനുമായി ഞാൻ വന്നിരിക്കുന്നു; നിങ്ങൾക്ക് സമാധാനവും സ്നേഹവും നൽകുവാൻ ഞാൻ വന്നിരിക്കുന്നു. എന്റെ മണ്ണിന് വളമിടാനും അതിൽ കൃഷി ചെയ്യാനുമായി ഞാൻ വന്നിരിക്കുന്നു. എന്റെ നാമം പരിശുദ്ധമാണ്; എന്റെ പ്രമാണങ്ങളും കല്പനകളും പരിശുദ്ധമാണ്. എന്റെ സ്നേഹത്താൽ ഈ ദാഹിക്കുന്ന മണ്ണിനെ ഞാൻ ജലസേചിതമാക്കും; എന്റെ മക്കളെ അനുഗ്രഹിച്ചുകൊണ്ട് അവരുടെ മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. വളരെ മുമ്പ് തന്നെ ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പുതിയ ആകാശവും പുതിയ ഭൂമിയും സ്വീകരിക്കുന്നതിന് വേണ്ടി ഞാൻ നിങ്ങളെ ഒരുക്കിക്കൊണ്ടിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ലേ? ഞാൻ എപ്രകാരമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ? എന്റെ സ്വരം ശ്രവിക്കുന്നതിന് വേണ്ടി ഭൂമിയുടെ ഒരു മൂലയിൽ നിന്ന് മറ്റൊന്നിലേക്ക് ഞാൻ നിങ്ങളെ കൈകാട്ടി വിളിക്കുന്നു. പ്രിയപ്പെട്ടവരെ, നിങ്ങളുടെ വ്രണങ്ങളും മുറിവുകളും രോഗങ്ങളും സൗഖ്യമാക്കാൻ ഞാൻ വന്നിരിക്കുന്നു; ഈ അന്ധകാരത്തിൽ ഇവയെല്ലാം നിങ്ങളുടെ മേൽ അതിക്രൂരമായി ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ടവരെ, നിങ്ങളുടെ വ്രണങ്ങൾ ഭേദമാക്കാൻ ആവാത്തതല്ല; നിങ്ങളുടെ പരിക്കുകൾ സൗഖ്യമാക്കാൻ ആവുന്നതാണ്. എന്നാൽ ആയിരിക്കുന്നവനായ ഞാൻ നിങ്ങളോടൊപ്പം വളരെ അടുത്തുതന്നെയുണ്ട്; അതിനാൽ സ്നേഹപൂർവ്വം എന്റെ അടുക്കലേക്ക് വരിക, സ്നേഹപൂർവ്വം എന്നോട് ചോദിക്കുക, നിങ്ങൾക്ക് അത് ലഭിക്കും. സ്നേഹപൂർവ്വം എന്നെ വിളിച്ച് അപേക്ഷിക്കുക; ഞാൻ നിങ്ങളുടെ അപേക്ഷ കേൾക്കും. ഞാൻ നിങ്ങളെ എടുത്ത് എന്റെ നെഞ്ചോട് ചേർത്തുപിടിച്ച് താരാട്ടിക്കൊണ്ട് നിങ്ങളെ സമാശ്വസിപ്പിക്കും. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആയ എന്റെ നിലവിളി കേൾക്കുക; സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു, സ്നേഹമാണ് ജീവന്റെ വൃക്ഷത്തിന്റെ വേര്. അതിനാൽ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നത് സ്നേഹമായിരിക്കട്ടെ. തിന്മയുള്ളിടത്ത് സ്നേഹം വെളിപ്പെടുമ്പോൾ, സ്നേഹം എല്ലാ ദുഷ്ടതകളെയും തുടച്ചുനീക്കുന്നു. സൂര്യന്റെ ആദ്യ കിരണങ്ങൾ മൂടൽമഞ്ഞിനെ നീക്കി കളയുന്നതുപോലെ തന്നെ, എന്റെ ഭക്തരെ പ്രതി ഞാൻ എല്ലാ മൃതശരീരങ്ങളെയും ഉയർപ്പിക്കും. ഞാൻ നിശബ്ദനായിരിക്കുകയില്ല; എന്റെ വചനത്താൽ ഞാൻ നിങ്ങൾ എല്ലാവരെയും ഉയർപ്പിക്കും. എന്റെ ശരീരമായ സഭയെ മഹത്വപ്പെടുത്തിക്കൊണ്ട്, എന്റെ സഭ മുഴുവനെയും നവീകരിക്കുന്നതുവരെ ഞാൻ നിശബ്ദനായിരിക്കുകയില്ല. കൃപയുടെ എന്റെ ആത്മാവിനെ അടിച്ചമർത്താനും എന്റെ സ്വരത്തെ നിശബ്ദമാക്കാനുമുള്ള നിങ്ങളുടെ എല്ലാ ദുഷിച്ച ശ്രമങ്ങളും ലക്ഷ്യങ്ങളും വ്യർത്ഥമായിത്തീരും. എന്റെ കരം ഞാൻ എല്ലാവരിലേക്കും, വിമതരിലേക്കും, രാവും പകലും എന്നെ പ്രകോപിപ്പിക്കുന്നവരിലേക്ക് പോലും നീട്ടിപ്പിടിച്ചിരിക്കുന്നു. ജാതി, വർഗ്ഗ, മതഭേദമില്ലാതെ, നിങ്ങൾ എല്ലാവരും എന്റെ ജനമാണ്. ഞാൻ സ്നേഹമാണെന്നും, ഞാനാണ് നിങ്ങൾ എല്ലാവരെയും സൃഷ്ടിച്ചതെന്നും ഓർക്കുവിൻ. ഇന്നത്തെ എന്റെ രക്ഷാകര പദ്ധതി സർവ്വ ലോകത്തെയും ഉൾക്കൊള്ളുന്നതാണ്; നിങ്ങളെ വിശ്വാസത്തിൽ വളർത്തുന്നതിനും, നിങ്ങളെ മാനസാന്തരപ്പെടുത്തുന്നതിനും, സമാധാനവും സ്നേഹവും സംസ്ഥാപിച്ചുകൊണ്ട് നിങ്ങളെ ഐക്യപ്പെടുത്തുന്നതിനുമായി ഞാൻ എല്ലാ ജനതകളിലേക്കും സന്ദേശവാഹകരെ അയച്ചുകൊണ്ടിരിക്കുന്നു. അതിനാൽ എന്റെ സ്വരത്തെയും എന്റെ മാതാവിന്റെ വിളികളെയും നിശബ്ദമാക്കാൻ നിങ്ങൾ ശ്രമിക്കരുത്. എന്റെ മഹത്വത്തിന്റെ ദിനം വരെ, പാറയെ തകർക്കുന്ന കൂടം പോലെ, ഞങ്ങളുടെ സ്വരം നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കും. എന്റെ ഫലസമൃദ്ധമായ മുന്തിരിത്തോട്ടത്തെ ആനന്ദത്തോടെ പുകഴ്ത്തുക; എന്നാൽ എന്റെ സ്വന്തം കൈകൊണ്ടാണ് അതിലെ മണ്ണിളക്കുന്നതും തോട്ടം ഒരുക്കുന്നതും, അതിലുള്ള മുള്ളുകളും ഞെരിഞ്ഞിലുകളും പിഴുതെടുത്ത് കത്തിച്ചു കളയുന്നതും എന്റെ സ്വന്തം കരത്താൽ തന്നെയാണ്. എന്റെ ശത്രുവിൽ നിന്ന് വരുന്ന വരണ്ട കാറ്റിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും അതിനെ ഞാൻ സംരക്ഷിക്കുന്നത് എന്റെ സ്വന്തം മേലങ്കി കൊണ്ട് അതിനെ മറച്ചുകൊണ്ടാണ്. ഈ മുന്തിരിത്തോട്ടത്തിന് തീക്ഷ്ണതയോടെ എന്നേക്കും കാവലിരുന്ന് സംരക്ഷിക്കുന്ന അതിന്റെ വിശ്വസ്തനായ പരിപാലകനാണ് ഞാൻ. ഈ മുന്തിരിത്തോട്ടം നിങ്ങൾക്കുള്ള എന്റെ ദാനമാണ്; അതിന്റെ മുന്തിരിപ്പഴങ്ങൾ നിങ്ങൾക്ക് സൗജന്യമായി നൽകപ്പെടുകയും, അത് ലോകമെമ്പാടും നിറഞ്ഞ് എല്ലാവരെയും പോഷിപ്പിക്കുകയും ചെയ്യും. എന്റെ ആത്മാവിന്റെ സ്നേഹഭാജനങ്ങളെ, എന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട് അവ മനസ്സിലാക്കാൻ പരിശ്രമിക്കുക; എന്നെ നിരന്തരം പരീക്ഷിച്ചുകൊണ്ട് എന്നെ സംശയിക്കരുത്. കർത്താവായ ഞാൻ വളരെ ഗൗരവത്തോടെ നിങ്ങളോട് പറയുന്നു: തിരുലിഖിതങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ മേൽ എന്റെ ആത്മാവ് മർഷിക്കപ്പെടുന്നത് കണ്ടിട്ട് എന്തിന് നിങ്ങളിൽ പലരും അത്ഭുതപ്പെടുന്നു? നിങ്ങളുടെ യുവാക്കന്മാർ ദർശനങ്ങൾ കാണുമ്പോൾ നിങ്ങൾ എന്തിന് ആശ്ചര്യപ്പെടുന്നു? എന്റെ വചനത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പുതുക്കാനായി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരുന്നു. മൃതരായ എന്റെ പുത്രന്മാരെയും പുത്രിമാരെയും ഉണർത്താനായി വലിയ സ്നേഹത്തോടെ ഞാൻ വരുന്നു. നിങ്ങളെ മാനസാന്തരപ്പെടുത്താനും എന്റെ നിയമങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കാനുമായി ഞാൻ വരുന്നു. പാപികളെ കുമ്പസാരത്തിന് വിളിക്കാനായി ഞാൻ വരുന്നു. എന്റെ തിരുഹൃദയത്തെ ക്രൂരമായി മുറിപ്പെടുത്തുകയും ഒറ്റിക്കൊടുക്കുകയും ചെയ്ത പുരോഹിതന്മാരെയും മെത്രാന്മാരെയും കർദിനാളന്മാരെയും പശ്ചാത്താപത്തിലേക്ക് വിളിക്കുന്നതിനായി ഞാൻ വരുന്നു. ഒരു വിധികർത്താവായിട്ടല്ല ഞാൻ ഇപ്പോൾ വരുന്നത്; കീറത്തുണി ഉടുത്തും നിഷ്പാതകനായ ദാഹത്താൽ അധരങ്ങൾ വരണ്ടുണങ്ങിയ ഒരു ഭിക്ഷക്കാരനായിട്ടാണ് ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നത്. അല്പം സ്നേഹത്തിനു വേണ്ടിയും സ്നേഹം തിരിച്ചു ലഭിക്കുന്നതിനായിട്ടും യാചിച്ചും വിലപിച്ചും ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു. ഇന്ന് നിങ്ങൾ കാണുന്നത് സ്നേഹം തിരിച്ചു കിട്ടുന്നതിനു വേണ്ടി നിങ്ങളുടെ നേർക്ക് കൈകൾ നീട്ടി യാചിച്ചു നിലവിളിക്കുന്ന ഒരു ഭിക്ഷക്കാരനെയാണ്. അവൻ ഇപ്രകാരം കരഞ്ഞു നിലവിളിക്കുന്നു: "എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ, എന്നെ സ്നേഹിക്കുവിൻ, എന്നെ സ്നേഹിക്കുവാൻ പഠിക്കുവിൻ, എന്നോട് സമാധാനത്തിലാകുവിൻ, എന്നോട് സമാധാനം സ്ഥാപിക്കുവിൻ. ഞാൻ നിങ്ങളെ തിരസ്കരിക്കുകയില്ല; ഞാൻ സ്നേഹമാണ്, ഞാൻ നിങ്ങളെ നിത്യമായി സ്നേഹിക്കുന്നു. " സമയം ഇനിയും വന്നെത്തിയിട്ടില്ലാത്തതിനാൽ എന്റെ അടുക്കലേക്ക് വരുവിൻ; എന്റെ നീതി വന്നെത്തുവോളം കാത്തിരിക്കരുത്. എന്റെ നീതി നിങ്ങൾ അറിയാത്ത സമയത്ത് അപ്രതീക്ഷിതമായി നിങ്ങളെ പിടികൂടാൻ അനുവദിക്കരുത്. ഓർക്കുക, ആ ഭയങ്കരവും മഹത്വഭരിതവുമായ സമയത്ത് ഞാൻ മഹിമാപൂർണ്ണനും ഗൗരവഭരിതനുമായ ന്യായാധിപനായി നിങ്ങളുടെ മുമ്പിൽ നിലകൊള്ളും. കരഞ്ഞ് യാചിച്ചിരുന്ന ഭിക്ഷക്കാരന്റെ സ്വരമായിരുന്ന എന്റെ ശബ്ദം അന്നേ ദിവസം മിന്നൽ പില്ലർ പോലെ ജ്വലിക്കുന്ന ദാഹാഗ്നിയായി മാറും; മേഘവിസ്ഫോടനമായി, കനത്ത മഴയായി, കൺമഴയായി. നിങ്ങളെ എല്ലാവരെയും ശുദ്ധീകരിച്ച് നവീകരിച്ച് ഒരു വിശുദ്ധ ജനമായി ഐക്യപ്പെടുത്തുന്നതിനു വേണ്ടി എന്റെ ശ്വാസം ഗന്ധകാഗ്നി ഒഴുകുന്ന നദി പോലെ എല്ലായിടത്തും തീ കൊളുത്തും. എന്നിൽ പ്രത്യാശ വെക്കുന്നവരും, എല്ലാ മനുഷ്യരുടെയും മേൽ ഞാൻ സമൃദ്ധമായി വർഷിച്ചുകൊണ്ടിരിക്കുന്ന കൃപയുടെ എന്റെ ആത്മാവിനെ സ്വാഗതം ചെയ്യുന്നവരും ഭാഗ്യവാന്മാർ. എന്നാൽ നിങ്ങളുടെ ദൈവമായ എന്നെ നിങ്ങൾ കാണും; ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ. എന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്. കേൾക്കാൻ ചെവിയുള്ളവരും, ഹൃദയലാളിത്യമുള്ളവരും, ശിശുസഹജമായ വിശ്വാസത്തോടെ കൃപയുടെ എന്റെ ആത്മാവിനെ സ്വാഗതം ചെയ്യുന്നവരും ഭാഗ്യവാന്മാർ. എന്നാൽ ഇത്തരത്തിലുള്ള ചെറിയ ഹൃദയങ്ങളിലാണ് എന്റെ വചനം വേര് പിടിക്കുന്നത്. നീതിക്കായി പീഡനം അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാകുന്നു. എന്റെ ചെറിയ പ്രാവുകളെ, അല്പകാലത്തിനുശേഷം ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. എന്റെ സമാധാനം സ്വീകരിക്കുക; നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു. യേശുക്രിസ്തുവായ ഞാൻ നിങ്ങളുടെ പീഡകരെ അനുഗ്രഹിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്നു. എന്നാൽ അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല. കർത്താവായ ഞാൻ നിങ്ങളെല്ലാവരെയും നിത്യമായി സ്നേഹിക്കുന്നു. അതിനുശേഷം ഞാൻ തിരുവചനത്തിൽ നിന്ന് അവർക്കായി വായിക്കേണ്ട തിരുവചന ഭാഗം കർത്താവ് എന്നെ കാണിച്ചുതന്നു. അത് ഹെബ്രായർ മൂന്നാം അധ്യായം ഏഴ് മുതൽ ഒൻപത് വരെ വാക്യങ്ങളും, ഹെബ്രായർ നാലാം അധ്യായം ഒന്നു മുതൽ 16 വരെയുള്ള വാക്യങ്ങളും ആയിരുന്നു. കർത്താവേ, എന്റെ ആബാ, ഞാൻ അങ്ങയുടെ കല്പനകൾ പിന്തുടർന്ന് അങ്ങയോട് വിശ്വസ്തമായിരിക്കാൻ എന്നെ അവ ഓർമ്മിപ്പിക്കണമേ. എന്റെ ആബാ, അങ്ങയുടെ വിധികൾ നീതിപൂർണ്ണമായവ എന്ന് ഞാൻ അറിയുന്നു. അങ്ങയുടെ വിശ്വസ്തത നിമിത്തമാണ് അങ്ങ് എനിക്ക് സഹനങ്ങൾ അനുവദിക്കുന്നതെന്ന് ഞാൻ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങയുടെ കൈപ്പ് നിറഞ്ഞ പാനപാത്രത്തിൽ നിന്ന് രുചിക്കുകയും പാനം ചെയ്യുകയും ചെയ്തത് എനിക്ക് നന്മയായി ഭവിച്ചു. കർത്താവേ, ഇപ്പോൾ അങ്ങയുടെ സ്നേഹം എന്നെ ആശ്വസിപ്പിക്കട്ടെ. കർത്താവേ, വന്ന് സ്നേഹപൂർവ്വം എന്നെ പരിചരിക്കണമേ. അപ്പോൾ ഞാൻ ജീവിക്കും. അങ്ങയുടെ നിയമം എനിക്ക് ജീവനും ആനന്ദവും ആകയാൽ, അങ്ങ് എനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന അങ്ങയുടെ ഭവനത്തിലേക്ക് എന്റെ പാദങ്ങളെ നയിക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, ഞാൻ അങ്ങയെ ആഗ്രഹിക്കുന്നു. കർത്താവേ, എന്റെ ആബാ, ഞാൻ അങ്ങയെ കാത്തിരിക്കുന്നു. ഞാൻ അങ്ങയെ കാത്തിരിക്കുന്നു. എന്റെ കുഞ്ഞേ, സ്നേഹം നിന്നെ സ്നേഹിക്കുന്നു. നിന്നെ എന്നിൽ നിന്ന് വേർപെടുത്താൻ ഞാൻ ആരെയും അനുവദിക്കുകയില്ല. ഇപ്പോൾ നീ എന്റെ തന്നെ ഭാഗമാണ്. വരൂ, നമുക്ക് പ്രവർത്തിക്കാം. പിന്നീട്, രാത്രിയിൽ എനിക്കുണ്ടായ ഒരു സ്വപ്ന ദർശനത്തിൽ ഞാൻ യേശുവിന്റെ ചിത്രം കണ്ടു. അവിടുത്തെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞതായി ഞാൻ കണ്ടു. ആ കണ്ണീർത്തുള്ളികൾ നിലത്ത് വീഴുന്നതിനു മുമ്പ് ഞാൻ ഓടിച്ചെന്ന് എന്റെ കൈ നീട്ടിപ്പിടിച്ചു. യേശുവിന്റെ അമൂല്യമായ കണ്ണീർ എന്റെ ഉള്ളം കയ്യിൽ ഞാൻ ശേഖരിച്ചു നടന്നു നീങ്ങി. ആ കണ്ണുനീർ ഞാൻ കുടിക്കണമോ എന്ന് ഞാൻ ചിന്തിച്ചു. മകളെ, വരുക, എന്റെ സമാധാനം സ്വീകരിക്കുക. വരൂ, ഞാൻ നിന്നോടൊപ്പം ഉണ്ട്. എന്നോടൊപ്പം ആയിരിക്കുന്നതിൽ നിനക്ക് സന്തോഷമാണോ? എന്റെ കർത്താവായ യേശുവേ, എനിക്ക് സന്തോഷമാണ്. നിന്റെ ഇഷ്ടം എനിക്ക് സമർപ്പിച്ചുകൊണ്ട് എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ നീ സന്നദ്ധയാണോ? അതെ, കർത്താവേ, അങ്ങയുടെ പേര് എന്നോട് പറയുക. നിന്റെ രക്ഷകനായ യേശുക്രിസ്തുവാണ് ഞാൻ. അതെ, കർത്താവേ, അത് അങ്ങയുടെ ഇഷ്ടമാണെങ്കിൽ, അത് എന്റെ ഇഷ്ടമാണ്. അതുകൊണ്ട്, നിന്റെ ഇഷ്ടം എനിക്ക് സമർപ്പിക്കുക. ഞാൻ അത് ഉപയോഗിക്കും. എന്റെ ഇഷ്ടം, ഇതാ, ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്റെ ഇഷ്ടം സ്വീകരിക്കുക. അങ്ങയുടെ ഇഷ്ടം പോലെ എന്നോട് പ്രവർത്തിക്കണമേ. എന്റെ കരം പിടിക്കൂ. ഞാനും നീയും ഒന്നിച്ച് ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുക. ഇവിടെ കർത്താവിൻറെ മുമ്പിൽ സ്വയം ശാന്തിയാകുവാൻ ഞാൻ ശ്രമിച്ചു. കർത്താവിൻറെ പരിശുദ്ധ സാന്നിധ്യം അനുഭവിച്ച് അവിടുത്തോട് ഐക്യപ്പെടാൻ ഞാൻ ശ്രമിച്ചു. കുഞ്ഞേ, നീ ഇപ്രകാരം പരിശ്രമിക്കുന്നത് കാണുന്ന ഓരോ തവണയും എന്റെ തിരുഹൃദയം വളരെ സന്തോഷിക്കുന്നു. ഞാൻ പരമോന്നതനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ നിന്നെ തന്നെ ശാന്തയാക്കി വിശ്വാസത്തോടെ പ്രാർത്ഥിക്കാമോ? എന്റെ കർത്താവേ, ഞാൻ ശ്രമിക്കാം. അങ്ങ് ആഗ്രഹിക്കുന്ന വിധം പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ. നിന്നെ തന്നെ പൂർണമായി എനിക്ക് സമർപ്പിക്കുക. യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന് എന്നോട് പറഞ്ഞു പ്രാർത്ഥിക്കുക. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് വരുന്ന ആത്മാർത്ഥതയുള്ള സ്വയം പ്രേരിതമായ സ്നേഹവാക്കുകൾ കൊണ്ട് എന്നെ പ്രസാദിപ്പിക്കുക. എന്റെ തിരുഹൃദയമാണ് നിന്റെ അഭയകേന്ദ്രം. നീ എന്നിൽ വിശ്രമിക്കൂ. വരൂ, എന്നോടുള്ള നിന്റെ സ്നേഹം വർധിപ്പിക്കുക. നീ പരിപൂർണ്ണയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് അങ്ങയെ പൂർണമായി പ്രസാദിപ്പിക്കാനാണ് എന്റെ ആഗ്രഹം. എന്റെ വസൂല, ഞാൻ നിന്നെ സഹായിക്കും. നമ്മൾ നമുക്ക് എന്നേക്കും വരൂ. എന്റെ തിരുഹൃദയത്തിൽ വിശ്രമിക്കൂ. ഞാൻ വിശ്രമിക്കും. 12/5 1989, യേശുവേ, ഇത് ഞാനാണ്. എന്നെ അനുഭവിച്ചറിയുകയും എന്നെ ധ്യാനിക്കുകയും ചെയ്യുക. ഞാൻ സ്നേഹമാണ്. ഞാൻ പരിശുദ്ധനാണ്. എന്നെ സ്നേഹിക്കുകയും വിശുദ്ധിയിൽ ജീവിക്കുകയും ചെയ്യുക. ജ്ഞാനമായ ഞാൻ നിന്നെ പഠിപ്പിക്കും. വരൂ, എന്റെ അമ്മ നിന്നെ സ്നേഹിക്കുന്നു. ഇപ്പോൾ മാതാവ് സന്ദേശം എഴുതുന്നതാണ്. 1989 മെയ് 19ന് മാർട്ടിക് നീൽ നടക്കുന്ന യോഗത്തിനു വേണ്ടിയുള്ള സന്ദേശം. എന്റെ കുഞ്ഞേ, ഞാൻ നിങ്ങളുടെ പരിശുദ്ധ മാതാവാണ്. ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ഇതാ, എന്റെ സന്ദേശം: സമാധാനം നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇന്നത്തെ ഞങ്ങളുടെ വിളികളെ കേൾക്കുകയും അവയെ ശ്രദ്ധിക്കുകയും ചെയ്യുക. സമയം എപ്രകാരം അടുത്തെത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കുക. യേശുവും ഞാനും രാവും പകലും നിങ്ങളുടെ മാനസാന്തരത്തിനായി നിങ്ങളെ വിളിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ മാനസാന്തരത്തിനായിട്ടുള്ള ഞങ്ങളുടെ വിളികൾ ഇപ്പോൾ ലോകമെമ്പാടും മുഴങ്ങുന്നു. അവ ഇനിയും വർദ്ധിച്ചു കൊണ്ടിരിക്കും. എന്റെ മക്കളെ, സമയം എത്ര അടുത്തെത്തിയിരിക്കുന്നു എന്ന് തിരിച്ചറിയുക. ഇന്ന് എന്റെ ഹൃദയം വേദനിക്കുന്നു, കാരണം നിങ്ങളിൽ പലരും ഞങ്ങളുടെ വിളികളുടെ അടിയന്തര സ്വഭാവം മനസ്സിലാക്കുന്നില്ല. ഇതെക്കുറിച്ച് നിങ്ങൾ ധ്യാനിക്കണമെന്നും, നിങ്ങളെ തന്നെ പരിശോധിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ യഥാർത്ഥത്തിൽ മാനസാന്തരപ്പെട്ടവരാണോ എന്നും, ദൈവത്തിൻറെ വഴിയിലാണോ നിങ്ങൾ സഞ്ചരിക്കുന്നത് എന്നും നിങ്ങൾ തന്നെ പരിശോധിക്കുക. എൻറെ പ്രിയപ്പെട്ട മക്കളെ, ദൈവത്തിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം മതിയാവുകയില്ല. മാനസാന്തരപ്പെടുക എന്നത് ദൈവത്തെ പ്രസാദിപ്പിക്കുകയും, ദൈവത്തെ ധ്യാനിച്ചു ജീവിക്കുന്നതുമാണ്. മാനസാന്തരപ്പെടുക എന്നത് പരിശുദ്ധരായിരിക്കുന്നതും, പരിശുദ്ധമായി ജീവിക്കുന്നതുമാണ്. മാനസാന്തരപ്പെടുക എന്നത് ദൈവത്തോട് സമാധാനത്തിലായി തീരുന്നതാണ്. നിങ്ങളുടെ പൂർണ്ണ വ്യക്തിത്വത്തോടെ ദൈവത്തെ സ്നേഹിക്കുന്നതാണ്. യേശു നിങ്ങളുടെ മേൽ വർഷിച്ചു കൊണ്ടിരിക്കുന്ന സ്നേഹത്തെക്കുറിച്ച് ചിന്തിക്കുക. ക്രിസ്തുവിൽ ജീവിക്കുക. നിങ്ങളെ തന്നെ ശുദ്ധീകരിക്കുകയും, യേശു നിങ്ങളെ സുഖപ്പെടുത്തേണ്ടതിന് പൂർണമായി നിങ്ങളുടെ ഹൃദയം അവിടുത്തേക്ക് തുറന്നു കൊടുക്കുകയും ചെയ്യുക. മാനസാന്തരപ്പെടുക എന്നത് ദൈവത്തോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നതും, പൂർണ ഹൃദയത്തോടെ നിങ്ങൾ അവിടുത്തെ തീക്ഷ്ണമായി ആഗ്രഹിക്കുന്നതുമാണ്. ഏറ്റവും വലിയ ആത്മീയ ദാനം സ്നേഹമാണെന്നുള്ള വസ്തുത അനേകർ മറന്നുപോകുന്നു. യേശുവിൻറെ കല്പന ഞാൻ വീണ്ടും നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ, നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. എന്നെ പ്രസാദിപ്പിക്കുകയും, ഞങ്ങളുടെ സന്ദേശങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുവിൻ. വചനമാകുന്ന ധാന്യമണികൾ എല്ലായിടത്തും വിതറുന്ന ഞങ്ങളുടെ ചെറിയ വക്താക്കളായി തീരുക. ചെവികൾ ഉള്ളവർ കേൾക്കട്ടെ. ഞങ്ങളുടെ സന്ദേശങ്ങളുടെ അടിയന്തര സ്വഭാവം മനസ്സിലാക്കുക. ഇന്ന് രാത്രി നിങ്ങളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങളോടൊപ്പമുള്ള എല്ലാ വിശുദ്ധ വസ്തുക്കളെയും ഞങ്ങൾ അനുഗ്രഹിക്കുന്നു. ഈ രാത്രി ധ്യാനത്തിനുള്ള പ്രത്യേക രാത്രി ആകട്ടെ. നിങ്ങളെ പൂർണമായി പരിശോധിക്കാനുള്ള ധ്യാന രാത്രിയായി തീരട്ടെ. ഇത് യേശുവും ഞാനും നിങ്ങളെ സഹായിക്കാൻ എപ്പോഴും സന്നിഹിതരാണ്. അതിനാൽ, നിങ്ങളുടെ ഹൃദയം കൊണ്ട് ഞങ്ങളോട് സംസാരിക്കുക. ഞങ്ങൾ നിങ്ങളെ ശ്രവിക്കും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമേൻ. 13/5 1989, യേശുവേ, ഇത് ഞാനാണ്. ഞാൻ നിനക്ക് നൽകിയിട്ടുള്ള കഴിവനുസരിച്ച് എന്നെ പൂർണമായി വിവേചിച്ചറിയുക. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ. എന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്. അനുഗ്രഹീതയാവുക. നിന്നെ നിരുത്സാഹപ്പെടുത്താൻ തൻറെ ശ്രമങ്ങൾ ഇരട്ടിപ്പിച്ച ദുഷ്ടനെക്കുറിച്ച് ജാഗ്രത പാലിക്കുക. അവൻറെ കെണികളിൽ വീഴാതിരിക്കാൻ ഞാൻ നിന്നെ സഹായിക്കുന്നു. ഞാൻ വഴി നിരപ്പാക്കി കൊണ്ടിരിക്കുന്നു. നീ അത് ശ്രദ്ധിച്ചിട്ടില്ലേ? അതെ, കർത്താവേ, ഞാൻ അത് ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ അങ്ങയെ വാഴ്ത്തുന്നു. പ്രിയപ്പെട്ടവളെ, ഞാനാണ് നിന്നെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് ഓർക്കുക. എന്നെക്കൂടാതെ നിനക്ക് ശ്വസിക്കുവാൻ പോലും കഴിയുകയില്ലെന്ന നിൻറെ ശേഷിയില്ലായ്മയും അസാധ്യതയും ഒരിക്കലും മറക്കരുത്. ഞാൻ പ്രവർത്തിക്കുന്ന രീതി എപ്പോഴും ഓർക്കുവിൻ. എൻറെ സന്ദേശം സ്വീകരിക്കാൻ മറ്റുള്ളവരോടൊപ്പം ഞാൻ നിന്നെയും തിരഞ്ഞെടുത്തു. ദരിദ്രരായ വ്യക്തികളെ സമീപിക്കുന്നവനാണ് ഞാൻ എന്ന് അറിയപ്പെടുന്നു. ഞാൻ അവരെ സുഖപ്പെടുത്തുകയും, അവരിലൂടെ എൻറെ വചനം പ്രഘോഷിക്കുകയും ചെയ്യും. കർത്താവേ, ഒരു കാര്യം ഞാൻ അങ്ങയോട് പറയട്ടെ. സ്നേഹം നിന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. കർത്താവേ, പലപ്പോഴും അങ്ങയുടെ വചനം നൽകപ്പെടുന്നു. എന്നാൽ പലപ്പോഴും അത് ശ്രദ്ധിക്കപ്പെടുകയോ വിശ്വസിക്കപ്പെടുകയോ ചെയ്യുന്നില്ല. എനിക്കതറിയാം, എങ്കിലും എല്ലാം വ്യർത്ഥമായി പോകുന്നില്ല. പലരും കേൾക്കാതിരുന്നാലും, കുറച്ചുപേർ കേൾക്കുന്നു. അതിനാൽ, ഒരു ധാന്യമണി മാത്രമാണെങ്കിലും വേര് പിടിച്ചാൽ, ഈ ത്യാഗങ്ങൾ എല്ലാം ഫലപ്രദമാകും. കർത്താവേ, അങ്ങയുടെ കൃപയാലും കരുണയാലും, അങ്ങ് ഈ സന്ദേശങ്ങൾ നൽകുന്നു. അനേകായിരങ്ങൾ ഈ സന്ദേശങ്ങൾ വായിച്ച് മാനസാന്തരപ്പെടാമായിരുന്നു. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല, കാരണം ഈ സന്ദേശങ്ങൾ അങ്ങയുടെ സ്വന്തം ജനങ്ങളാൽ എതിർക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. എൻറെ പുഷ്പമേ, എൻറെ സഭയിലെ മഹാ വിശ്വാസത്യാഗമാണിത്. എൻറെ സഭ കായന്മാരാൽ നിറഞ്ഞിരിക്കുന്നു. എൻറെ വിശുദ്ധ ആലയത്തിൽ സ്വയം സിംഹാസനം സ്ഥാപിച്ച്, എൻറെ സ്നേഹത്തിൻറെ പ്രബോധനങ്ങളെക്കാൾ ഔപചാരികതകൾക്കും ആചാരങ്ങൾക്കും അവർ കൂടുതൽ ശ്രദ്ധ നൽകുന്നു. സ്നേഹപൂർവ്വം എന്നിലേക്ക് നയിക്കാൻ ഞാൻ കോടിക്കണക്കിന് മനുഷ്യരെ അവരുടെ മേൽ ഭരമേൽപ്പിച്ചിട്ടുണ്ട്. എന്നാൽ അവർ അറിവിൻറെ താക്കോൽ എടുത്തുമാറ്റി, അവർ തന്നെ അകത്ത് പ്രവേശിക്കുന്നുമില്ല. പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ അവർ അതിന് അനുവദിക്കുന്നുമില്ല. കർത്താവേ, ഇനി എത്രകാലം നമുക്ക് സഹിക്കേണ്ടി വരും? വളരെ കാലം വേണ്ട. എന്നിൽ വിശ്വസിക്കുക. വരൂ, എൻറെ തിരുലിഖിതങ്ങളിൽ നിന്ന് ഒരു ഭാഗം ഞാൻ നിനക്ക് വായിച്ചു തരാം. യേശു എനിക്ക് കാണിച്ചുതന്ന തിരുവചന ഭാഗം ജെറമിയുടെ പുസ്തകം നാലാം അധ്യായം അഞ്ചു മുതൽ 31 വരെയുള്ള വാക്യങ്ങളാണ്. സൃഷ്ടികളെ താമസിക്കരുത്. മാനസാന്തരപ്പെടുക. എൻറെ വചനം ശ്രവിക്കുക. വരൂ, നമ്മൾ നമുക്ക്. അതെ, എൻറെ കർത്താവേ, ഈ ദിവസങ്ങളിൽ ഞാൻ അങ്ങനെ പറയുന്നില്ലെന്ന് തോന്നുന്നു. വസൂല, നീ അത് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നോട് പുഞ്ചിരിക്കുക. ശരിക്കും, ഇത് അങ്ങ് തന്നെയാണോ? ഇത് ഞാനാണ്. പുഷ്പമേ, എത്ര പ്രാവശ്യം ഞാൻ ഇത് നിന്നോട് പറയേണ്ടി വരും? യേശുവേ, എനിക്കതറിയാം. യേശുവേ, അങ്ങ് അത് സ്ഥിരീകരിക്കുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. അതുപോലെ, നീയും എൻറെ നാമം ആവർത്തിക്കുന്നത് കേൾക്കാൻ എനിക്കും എത്രമാത്രം ഇഷ്ടമാണെന്ന് മനസ്സിലാക്കുക. നീ എൻറെ നാമം വിളിക്കുന്നത് കേൾക്കുന്നതിൽ എനിക്ക് ഒരിക്കലും മടുപ്പ് വരുന്നില്ല. എൻറെ നാമം എപ്പോഴും നിൻറെ മനസ്സിലും ഹൃദയത്തിലും നിലനിൽക്കട്ടെ. എപ്പോഴും എവിടെയും എൻറെ നാമം ഉച്ചരിക്കുക. അത് എന്നെ മഹത്വപ്പെടുത്തുന്നു. യേശുവേ, അങ്ങ് എനിക്ക് വളരെയധികം നൽകിയിരിക്കുന്നു. അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ. ദൈവത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ. എൻറെ സമാധാനം സ്വീകരിക്കുക. നീ എൻറെ പാദങ്ങൾ ചുംബിക്കുമോ? എൻറെ കർത്താവേ, ഞാൻ ചുംബിക്കും. ആത്മാവിൽ ഞാൻ കർത്താവിൻറെ പാദങ്ങൾ ചുംബിച്ചു. ഒരു ക്രൂശിത രൂപത്തിലുള്ള അവിടുത്തെ പാദങ്ങളെയും ഞാൻ ചുംബിച്ചു. എന്നോട് വിശ്വസ്തയായിരുന്നുകൊണ്ട് എന്നെ മഹത്വപ്പെടുത്തുക. 15/5 1989, കർത്താവേ, ഇത് ഞാനാണ്. ഭൂമിയിൽ സമാധാനമാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്. സമാധാനമല്ല, വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 10:34 ആം തിരുവചനം. എൻറെ മാലാഖായേ, സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രഘോഷിക്കുക. ഞാൻ നിന്നെ സഹായിക്കും. ഇത് യേശുക്രിസ്തുവായ ഞാനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു.