Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 88: നിങ്ങളുടെ സഹോദരരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കൂ
Transcript
- എപ്പിസോഡ് 88. 27/02/1989. "സമാധാനം നിന്നോടുകൂടെ." വിശുദ്ധ മിഖായേൽ മാലാഖ. "കർത്താവിന് സ്തുതി." പരിശുദ്ധ മാതാവ്. "എന്നെ കേൾക്കുക, ഞാൻ കർത്താവാണ്; ഇപ്പോൾ നീ ചെയ്തതുപോലെ ഈ മനുഷ്യരെ എനിക്ക് സമർപ്പിച്ചുകൊണ്ട് നീ എന്റെ അടുക്കൽ വരിക." എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാ മനുഷ്യരെയും ഞാൻ കർത്താവിന്റെ സന്നിധിയിൽ സമർപ്പിച്ചു. എനിക്ക് ഒരു ആത്മീയ വരൾച്ച അനുഭവപ്പെട്ടിരുന്നു. ആത്മീയ ദാരിദ്ര്യത്തിൽ നിന്ന് ചൂടോ തണുപ്പോ ഇല്ലാത്ത പ്രാർത്ഥനകൾ ആയാൽ പോലും ഞാൻ അവ കേൾക്കും. നിന്റെ ബലഹീനത എനിക്കറിയാം; എന്നാൽ എന്റെ ശക്തി നിന്നെ താങ്ങി നിർത്തും. നിന്റെ വിശ്വാസം വളരുന്നതിന് വേണ്ടി പ്രാർത്ഥിക്കുക. ഈ മനുഷ്യരെ എല്ലാം ഞാനാണ് നിന്റെ അടുക്കലേക്ക് അയച്ചത്. എന്റെ തിരുഹിതം വിവേചിച്ചറിയുവാൻ പ്രാർത്ഥിക്കുക; ഇടവിടാതെ പ്രാർത്ഥിക്കുക. ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും; ചോദിക്കുക, ഒരിക്കലും പ്രാർത്ഥന അവസാനിപ്പിക്കരുത്. നീ വിടുന്ന ഒരു നെടുവീർപ്പ് പോലും, അത് നിന്റെ ഹൃദയത്തിൽ നിന്നാണ് വരുന്നതെങ്കിൽ, ഞാൻ അത് കേൾക്കും. അതിനാൽ നീ ചോദിക്കുന്ന കാര്യത്തിൽ നിനക്ക് വിശ്വാസം ഉണ്ടായിരിക്കണം. ഞാൻ അത് നൂറിരട്ടിയായി നിനക്ക് തിരിച്ചു തരും. നീ ക്ഷമ ചോദിക്കുന്നുവോ, ഞാൻ നിന്നോട് ക്ഷമിക്കും; നീ എന്നോട് സഹായം ചോദിക്കുന്നുവോ, ഏത് പിതാവാണ് തന്റെ കുഞ്ഞിനെ സഹായിക്കാതിരിക്കുന്നത്? കർത്താവേ, ചില പിതാക്കന്മാർ അവരുടെ മക്കളെ സഹായിക്കാറില്ല. അത്തരം പിതാക്കന്മാർ എന്നിൽ നിന്ന് വരുന്നതല്ല; അവർ എന്റേതായിരുന്നെങ്കിൽ അവർ എന്നെ സ്നേഹിക്കുമായിരുന്നു, അവരുടെ മക്കളെ സ്നേഹിക്കുമായിരുന്നു. നിങ്ങളുടെ ആത്മീയ വളർച്ചയിൽ നിങ്ങളെ സഹായിക്കുവാൻ ഞാൻ ഇവിടെ, നിങ്ങളോടൊപ്പം ഉണ്ട്. എന്റെ ഭക്ഷണം ഞാൻ ഒരിക്കലും നിങ്ങൾക്ക് നിഷേധിക്കുകയില്ല; വരൂ, ഞാനും നിന്നെ പഠിപ്പിക്കും. 28/02/1989. എനിക്ക് ആത്മീയ വരൾച്ച അനുഭവപ്പെട്ടു; ഭീതിജനകമായ വരൾച്ചയും തണുപ്പും അനുഭവപ്പെട്ടു. എന്റെ വസൂല, എന്റെ സ്നേഹത്തെ നിനക്ക് എങ്ങനെ സംശയിക്കാൻ കഴിഞ്ഞു? എന്റെ വിരൽ നിന്റെ മേൽ വയ്ക്കുവാൻ എന്നെ അനുവദിക്കുക; ഞാനും നിന്നെ അഭ്യസിപ്പിക്കും. നിന്നെ നയിക്കുന്നത് ആരാണെന്ന് ഓർക്കുക; അതു ചിന്തിക്കുക. എന്നെ സ്നേഹിക്കാത്തതും ഹൃദയം തണുത്തുപോയതുമായ മനുഷ്യരുടെ ഹൃദയങ്ങളെ ചൂടുപിടിപ്പിക്കാൻ, നിന്റെ സ്നേഹത്തിന്റെ സത്ത ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. ഈ സ്വർഗീയ പ്രവർത്തികൾ ഞാൻ ഇതിനോടകം നിന്നെ പഠിപ്പിച്ചിട്ടുണ്ട്; ഞാൻ നിന്നെ പഠിപ്പിക്കില്ലേ? ഉവ്വ, കർത്താവേ, അങ്ങ് എന്നെ പഠിപ്പിച്ചിട്ടുണ്ട്; എന്നാൽ അതു സംഭവിക്കുമ്പോൾ ഞാൻ ആകുലപ്പെടുന്നു. ഞാൻ എപ്പോഴും നിന്റെ അടുത്തുണ്ട്; മകളേ, നീ ഭയപ്പെടേണ്ടതില്ല. വരൂ, നമ്മൾ നമുക്ക്. അതെ, കർത്താവേ. എന്നാൽ എന്തുകൊണ്ടാണ് നീ അതു പറയുന്നത് ഞാൻ കേൾക്കാത്തത്? വരൂ, എന്റെ സാന്നിധ്യം ഞാൻ നിന്നെ ഓർമ്മിപ്പിക്കാം. 1/3/1989. പുനഃസംഗമത്തിനു വേണ്ടി വിശുദ്ധ മിഖായേൽ മാലാഖ നൽകിയ സന്ദേശം. വസൂല, ദൈവത്തിന് മഹത്വം; കർത്താവിന് സ്തുതി; കർത്താവിന്റെ കരുണ അതിരറ്റതാണ്; കർത്താവിന്റെ കൃപ നിങ്ങളുടെ മേൽ ഉണ്ട്. ഉണരുക. സത്യത്തെ ഉപേക്ഷിച്ച എല്ലാവരും കർത്താവിന്റെ അരികിലേക്ക് മടങ്ങി വരുക; മടങ്ങി വന്ന് പശ്ചാത്തപിക്കുക. നിങ്ങളുടെ സഹോദരങ്ങളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുക; കർത്താവിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. സമാധാനം, സമാധാനം. ദൈവത്തോട് സമാധാനത്തിലായി തീരുക. വിശുദ്ധ മിഖായേൽ മാലാഖയായ ഞാൻ നിങ്ങളെ സംരക്ഷിക്കാൻ നിങ്ങളുടെ അടുക്കൽ ഉണ്ട്. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. ഈ ഈസ്റ്റർ നോമ്പുകാലത്ത് മുമ്പത്തേക്കാൾ നിങ്ങളുടെ പ്രാർത്ഥനകൾ അത്യാവശ്യമായിരിക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമേൻ. 3/3/1989. പുനഃസംഗമത്തിനു വേണ്ടി പരിശുദ്ധ മറിയം നൽകിയ സന്ദേശം. എന്റെ പ്രിയപ്പെട്ടവരെ, സമാധാനം നിങ്ങളോടുകൂടെ. സ്നേഹത്തിൽ സ്ഥിരത പുലർത്താൻ ഞാൻ ഇന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളെല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തോടുള്ള വിശ്വസ്തത നിലനിർത്തിക്കൊണ്ട് അവിടുത്തെ മഹത്വപ്പെടുത്തുക; നിങ്ങളെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുക. ഇപ്പോൾ മിന്നിമിന്നി കത്തിക്കൊണ്ടിരിക്കുന്ന ഈ ജ്വാല വീണ്ടും ജ്വലിച്ച് എല്ലാവർക്കും കാണത്തക്ക വിധമുള്ള ഒരു ദീപസ്തംഭമായി തീരട്ടെ. നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക; നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിനായി പൂർണ്ണമായി തുറക്കുക; ആനന്ദത്തോടെ കർത്താവിനെ സ്വീകരിക്കുക; അവിടുന്ന് കാരുണ്യപൂർവ്വം നിങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നതിൽ കർത്താവിനെ സ്തുതിക്കുക. പുതിയ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കരുത്; അവിടുത്തെ വിളികൾ ദൈവിക സത്യത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്. എങ്ങനെയാണ് വിശുദ്ധമായി ജീവിക്കേണ്ടത് എന്ന ഒരു ഓർമ്മപ്പെടുത്തലാണിത്; ദൈവം സ്നേഹമാണെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ. അടിസ്ഥാന സത്യങ്ങൾ ദൈവം നിങ്ങളെ ഓർമ്മിപ്പിക്കുന്നു; അതിനാൽ സത്യവും നിർമ്മലവുമായ കാര്യങ്ങളാൽ നിങ്ങളുടെ മനസ്സിനെ നിറയ്ക്കുക. നിങ്ങളുടെ ഉള്ളിൽ ശൂന്യസ്ഥലം ഇടരുത്; അല്ലാത്തപക്ഷം പ്രലോഭകനായ സാത്താൻ വന്ന് നിങ്ങളെ വഞ്ചിക്കും. അതിനാൽ ദൈവീക സ്നേഹത്താൽ നിങ്ങളെ തന്നെ നിറയ്ക്കുവിൻ; എന്തെന്നാൽ സ്നേഹിക്കുന്നതിനു വേണ്ടിയാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവിൻ; നിങ്ങളുടെ സഹോദരങ്ങളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുവിൻ; നിങ്ങളുടെ ഇടയിൽ പരസ്പര സ്നേഹം വർദ്ധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങളുടെ സമീപത്തുണ്ട്; ഞാൻ നിങ്ങൾക്ക് വേണ്ടി മധ്യസ്ഥത വഹിക്കും; അതിനാൽ എന്റെ അടുക്കൽ വരുന്നതിന് മടിക്കേണ്ട. നിങ്ങളെ എപ്പോഴും സഹായിക്കുന്ന നിങ്ങളുടെ അമ്മയാണ് ഞാൻ. സ്നേഹപൂർവ്വം കർത്താവിന്റെ അടുക്കലേക്ക് വരിക; അവിടുത്തെ സമാധാനത്താൽ കർത്താവ് നിങ്ങളെ നിറയ്ക്കും. സ്നേഹപൂർവ്വം ചോദിക്കുക; നിങ്ങൾക്ക് അത് ലഭിക്കും. സ്നേഹപൂർവ്വം പ്രാർത്ഥിക്കുക; ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും. എന്റെ സമാധാനം സ്വീകരിക്കുക; ഞങ്ങൾ നൽകിയ സന്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമേൻ. 3/3/1989. നിങ്ങളെല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ. പ്രിയപ്പെട്ടവരെ, ഞാൻ കർത്താവാണ്; എന്റെ ശുശ്രൂഷകയിലൂടെ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു; എന്റെ ശുശ്രൂഷകയിലൂടെ ഞാൻ നിങ്ങളോട് സംസാരിക്കും. പ്രിയപ്പെട്ടവരെ, ഈ ഭവനത്തിന് എന്റെ സമാധാനം ഞാൻ നൽകുന്നു; വരൂ, വരുവിൻ, എന്നെ കേൾക്കുവിൻ. ഞാൻ നിങ്ങളുടെ ദൈവമാണ്; നിങ്ങളിൽ ജീവൻ നിശ്വസിച്ച നിങ്ങളുടെ സൃഷ്ടാവാണ് ഞാൻ. സ്നേഹത്താൽ ഞാൻ നിങ്ങളെ വിശുദ്ധീകരിച്ചു; ഏറ്റവും മഹത്തായ സ്നേഹത്തിന്റെ ഉറവിടം ഞാനാണ്. നിങ്ങളുടെ ദൈവമായ എന്നെ നിങ്ങൾ സ്നേഹിക്കേണ്ടതിന്, സ്നേഹം നിമിത്തം ഞാൻ നിങ്ങളെ സൃഷ്ടിച്ചു. മനുഷ്യമക്കളേ, നിങ്ങൾ എന്റേതാണ്; നിങ്ങൾ എന്റെ സന്തതികളാണ്. നിങ്ങൾ എന്റെ വചനങ്ങൾ പൂർണ്ണമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; എന്റെ പരിശുദ്ധമായ പ്രവർത്തികളിൽ വിശ്വസിക്കുവിൻ; എന്റെ അനന്ത സ്നേഹത്തിലും കവിഞ്ഞൊഴുകുന്ന മഹാകാരുണ്യത്തിലും വിശ്വസിക്കുവിൻ; എന്നിൽ വിശ്വസിക്കുവിൻ. നിങ്ങളെ പുനർജീവിപ്പിക്കുന്നതിനു വേണ്ടി, എന്റെ അനന്തകാരുണ്യം നിമിത്തം ഞാൻ നിങ്ങളിലേക്ക് താണിറങ്ങി വരുന്നു. ഇപ്പോൾ നിങ്ങളുടെ കണ്ണുകളെ മറച്ചിരിക്കുന്ന മൂടുപടം പോലുള്ള ആലസ്യത്തിൽ നിന്ന് നിങ്ങളെ എടുത്തുയർത്തുന്നതിന് ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരുന്നു. ഞാൻ യേശുവാണ്; യേശു എന്നതിന്റെ അർത്ഥം രക്ഷകൻ എന്നാണ്. അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് നിങ്ങൾ വഴിതെറ്റിപ്പോകുന്നത് ഞാൻ കണ്ടിട്ട്, നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി എങ്ങനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ ഓടി വരാതിരിക്കും? ഞാൻ കർത്താവും, പരിശുദ്ധരിൽ പരിശുദ്ധനായവനുമാണ്. ഓരോ മാലാഖാ വൃന്ദത്തിലെയും അസംഖ്യം മാലാഖമാർ എന്റെ മുന്നിൽ സഷ്ടാംഗം വീണ്, അവിരാമം എന്നെ ആരാധിക്കുന്നു. എന്റെ മഹത്വവും സ്വർഗീയ സിംഹാസനവും വിട്ട്, നിത്യാഗ്നിയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഞാൻ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വരുന്നു. ഞാൻ എന്റെ സ്വർഗ്ഗവും എന്റെ രാജ്യവും വിട്ടിട്ട്, നിങ്ങളുടെ മരുഭൂമിയിലേക്കും ശൂന്യതയിലേക്കും ഇറങ്ങി വന്നു. അതെ, കെരൂബുകൾ ചുറ്റും നിന്ന് ആരാധിക്കുന്ന എന്റെ സിംഹാസനം വിട്ട്, നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഞാൻ നിങ്ങളുടെ അടുക്കൽ വന്ന് ദാരിദ്ര്യത്തിൽ ജനിച്ചു. അനാദികാലം മുതൽ മുഴുവൻ നിത്യതയിലും പ്രപഞ്ചം ആരാധിക്കുന്ന സർവ്വാധിപനായ ഞാൻ, മനുഷ്യരാൽ അപമാനിക്കപ്പെടുന്നതിന് സമ്മതിച്ചു. ചമ്മട്ടികൊണ്ട് അടിക്കപ്പെടുന്നതിന് ഞാൻ എന്റെ പുറം കാണിച്ചു കൊടുത്തു. എന്നെ മുൽക്കിരീടം ധരിപ്പിക്കുവാൻ ഞാൻ അവരെ അനുവദിച്ചു; എന്നെ പരിഹസിക്കുവാനും എന്റെ തിരുമുഖത്ത് കാർക്കിച്ചു തുപ്പുന്നതിനും ഞാൻ അവരെ അനുവദിച്ചു. നിങ്ങളോടുള്ള സ്നേഹം നിമിത്തം എന്നെ ക്രൂശിക്കുവാൻ ഞാൻ അവരെ അനുവദിച്ചു. ക്രൂശിക്കപ്പെട്ടവന്റെ മക്കളേ, നിങ്ങൾക്ക് വേണ്ടി ഞാൻ ചെയ്തതെല്ലാം നിങ്ങൾക്ക് എങ്ങനെ മറക്കുവാൻ കഴിഞ്ഞു? ബലത്താലും നിയമത്താലും പിടിക്കപ്പെടുന്നതിനു വേണ്ടി ഞാനും സ്വയം ഇറങ്ങി വന്നു. നിങ്ങളുടെ സഹനങ്ങളും വേദനകളും വഹിക്കുന്നതിനു വേണ്ടി ഞാൻ മനുഷ്യരാൽ വെറുക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്തു. നിങ്ങൾ സ്വതന്ത്രരാക്കപ്പെടുന്നതിനു വേണ്ടി ഞാൻ കുരിശിൽ ആണികളാൽ തറക്കപ്പെട്ടു; നിങ്ങളെ വീണ്ടെടുക്കുന്നതിനു വേണ്ടി എന്നെ കുത്തിത്തുളയ്ക്കുവാൻ ഞാൻ അവരെ അനുവദിച്ചു. നിങ്ങൾ നിത്യമായ ജീവൻ പ്രാപിക്കുന്നതിനു വേണ്ടിയും എന്റെ രാജ്യത്തിൽ പങ്കുചേരുന്നതിനു വേണ്ടിയും ഞാൻ അത്യന്തം വേദനാജനകമായ മരണം സ്വമനസ്സാൽ സ്വീകരിച്ചു. നിങ്ങൾ നിത്യജീവൻ പ്രാപിക്കേണ്ടതിന് എന്റെ രക്തം നദിപോലെ ഒഴുകുവാൻ ഞാൻ അനുവദിച്ചു. നിങ്ങൾക്ക് വേണ്ടി പാപിയായി കണക്കാക്കപ്പെടുവാൻ ഞാൻ എന്നെ തന്നെ അനുവദിച്ചു. ഈ തലമുറയുടെ അകൃത്യങ്ങളാൽ എന്റെ മുറിവുകൾ ഇന്ന് വീണ്ടും തുറക്കപ്പെട്ടിരിക്കുന്നു. എണ്ണമറ്റ മണിക്കൂറുകളായി ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വിളിച്ചുകൊണ്ടിരിക്കുന്നു; നിങ്ങൾ എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; വരൂ, എന്നോട് സമാധാനം സ്ഥാപിക്കുവിൻ. ഞാൻ നിങ്ങളെ ശിക്ഷിക്കുകയില്ല; ഞാൻ നിങ്ങളെ സ്വതന്ത്രരാക്കാം. ഇനി നിങ്ങളെ ദൈവവിശ്വാസമില്ലാത്തവർ എന്ന് ഞാൻ വിളിക്കുകയില്ല; നിങ്ങൾ എന്റെ സ്വന്തം എന്നറിയപ്പെടും. നിങ്ങൾ അനാഥരല്ല; സ്വർഗ്ഗത്തിൽ ഏറ്റവും വാത്സല്യനിധിയായ ഒരു പിതാവുണ്ട്. ഞാൻ നിങ്ങളിൽ നിന്ന് ചോദിക്കുന്നത് ഒരു അംഗീകാരം മാത്രമാണ്; എന്റെ അടുക്കലേക്ക് മടങ്ങി വരൂ. ഞാൻ നിങ്ങളെ എന്നെന്നേക്കുമായി എന്നോട് ആത്മീയമായി വിവാഹം ചെയ്തിരിക്കും. ഞാൻ നിങ്ങളെ സത്യസന്ധതയാൽ, വിശ്വസ്തതയാൽ, നൈർമല്യത്താൽ കിരീടം അണിയിക്കും. വലിയ വാത്സല്യത്തോടെ ഞാൻ നിങ്ങളെ എന്നോട് വിശ്വസ്തരാകുവാൻ പഠിപ്പിക്കും; നിങ്ങളുടെ സ്നേഹം ഞാൻ പിടിച്ചെടുത്ത് അതിനെ എന്റെ ഹൃദയത്തിൽ സ്ഥാപിച്ച് അലങ്കരിക്കും. ഒരു വധുവിനെ വരൻ അലങ്കരിക്കുന്നതുപോലെ, ഞാൻ നിങ്ങളെ എന്റെ സ്നേഹത്താലും സമാധാനത്താലും അലങ്കരിക്കും. പ്രിയപ്പെട്ടവരെ, നിങ്ങൾ എന്നെ ഭയപ്പെടേണ്ട; വരൂ, എന്റെ അടുക്കലേക്ക് വരൂ; സ്നേഹത്തിന്റെ ആശ്ലേഷിക്കുന്ന കരങ്ങൾക്കുള്ളിലേക്ക് വീഴൂ. ഞാൻ നിങ്ങളെ ശാസിക്കുകയില്ല; മറക്കാനും ക്ഷമിക്കാനുമാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. സാത്താന്റെ വലയിൽ വീഴാൻ ബോധപൂർവ്വം തയ്യാറാകരുത്. നിങ്ങളുടെ കണ്ണുകൾ തുറന്നു കാണുക; നിങ്ങളുടെ ചെവികൾ തുറന്ന് ഉന്നതത്തിൽ നിന്നുള്ള എന്റെ നിലവിളി കേൾക്കൂ. നിങ്ങളുടെ ഹൃദയം തുറന്ന് മനസ്സിലാക്കുക; നിങ്ങളെ വിളിക്കുന്നത് യേശുവായ ഞാനാണെന്ന്. നിങ്ങളുടെ ദേഹിയെ നിത്യമായി ജീവിക്കുന്നതിനു വേണ്ടിയാണ് ഞാൻ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് നിങ്ങൾ ധ്യാനിക്കാമോ? ഞാൻ പരിശുദ്ധനാണ്; പരിശുദ്ധി അണിഞ്ഞിരിക്കുന്നവർ ഭാഗ്യവാന്മാർ. എന്തെന്നാൽ സ്വർഗ്ഗവാതിലുകൾ അവരെ തടയുകയില്ല; എന്നാൽ സ്വയം ശുദ്ധീകരിക്കാതെ പാപക്കറകളാൽ നിറഞ്ഞിരിക്കുന്നവർക്ക് ഹാ, ദുരിതം. അവർക്ക് എന്റെ രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല. നിങ്ങളെ തന്നെ മാനസാന്തരപ്പെടുത്തുക; എന്റെ കരുണ നിറഞ്ഞ വിളികളെ കേട്ടുകൊണ്ട് എന്റെ വഴിയിലൂടെ നടക്കുക. എന്റെ സന്ദേശത്തെക്കുറിച്ച് ധ്യാനിക്കുക; എന്റെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കുക. കർത്താവായ യേശുക്രിസ്തുവായ ഞാൻ നിങ്ങളെല്ലാവരെയും എന്റെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നു. നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു. ഫ്രാൻസിലെ ബിയാറഡ്സിലെ യോഗത്തിനായി നമ്മുടെ പരിശുദ്ധ മാതാവ് നൽകിയ സന്ദേശം. കർത്താവിനെ സ്തുതിക്കുവിൻ; കർത്താവിനെ വാഴ്ത്തുവിൻ. മക്കളേ, ജ്ഞാനത്തിന്റെ വാക്കുകൾ കേൾക്കുവിൻ. കർത്താവിനെ നിഷേധിക്കരുത്; സത്യത്തെ അന്വേഷിക്കുക; സത്യത്തെ എതിർക്കരുത്. നിങ്ങളോട് തന്നെ ഇപ്രകാരം ചോദിക്കുക: എന്തുകൊണ്ടാണ് കർത്താവ് തന്നെ തന്നെ ഞങ്ങൾക്ക് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്? പ്രിയപ്പെട്ടവരെ, ഇക്കാലത്ത് അനേകർ തങ്ങൾ എവിടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാതെ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നതിനാലാണ് കർത്താവ് അവിടുത്തെ സ്നേഹവും കരുണയും നിമിത്തം നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നത്. നിങ്ങളുടെ ഈ കാലഘട്ടം മൃദുലമാണ്; അതിനെ ഉണർത്തുവാൻ യേശു നിങ്ങളുടെ ദേഹിയെ അന്വേഷിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ; നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കുവാൻ കർത്താവിനെ അനുവദിക്കുവിൻ. അല്ലാത്തപക്ഷം എങ്ങനെ കർത്താവ് നിങ്ങളെ സൗഖ്യമാക്കും? വഴിതെറ്റി അലഞ്ഞു കൊണ്ടിരിക്കുന്ന നിങ്ങളുടെ ദേഹികളെ പ്രതി രാവും പകലും വിലപിച്ചു കരയുന്ന നിങ്ങളുടെ പരിശുദ്ധ അമ്മയാണ് ഞാൻ. കർത്താവ് ഭൂമിയിൽ വിവിധ ഇടങ്ങളിലായി അസംഖ്യം അടയാളങ്ങൾ നിങ്ങൾക്ക് നൽകുന്നു. കാലത്തിന്റെ അവസാന ഘട്ടത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. മക്കളെ, ഞങ്ങളിലേക്ക് മടങ്ങി വരിക; ഞങ്ങളുടെ വിളികൾ കേൾക്കുക; എന്നോട് പ്രാർത്ഥിക്കുക; ഞാൻ നിങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കും. വന്ന് സ്നേഹമായ കർത്താവിനോടൊപ്പം പ്രാർത്ഥിക്കുക. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്; നിങ്ങളുടെ കാൽചുവടുകൾക്കൊപ്പം എന്റെ കാൽചുവടുകളും ഉണ്ട്. പ്രിയപ്പെട്ടവരെ, നിങ്ങൾ എപ്പോഴും സന്നിഹിതരാണ്; കർത്താവിൻറെ സാന്നിധ്യം അനുസ്മരിച്ചുകൊണ്ട് അവിടുത്തെ പ്രസാദിപ്പിക്കുക. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. ആമേൻ. രണ്ട് തിമോത്യസ് മൂന്നാം അധ്യായം ഒന്നു മുതൽ 17 വരെയുള്ള തിരുവചന ഭാഗം യോഗത്തിൽ വായിക്കുവാൻ കർത്താവ് എന്നോട് നിർദ്ദേശിച്ചു. കർത്താവേ. ഇത് ഞാനാണ്; എന്റെ സാന്നിധ്യം അനുസ്മരിക്കുക. സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു; എല്ലാ യോഗങ്ങളിലേക്കുമുള്ള നിന്റെ വഴികൾ ഞാൻ ഒരുക്കും. നിങ്ങളിൽ വിശ്വസിക്കുവാൻ എന്റെ ആത്മാവിനെ അനുവദിക്കുവിൻ. സന്മനസ്സുള്ളവരാകാൻ ഞാൻ നിങ്ങളെ പഠിപ്പിക്കാം; അഹങ്കരിക്കാതിരിക്കാൻ ഞാൻ നിങ്ങളെ പഠിപ്പിക്കാം; ചെറുതായി വിനീതരായി നിലകൊള്ളാൻ ഞാൻ നിങ്ങളെ പഠിപ്പിക്കാം. എന്റെ ആത്മാവ് നിങ്ങളുടെ മേലുണ്ട്. അനീതിയെ തുടച്ചുമാറ്റി കളയുവാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു. എന്റെ സഭയ്ക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുവാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു. വിശന്നു പൊരിയുന്ന എന്റെ കുഞ്ഞാടുകളെ പരിപോഷിപ്പിക്കുവാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു. തിന്മയ്ക്ക് പകരം സ്നേഹം നൽകാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു. എന്റെ അടങ്ങാത്ത സ്നേഹത്തിനു വേണ്ടിയുള്ള ദാഹം ശമിപ്പിക്കുവാൻ ഞാൻ സ്നേഹം ആഗ്രഹിക്കുന്നു. ഓ, എന്റെ കുഞ്ഞേ, വലിയ പരിഹാരങ്ങൾ ചെയ്യപ്പെടേണ്ടതുണ്ട്; എന്നാൽ പരിഹാരം ചെയ്യാൻ ആത്മാർത്ഥതയുള്ള നിങ്ങൾ വളരെ ചുരുക്കം പേർ മാത്രമേയുള്ളൂ. ഇപ്പോൾ നിങ്ങൾ വളരെ വിരളം പേർ മാത്രമേയുള്ളൂ. എന്റെ സൃഷ്ടിയുടെ ഒരു അവശിഷ്ട ഭാഗം മാത്രമേ ആത്മാർത്ഥതയുള്ളവരായിട്ടുള്ളൂ. എന്റെ അടയാളങ്ങളെ പിന്തുടരുന്ന പലരും വിസ്മയജനകമായ കാര്യങ്ങളാൽ ആകർഷിക്കപ്പെടുന്നവരാണ്; അതിലുപരി അവർക്ക് മറ്റൊന്നുമില്ല. അത്തരം മനുഷ്യരെ നിങ്ങൾ കാണുന്നില്ലയോ? ഭൂമിയിൽ ഒരു വിസ്മയം സൃഷ്ടിക്കുവാൻ വേണ്ടിയല്ല എന്റെ അടയാളങ്ങൾ നിങ്ങൾക്ക് നൽകപ്പെടുന്നത്. വിസ്മയപരമായ കാര്യങ്ങൾ അന്വേഷിക്കുന്നവരോട് ഞാൻ ഗൗരവമായി പറയുന്നു: വിനയപൂർവ്വം എന്റെ അടുക്കലേക്ക് വന്ന് എന്നോട് പ്രാർത്ഥിക്കുക. അത്ഭുതങ്ങളും അടയാളങ്ങളും അന്വേഷിക്കാതെ എന്റെ അടുക്കലേക്ക് വരുവിൻ. പ്രാർത്ഥനയോടെ എന്റെ അടുക്കൽ വരുവിൻ; പരിശുദ്ധരായിരിക്കുവിൻ; പശ്ചാത്തപിക്കുക; ഉപവാസം അനുഷ്ഠിക്കുവിൻ. ശൂന്യമായ ഭ്രമങ്ങളാൽ നിങ്ങളെ തന്നെ നിറയ്ക്കരുത്. അത്തരം കാര്യങ്ങൾ അന്വേഷിക്കുന്നവരെ ഞാൻ തൃപ്തിപ്പെടുത്തുന്നില്ല; അത്തരത്തിൽ ഞാൻ നിങ്ങളെ തൃപ്തിപ്പെടുത്താത്തതിൽ നിങ്ങൾ എന്നിൽ നിന്ന് പുറം തിരിഞ്ഞു പോകുന്നു. ഞാൻ നിങ്ങൾക്ക് നൽകിയിട്ടുള്ള ആത്മാവ് ഇവിടെയാണ്; നിങ്ങളുടെ ഹൃദയങ്ങൾ എന്റെ സിദ്ധാന്തങ്ങൾ അനുസരിക്കട്ടെ. എന്റെ മുന്നിൽ നിങ്ങളുടെ കണ്ണുകൾ താഴ്ത്തുക; എന്റെ പരിശുദ്ധ സന്നിധിയിൽ മുട്ടുകുത്തി നിങ്ങളുടെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുക. കർത്താവായ ഞാൻ താഴ്മയുള്ളവരെ ഉയർത്തും; എന്റെ സ്വരം കേൾക്കാൻ എന്റെ അടുക്കലേക്ക് വരുവിൻ. വിനയത്തോടെയും ആത്മാർത്ഥതയോടെയും ജ്ഞാനം കണ്ടെത്തുവാൻ വരുവിൻ. വിസ്മയം അന്വേഷിക്കുന്നവരിലും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് പറയുന്നവരിലും ജിജ്ഞാസ കൊണ്ടുവരുന്നവരിലും എന്റെ തിരുഹൃദയം സന്തോഷിക്കുന്നില്ല. അവർ എത്രമാത്രം കുറച്ചാണ് എന്നെക്കുറിച്ച് മനസ്സിലാക്കുന്നത്? എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം പൂർണമായി ഗ്രഹിക്കാൻ നിനക്ക് കഴിവില്ലെങ്കിലും ഞാൻ നിന്റെ ഗുരുവായിരുന്നു; ഇപ്പോഴും നിന്റെ ഏക ഗുരു ഞാനാണ്. പടിപടിയായി ഞാൻ നിന്നെ മുന്നോട്ടു നയിക്കുന്നു; ജ്ഞാനത്തിന്റെ വഴികൾ ഞാൻ നിന്നെ അഭ്യസിപ്പിക്കുന്നു. സദ്ഗുണങ്ങളുടെ പാതയിലൂടെ ഞാൻ നിന്നെ നയിക്കുന്നു; ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ശ്രമിക്കരുത്. ഞാൻ നിനക്ക് നൽകിയിട്ടുള്ളതിനെ എല്ലാം മുറുകെ പിടിക്കുവിൻ. എന്റെ കുഞ്ഞേ, എന്റെ സമാധാനം ഞാൻ നിനക്ക് നൽകുന്നു; നിന്റെ കർത്താവിന്റെ പാദങ്ങൾ നീ ചുംബിക്കുമോ? ഓവ്, കർത്താവേ. വരൂ, ഞാൻ സന്നിഹിതനാണ്.