Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 85: ഞാൻ നിത്യജീവനിലേയ്ക്കുള്ള വാതിലാണ്
Transcript
- എപ്പിസോഡ്സ് 85. 10/01/1989. മീറ്റിംഗിനുള്ള സന്ദേശം: "കർത്താവേ." ഇത് ഞാനാണ്. വിശുദ്ധിയോടെ പ്രാർത്ഥിക്കുക എന്നത് മാത്രമാണ് ഞാൻ നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത്. നിരന്തരം പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുവിൻ. പരസ്പരം നന്മ പ്രവർത്തിക്കുവിൻ. എന്റെ പ്രതിഫലനം ആയിരിക്കുവിൻ. എന്റെ ഛായ പ്രതിഫലിപ്പിക്കുവിൻ. എന്റെ വിശുദ്ധിയും നൈർമല്യവും പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ പോലെ ആയിരിക്കുവിൻ. നിങ്ങൾ എന്റേതാണെന്നും നിങ്ങൾ സ്നേഹത്തിന്റെ മക്കളാണെന്നും ലോകം കാണട്ടെ. കാരണം കർത്താവിന്റെ ആത്മാവ് ഉള്ളിടത്ത് വിശുദ്ധിയും സ്നേഹവും ഉണ്ട്; അവിടെ പ്രകാശവും തേജസ്സും ഉണ്ട്. അതിനാൽ പരസ്പരം സ്നേഹിക്കുവിൻ. നിങ്ങളുടെ സ്വർഗീയ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ. നിങ്ങൾ എല്ലാവരും അനുഗ്രഹീതരാണ്; പുതിയതായി വന്നവരും അനുഗ്രഹീതരാണ്. ഞാൻ സത്യമായി നിങ്ങളോട് പറയുന്നു: നിത്യജീവനിലേക്കുള്ള വാതിൽ ഞാനാണ്. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും; ഞാനാണ് പുനരുദ്ധാനം. എന്റെ സമാധാനം സ്വീകരിക്കുവിൻ. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു; അത് സ്വീകരിച്ച് ലോകമെങ്ങും പരത്തുക. എന്റെ സന്തതികളായിരിക്കുക. ഓരോ വ്യക്തിയും നിങ്ങളിൽ എന്നെ തിരിച്ചറിയട്ടെ. കർത്താവ് അവിടുത്തെ സന്ദേശം ഗ്രൂപ്പിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതിന് തൊട്ടുമുമ്പ്, ഒരാൾ 70 സെന്റീമീറ്റർ ഉയരമുള്ള ഫാത്തിമായിലെ നമ്മുടെ പരിശുദ്ധ മാതാവിന്റെ രൂപം എനിക്ക് നൽകി. എന്റെ എല്ലാ പൊതുയോഗങ്ങളിലും എന്നെ അനുഗമിക്കുന്നതിനായി പരിശുദ്ധ മാതാവ് സമയത്ത് തന്നെ ഇവിടെ എത്തിയെന്ന് ഞാൻ മനസ്സിലാക്കി. ലോസൺ നൈക്ക് പുറത്തുള്ള ഒരു സ്ഥലത്ത് സംഘടിപ്പിച്ച ഒരു യോഗത്തിൽ ഫാത്തിമ മാതാവിന്റെ രൂപം കൊണ്ടുവരേണ്ടതില്ല; അവർ എല്ലാം അവിടെ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ആ ദിവസം രാത്രി സ്വപ്നത്തിൽ ഫാത്തിമ മാതാവിന്റെ രൂപം ഞാൻ കണ്ടു. എന്റെ യോഗങ്ങളിൽ എന്നെ അനുഗമിക്കാനായി മാതാവ് വന്നതാണെന്ന് ഞാൻ മനസ്സിലാക്കിയത് ശരിയാണോ എന്ന് ഞാൻ ചോദിച്ചു. അതിന് ഒരു അടയാളം തരണമെന്ന് ഞാൻ അപേക്ഷിച്ചു. ഞാൻ ഈ വാക്കുകൾ പറഞ്ഞ ഉടനെ തന്നെ നമ്മുടെ മാതാവ് അവിടുത്തെ കരങ്ങൾ തുറന്ന് എന്നെ ചേർത്തുപിടിച്ചു. ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നു. പരിശുദ്ധ മാതാവ് സന്ദേശത്തിലൂടെ ഇപ്രകാരം എഴുതി: "ദയവായി എന്നെ ഒഴിവാക്കരുത്; നിന്നോടൊപ്പം എന്നെയും കൊണ്ടുപോകുക." റസൂലാ, എന്റെ സമാധാനം സ്വീകരിക്കുക. കർത്താവ് നിനക്ക് നൽകുന്ന അടയാളങ്ങൾ ശ്രദ്ധിക്കുക. അവയെ വിവേചിച്ചറിയുക. അവയെ അനുഗമിക്കുക. കർത്താവ് നൽകുന്ന അടയാളങ്ങൾ ശ്രദ്ധിക്കുവാൻ എന്നെ സഹായിക്കണമേ. ഞാൻ നിന്നെ സഹായിക്കും. പരിശുദ്ധ അമ്മേ, അങ്ങേയ്ക്ക് നന്ദി. എന്നെക്കുറിച്ച് കേട്ട ഒരു പുരോഹിതന്റെ പ്രതികരണം ഇന്നലെ ഞാൻ അറിഞ്ഞു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: "അവളിൽ നിന്ന് അകന്നുനിൽക്കുക; അവൾ വഞ്ചകയാണ്." എങ്ങനെയോ അദ്ദേഹത്തിന്റെ പരാമർശം എനിക്ക് സന്തോഷം നൽകി. കാരണം ഫരിസയർ യേശുവിനെ ഒരു വ്യാജപ്രവാചകൻ എന്ന് വിളിച്ചതുപോലെ ഞാൻ ഒരു വഞ്ചകയാണെന്ന് ആരോപിക്കപ്പെടുന്നു. ഡിസംബർ 7, 1988-ൽ യേശു നൽകിയ സന്ദേശം ഇതെന്നെ ഓർമ്മിപ്പിച്ചു. എന്നെ കുറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും കർശനമായി പരിശോധിക്കുകയും ചെയ്യുമെന്ന് യേശു എന്നോട് പലപ്രാവശ്യം പറഞ്ഞിരുന്നു. ഇത് യേശുവിന്റെ വാക്കുകൾ സത്യമാണെന്ന് തെളിയിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ കുറ്റപ്പെടുത്തുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. എന്റെ മകളെ, നിന്നെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക. അവരുടെ ഹൃദയം തുറക്കാൻ പ്രാർത്ഥിക്കുക. കർത്താവിന്റെ കരുണാപൂർണ്ണമായ അടയാളങ്ങളെ തിരിച്ചറിയാത്ത എല്ലാ മനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കുക. എന്റെ സമീപം നിലകൊള്ളുക. നമ്മൾ നമുക്ക്. അതെ, നമ്മൾ നമുക്ക്. 13/01/1989. യേശുവേ, അങ്ങ് എനിക്ക് എഴുതി നൽകുന്ന ഈ സന്ദേശങ്ങൾ ആത്മവിദ്യ മൂലമാണെന്നും ഒരു പുരോഹിതൻ പറഞ്ഞിരിക്കുന്നു. കർത്താവേ, എന്നെ സഹായിക്കണമേ. വസൂലാ, ഞാൻ നിന്നെ സഹായിക്കും. തിന്മയിൽ നിന്ന് നിന്നെ രക്ഷിച്ച ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ. നിന്നെ സംശയിക്കുകയും നിനക്ക് നേരെ പലവിധ അപവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന എല്ലാവരും തിരുലിഖിതങ്ങളിൽ ഞാൻ പറഞ്ഞ വാക്കുകൾ ഓർക്കട്ടെ: "നല്ല വൃക്ഷം നല്ല ഫലം കായ്ക്കും." എന്റെ വസൂലാ, നിനക്ക് സമാധാനം. മനുഷ്യർ നിന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ നീ ആനന്ദിക്കുക; സ്വർഗത്തിൽ നിന്റെ പ്രതിഫലം വലുതായിരിക്കും. പ്രിയപ്പെട്ടവളേ, ഈ സന്ദേശങ്ങൾ കർത്താവായ എന്നിൽ നിന്നുള്ളതല്ല; ആത്മവിദ്യയിലൂടെയോ ഗൂഢവിദ്യയിലൂടെയോ വന്നവയാണെന്ന് പറയുന്നവരോട് ഞാൻ ഈ ചോദ്യം ചോദിക്കുന്നു: സാത്താൻ തനിക്കെതിരെ തന്നെ ഭിന്നിക്കുമോ? സാത്താൻ അവനെതിരെ തന്നെ ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും? എന്റെ കുഞ്ഞേ, എന്റെ കൃപ നിന്റെ മേൽ ഉണ്ട്; എന്നാൽ അവർ ഇത് മനസ്സിലാക്കിയിട്ടില്ല. കർത്താവേ, എന്നെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നവർ അങ്ങയുടെ ഈ സന്ദേശം വായിക്കുകയോ അല്ലെങ്കിൽ എന്നെ കാണുക പോലും ചെയ്യാത്തവരാണ്. അങ്ങയുടെ ഈ സന്ദേശത്തിലൂടെ അനേകർ മാനസാന്തരപ്പെട്ടിട്ടുണ്ടെന്നുള്ള വസ്തുത വിശ്വസിക്കുവാനും അവർ തയ്യാറല്ല. അവർ എന്നെ വിശ്വസിക്കുന്നില്ല. കാരണം അവർക്ക് ചെവികൾ ഉണ്ടെങ്കിൽ അവർ കേൾക്കുന്നില്ല. കാലത്തിന്റെ ആരംഭം മുതൽ ഞാൻ പ്രവാചകന്മാരെ അയച്ചിട്ടുണ്ട്; എന്നാൽ അവരിൽ അനേകർ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മനുഷ്യർക്ക് മാറ്റം വന്നിട്ടില്ല. കർത്താവായ ഞാൻ ഇപ്രകാരം പറയുന്നു: ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ അംഗീകരിച്ച് ഏറ്റുപറഞ്ഞാൽ, ദൈവദൂതന്മാരുടെ മുമ്പിൽ ഞാനും അവനെ അംഗീകരിച്ച് ഏറ്റുപറയും. എന്നാൽ ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിച്ചു പറഞ്ഞാൽ, ദൈവദൂതന്മാരുടെ മുമ്പിൽ ഞാൻ അവനെ നിഷേധിക്കും. എന്നോടൊപ്പം അല്ലാത്തവൻ എനിക്കെതിരാണ്; എന്നോടൊപ്പം ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു. എന്റെ സന്ദേശം ഒരിക്കലും അവസാനിക്കുകയില്ലെന്ന് ഞാൻ എല്ലാ തലമുറകളോടും പ്രഖ്യാപിക്കുന്നു. നിശ്ചയമായും എന്റെ ആത്മാവ് നിങ്ങളുടെ മധ്യേ ഉണ്ട്. നിങ്ങളെല്ലാവരെയും ഞാൻ നിത്യമായ സ്നേഹത്താൽ സ്നേഹിക്കുന്നു. എന്റെ ഈ സ്നേഹം നിമിത്തം നിങ്ങൾ വീണുപോകാൻ ഞാൻ അനുവദിക്കുകയില്ല. എന്റെ പ്രവർത്തികളെ തിരിച്ചറിയുക, അംഗീകരിക്കുക; ആത്മാക്കളെ വിവേചിച്ചറിയുക. ആത്മാവിനാൽ പ്രചോദിതനായി പ്രവചിക്കുന്നവൻ മനുഷ്യരോട് സംസാരിക്കുന്നു; അത് അവരുടെ ഉൽകർഷത്തിനും പ്രോത്സാഹനത്തിനും ആശ്വാസത്തിനും ഉപകരിക്കുന്നു. 1 കൊരിന്തോസ് അധ്യായം 14, രണ്ടും മൂന്നും തിരുവചനങ്ങൾ. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അഗാത സമുദ്രമായ എന്റെ തിരുഹൃദയം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഈ കാലഘട്ടം മൃതമാണ്; എന്നാൽ ഞാൻ പുനരുദ്ധാനമാണ്. ഞാൻ ഈ കാലഘട്ടത്തെ ഉയർപ്പിക്കും. കേൾക്കാൻ ചെവിയുണ്ടായിട്ടും കേൾക്കാൻ വിസമ്മതിക്കുന്ന പുരോഹിതന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. അവരോടുള്ള എന്റെ സ്നേഹം വലുതാണ്; അതുപോലെ അവർ എനിക്ക് തരുന്ന സഹനങ്ങളും ദുഃഖങ്ങളും വളരെ വലുതാണ്. എന്റെ കുഞ്ഞേ, എന്റെ കുരിശു വഹിക്കുവാൻ എന്നോട് പങ്കുചേരുക. പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. കർത്താവായ ഞാൻ അവസാനം വരെ നിന്നോടൊപ്പം ഉണ്ടായിരിക്കും. നമ്മൾ. അതെ, കർത്താവേ. നമുക്ക്. അതെ, കർത്താവേ. എന്നെന്നേക്കും ആമേൻ. ജനുവരി 16-ന് ക്രൈസ്തവ സഭകളുടെ എക്യുമിനിക്കൽ കൗൺസിൽ മെത്രാപോലിത്ത ദമാസ്കീനോസിനെ സന്ദർശിക്കുവാൻ ഞാൻ ക്ഷണിക്കപ്പെട്ടു. ഈ സന്ദേശം കേൾക്കാനും പഠിക്കാനും അദ്ദേഹം ആഗ്രഹിച്ചു. സഭകളുടെ ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന ആഴ്ചയിൽ തന്നെയാണ് യേശു എന്നെ അയച്ചത്. അത് ഒരു അടയാളമാണ്. ആഘോഷ ദിവസം ജനുവരി 18 ആണ്. ആ ദിവസം തന്നെയാണ് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാളും. എന്റെ ജന്മദിനവും അന്ന് തന്നെയാണ്. 1987 മെയ് മാസം 20-ന് ഒരു പുരോഹിതൻ പോലും എന്നെ പിന്തുണച്ചിട്ടില്ലാത്ത കാലത്ത് എന്നെ അറിയുകയും പിന്തുണക്കുകയും ചെയ്തിരുന്നവർ ഏതാനും സുഹൃത്തുക്കൾ മാത്രമായിരുന്നപ്പോൾ, സഭയെക്കുറിച്ചും സഭകളുടെ ഐക്യത്തെക്കുറിച്ചും യേശു എനിക്ക് സന്ദേശം നൽകിയപ്പോൾ, ആ കാലത്ത് ഏഷ്യയിൽ താമസിക്കുന്ന ഒരു ആത്മീയ സ്ത്രീയായ എനിക്ക് സഭകളുടെ എക്യുമിനിസത്തെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. നിരാശയോടെ ഞാൻ യേശുവിനോട് ചോദിച്ചു: "ഈ സന്ദേശം എങ്ങനെ ശരിയായ ചെവികളിൽ എത്തും?" യേശു ലളിതമായി പറഞ്ഞു: "അത് എത്തും." മെയ് 20, 1987. "അത് എത്തും" എന്ന യേശുവിന്റെ വാക്ക് ജനുവരി 16-ന് കൃത്യമായി നിറവേറ്റപ്പെട്ടതായി ഞാൻ മനസ്സിലാക്കി. അവർ അങ്ങയുടെ സന്ദേശം സ്വീകരിക്കുമോ, നിരസിക്കുമോ എന്നത് മറ്റൊരു കാര്യം. 17/01/1989. ഞാൻ പിന്നിലേക്ക് വഴുതി പോകുന്നതായി എനിക്ക് തോന്നി. അതുകൊണ്ട് എന്നെ ഉയർത്തി അവിടുത്തെ വിവേചിച്ചറിയുവാനും അവിടുത്തെ സ്വരം കേൾക്കുവാനും അവിടുന്ന് എന്നെ പഠിപ്പിച്ചിട്ടുള്ള പ്രാർത്ഥനകൾ എന്നെ ഓർമ്മിപ്പിക്കണമെന്ന് ഞാൻ യേശുവിനോട് പ്രാർത്ഥിച്ചു. യേശുവേ. ഇത് ഞാനാണ്. പുഷ്പമേ, എങ്ങനെ എന്നെ ധ്യാനിക്കണം, എങ്ങനെ എന്നെ കേൾക്കണം എന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കാം. വചനമായ ഞാൻ നിന്നെ പ്രചോദിപ്പിക്കുകയും ജ്ഞാനത്താൽ നിന്നെ അഭ്യസിപ്പിക്കുകയും ചെയ്യും. നിന്നെ തന്നെ തുറന്നു കൊടുക്കുക. നിന്നിൽ നിറയാൻ എന്റെ ആത്മാവിനെ അനുവദിക്കുക. എന്നെ ധ്യാനിക്കുക. ധ്യാനത്തിലൂടെ അല്ലാതെ നീ എങ്ങനെ എന്നിൽ എത്തും? നിശബ്ദതയിൽ വിശ്വാസപൂർവ്വം നിന്റെ ദേഹിയെ എന്നിലേക്ക് ഉയർത്തുക. നിന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയെ നിന്റെ പിതാവായ എനിക്ക് സമർപ്പിക്കുക. നിന്റെ ആവശ്യങ്ങൾ അറിയുന്ന ഞാൻ നിന്നെ നയിക്കുകയും പോഷിപ്പിക്കുകയും ചെയ്യും. കുഞ്ഞേ, അധ്വാനിക്കുക. കഠിനമായി അധ്വാനിക്കുക. കർത്താവേ, ഞാൻ അതിനുവേണ്ടി പരിശ്രമിക്കുന്നു. എന്നോട് സംസാരിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. എന്നോട് പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. നിരന്തരം പ്രാർത്ഥിക്കുക. ഞാൻ ചോദിക്കുന്നത് പ്രാർത്ഥനകളാണ്. കർത്താവേ, അങ്ങയുടെ സന്നിധിയിൽ ഇരുന്ന് സന്ദേശം എഴുതിയെടുക്കുന്നതും പ്രാർത്ഥനയാണോ? അതെ. നീ സർവ്വശക്തനായ നിന്റെ ദൈവത്തോട് സംഭാഷണം നടത്തുകയാണല്ലോ. നിന്നോടൊപ്പം ഇരിക്കുമ്പോൾ ഞാൻ സന്തോഷിക്കുന്നു. നിന്റെ ദൈവത്തോടുള്ള നിരന്തരമായ ബന്ധത്തേക്കാൾ മഹത്തായത് മറ്റെന്തുണ്ട്? ഇപ്പോൾ ഞാൻ നിന്നോട് ഐക്യപ്പെട്ട് ഒന്നിച്ചിരിക്കുന്നു. ഞാനും നീയും, നീയും ഞാനും, സ്നേഹത്തിന്റെ ഐക്യത്തിൽ. അല്ലയോ, വസൂലാ, എന്റെ കുഞ്ഞേ, നിനക്ക് സമാധാനം. ഈ സന്ദേശങ്ങളെല്ലാം നിനക്ക് സ്വയം എഴുതുവാൻ സാധിക്കുമായിരുന്നെന്ന് എങ്ങനെ നിനക്ക് ചിന്തിക്കുവാൻ കഴിഞ്ഞു? എന്നെക്കൂടാതെ നിനക്ക് ഒരു ജ്ഞാനവചനവും എഴുതുവാൻ സാധിക്കുകയില്ലെന്ന് നിനക്ക് അനുഭവത്തിലൂടെ ബോധ്യം വരേണ്ടതിന് അല്പസമയത്തേക്ക് എന്റെ മുഖം ഞാൻ നിന്നിൽ നിന്ന് മറച്ചുവെച്ചു. നിന്നോട് സംസാരിക്കുന്ന ഞാനാണ് വെളിപാട്. ഞാൻ പ്രധാനം ചെയ്യുന്നു. ഞാൻ പഠിപ്പിക്കുന്നു. ഞാൻ വെളിപാട് നൽകുന്നു. ഞാൻ ഉയർപ്പിക്കുന്നു. ദൈവത്തിൽ വിശ്വാസമില്ലാതെ ജീവിക്കുന്നവരെയും ഞാൻ പോഷിപ്പിക്കുന്നു. എന്റെ വസൂലാ, നീ എന്റെ അടുക്കൽ സന്തോഷവതിയാണോ? നീ ആരുടേതാണെന്ന് അറിഞ്ഞതിൽ നീ സന്തോഷവതിയാണോ? നിന്റെ സൃഷ്ടാവായ ഞാൻ ദൈവമാണ്. ജീവനുള്ള ദൈവമാണ് ഞാൻ. ഇപ്പോൾ നിന്നോട് സംസാരിക്കുന്നത് നിന്റെ പിതാവാണ്. ഞാൻ പരിശുദ്ധ ത്രീത്വമാണ്. നിന്നെ തന്നെ എനിക്ക് സമർപ്പിക്കുക. നീ ഒന്നുമില്ലായ്മയാണെങ്കിലും, ഒരു പ്രിയതമൻ തന്റെ കന്യകയെ പിന്തുടരുന്നതുപോലെ ഞാൻ നിന്നെ പിന്തുടരുന്നു. എന്നെ സ്നേഹിക്കാനും എന്റെ പ്രവർത്തികളിൽ പങ്കുചേരാനും നിന്നെ ഞാൻ സമ്മതിപ്പിച്ചു. നീ എന്തല്ല എന്നതിനെക്കുറിച്ച് ഞാൻ ഗവനിക്കുന്നില്ല. ഞാൻ എനിക്ക് മതിയായവനാണ്. എങ്കിലും നീ എന്റെ പ്രകാശത്തിൽ ആയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിന്നെ എന്റെ ആലയത്തിൽ കാണുന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിന്നെ പോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിൽ ഞാൻ ആനന്ദിക്കുന്നു. എന്റെ കുഞ്ഞേ, നിനക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ടോ? എന്നെ ദുഃഖിപ്പിക്കരുത്. യേശുവിനോടുള്ള അടുത്ത ബന്ധവും പരിചയവും മൂലം ഇത് ദൈവമാണോ സംസാരിക്കുന്നതെന്ന സംശയം എനിക്കുണ്ടായി. അത് യേശുവിനെ ദുഃഖിപ്പിച്ചു. പിതാക്കന്മാർ എപ്പോഴും അവരുടെ മക്കളോട് വളരെ അടുപ്പത്തിലാണ്. എപ്പോഴും എന്നോട് വളരെ അടുത്ത ഗാഢബന്ധത്തിലായി തീരുക. എന്നാൽ ഒരിക്കലും എന്റെ പരിശുദ്ധിയെ വിസ്മരിക്കരുത്. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയും എന്നെ പരിശുദ്ധിയിൽ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ നിയമത്തെ ബഹുമാനിക്കുക. എന്റെ നിയമത്തെ ബഹുമാനിക്കുന്നതിലൂടെ നീ എന്നെ തന്നെയാണ് ബഹുമാനിക്കുന്നത്. എന്റെ നിയമത്തെ സ്നേഹിക്കുക. എന്റെ നിയമത്തെ സ്നേഹിക്കുന്നതിലൂടെ നീ എന്നെ തന്നെയാണ് സ്നേഹിക്കുന്നത്. എന്റെ നിയമത്തെ അനുസരിക്കുക. എന്റെ നിയമത്തെ അനുസരിക്കുന്നതിലൂടെ നീ എന്നെ തന്നെയാണ് അനുസരിക്കുന്നത്. എന്റെ നിയമം നിന്നെ എന്റെ ഭവനത്തിലേക്ക് നയിക്കും. അത് നിന്റെയും ഭവനമാണ്. എന്നിൽ വിശ്വസിക്കുക. എന്നാൽ എന്റെ ശക്തി ഉന്നതമാണ്. നമ്മൾ നമുക്ക്. കർത്താവേ, നിത്യതയോളം. എന്നെ സ്തുതിക്കുക. കർത്താവേ, അങ്ങയുടെ സ്തുതികൾ അങ്ങയെ വായിച്ചു കേൾപ്പിക്കുവാൻ തിരുലിഖിതങ്ങളിൽ നിന്ന് ഒരു ഭാഗം എനിക്ക് കാണിച്ചു തരേണമേ. ഞാൻ കാണിച്ചു തരാം. വിശുദ്ധ ബൈബിൾ തുറക്കുക. ഞാൻ വിശുദ്ധ ബൈബിൾ തുറന്നു. അത് ദാനിയേൽ മൂന്നാം അധ്യായം 52 മുതൽ 90 വരെയുള്ള വചനഭാഗമായിരുന്നു. ആ വചനങ്ങൾ ഞാൻ കർത്താവിനെ വായിച്ചു കേൾപ്പിച്ചു. അത് അവിടുത്തെ പ്രസാദിപ്പിച്ചു. പ്രാർത്ഥനാ ഗ്രൂപ്പിനുള്ള സന്ദേശം. ഫെബ്രുവരി ഏഴിനു വേണ്ടിയുള്ള സന്ദേശം. സമാധാനം നിങ്ങളോട് കൂടെ. എന്റെ വചനം പ്രകാശമാണ്. എന്റെ വചനം സമാധാനവും സ്നേഹവുമാണ്. എന്റെ വചനം ഐക്യവും പ്രത്യാശയുമാണ്. എന്റെ അടുക്കലേക്ക് വരൂ. കൂടെ കൂടെ എന്റെ വചനം വായിക്കുക. പ്രിയപ്പെട്ടവരെ, ഞാൻ കാരുണ്യവാനായ യേശുവാണ്. നിങ്ങളുടെ രക്ഷകനായ യേശുവാണ് ഞാൻ. എന്റെ വചനങ്ങൾ ഈ ബലഹീനയായ ഉപകരണത്തിലൂടെ ആലേഖനം ചെയ്യുവാൻ ഞാൻ ഇറങ്ങി വരുന്നു. എന്റെ അനന്തമായ സ്നേഹത്താലും അളവറ്റ കാരുണ്യത്താലും ഈ അന്ധകാരത്തിലേക്ക് ഞാൻ ഇറങ്ങി വരുന്നു. നിങ്ങളുടെ മേൽ എന്റെ ആത്മാവിനെ വർഷിക്കാൻ ഈ വരണ്ട മരുഭൂമിയിലേക്ക് ഞാൻ ഇറങ്ങി വരുന്നു. സൃഷ്ടികളെ, ഈ വരണ്ട മണ്ണിനെ ജലസേചിതമാക്കി, ദാഹമുള്ള ഭൂമിയെ നദികളാക്കി മാറ്റുവാൻ ഞാൻ ഇറങ്ങി വരുന്നു. പ്രഭാതമഞ്ഞുപോലെ എന്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ മേൽ വർഷിക്കുവാൻ ഞാൻ ഇറങ്ങി വരുന്നു. ഈ ദുഷ്ടതയെ നീക്കി അകറ്റാനും അതിക്രമങ്ങളെ വേരോടെ വിഴുതു കളയാനും അവയുടെ സ്ഥാനത്ത് സമാധാനവും സ്നേഹവും പുനസ്ഥാപിക്കുവാനുമായി ഞാൻ വരുന്നു. ഇന്ന് എന്റെ അധരങ്ങൾ സ്നേഹത്തിനുവേണ്ടിയുള്ള ദാഹത്താൽ വരണ്ടു തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ സ്നേഹം എനിക്ക് ആവശ്യമാണ്. ഞാൻ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു. സ്നേഹത്തിനുവേണ്ടി ഞാൻ അതിയായി ദാഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കാൻ പഠിക്കണമെന്ന് എന്റെ തിരുഹൃദയം എത്രയധികമായി ആഗ്രഹിക്കുന്നു. ഒരു ദിവസം നിങ്ങൾ സ്നേഹത്തിന്റെ ഉന്നതിയിലേക്ക് ഉയർന്ന് എന്നെ ആബാ എന്ന് വിളിക്കുന്നത് കേൾക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമാണ് എന്റെ മുറിവുകൾ ഉണങ്ങുവാൻ ആരംഭിക്കുകയുള്ളൂ. എന്റെ പുരോഹിതന്മാർ എന്റെ അനന്ത സ്നേഹത്തിൽ നിന്ന് കോരിയെടുത്തുകൊണ്ട് അവരുടെ ഹൃദയം നിറയ്ക്കണമെന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ സ്നേഹം വളരെ വലുതാണ്. അവർ സ്വർഗ്ഗത്തിൽ എത്തുന്നതുവരെ അതിന്റെ പൂർണത മനസ്സിലാക്കാൻ അവർക്കാവില്ല. ഭക്തി അവരുടെ പതാകയായിരിക്കണം. വിശ്വസ്തത അവരുടെ വിളക്കായിരിക്കണം. നിർമ്മലത അവരുടെ തിരുവസ്ത്രമായിരിക്കണം. സ്നേഹം അവരുടെ ചിഹ്നമായിരിക്കണം. അങ്ങനെ എന്റെ കുഞ്ഞാടുകൾ എന്നിൽ അവരെ തിരിച്ചറിയുകയും എന്റെ ഛായ അവരിൽ കണ്ടെത്തുകയും ചെയ്യട്ടെ. എന്റെ ഇടയന്മാർ ശുദ്ധിയുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരുടെ ശുദ്ധതയിൽ അവരുടെ ഫലം സമ്പൂർണ്ണമാകട്ടെ. എന്റെ തിരുഹൃദയത്തെ സന്തോഷിപ്പിക്കുക. എന്റെ കല്പനകളെ പൂർണമായി അനുസരിക്കുക. എന്നെ സ്നേഹിക്കുക എന്നത് എന്റെ കല്പനകൾ അനുസരിക്കുക എന്നതാണ്. പരസ്പരം സ്നേഹിക്കുക. എന്റെ പ്രകാശത്തിന്റെ മക്കളെ എന്റെ വചനങ്ങളിൽ ജീവിക്കുക. എന്റെ വചനങ്ങൾ നിങ്ങളിൽ ജീവിക്കട്ടെ. നിങ്ങൾ എന്റെ സമാധാനം സ്വീകരിക്കുക. നിങ്ങളിൽ എന്റെ സമാധാനം ഉണ്ടായിരിക്കട്ടെ. എന്റെ സ്നേഹം സ്വീകരിക്കുക. എന്റെ സ്നേഹം നിങ്ങളിൽ നിറയട്ടെ. നിങ്ങൾ നിങ്ങളെ തന്നെ എനിക്ക് തുറന്നു തന്നാൽ ഞാൻ നിങ്ങളെ പൂർണമായി നവീകരിക്കും. എന്നിൽ വിശ്വസിക്കുക. എന്റെ അടുക്കൽ വരുക. ഞാൻ നിങ്ങളിൽ നിന്ന് ഒരു പുതിയ ജനതയെ സൃഷ്ടിക്കും. ഒരു നിർമ്മലമായ ജനതയെ ഞാൻ നിങ്ങളിൽ നിന്ന് ഉളവാക്കും. എന്റെ സന്ദേശങ്ങളിൽ ജീവിക്കുക. എന്റെ സന്ദേശങ്ങളെ ധ്യാനിക്കുക. സ്നേഹത്തോടെ എന്നിലേക്ക് വരുക. എന്റെ പാദമുദ്രകളെ പിന്തുടരുക. അവ നിങ്ങളെ എന്റെ ഭവനത്തിലേക്ക് നയിക്കും. എന്റെ ഭവനം നിങ്ങളുടെയും ഭവനമാണ്. നിങ്ങളുടെ അപൂർണ്ണതയിൽ പോലും നിങ്ങൾ ലജ്ജിക്കരുത്. നിങ്ങളെ സ്വീകരിക്കാൻ ഞാൻ എന്റെ കരങ്ങൾ തുറക്കും. നിങ്ങളുടെ സ്നേഹം തണുത്തതാകാം. എന്നിരുന്നാലും നിങ്ങൾ എന്റെ കരങ്ങളിലേക്ക് വീഴൂ. സ്നേഹത്തിന്റെ ഗുരുവായ ഞാൻ നിങ്ങളെ സ്നേഹിക്കാനും നിങ്ങൾ പരസ്പരം സ്നേഹിക്കാനും പഠിപ്പിക്കും. എന്നെ സ്നേഹിക്കാത്തവരും എന്റെ അടുക്കലേക്ക് വരൂ. ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. എന്നെ കണ്ടിട്ടില്ലെങ്കിലും എന്നിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. എന്റെ ചെറിയ വ്യക്തികളെ നിങ്ങൾ ഭാഗ്യവാന്മാർ. എന്തെന്നാൽ അവരോട് എനിക്ക് പ്രത്യേക വാത്സല്യമുണ്ട്. നിങ്ങൾ ചെറുതായിരിക്കുക. നിങ്ങൾ എന്തോ ആയിത്തീരാൻ പരിശ്രമിക്കരുത്. ചെറുതായി നിലകൊള്ളുക. അപ്പോൾ നിങ്ങൾക്ക് എന്റെ തിരുഹൃദയത്തിന്റെ അഗാധങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലുവാൻ സാധിക്കും. കുഞ്ഞുങ്ങളെപ്പോലെ ശിശുസഹജമായ വിശ്വാസമുള്ളവരായിരിക്കുക. അതാണ് എന്റെ പിതാവിനെ സന്തോഷിപ്പിക്കുന്നത്. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. ഹൃദയത്തോടെ പ്രാർത്ഥിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. നിങ്ങൾ എന്റെ ശരീരമായ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മാർപാപ്പയ്ക്കും പാത്രിയാർക്കീസിനും വേണ്ടി പ്രാർത്ഥിക്കണം. നിങ്ങൾ എല്ലാ പുരോഹിതന്മാർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പത്രോസിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ അല്ലാത്ത ആളുകൾ പത്രോസിന്റെ അടുക്കലേക്ക് മടങ്ങി വന്ന് രമ്യതപ്പെടുവാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. ഒരു ഇടയനും ഒരു ആട്ടിൻ കൂട്ടവുമായി തീരുവാൻ വേണ്ടി പ്രാർത്ഥിക്കണം. നിങ്ങൾ സമാധാനത്തിനും ഐക്യത്തിനും സ്നേഹത്തിനും വേണ്ടി പ്രാർത്ഥിക്കണം. ഒരു ബലിപീഠത്തിന് ചുറ്റിലും നിന്ന് നിങ്ങൾ എന്നെ സ്തുതിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം. പ്രിയപ്പെട്ടവരെ ഐക്യപ്പെട്ട് ഒന്നാകുക. പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ ഒന്നാകുക. ഞാൻ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. 22/01/1989. കർത്താവേ. കുഞ്ഞേ, ഞാൻ നിന്നോടൊപ്പമുണ്ട്. ഞാൻ നിനക്കായി ഒരുക്കുന്ന മാതൃക പിന്തുടരുക. വിവേചനത്തിന്റെയും സത്യത്തിന്റെയും ആത്മാവ് നിന്റെ മേൽ എപ്പോഴും വരേണ്ടതിന് പ്രാർത്ഥിക്കുക. അവർ നിന്നെ പീഡിപ്പിക്കുമ്പോൾ ഉറച്ചുനിൽക്കുക. എന്നെയും നിന്റെ പരിശുദ്ധ മാതാവിനെയും അഭയം പ്രാപിക്കുക. വസൂലാ, ഞാൻ നിനക്ക് നൽകിയിരിക്കുന്ന കൃപകളോട് ഒട്ടിച്ചേർന്നിരിക്കുക. എന്റെ സ്വന്തം ജനങ്ങൾ കുറ്റം വിധിക്കുകയും അന്യായമായി പെരുമാറുകയും ചെയ്ത ആദ്യ പ്രവാചിക നീയല്ല. അല്ല, നീയല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെയാണ് എന്റെ മേൽ ഏറ്റവും ആഴമുള്ള മുറിവുകൾ ഏൽപ്പിക്കുന്നത്. അവർ ചെയ്യുന്നത് എന്താണെന്ന് അവർ മനസ്സിലാക്കിയിട്ടില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല. എന്റെ കുഞ്ഞേ, ഞാൻ നിന്നെ തിരഞ്ഞെടുത്തതുകൊണ്ട് അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമാണ്. നികൃഷ്ടാവസ്ഥയിൽ ഉള്ളവളിലേക്ക് പോലും എനിക്ക് ഇറങ്ങി വരാനും അവളെ സ്നേഹിക്കാനും കഴിയുമെന്നതിനാൽ അവരുടെ ഹൃദയങ്ങൾ വളരെ അസ്വസ്ഥമാണ്. കരുണയുടെ അഗാത സമുദ്രമായ എന്റെ തിരുഹൃദയത്തെ അവർ ഇനിയും മനസ്സിലാക്കിയിട്ടില്ല. അവരിൽ പലരും പ്രതികാരബുദ്ധിയുള്ളവരാണ്. പിതാവേ, ഞങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ അവരോട് ക്ഷമിക്കുന്നതുപോലെ അവരുടെ തെറ്റുകൾ ഞങ്ങളോട് ക്ഷമിക്കേണമേ എന്ന് അവർ ദിവസേന പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ ശുദ്ധമായ മനസാക്ഷിയോട് കൂടിയാണോ അവർ പിതാവിന്റെ സന്നിധിയിൽ വരുന്നത്? ഈ ദിവസം വരെ നിന്നോട് ക്ഷമിക്കാത്തവർ എങ്ങനെ തങ്ങളുടെ തെറ്റുകൾ തങ്ങളോട് ക്ഷമിക്കണമെന്ന് പിതാവിനോട് ചോദിക്കും? നിന്നെ കുറ്റം വിധിക്കുവാൻ അവർക്ക് മടിയില്ല. അവർ സമാധാനത്തിനുവേണ്ടി നിലവിളിക്കുന്നു. എന്നാൽ അവരിൽ ആരിലും സമാധാനമില്ല. അവർ സമാധാനത്തിനുവേണ്ടി നിലവിളിക്കുന്നു. എന്നാൽ അവരിൽ ആരിലും സമാധാനമില്ല. അവരിൽ ഒരാൾ പോലും തങ്ങളുടെ ദുഷ്ടതയെ കുറിച്ച് പശ്ചാത്തപിക്കുന്നില്ല. സമാധാനത്തിനു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം എവിടെ? ഐക്യത്തിനു വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം എവിടെ? ഇന്ന് നിങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നെങ്കിൽ അതിനു കാരണം നിങ്ങളുടെ ദുഷ്ടതയാണ്. നിങ്ങളുടെ ക്ഷമ നൽകാത്ത വ്യക്തിത്വമാണ്. എവിടെയാണ് സ്നേഹം? സൃഷ്ടികളെ, നിങ്ങളിൽ സ്നേഹം ബാക്കിയുണ്ടോ? നിങ്ങളിൽ ജ്ഞാനമില്ലേ? നിങ്ങളിൽ ഏറ്റവും ചെറിയവർക്ക് പോലും ഞാൻ സമൃദ്ധമായി നൽകുമെന്നും അന്യഭാഷകൾ സംസാരിക്കുന്നവരിലൂടെയും പരദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ജനതകളോട് സംസാരിക്കുമെന്ന് കർത്താവായ ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും അവർ കേൾക്കുന്നില്ല. എന്റെ വസൂലാ, നീ ആകുലപ്പെടേണ്ട. പീഡനങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. പ്രിയപ്പെട്ടവളെ, ഞാൻ നിനക്ക് നൽകിയിട്ടുള്ളതിനെ മുറുകെ പിടിക്കുക. നീ എന്റെ പരിശുദ്ധാത്മാവിനാൽ പ്രചോദിതയായിരിക്കുന്നതിനാൽ നീ ഇപ്പോൾ എന്റെ മകളാണ്. അതിനാൽ എന്നോട് ഒട്ടിച്ചേർന്ന് നിൽക്കുക. ഉറച്ചുനിൽക്കുവിൻ. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്നോട് കാണിച്ച കരുണയ്ക്കും സ്നേഹത്തിനും ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ധൈര്യമായിരിക്കുക. നീ നിന്റെ പിതാവിന്റെ കരങ്ങളിലാണ്. നമ്മൾ നമുക്ക്. അതെ, എന്നേക്കും. 27/01/1989. കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ ജീവിതത്തിലെ പ്രധാന അധികാരി ഞാനാണ്. അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കട്ടെ. കാരണം ആയിരിക്കുന്നവൻ ഞാനാണ്. എന്റെ പ്രകാശത്തിൽ നിലനിൽക്കുക. മനുഷ്യരെ എന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്ന് എന്നെ പ്രസാദിപ്പിക്കുക. നിന്റെ ശിശുസഹജമായ വാക്കുകളാൽ എന്നെ സ്നേഹപൂർവ്വം തലോടുക. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. എപ്പോഴും എന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം നിനക്കുണ്ടായിരിക്കട്ടെ. ഇപ്പോൾ എന്നെ ഒരു രാജാവായി പരിഗണിക്കുക. സ്നേഹത്തിന്റെ പുഷ്പമാലകൾ എനിക്ക് സമർപ്പിക്കുക. സ്വർഗ്ഗത്തിലെത്തുന്ന കുന്തിരിക്ക ധൂപം പോലെ നിന്റെ പ്രാർത്ഥനകൾ എന്റെ സന്നിധിയിൽ എത്തട്ടെ. മനുഷ്യരെ രക്ഷിക്കുന്നതിനായി അവരെ എന്റെ അടുക്കൽ കൊണ്ടുവരിക. എന്റെ തിരുഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഞാൻ അവരെ തള്ളിക്കയറ്റുന്നതിന് മനുഷ്യരെ നീ എന്റെ പക്കൽ കൊണ്ടുവരിക. അവർ ഓരോരുത്തരിൽ നിന്നും സ്നേഹത്തിന്റെ തീച്ചൂളയിൽ ജ്വലിക്കുന്ന ദീപങ്ങൾ ഉളവാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എന്നെ ബഹുമാനിക്കുക. സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രസംഗിക്കുക. വരൂ, എന്നെ സ്തുതിക്കുവിൻ. എന്റെ നികൃഷ്ടതയിലേക്ക് നോക്കി എന്നോട് കരുണ കാണിച്ച് എന്നെ ഉയർത്തിയെടുത്തതിന് കർത്താവ് സ്തുതിക്കപ്പെടട്ടെ. മൃതരുടെ ഇടയിൽ നിന്ന് എന്നെ ഉയർത്തിയെടുത്തതിനാൽ കർത്താവ് സ്തുതിക്കപ്പെടട്ടെ. ദുഷ്ടതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുവാൻ ഞങ്ങളിലേക്ക് കുനിഞ്ഞിറങ്ങി വന്നതിന് ദൈവം സ്തുതിക്കപ്പെടട്ടെ. അവിടുത്തെ മക്കളോടുള്ള കർത്താവിന്റെ കാരുണ്യത്തിന് കർത്താവ് വാഴ്ത്തപ്പെടട്ടെ. ആമേൻ. എന്നിൽ നിന്ന് പോഷണം സ്വീകരിക്കുക. വരൂ, നമ്മൾ നമുക്ക്. അതെ, എന്റെ കർത്താവേ.