Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 101: കർത്താവു നമ്മെ മറന്നു പോയി, എന്നു പറയരുത്
Transcript
- എപ്പിസോഡ് 101. 20/09/1989: "എന്റെ കർത്താവേ, എന്റെ ദൈവമേ." "ഇത് ഞാനാണ്; എന്റെ സമാധാനം ഞാൻ നിനക്ക് നൽകുന്നു. എന്റെ വസൂലാ, എന്നെ ശ്രവിച്ച് എഴുതുക." "നീ എന്റെ അടുത്തുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നീ ഒരുങ്ങിയോ? ഒരു കുഞ്ഞ് അതിന്റെ അപ്പനെ സമീപിക്കുന്നതുപോലെ നീ എന്റെ അടുക്കലേക്ക് വരുവിൻ." പ്രിയപ്പെട്ടവരെ, സ്വർഗീയ മഹത്വത്തിൽ സിംഹാസനസ്ഥനായ, ഏറ്റവും കാരുണ്യവാനായ, പരിശുദ്ധനായ, സന്തത സഹചാരിയായ നിങ്ങളുടെ ദൈവമായ എന്നെ കാണുക. അതേസമയം തന്നെ, നിങ്ങൾ എന്നെ അനുഭവിച്ചറിയേണ്ടതിന് എന്റെ ദൈവീകതയിൽ. ഭൂമിയിലേക്ക് ഞാൻ നിങ്ങളെല്ലാവരുടെയും അടുക്കലേക്ക് കുനിഞ്ഞിറങ്ങി വരുന്നു. എന്നെ കേൾക്കുവിൻ; അങ്ങനെ എന്നെ മനസ്സിലാക്കി നിങ്ങളുടെ കർത്താവായ എന്നെ അനുഭവിച്ചറിയുവിൻ. എന്റെ പ്രകാശത്താൽ നിങ്ങൾക്ക് ചൈതന്യം നൽകിക്കൊണ്ട്, നിങ്ങളുടെ ദേഹിയെ എന്റെ അടുക്കലേക്ക് ഉയർത്തുന്നതിന് വേണ്ടി, എന്റെ സിംഹാസനത്തിൽ നിന്ന് ഞാൻ നിങ്ങളുടെ അടുക്കലേക്ക് കുനിഞ്ഞിറങ്ങി വരുന്നു. പ്രിയപ്പെട്ടവരെ, നിങ്ങൾക്ക് കുറവുള്ളതെല്ലാം സമൃദ്ധമായി നൽകുന്ന നിങ്ങളുടെ മണവാളനായി എന്നെ കാണുക. നിങ്ങളുടെ ദുഃഖാചരണത്തിന്റെ മൂടുപടവും, ജനതകളെ പൊതിഞ്ഞിരിക്കുന്ന ശവക്കച്ചകളും ഞാൻ എടുത്തുമാറ്റും. നിങ്ങളെ സമാശ്വസിപ്പിച്ചുകൊണ്ട്, നിങ്ങളുടെ കവിൾത്തടങ്ങളിൽ നിന്ന് നിങ്ങളുടെ കണ്ണീരെല്ലാം ഞാൻ തുടച്ചുകളയും. നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. എന്റെ വലിയ കരുണയാൽ ഞാൻ നിങ്ങളെ പുനസ്ഥാപിക്കും; നിങ്ങളുടെ മണവാളനായ ഞാൻ എനിക്കുള്ളതെല്ലാം നിങ്ങളുമായി പങ്കുവെക്കും. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളെ അലങ്കരിക്കുവാൻ എന്റെ ഏറ്റവും വിലയേറിയ രത്നങ്ങളായ എന്റെ കുരിശും, എന്റെ ആണികളും, എന്റെ മുൾകീരിടവും എന്റെ കൈവശമുണ്ട്. ഇവയെല്ലാം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ സന്നദ്ധനാണ്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും ആയ എന്റെ കുരിശ് എന്നോടൊപ്പം പങ്കുവെക്കാൻ നിങ്ങൾ സന്നദ്ധരാണോ? എന്നെ നിങ്ങളുടെ രക്ഷകനായി കാണുക. എന്നോട് ഒട്ടിച്ചേർന്ന് നിൽക്കുന്നവരെയെല്ലാം ഞാൻ രക്ഷിക്കും; എന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് ഞാൻ ഉത്തരം നൽകും. അനുകമ്പയോടെ ഞാൻ നിങ്ങളെല്ലാവരെയും നോക്കി കാണുന്നു, കാരണം നിങ്ങൾ എത്രമാത്രം ബലഹീനരാണെന്നും, എത്ര എളുപ്പത്തിൽ പ്രലോഭകനായ സാത്താനാൽ നിങ്ങൾ പ്രലോഭിക്കപ്പെടുന്നെന്നും എനിക്കറിയാം. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള എന്റെ അനന്ത സ്നേഹത്താൽ ഞാൻ നിങ്ങൾ എല്ലാവരെയും രക്ഷിച്ചിരിക്കുന്നു. ഞാൻ സ്നേഹമാണ്; എന്നിൽ വസിക്കുന്നവൻ സത്യത്തിൽ ജീവിക്കുന്നു. ഞാൻ ജീവന്റെ വൃക്ഷത്തിന്റെ വേരും, ജീവന്റെ ഉറവിടവുമാണ്. എന്റെ കൈവശം ജീവന്റെ വൃക്ഷത്തിന്റെ പഴവും, എന്റെ ശാശ്വതമായ നീരുറവയിൽ നിന്നുള്ള ജീവജലവും ഉണ്ട്. അതിനാൽ എന്റെ അടുക്കലേക്ക് വരുവിൻ; വന്ന് തൃപ്തിയാവോളം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുവിൻ. വന്ന് ഭക്ഷിക്കുവിൻ; ദാഹിക്കുന്ന നിങ്ങളെല്ലാവരും വന്ന് എന്റെ ജീവജലത്തിൽ നിന്ന് പാനം ചെയ്യുവിൻ. എന്റെ ജീവജലം ഒരിക്കലും ഞാൻ നിങ്ങൾക്ക് നിഷേധിക്കുകയില്ല. വിശന്നു വലഞ്ഞ നിങ്ങളുടെ ദേഹി ജീവിക്കേണ്ടതിന്, നിങ്ങൾക്ക് നിത്യകാലത്തേക്ക് ഊർജ്ജം നൽകുന്ന പോഷകസമ്പന്നമായ ഖരഭക്ഷണം ദൈവമായ ഞാൻ നിങ്ങൾക്ക് നൽകും. നിങ്ങളുടെ കൃഷിനിലങ്ങൾ എല്ലാം ഊഷരഭൂമിയായി മാറിയിരിക്കുന്നു; മരുഭൂമിയിലെ ചുടുകാറ്റ് നിങ്ങളുടെ തൊണ്ട ഉണക്കി കളഞ്ഞിരിക്കുന്നു. എന്നാൽ നിങ്ങളുടെ രക്ഷകനായ ഞാൻ ഉന്നതത്തിൽ നിന്ന് ഈ കൃത്യങ്ങളെല്ലാം കാണുന്നുണ്ട്. അതിനാൽ കർത്താവ് ഞങ്ങളെ മറന്നിരിക്കുന്നു എന്ന് പറയരുത്. ഞാനാണ് ഏറ്റവും വിശ്വസ്തനായവൻ; നിങ്ങളോടുള്ള എന്റെ ഉന്നതമായ സ്നേഹം നിങ്ങളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ തിരുമുഖം ഞാൻ നിങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചു മാറ്റിയിട്ടില്ല. പെട്ടെന്ന് എനിക്ക് അജ്ഞാതമായ ഒരു ഭാഷയിൽ എന്തോ എഴുതപ്പെട്ടു. എഴുതുക: "നിങ്ങളുടെ ബ്രദരുടെ ദേശങ്ങളിൽ സമാധാനവും സ്നേഹവും ഞാൻ വ്യാപിപ്പിക്കും; എല്ലായിടത്തും സ്നേഹമില്ലാത്ത എല്ലാ ദേശങ്ങളിലും എന്റെ സമാധാനവും എന്റെ സ്നേഹവും ഞാൻ വ്യാപിപ്പിക്കുമെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. അനീതിയുടെ എല്ലാ അധികാരകേന്ദ്രങ്ങളെയും ഞാൻ പരാജയപ്പെടുത്തും; ഈ മൃതമായ കാലഘട്ടം ഉയർത്തെഴുന്നേൽക്കും. ഞാൻ ഈ കാലഘട്ടത്തിനു വേണ്ടി ഒരുക്കിക്കൊണ്ടിരിക്കുന്ന പുതിയ ഭൂമിയിലേക്ക് അവൾ എന്നെ അനുഗമിക്കും. ഞാൻ ഒരുക്കുന്ന പുതിയ ആകാശത്തിനു കീഴിൽ, രാവും പകലും അവൾ എന്നെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യും. എന്റെ കൃപയുടെ പരിശുദ്ധാത്മാവ് നിങ്ങളുടെ മുന്തിരിത്തോട്ടങ്ങളെ ഓരോന്നായി ഒരുക്കിക്കൊണ്ടിരിക്കുന്നതും, ഓരോ ദേശങ്ങളിലേക്കും അതിനെ സാവകാശം പടർത്തിക്കൊണ്ടിരിക്കുന്നതും നിങ്ങൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ലേ? നിങ്ങളുടെ പരിശുദ്ധ മാതാവ് ഞാനും, ഞങ്ങളുടെ കരങ്ങൾ നിങ്ങളുടെ മേൽ നീട്ടിക്കൊണ്ട് നിങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നതും, നിങ്ങൾക്കുവേണ്ടി മുന്തിരിത്തോട്ടങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നതും നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? ഈ മുന്തിരിത്തോട്ടങ്ങളെ ഞങ്ങൾ കൂടുതലായി വർദ്ധിപ്പിക്കും; ജനകോടികളെ പോഷിപ്പിക്കുന്നതിന് ആവശ്യമായ സമൃദ്ധമായ മുന്തിരിപ്പഴങ്ങൾ ഈ മുന്തിരിത്തോട്ടങ്ങൾ ഉൽപാദിപ്പിക്കും. ഇളം ശാഖകൾ പുറപ്പെടുവിക്കുന്ന മനോഹരമായ മുന്തിരിച്ചെടിയെപ്പോലെയാണ് കൃപയുടെ എന്റെ പരിശുദ്ധാത്മാവ്. എന്റെ പൂമുട്ടുകൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പഴങ്ങൾ പുറപ്പെടുവിക്കും. മുന്തിരിച്ചെടികളെപ്പോലെ എന്റെ മുകുളങ്ങൾക്ക് ഞാൻ സൗന്ദര്യം പകർന്നു; എന്റെ പുഷ്പങ്ങൾ മഹത്വമാർന്ന സമൃദ്ധഫലങ്ങളായി പരിണമിക്കുന്നു. എന്നെ അഭിലഷിക്കുന്നവൻ അടുത്തുവന്ന് തൃപ്തിയാവോളം എന്റെ വിഭവങ്ങൾ ആസ്വദിക്കട്ടെ. എന്നെ സ്മരിക്കുന്നത് തേനിനേക്കാളും, എന്നെ സ്വന്തമാക്കുന്നത് തേൻകട്ടയെക്കാളും മാധുര്യം പകരും. എന്നെ ഭുജിക്കുന്നവന്റെ വിശപ്പ് ശമിക്കുകയില്ല; പിന്നെയും ആഗ്രഹിക്കും. എന്നെ പാനം ചെയ്യുന്നവൻ വീണ്ടും അഭിലക്ഷിക്കും. എന്നെ അനുസരിക്കുന്നവൻ ലജ്ജിതനാവുകയില്ല; എന്റെ സഹായത്തോടെ അധ്വാനിക്കുന്നവൻ പാപത്തിൽ വീഴുകയില്ല. പ്രഭാഷകൻ 24-ാം അധ്യായം 17 മുതൽ 22 വരെയുള്ള തിരുവചനങ്ങൾ. വരാനിരിക്കുന്ന നാളുകളിൽ ധാരാളം പൂമുട്ടുകളും പഴങ്ങളും പുറപ്പെടുവിക്കുന്ന ശാഖകളെ ഞാൻ മുളപ്പിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? എന്റെ പ്രകാശത്താൽ ഇവയുടെ പഴങ്ങൾ വർദ്ധിപ്പിക്കും; നിങ്ങളുടെ വരണ്ട തൊണ്ടകൾക്ക് കുളിർമയേകുവാൻ സ്വർഗ്ഗം അതിന്റെ മഞ്ഞ് നിങ്ങളുടെ മേൽ വർഷിക്കും. ഇപ്പറഞ്ഞ എല്ലാ അനുഗ്രഹങ്ങളും ഞാൻ എന്റെ ജനത്തിന് നൽകും. എന്റെ കുഞ്ഞുങ്ങളേ, എന്റെ സ്നേഹം അനുഭവിച്ചറിയുവിൻ; സ്നേഹം നിങ്ങളെ സ്നേഹിക്കുകയും, എന്റെ സ്നേഹത്തിന്റെ നിശ്വാസം ഞാൻ നിങ്ങളുടെ നെറ്റിത്തടങ്ങളിൽ ഊതിക്കൊണ്ട് നിങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കുകയും ചെയ്യുന്നു. ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. പിന്നീട്: "എന്റെ കർത്താവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ; ജീവന്റെ വൃക്ഷത്തിന്റെയും സ്നേഹത്തിന്റെയും വേര് അങ്ങാണല്ലോ. അങ്ങയുടെ ഫലത്തിൽ നിന്ന് അങ്ങ് ഞങ്ങൾക്ക് നിത്യജീവൻ നൽകുന്നു. ഒരിക്കലും വാടിക്കൊഴിഞ്ഞുപോകാത്ത അങ്ങയുടെ ഇലകൾ പരിശുദ്ധമായ വെള്ളസ്വർണ്ണത്താൽ നിർമ്മിതമാണ്; അതിൽ നിന്ന് പ്രഭാപൂരിതമായ പ്രകാശം പുറപ്പെടുന്നു. ഞാൻ അങ്ങയെ ആരാധിക്കുന്നു; ഞാൻ അങ്ങയിൽ പ്രത്യാശിക്കുന്നു, വിശ്വസിക്കുന്നു; ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ ആരാധിക്കാതിരിക്കുന്നവരോടും, അങ്ങയിൽ പ്രത്യാശ അർപ്പിക്കാത്തവരോടും, അങ്ങയിൽ വിശ്വസിക്കാതിരിക്കുന്നവരോടും, അങ്ങയെ സ്നേഹിക്കാതിരിക്കുന്നവരോടും, കർത്താവേ, ദയവായി ക്ഷമിക്കണമേ. ഇമ്മാനുവലായ കർത്താവേ, ഞങ്ങളെ കാത്തു പരിപാലിക്കണമേ. രാത്രികാലത്തും എനിക്ക് ഉപദേശം നൽകുന്ന, എന്നിൽ നിരന്തരമായി പ്രാർത്ഥനാഭിഷേകം നിറയ്ക്കുന്ന കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു, സ്തുതിക്കുന്നു. അങ്ങയുടെ ജീവന്റെ വഴികൾ അങ്ങ് എനിക്ക് വെളിപ്പെടുത്തി തരുന്നതുകൊണ്ട്, അങ്ങ് എന്നെ പരിത്യജിക്കുകയില്ലെന്ന് എനിക്കറിയാം. ഞങ്ങളുടെ കരം അങ്ങയുടെ കരത്തിൽ പിടിച്ചിരിക്കുന്നു. അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ രക്ഷിക്കണമേ. കർത്താവേ, പുതിയ ഭൂമിയും പുതിയ ആകാശവും കാണുവാനുള്ള ഞങ്ങളുടെ പ്രത്യാശയുടെ ഉറവിടം അങ്ങാണ്. ജീവന്റെ വൃക്ഷത്തിന്റെ വേര് ഞാനാണ്; നിത്യജീവൻ എന്നിൽ നിന്ന് പുറപ്പെടുന്നു. പുഷ്പമേ, തിരുവചനം വായിക്കുക. ഞാൻ വിശുദ്ധ ബൈബിൾ തുറന്ന്, അപ്പോൾ കിട്ടുന്ന ഭാഗം ഞാൻ വായിക്കണമെന്നാണ് യേശു ഉദ്ദേശിച്ചത്. എനിക്ക് കിട്ടിയ തിരുവചനം യേശയ്യായുടെ പുസ്തകം 40-ാം അധ്യായം 9-ാം വാക്യമായിരുന്നു. ആ തിരുവചനം വായിക്കുക, എഴുതുക. സദ്വാർത്തയുമായി വരുന്ന സീയോനെ, ഉയർന്ന മലയിൽ കയറി ശക്തിയോടെ സ്വരമുയർത്തി പറയുക. സദ്വാർത്തയുമായി വരുന്ന ജെറുസലേമേ, നിർഭയം വിളിച്ചു പറയുക. യൂദായുടെ പട്ടണങ്ങളോട് പറയുക: "ഇതാ, നിങ്ങളുടെ ദൈവം; ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു; അവിടുന്ന് കരബലത്താൽ ഭരണം നടത്തുന്നു; സമ്മാനം അവിടുത്തെ കൈയിലുണ്ട്; പ്രതിഫലവും അവിടുത്തെ മുൻപിലുണ്ട്." യേശയ്യായുടെ പുസ്തകം 40-ാം അധ്യായം 9 മുതൽ 10 വരെയുള്ള തിരുവചനങ്ങൾ. ദൈവമായ ഞാൻ ഈ കാലഘട്ടത്തിലേക്ക് ഇറങ്ങി വരുമ്പോൾ, ശവശരീരങ്ങളെയാണ് തട്ടിത്തടയുന്നത്. ഞാൻ ഭയപ്പെട്ടിരുന്ന എല്ലാം യാഥാർത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഞാൻ ഇറങ്ങി വരുമ്പോൾ, വിശ്വാസവും പ്രത്യാശയും സ്നേഹവും ഞാൻ കാണുന്നില്ല. പച്ചപ്പുല്ലുള്ള എന്റെ സമൃദ്ധമായ മേച്ചിൽ പുറങ്ങളിൽ, ഞാൻ മേയാൻ വിട്ടിരുന്ന എന്റെ കുഞ്ഞാടുകളെ വിശന്നിരിക്കുന്ന ദയനീയ അവസ്ഥയിലാണ് ഞാൻ കാണുന്നത്. നാശാവശിഷ്ടങ്ങൾക്കിടയിൽ ജീവിക്കുന്നവർ അഭയസ്ഥാനവും ഭക്ഷണവും തേടുന്നു, പക്ഷേ യാതൊന്നും അവ കണ്ടെത്തുന്നില്ല. അല്പം അപ്പം കിട്ടുമോ, അല്ലെങ്കിൽ വിതയ്ക്കാൻ ഒരു ധാന്യമണി വിത്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച്, അവ പ്രത്യാശയോടെ ഓരോ കല്ലും പൊക്കി നോക്കുന്നു. എന്നാൽ അപ്പത്തിനോ വിത്തിനോ പകരമായി അവർ കാണുന്നത്, അവരിൽ വിഷം കുത്താൻ ഒരുങ്ങി നിൽക്കുന്ന ഉഗ്രവിഷം നിറഞ്ഞ തേളുകളെയാണ്. എന്റെ കുഞ്ഞാടുകൾ ഒരു പട്ടണത്തിൽ നിന്ന് മറ്റൊരു പട്ടണത്തിലേക്ക് വഴിതെറ്റി അലഞ്ഞു തിരിയുന്നു. ഒരിക്കൽ മഹത്തായിരുന്ന ഒരു നഗരത്തിന്റെ നാശാവശിഷ്ടങ്ങൾ മാത്രമാണ് അവർ കാണുന്നത്. അതെ, ഞാൻ ജെറുസലേമിനെ കുറിച്ച് തന്നെയാണ് പറയുന്നത്; എന്നാൽ എന്നെ കേൾക്കാൻ തയ്യാറുള്ളവർ വളരെ കുറവാണ്. എന്റെ ഓരോ ഇടയന്മാരെയും ഞാൻ അവരുടെ പേര് പറഞ്ഞു വിളിക്കുന്നു; എന്നാൽ എന്റെ ശബ്ദം കേൾക്കുന്നവർ വളരെ കുറവാണ്. അവരുടെ ഉള്ളിൽ മൃദമായ വാക്കുകൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ, എനിക്ക് ശ്വാസം മുട്ടുന്നു; ഞാൻ ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നു. മകളേ, എന്നെ കേൾക്കുക. സത്യത്തിനുവേണ്ടി നിലകൊള്ളാൻ ഞാൻ നിന്നെ വിളിച്ചു; ഞാൻ നിന്റെ കരം പിടിച്ചു; എനിക്ക് സാക്ഷ്യം വഹിക്കാൻ വേണ്ടി നിന്നെ ഞാൻ രൂപപ്പെടുത്തിയെടുത്തു. ഞാൻ നിനക്ക് സത്യം വെളിപ്പെടുത്തി തന്നു; പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഞാൻ തിരഞ്ഞെടുത്തവൻ ആരാണെന്ന് കാണാൻ ഞാൻ നിന്റെ കണ്ണുകൾ തുറന്നു. അവനോട് ഞാൻ ഇപ്രകാരം പറഞ്ഞു: "ഞാൻ നിന്നോട് പറയുന്നു, നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും; നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും; നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും." വിശുദ്ധ മത്തായിയുടെ സുവിശേഷം 16-ാം അധ്യായം 18 മുതൽ 19 വരെയുള്ള തിരുവചനങ്ങൾ. ഞാൻ ഈ മനുഷ്യന് അധികാരം നൽകിയിരുന്നു; എന്നാൽ ഇന്ന് ഇവിടെ നിങ്ങൾ അവനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവന്റെ ഇടയന്റെ അധികാരദണ്ട് പിടിച്ചെടുത്ത്, അസത്യത്തിന്റെയും ദുഷ്ടപ്രവർത്തികളുടെയും അധികാരദണ്ട് കൊണ്ട് ഭരണം നടത്താൻ നിങ്ങൾ പരിശ്രമിക്കുന്നു. പത്രോസേ, എന്റെ കുഞ്ഞാടുകളുടെ പത്രോസേ, എന്റെ ഇടയനെ, നന്ദിയില്ലാത്തതും അവിശ്വസ്തവുമായ ഈ തലമുറ കാരണം, നിന്റെ ഹൃദയം എപ്രകാരം കീറിമുറിഞ്ഞ് അതിൽ നിന്ന് രക്തം പ്രവഹിക്കുന്നു എന്ന് ഞാൻ അറിയുന്നു. നിന്റെ കണ്ണുകൾ കണ്ണുനീരിന്റെ ഉറവയായി മാറിയത് എങ്ങനെയെന്ന് എനിക്കറിയാം; നിന്റെ സഹോദരന്മാരിൽ എത്രയോ പേർ നിനക്ക് പുറംതിരിഞ്ഞു പോയി എന്ന് എനിക്കറിയാം. എന്റെ പ്രിയപ്പെട്ടവരെ, ഈ ഇടയന്മാരാണ് യാതൊന്നും അറിയാത്തവരും, ഒന്നും അനുഭവിച്ചറിയാതിരിക്കുന്നവരും. അവരെല്ലാവരും തങ്ങളുടെ സ്വന്തം വഴികളിലേക്കാണ് പോകുന്നത്; ഓരോരുത്തനും അവനവന്റെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങളെ പിന്തുടരുന്നു. ജ്ഞാനത്തിനു പകരം മൂഢത്വത്തെ, ദാരിദ്ര്യത്തിനു പകരം ഭോഗേച്ഛയെ, അനുസരണത്തിനു പകരം അനുസരണക്കേടിനെ അവർ സേവിക്കുന്നു. എന്റെ കുരിശിൽ നിന്ന് ഞാൻ ലോകത്തിലെ എല്ലാ മനുഷ്യരെയും നോക്കി കാണുന്നു. അനേകം ജനതകൾ നിവസിക്കുന്ന രാജ്യങ്ങളെ ഞാൻ നിങ്ങളോട് പറയുന്നു: സമയം അടുത്തിരിക്കുന്നു; സമയം തീരാറായിരിക്കുന്നു. അവിശ്വസ്തരായ ഇടയന്മാരെ, വിശ്വാസവഞ്ചനയാൽ എനിക്കെതിരെ പാപം ചെയ്യുന്നവരെ, സമാധാനമില്ലാത്തിടത്ത് സമാധാനം, സമാധാനം എന്ന് പറയുന്നവരെ, കരഞ്ഞുകൊണ്ട് നിങ്ങൾ രാത്രി മുഴുവൻ ചെലവഴിക്കുന്ന ദിവസങ്ങൾ ഉടൻ വരും. വഴിതെറ്റിപ്പോയി വിവിധ ദിശകളിലേക്ക് പോയവരെ, നിങ്ങളെല്ലാവരും പത്രോസിന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ; എന്നെ സേവിക്കുവിൻ. നിങ്ങൾ എന്തിന് അശുദ്ധിയെ സേവിക്കുന്നു? നിങ്ങൾ എന്റേതായി തീരുവിൻ; നിങ്ങൾ എന്റെ എതിരാളികളുടെ പക്ഷക്കാരാകാതിരിക്കുവിൻ. എന്തുകൊണ്ടാണ് എന്റെ എതിരാളിയെ സേവിക്കാൻ നിങ്ങൾ ഇത്രമാത്രം സന്നദ്ധരായിരിക്കുന്നത്? വിദേശികൾ പോലും എന്റെ സ്വരം കേട്ട് എന്റെ വചനം മനസ്സിലാക്കി; എന്റെ തത്വങ്ങൾ വിശുദ്ധമാണ്; അവ എന്നെന്നേക്കും വിശുദ്ധമായി തന്നെ നിലനിൽക്കുമെന്ന് ഞാൻ നിങ്ങളോട് വളരെ ഗൗരവമായി പറയുന്നു. മകളെ, എന്റെ വചനം വായിക്കുക. കർത്താവ് എനിക്ക് കാണിച്ചുതന്ന വചനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 5-ാം അധ്യായം 18 മുതൽ 19 വരെയുള്ള വാക്യങ്ങൾ. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം, നിയമത്തിൽ നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായി ഒന്ന് ലംഘിക്കുകയോ, ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ചെറിയവൻ എന്ന് വിളിക്കപ്പെടും. എന്നാൽ അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്ന് വിളിക്കപ്പെടും. വിശുദ്ധ മത്തായിയുടെ സുവിശേഷം 5-ാം അധ്യായം 18 മുതൽ 19 വരെയുള്ള വാക്യങ്ങൾ. കുഞ്ഞേ, നീ ഇപ്പോൾ വിശ്രമിക്കുവിൻ; ശിശുസഹജമായ നിന്റെ വിശ്വാസത്താൽ നീ എന്നെ സന്തോഷിപ്പിക്കുവിൻ. വരൂ, നീ എന്നിൽ വിശ്രമിക്കുവിൻ; കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു; എന്നെ സ്നേഹിക്കുവിൻ. നമ്മുടെ കർത്താവിന് സ്തുതി. 22/9/1989. നമ്മുടെ പരിശുദ്ധ മാതാവ് നൽകുന്ന സന്ദേശം. പ്രിയപ്പെട്ട മകളെ, അബ്ബാ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. കർത്താവിന് സ്തുതി. എന്റെ മക്കളോട് ഇപ്രകാരം പറയുക: സമാധാനം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. എന്റെ പുത്രന്മാരെ, പുത്രിമാരെ, യേശു നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ച് നിങ്ങളെ സൗഖ്യമാക്കേണ്ടതിന് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഇന്നത്തെ എന്റെ സന്ദേശം യേശു ആരാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കും. യേശുവാണ് ഏറ്റവും ഉന്നതമായ സ്നേഹത്തിന്റെ ഉറവയും ലോകത്തിന്റെ പ്രകാശവും. നിങ്ങളെ രക്ഷിക്കുന്നതിനായി കുരിശിന്റെ അപമാനം അവഗണിച്ചുകൊണ്ട്, യേശു നിങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ചു. യേശു ശാന്തശീലനും വിനീതനുമാണ്. വരുവിൻ, യേശുവിനെ നിങ്ങളുടെ ദൈവമായി അംഗീകരിക്കുവിൻ; കാരണം യേശുവിനെ ദൈവമായി അംഗീകരിക്കുന്നതാണ് സമ്പൂർണ്ണമായ നന്മ. യേശുവിനെ അനുഭവിച്ചറിയുവിൻ; അവിടുത്തെ പരിശുദ്ധ സാന്നിധ്യം അനുഭവിച്ചറിയുവിൻ. നിങ്ങളുടെ ഇടയിൽ യേശുവിനെ പരിഗണിക്കുവിൻ. യേശുവിനെ പരിഗണിച്ചുകൊണ്ട്, സംഭാഷണത്തിൽ 'നമ്മൾ' 'നാം' എന്ന് പറയാൻ പഠിക്കുക. നിങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ യേശുവിനെ മറക്കരുത്. യേശുവിനെ എപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ; അവിടുത്തെ നിങ്ങളുടെ ഹൃദയങ്ങളിൽ തന്നെ സൂക്ഷിക്കുവിൻ. ഞങ്ങളുടെ സന്ദേശങ്ങളെ ഭീഷണികളായി കണക്കാക്കരുത്; ഞങ്ങളുടെ സന്ദേശങ്ങൾ ദൈവത്തിൻറെ അനന്ത കരുണയിൽ നിന്ന് വരുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളാണ്. സംസാരിക്കുന്നതിന് നിങ്ങളുടെ അധരങ്ങൾ തുറക്കുന്നതിനു മുമ്പ്, നിങ്ങൾ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവിൻ. നിങ്ങളുടെ അധരങ്ങൾ നിങ്ങളെ കുറ്റപ്പെടുത്താൻ ഇടവരുത്തരുത്. നിങ്ങൾ പറയുന്നതെല്ലാം, നിങ്ങൾ വിശുദ്ധിയുടെയും വിധേയത്വത്തിന്റെയും നിർമ്മലതയുടെയും ആത്മാവുള്ള ദൈവത്തിൻറെ മക്കളാണെന്ന് തെളിയിക്കട്ടെ. നീതിയുടെയും സത്യത്തിന്റെയും കാര്യങ്ങളെ സേവിക്കാൻ ഉത്സുകരായിരിക്കുവിൻ. എന്നെ കേൾക്കുന്ന നിങ്ങളോട് ഞാൻ ചോദിക്കുന്നു: നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ നിങ്ങളെപ്പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? കർത്താവിനാൽ നയിക്കപ്പെടാൻ നിങ്ങൾ നിങ്ങളെ തന്നെ അനുവദിച്ചാൽ, നിങ്ങളുടെ ബലഹീനതകളിൽ പോലും നിങ്ങൾക്ക് പൂർണത കൈവരിക്കാൻ സാധിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. അനുദിനം നിങ്ങളെ തന്നെ കർത്താവിന് സമർപ്പിക്കുക. നിർഭയം, നിങ്ങളുടെ ഇച്ഛാശക്തിയെ കർത്താവിന് സമർപ്പിക്കുക. നിങ്ങളുടെ ശേഷി കർത്താവിന് അറിയാം; നിങ്ങൾക്ക് ഹാനി വരുത്തുന്നതൊന്നും കർത്താവ് നിങ്ങളോട് ആവശ്യപ്പെടുകയില്ല. പ്രാർത്ഥനയിലൂടെ നിങ്ങളുടെ ദേഹിയെ ഉയർത്തുക. വിശുദ്ധിയിൽ വളരുവിൻ; ദൈവം നിങ്ങൾക്ക് സമൃദ്ധമായി നൽകുന്ന സ്നേഹത്തിൽ വളരുക. എതിരാളിയായ സാത്താന്റെ സ്വരം കേൾക്കരുത്. നിങ്ങളെ പ്രലോഭിപ്പിക്കാൻ പിശാചിന് അവസരം ലഭിക്കാതിരിക്കേണ്ടതിന്, നിങ്ങളുടെ ഹൃദയത്തിൽ ശൂന്യമായ ഒരിടം പോലും അവനുവേണ്ടി ഇടരുത്. വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും മാത്രം നിലകൊള്ളുക. ഇവയായിരിക്കട്ടെ നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുന്ന ഫലങ്ങൾ. നിങ്ങളോട് കൂടെയുള്ള ദൈവം നിങ്ങളുടെ ദേഹിക്ക് കുറവുള്ളതെല്ലാം നൽകും. കർത്താവിന്റെ മുന്തിരിത്തോട്ടങ്ങൾ വർദ്ധിക്കുകയും, ആയിരങ്ങളെ പോഷിപ്പിക്കാൻ മതിയാകുന്ന ഫലം അവ നൽകുകയും ചെയ്യും. സ്നേഹത്തിന്റെ പുതിയ കാലഘട്ടത്തിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കാൻ സൃഷ്ടാവ് നിങ്ങളെ ഒരുക്കി കൊണ്ടിരിക്കുന്നു. നിങ്ങളുടെ സൃഷ്ടാവിനെ, നിങ്ങളുടെ പരിശുദ്ധ സന്തത സഹചാരിയായി, നിങ്ങളുടെ പിതാവായി, നിങ്ങളുടെ മണവാളനായി, നിങ്ങളുടെ രക്ഷകനായി, നിങ്ങളുടെ ഉപദേഷ്ടാവായി കാണുക. കർത്താവിന്റെ കരുണ നിറഞ്ഞ വിളികളെ പ്രതി അവിടുത്തെ സ്തുതിക്കുവിൻ; കാരണം അവിടുന്ന് ഇപ്രകാരം പറയുന്നു: "എന്റെ മക്കളെ വിളിക്കുന്നത് ഞാൻ വർദ്ധിപ്പിക്കും; അവരെ വിളിക്കുന്നത് ഞാൻ കുറയ്ക്കുകയില്ല. എന്റെ സ്വന്തം കരത്താൽ എന്റെ മക്കളെ പോഷിപ്പിക്കേണ്ടതിന് ഞാൻ അവരെ എന്റെ അടുക്കൽ കൊണ്ടുവരും. എന്റെ നിയമം ഞാൻ അവരുടെ ഹൃദയങ്ങളിൽ സ്ഥാപിക്കും; അവർ എന്റെ സ്നേഹത്തിൽ വസിക്കും. അവരെ എന്റെ അടുക്കലേക്ക് സത്യത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോൾ, ഞാൻ അവരെ സമാശ്വസിപ്പിക്കും. ഞാൻ അവരെ യഥാർത്ഥമായ ഖരാഹാരം സ്വീകരിക്കാനായി വളർത്തിയെടുക്കും. അനുഗ്രഹങ്ങൾ സ്വീകരിക്കപ്പെടാത്ത ദിവസങ്ങൾ അവസാനിക്കും. മരിച്ചവരുടെ മേൽ പുതപ്പിച്ചിരിക്കുന്ന ശവക്കച്ചകൾ ഞാൻ എടുത്തു മാറ്റും; എന്റെ പ്രകാശത്താൽ ഞാൻ അവരെ ഉയർപ്പിക്കും. സ്നേഹം നിങ്ങളിലേക്ക് മടങ്ങി വന്ന്, സ്നേഹമായി തന്നെ നിങ്ങളോട് കൂടെ വസിക്കും. ഞങ്ങളുടെ സന്ദേശങ്ങളെ കുറിച്ച് ധ്യാനിക്കുക; ആ സന്ദേശങ്ങൾ അനുസരിച്ച് ജീവിക്കുക. നിർഭയരായിരിക്കുവിൻ; എന്തെന്നാൽ, ഞങ്ങൾ നിങ്ങളെല്ലാവരോടും ഒപ്പമുണ്ട്. ഞാൻ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കുന്നു. പ്രാർത്ഥിക്കുവിൻ; ഞാൻ നിങ്ങളോടൊപ്പം പ്രാർത്ഥിക്കും. വരൂ, മകളെ.