Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 75: കപടവും വ്യാജവുമായതെല്ലാം ഞാൻ നീക്കം ചെയ്യും
Transcript
- എപ്പിസോഡ് 75. 17/08/1988. എന്റെ കർത്താവേ. ഇത് ഞാനാണ്; ഞാൻ രക്ഷകനാണ്, അതിനാൽ എന്നെ വിശ്വസിക്കുക. എന്റെ സൃഷ്ടികൾക്ക് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ സാർവത്രിക സന്ദേശം നൽകുന്നതിനും, എപ്രകാരം എന്റെ തിരുഹൃദയം നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുവാൻ ഞാൻ നിന്നിലൂടെ ലോകത്തിലേക്ക് വന്നിരിക്കുന്നു. അല്ലയോ വസൂല, നിങ്ങൾ എല്ലാവരോടുമുള്ള എന്റെ കാരുണ്യം വളരെ വലുതാണ്. പ്രിയപ്പെട്ട ദേഹികളേ, നിങ്ങളുടെ ശുദ്ധീകരണത്തിനുള്ള നാളുകൾ അടുത്തുകൊണ്ടിരിക്കുന്നു; നിങ്ങളോടുള്ള സ്നേഹം മൂലമാണ് ഈ ശുദ്ധീകരണത്തിലൂടെ ഞാൻ ചെയ്യുന്നത്. നരകത്തിന്റെ കവാടത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിങ്ങളുടെ ഈ ശുദ്ധീകരണം. ഇടിമിന്നൽ പോലെ ഞാൻ നിങ്ങളിലേക്ക് പൊടുന്നനെ ഇറങ്ങി വരുകയും, എന്റെ അഗ്നിയാൽ നിങ്ങളെ നവീകരിക്കുകയും ചെയ്യും. സ്നേഹത്തിന്റെ എന്റെ ആത്മാവ് നിങ്ങളെ സ്നേഹത്തിലേക്ക് ആകർഷിച്ചടുപ്പിച്ചുകൊണ്ട് നിങ്ങളെ രക്ഷിക്കുകയും, നിങ്ങളെ ജീവനുള്ള സ്നേഹജ്വാലയായി മാറ്റുകയും ചെയ്യും. സ്വർണം അഗ്നിയിലൂടെ ശുദ്ധീകരിക്കുന്നതുപോലെ, നിങ്ങളുടെ പാപക്കറകളുള്ള ദേഹികളെ കളങ്കരഹിതമായ, പരിശുദ്ധമായ ദേഹികളാക്കി മാറ്റി ശുദ്ധീകരിക്കുന്നതിന് വേണ്ടി, സ്വർഗ്ഗത്തിൽ നിന്ന് എന്റെ ആത്മാവിനെ ഞാൻ നിങ്ങളുടെ മേൽ വർഷിക്കും. സ്നേഹത്തിന്റെ എന്റെ ആത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ, നിങ്ങളുടെ രക്ഷയുടെ സമയം നിങ്ങൾ തിരിച്ചറിയും. ഈ ശുദ്ധീകരണം സംഭവിക്കുന്നില്ലെങ്കിൽ, ഞാൻ നിങ്ങളോട് മുൻകൂട്ടി പറഞ്ഞിട്ടുള്ള പുതിയ ആകാശമോ പുതിയ ഭൂമിയോ നിങ്ങൾ കാണുകയില്ല. എന്റെ കുഞ്ഞേ, എന്റെ അഗ്നിയാൽ, എന്റെ സ്നേഹത്താൽ, എന്റെ കാരുണ്യത്താൽ, എന്റെ നീതിയാൽ, എന്റെ മക്കളായ നിങ്ങൾ മുളച്ചുവളരുകയും, എന്റെ പ്രകാശവും എന്റെ മഞ്ഞുതുള്ളിയും അന്വേഷിച്ചുകൊണ്ട് സൂര്യനെ നോക്കുന്ന ഇളം ലില്ലിപ്പൂക്കളെ പോലെ വിടരുകയും ചെയ്യും. നിങ്ങൾ സ്നേഹത്തിന്റെ ഒരു പുതിയ യുഗം കാണേണ്ടതിന്, എന്റെ സ്വർഗ്ഗത്തിൽ നിന്ന് എന്റെ പ്രകാശം നിങ്ങളുടെ മേൽ ചൊരിഞ്ഞുകൊണ്ട് നിങ്ങളെ ഞാൻ അലങ്കരിക്കുകയും, എന്റെ മഞ്ഞുതുള്ളികൾ നിങ്ങളുടെ മേൽ വീഴ്ത്തിക്കൊണ്ട് ഞാൻ നിങ്ങളെ പുഷ്ടിപ്പെടുത്തുകയും ചെയ്യും. എന്റെ ശക്തിയാൽ ഞാൻ എല്ലാ അകൃത്യങ്ങളെയും വഷളത്തരങ്ങളെയും തിന്മകളെയും തുടച്ചുനീക്കും. ഒരു അതിഭയങ്കരമായ പെരുമഴ പോലെ ഞാൻ നിങ്ങളുടെ മേൽ ഇറങ്ങി വന്ന് നിങ്ങളെ ശുദ്ധീകരിക്കുകയും, നിങ്ങളുടെ എല്ലാ തിന്മകളും നിങ്ങളിൽ നിന്ന് കഴുകിക്കളയുകയും ചെയ്യും. ശുദ്ധമായ ഒരു സ്വർണ്ണസ്തംഭം പോലെ ഞാൻ നിങ്ങളെ നിർത്തും. ശക്തിയുള്ള എന്റെ തീക്ഷ്ണമായ സ്നേഹത്താൽ, എല്ലാ തെറ്റുകളെയും വ്യാജമായിട്ടുള്ള സകലതിനെയും ഞാൻ തുടച്ചുമാറ്റും. മഴത്തുള്ളികൾ ചെളി കഴുകിക്കളയുന്നതുപോലെ, നിങ്ങളുടെ ദേഹിയെ കളങ്കപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ പാപങ്ങളെ എന്റെ മഹോന്നതമായ സ്നേഹം നിങ്ങളിൽ നിന്ന് കഴുകിക്കളയും. നിങ്ങളുടെ രക്ഷകനായ ഞാൻ, സൃഷ്ടികളായ നിങ്ങളെ നവീകരിക്കുകയും, എന്റെ സമ്മാനം നിങ്ങൾക്ക് നൽകുകയും ചെയ്യും. എന്റെ സമ്മാനം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരും: ഒരു തിളങ്ങുന്ന ജെറുസലേം, നിർമ്മലവും പരിശുദ്ധവും പുനർനിർമ്മിതവുമായ സഭ. എന്തെന്നാൽ, ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ ഞാൻ, സഭയുടെ മധ്യത്തിൽ, സഭയുടെ ഉള്ളിലായിരിക്കും വസിക്കുന്നത്. സഭയുടെ ജീവന്റെ തുടിപ്പ് അവളുടെ സ്പന്ദനങ്ങളിലൂടെ നിങ്ങൾ അനുഭവിച്ചറിയും; എന്തെന്നാൽ, എന്റെ തിരുഹൃദയം അവളുടെ ഉള്ളിൽ തുടിച്ചുകൊണ്ടിരിക്കും. ദശലക്ഷക്കണക്കിന് മാലാഖമാർ സ്വർഗ്ഗത്തിൽ നിന്ന് ഒരു മനോഹരമായ താലത്തിൽ വെച്ചിരിക്കുന്നതുപോലെ, ഒരു പുതിയ നഗരവും ഒരു പുതിയ സഭയും ഇറക്കിക്കൊണ്ടുവരുന്ന ഒരു ദർശനം കർത്താവ് എനിക്ക് നൽകി. സർവ്വരുടെയും കർത്താവായ ഞാൻ, എന്റെ ഹൃദയം അഗ്നി ജ്വലിക്കുന്നതുപോലെ തീഷ്ണമായിരിക്കുന്നു. എന്റെ സ്നേഹത്തിന്റെ ചൂളയിൽ നിങ്ങളെ തള്ളിയിട്ടുകൊണ്ട്, നിങ്ങളെ പരമാനന്ദ ലഹരിയിലാക്കുന്നതിനും, നിങ്ങളുടെ പ്രിയപ്പെട്ട ദൈവമായ എന്നോടുള്ള സ്നേഹം മൂലം നിങ്ങളെ സ്വർഗ്ഗീയ സന്തോഷത്താൽ നിറയ്ക്കുന്നതിനും, എന്റെ തിരുഹൃദയം തീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു. അതെ, നിങ്ങൾ ഓരോരുത്തരിൽ നിന്നും എന്റെ അഗ്നിയാൽ ജ്വലിക്കുന്ന ജീവനുള്ള ബലിപീഠം ഞാൻ ഉരുവാക്കും. അല്ലയോ എന്റെ സൃഷ്ടികളേ, എന്റെ അഗ്നി നിങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുമ്പോൾ, നിങ്ങൾ ഇപ്രകാരം നിലവിളിച്ചു പറയും: "അങ്ങ് മാത്രമാണ് ഏകദൈവം, നീതിമാനായ ദൈവമേ, അങ്ങ് സത്യമായും കുഞ്ഞാടാണ്, അങ്ങാണ് ഞങ്ങളുടെ സ്വർഗ്ഗീയ പിതാവ്." എങ്ങനെയാണ് ഞങ്ങൾ ഇത്രമാത്രം അന്ധരായി തീർന്നത്? അല്ലയോ പരിശുദ്ധരിൽ പരിശുദ്ധനെ, ഞങ്ങളിൽ ആയിരിക്കണമേ, ഞങ്ങളിൽ വസിക്കണമേ, ഞങ്ങളുടെ രക്ഷകനെ ഞങ്ങളിലേക്ക് വരണമേ. നിങ്ങളുടെ ഈ നിലവിളി ഞാൻ കേൾക്കാതിരിക്കുകയില്ല; ഇടിമിന്നൽ വേഗത്തിൽ ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വന്ന് നിങ്ങളുടെ മധ്യേ വസിക്കും. പ്രിയപ്പെട്ടവരെ, ആരംഭം മുതൽ തന്നെ നിങ്ങൾ എന്റെ സ്വന്തം മക്കളായിരുന്നെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും. ഞാൻ നിങ്ങളുടെ മധ്യേ വസിക്കുകയും, നിത്യമായ സ്നേഹത്താൽ നിങ്ങളുടെ മേൽ ഭരണം നടത്തുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായിരിക്കും; നിങ്ങൾ എന്റെ സ്വന്തം ജനമായിരിക്കും. പ്രിയപ്പെട്ട ദേഹീ, എന്നെ നിന്റെ രാജാവായി പരിഗണിക്കുക; നിന്റെ സ്നേഹത്താൽ എന്നെ കിരീടം അണിയിക്കുക. നമ്മൾ, നമുക്ക്, വരൂ. 18/08/1988. ഒരു ആശ്രമം സന്ദർശിച്ച അവസരം. ഞാൻ പരിചയപ്പെട്ട ഒരു സമൂഹത്തിലെ അംഗങ്ങൾ വളരെയധികം മനോവേദന അനുഭവിക്കുന്നു; ഒരു പിശാച് അവരെ പീഡിപ്പിക്കുന്നതായി അവർക്ക് അനുഭവപ്പെടുന്നു. അവരെ സഹായിക്കണമെന്ന് ഞാൻ കർത്താവിനോട് അപേക്ഷിച്ചു: "കർത്താവേ. ഇത് ഞാനാണ്. മകളേ, ഏതൊരു വ്യക്തിയും മനസ്സുവയ്ക്കുകയും സ്വയം തുറന്നുതരികയും ചെയ്യുകയാണെങ്കിൽ, ഏതൊരു തിന്മയിൽ നിന്നും അവർക്ക് മോചനം പ്രാപിക്കാം. ഓരോ വ്യക്തിക്കും ഞാൻ ഈ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്; അവരുടെ ഇച്ഛാശക്തി, അഥവാ അവരുടെ സ്വാതന്ത്ര്യം, അവരുടേത് മാത്രമാണ്. ഒരു വ്യക്തി തന്നെത്തന്നെ എനിക്ക് തുറന്നുതരാതെ കടുംപിടുത്തത്തിൽ കഴിയുകയാണെങ്കിൽ, എങ്ങനെ എനിക്ക് ആ വ്യക്തിയിൽ പ്രവേശിക്കാൻ കഴിയും? ഞാൻ കർത്താവും ദൈവവുമാണ്; എന്നാൽ നിങ്ങൾ ഓരോരുത്തർക്കും ഞാൻ സ്വാതന്ത്ര്യവും സ്വതന്ത്ര മനസ്സും നൽകിയിരിക്കുന്നു. എന്നിൽ വിശ്വസിച്ച് എനിക്ക് നിങ്ങളുടെ സ്വതന്ത്ര മനസ്സിനെ സമർപ്പിക്കുകയാണെങ്കിൽ, നിങ്ങളെ തന്നെ എനിക്ക് സമർപ്പിക്കുകയാണെങ്കിൽ, ഞാൻ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ച് നിങ്ങളെ സൗഖ്യമാക്കും. ഞാൻ ബലം പ്രയോഗിച്ച് നിങ്ങളുടെ അകത്ത് പ്രവേശിക്കുകയില്ല; ഞാൻ നിങ്ങളുടെ ഹൃദയവാതിൽക്കൽ നിങ്ങൾ നിങ്ങളെത്തന്നെ തുറന്നുകൊണ്ട് എന്നെ സ്വാഗതം ചെയ്ത്, എന്നെ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് സ്വീകരിക്കുന്നതിന് ഞാൻ കാത്തിരിക്കുന്നു. 19/08/1988. കർത്താവേ, അങ്ങയെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അങ്ങയോട് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, അങ്ങ് എനിക്ക് ചെയ്തുതന്ന നന്മകൾക്കും, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങൾക്ക് ഞാൻ അങ്ങയോട് നന്ദി പറയുന്നു. അങ്ങ് എനിക്ക് നൽകിയ കൃപകൾക്ക് പകരം നൽകുവാൻ എനിക്ക് ഒരിക്കലും സാധിക്കുകയില്ല. കർത്താവേ. ഇത് ഞാനാണ്. പുഷ്പമേ, എന്നിൽ ആശ്രയിക്കുക; ഏറ്റവും നികൃഷ്ടരായവർക്ക് പോലും ഞാൻ അനുഗ്രഹങ്ങൾ നൽകും. ഞാൻ കരുണയുടെ അഗാധ സമുദ്രമാണ്; എന്നാൽ എനിക്ക് അത്യധികം ദുഃഖം പ്രധാനം ചെയ്തുകൊണ്ട്, നിങ്ങളിൽ അനേകം പേർ എന്റെ കരുണയെക്കുറിച്ചും അനന്ത സ്നേഹത്തെക്കുറിച്ചും വിസ്മരിച്ചിരിക്കുന്നു. ഞാൻ പക്ഷപാതം കാണിക്കുന്ന ദൈവമല്ല; ഞാൻ നീതിമാനായ ദൈവമാണ്. നിങ്ങളിൽ ഏറ്റവും ദുഷ്ടനായവർക്ക് പോലും ഞാൻ നന്മകൾ ചെയ്യുന്നു. നിങ്ങൾ എന്റെ അടുക്കലേക്ക് മടങ്ങി വരിക; അങ്ങനെ നിങ്ങൾ എന്റെ തിരുഹൃദയത്തെ ആനന്ദഭരിതമാക്കുക. നിനക്ക് എന്നോടുള്ള സ്നേഹം ചിലപ്പോൾ മന്ദോഷണമായതാണെങ്കിൽ പോലും, ഞാൻ അത് സ്വീകരിക്കും. നിന്റെ സ്നേഹം എനിക്ക് തരിക; എന്റെ ദൈവീകതയിൽ ഞാൻ അതിനെ പരിപൂർണ്ണതയുള്ളതാക്കാം. ഇപ്പോൾ ചെയ്തതുപോലെ, യാതൊരു സ്വാർത്ഥ താൽപ്പര്യങ്ങളും ഇല്ലാതെ, എന്റെ അടുക്കൽ വന്ന് നിന്റെ സ്നേഹം എനിക്ക് സമർപ്പിക്കുക. നിന്റെ സ്നേഹം എനിക്ക് സമർപ്പിക്കുവാൻ എന്റെ അടുക്കൽ വരുന്നതിന് നീ പരിപൂർണ്ണത പ്രാപിക്കുന്നതുവരെ കാത്തിരിക്കരുത്. നിന്റെ സ്നേഹം എനിക്ക് സമർപ്പിക്കുന്നതിന് നീ ഒരു വിശുദ്ധയാകുന്നതുവരെ കാത്തിരിക്കരുത്. നീ ആയിരിക്കുന്ന അവസ്ഥയിൽ, നിന്റെ എല്ലാ കുറവുകളോടും കൂടെ എന്റെ അടുക്കൽ വരിക; എന്റെ പരിശുദ്ധിയിൽ ഞാൻ നിന്റെ കുറവുകളെ പരിശുദ്ധമായി രൂപാന്തരപ്പെടുത്തി, നിനക്ക് മുകളിൽ അതിനെ പ്രതിഫലിപ്പിക്കും. കുഞ്ഞു ദേഹീ, നീ എനിക്ക് തരുന്നതെന്തിനെയും ഞാൻ പരിശുദ്ധമായി അലങ്കരിക്കും. അതിനാൽ, നിന്റെ സ്നേഹം എനിക്ക് സമർപ്പിക്കുന്നതിന് നീ ആയിരിക്കുന്ന അവസ്ഥയിൽ എന്റെ അടുക്കൽ വരിക. നിങ്ങളിൽ അനേകരിലും ഈ സ്നേഹമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ദേഹീ, എത്രയധികം ആളുകൾ, ദേഹികൾ, ഇപ്പോൾ ശുദ്ധീകരണ സ്ഥലത്ത് വേദന സഹിക്കുന്നുണ്ടെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അവർക്ക് എന്റെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്, അവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷിക്കുക; അവർ എന്നോടൊപ്പം ആയിരിക്കുന്നതിന് അത്യധികം ആഗ്രഹിക്കുന്നു. എന്നാൽ അവരുടെ കുറ്റങ്ങൾ മൂലം അവർക്ക് അതിനു സാധിക്കുന്നില്ല. പ്രാർത്ഥനയാലും പരിത്യാഗ പ്രവർത്തികളാലും അവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷിക്കുക. എന്നെ സ്നേഹിച്ചുകൊണ്ട്, എന്നെ ആരാധിച്ചുകൊണ്ട്, അവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷിക്കുക. നിന്നെ തന്നെ എന്നോടും എന്റെ കുരിശിനോടും ചേർത്തുനിർത്തിക്കൊണ്ട്, അവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷിക്കുക. എന്റെ സ്നേഹത്തിന്റെ പ്രവർത്തികളാൽ അവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷിക്കുക. എന്റെ സഹനങ്ങളിൽ പങ്കുചേർന്നുകൊണ്ട്, അവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന് രക്ഷിക്കുക. വസൂല, എന്നോട് വീണ്ടും, എന്നെന്നേക്കുമായി, ഐക്യപ്പെടുന്നതിന് വേണ്ടി എന്നെ കാത്തിരുന്ന് അവർ തളർന്നിരിക്കുന്നു; എന്നാൽ അവർ എന്റെ സന്നിധിയിൽ വരുന്നതിനു മുമ്പ്, അവർ അവരെ തന്നെ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. കർത്താവേ, അവർ വീണ്ടും എന്നോട് ഐക്യപ്പെടുന്നതിന് വേണ്ടി എന്ന് അങ്ങ് പറഞ്ഞുവല്ലോ; അവരുടെ മരണശേഷം കുറച്ചുനേരത്തെങ്കിലും അവർ അങ്ങയുടെ സന്നിധിയിൽ ഉണ്ടായിരുന്നോ? അവരുടെ ശരീരത്തിൽ നിന്ന് അവരുടെ ദേഹിയെ ഞാൻ വേർപെടുത്തി; ഒരു നിമിഷനേരത്തേക്ക് എന്റെ പരിശുദ്ധ മുഖം ഞാൻ അവരെ കാണിച്ചു. ആ നിമിഷം തന്നെ അവരുടെ കണ്ണുകളിലെ മറ നീങ്ങുകയും, എന്നെ എന്റെ പരിശുദ്ധിയിലും എന്റെ പ്രകാശത്തിലും അവർ കണ്ടു. തൽസമയം അവർ സത്യത്തെ മുഖാമുഖം കാണുകയും, പാപം നിമിത്തം അവരുടെ ദേഹി എത്രമാത്രം കളങ്കപ്പെട്ടിരിക്കുന്നു എന്ന് അവർ തിരിച്ചറിയുകയും ചെയ്തു. എന്റെ തുറന്നിരിക്കുന്ന കരങ്ങളിലെ ആശ്ലേഷത്തിനും, എന്നെ അനുഗമിക്കുന്നതിനും ഉള്ള തീക്ഷ്ണമായ ആഗ്രഹം അവർക്കുണ്ടെങ്കിലും, തങ്ങളുടെ ദേഹിയെ വിശുദ്ധീകരിക്കാതെ ഇത് അസാധ്യമാണെന്ന സത്യം അവർ ഗ്രഹിച്ചു. അതിനാൽ, അതിതീവ്രമായ ദുഃഖത്താൽ അവർ എന്നിൽ നിന്ന് പിന്തിരിഞ്ഞുകൊണ്ട്, ശുദ്ധീകരണത്തിനുവേണ്ടി തങ്ങളെ തന്നെ ഒരുക്കുകയും ചെയ്യുന്നു. ദൈവം തങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും, തടസ്സം തങ്ങളുടെ അയോഗ്യതയാണെന്നും അവർ തിരിച്ചറിയുന്നു. തങ്ങളുടെ അയോഗ്യതയെക്കുറിച്ചുള്ള അവരുടെ ഈ തിരിച്ചറിവ് അവരെ വേദനിപ്പിക്കുകയും, വാക്കുകൾക്കതീതമായി ദഹിപ്പിക്കുകയും ചെയ്യുന്നു. എന്തെന്നാൽ, അവർക്ക് എന്നെ കാണുവാൻ സാധിക്കുന്നില്ല; എന്റെ അസാന്നിധ്യം അവരെ പൊള്ളിക്കുന്നു. എന്റെ അസാന്നിധ്യമാണ് ശുദ്ധീകരണ സ്ഥലത്ത് അവർക്കുള്ള ഏറ്റവും കഠിനമായ സഹനം. അവരുടെ പാപങ്ങൾക്കനുസരിച്ച്, അഗ്നിയിലുള്ള മറ്റു പലതരത്തിലുള്ള സഹനങ്ങൾക്കും അവർ വിധേയരാകുന്നു. സൃഷ്ടികളേ, നിങ്ങളുടെ ദേഹിയെ മുൻകൂട്ടി വിശുദ്ധീകരിക്കുക; മരണം നിങ്ങളെ മറയ്ക്കുന്നതുവരെ കാത്തിരിക്കരുത്. നിങ്ങളുടെ ദേഹിയെ നിർമ്മലമായി, കുറ്റമറ്റവിധം കാത്തുസൂക്ഷിക്കുക. നിങ്ങൾക്ക് സാധിക്കുന്നതനുസരിച്ച്, കൂടെക്കൂടെ വിശുദ്ധ കുർബാനയിൽ സജീവമായി പങ്കുകൊണ്ട്, എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുക. കൂടെക്കൂടെ അനുതപിക്കുകയും, നിങ്ങളുടെ മരണനിരത്തിനായി നിങ്ങൾ ഒരുങ്ങുകയും ചെയ്യുക. ഉപവസിക്കുക; ഉപവാസം നിങ്ങളെ സഹായിക്കും. എന്റെ സ്വരം, എന്റെ വചനം ശ്രവിക്കുക. നിങ്ങളുടെ മരണത്തിലൂടെയുള്ള നമ്മുടെ കണ്ടുമുട്ടൽ ഇന്നുതന്നെയാണെന്ന വിധം നിങ്ങളുടെ ദേഹിയെ ഒരുക്കുക. കാത്തിരിക്കരുത്; കാത്തിരിപ്പ് ഉറക്കം പോലെയാണ്. കാത്തിരിക്കുക എന്നത് നിങ്ങളുടെ വിളക്കുകൾ എണ്ണയില്ലാതെ വെക്കുന്നതുപോലെയാണ്. നിങ്ങളുടെ രക്ഷകനെ എതിരേൽക്കുവാൻ ഒരുങ്ങുക. നിങ്ങളെ ഞാൻ അതിരുകളില്ലാതെ, ഭ്രാന്തോടെ സ്നേഹിക്കുന്നു. എന്റെ അതിരറ്റ, അനന്തമായ കരുണ നിമിത്തം, നിങ്ങളെ എല്ലാവരെയും ഒരുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പിന്നീട് പരിശുദ്ധ മറിയം സംസാരിക്കുന്നു: "മാമാ, നിനക്ക് എന്റെ സമാധാനം ആശംസിക്കുന്നു." അതെ, വാസുല, 13 വർഷങ്ങൾക്കു മുമ്പ് നിന്റെ മൂത്ത മകൻ സൗഖ്യം പ്രാപിക്കുന്നതിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചു. എന്റെ കണ്ണീരും, പിതാവിനോടുള്ള എന്റെ അപേക്ഷയുമാണ് നിന്റെ മകനെ രക്ഷിച്ചത്. ദൈവപിതാവിനെ സ്നേഹിക്കുക; എന്തെന്നാൽ, അവിടുന്ന് പരമകാരുണികനാണ്. ഞാൻ എന്തു പറയുവാനാണ്? അങ്ങേയ്ക്ക് നന്ദി പറഞ്ഞാൽ മതിയാവില്ല; ഞാൻ എന്തു പറഞ്ഞാലും, പ്രവർത്തിച്ചാലും മതിയാവില്ല. എന്റെ കുഞ്ഞേ, നിന്നെ തന്നെ ദൈവത്തിന് പൂർണ്ണമായി വിട്ടുകൊടുക്കുക; കൂടെക്കൂടെ നിന്നെ ദൈവത്തിന് സമർപ്പിക്കുക. ഈ സമർപ്പണം ദൈവത്തെ നന്നായി പ്രസാദിപ്പിക്കുന്നു. ആത്മവിശ്വാസത്തോടെ ഇരിക്കുക; എന്തെന്നാൽ, നീ ദൈവത്തിന്റെ കരങ്ങളിലാണ്. എന്റെ സമാധാനം ഞാൻ നിനക്ക് തരുന്നു; ദൈവത്തെ അനുസരിച്ചുകൊണ്ട് അവിടുത്തെ മഹത്വപ്പെടുത്തുക. അമ്മേ, ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു. ഞാൻ നിന്നെയും നിന്റെ കുടുംബത്തെയും അനുഗ്രഹിക്കുന്നു. പിന്നീട്. വാസുല, ഫാത്തിമയിൽ ഞാൻ പ്രവചിച്ചിട്ടുള്ള പല കാര്യങ്ങളും താമസിയാതെ നിറവേറുമെന്ന് നിന്നോട് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ കൃപ നിറഞ്ഞവളാണ്; ഈ വർഷം മുതൽ ആ കൃപകൾ എന്റെ മക്കളുടെ മേൽ വർഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിശ്ചയിക്കപ്പെട്ട സമയം സമാഗതമായിരിക്കുന്നു. അവശേഷിച്ചിരിക്കുന്ന ഈ കുറഞ്ഞ കാലയളവിൽ, നിങ്ങളുടെ പരിശുദ്ധ അമ്മയായ ഞാൻ, ഇതിനു മുമ്പ് എന്നതിനേക്കാൾ അധികമായി നിങ്ങളുടെ സമീപത്തുണ്ടായിരിക്കും. നിങ്ങളെ വളർത്തുന്നതിനും, നിങ്ങളെ പ്രതി അത്യധികമായി സഹിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ അടുക്കലേക്ക് നിങ്ങളെ ആകർഷിച്ചടുപ്പിക്കുന്നതിനുമായി, നിങ്ങളിൽ അനേകരുടെ മേൽ എന്റെ കൃപകൾ ഞാൻ വർഷിക്കും. മകളേ, ഒരു വ്യക്തി ഞങ്ങളുടെ പക്കലേക്ക് തിരിച്ചുവരുന്ന നിമിഷം, ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് ഒരു മുള്ള് പറിച്ചു മാറ്റപ്പെടും. ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന ഒരു വ്യക്തി വിളിച്ചു പറയുന്ന നിമിഷം, ഒരു മുള്ള് ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് പറിച്ചു മാറ്റപ്പെടുകയും, ആ സ്ഥാനത്ത് ഒരു പുഷ്പം വിടർന്നു വരികയും ചെയ്യും. മകളേ, നിനക്ക് സമാധാനം. നമ്മൾ, നമുക്ക്. അതെ, നമ്മൾ, നമുക്ക്. 20/08/1988. യേശുവേ. ഇത് ഞാനാണ്. പ്രിയപ്പെട്ടവളേ, എന്നിൽ നിന്ന് വരുന്ന വെളിപ്പെടുത്തലുകളെയും പ്രത്യക്ഷീകരണങ്ങളെയും ആക്ഷേപിക്കുവാൻ അനേകം മനുഷ്യരെ പ്രേരിപ്പിച്ചുകൊണ്ട്, സാത്താൻ അവരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഞാൻ നിന്നെ രക്ഷിക്കുവാൻ വന്നിട്ടില്ലായിരുന്നെങ്കിൽ, നീ ഇപ്പോഴും സാത്താന്റെ പിടിയിൽ ആയിരിക്കുമായിരുന്നു. എന്റെ കാരുണ്യത്തിൽ വിശ്വസിക്കുക; എന്റെ പ്രവർത്തികളിൽ വിശ്വസിക്കുക. ഞാൻ നിന്നെ രക്ഷിക്കുവാൻ വന്നിട്ടില്ലായിരുന്നെങ്കിൽ, നിന്റെ ഇപ്പോഴത്തെ അവസ്ഥയും പണ്ടത്തെ അവസ്ഥയും തമ്മിൽ താരതമ്യം ചെയ്തു നോക്കുക. ഞാൻ പ്രകാശമാകുന്നു; ഞാൻ നിന്നെ അന്ധകാരത്തിൽ നിന്ന് രക്ഷിച്ചു. വസൂല, സാത്താൻ നിരാശനാണ്; നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാനും ഭിന്നിപ്പിക്കുവാനും അവൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയുക. നിങ്ങൾ എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുവാൻ അവൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്റെ പ്രവർത്തികൾ മനുഷ്യരെ എങ്ങനെയാണ് രക്ഷിക്കുന്നത് എന്ന് അവനറിയാം; അക്കാരണത്താലാണ് എന്റെ പദ്ധതികളെ തകർക്കുവാനും, അവയ്ക്കെതിരെ പോരാടുവാനും അവൻ ആഗ്രഹിക്കുന്നത്. ഞാൻ എപ്പോഴും നിങ്ങളുടെ സമീപത്തുണ്ടായിരിക്കും. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ രണ്ടാം അധ്യായം വായിക്കുക; അനേകർക്ക് ഉന്നതത്തിൽ നിന്ന് എന്റെ ആത്മാവിനെ ലഭിക്കുന്നു. എന്നാൽ പതിവുപോലെ, എന്റെ രഹസ്യങ്ങളെ വിശദീകരിക്കുവാനോ വിവേചിച്ചറിയുവാനോ കഴിയാതെ, ചിലർ അവയെ പരിഹസിച്ചു തള്ളിക്കളയുന്നു. എന്റെ ആത്മാവിനെ എല്ലാ മനുഷ്യരുടെയും മേൽ ഞാൻ വർഷിക്കുമെന്ന് ഞാൻ വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; യുവാക്കൾ ദർശനങ്ങൾ കാണും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. നിങ്ങളിൽ ഏറ്റവും നിസ്സാരരുടെ മേൽ പോലും എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. ആകാശത്തും ഭൂമിയിലും ഞാൻ അടയാളങ്ങൾ കാണിക്കും. സൃഷ്ടികളേ, ഈ പ്രവചനങ്ങൾ നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടോ? സാത്താന്റെ ഗണികളെക്കുറിച്ച് ജാഗ്രത പാലിക്കുക; സാത്താന്റെ ദുഷ്ടതകളെപ്പറ്റി ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടല്ലോ. എന്റെ കുഞ്ഞേ, ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു; ഞാൻ നിന്നെ ഒരിക്കലും വഴിതെറ്റാൻ അനുവദിക്കുകയില്ല. കർത്താവേ, വ്യാജമായ പ്രത്യക്ഷപ്പെടലുകളും വെളിപാടുകളും ഉണ്ടല്ലോ. ശരിയാണ്, വ്യാജമായ പ്രത്യക്ഷപ്പെടലുകളും വെളിപാടുകളും ഉണ്ട്; എന്നാൽ താമസിയാതെ ഞാൻ അവയെ തുറന്നുകാട്ടുകയും, അവ വ്യാജമാണെന്ന് വ്യക്തമാക്കി തരികയും ചെയ്യും. ഏത് പിതാവാണ് തന്റെ കുഞ്ഞ് വർഷങ്ങളായി തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് കണ്ടിട്ട് മുന്നറിയിപ്പ് നൽകാതിരിക്കുന്നത്? അഥവാ, ഏത് പിതാവാണ് തന്റെ കുഞ്ഞ് വഞ്ചിക്കപ്പെടുന്നത് കണ്ടിട്ട് നിശബ്ദനായിരിക്കുന്നതും, മുന്നറിയിപ്പ് നൽകാതിരിക്കുന്നതും, അവന് സത്യം കാണിച്ചു കൊടുക്കാതിരിക്കുന്നതും? അങ്ങനെയെങ്കിൽ, സ്നേഹവും കരുണയുമായ ഞാൻ നിശബ്ദനായിരിക്കുമോ? എന്റെ കുഞ്ഞ് ആ അപകടത്തിൽ പെട്ടിട്ട് സത്യം വെളിപ്പെടുത്തി തരുവാൻ ഞാൻ ഓടി വരാതിരിക്കുമോ? സത്യം ഗ്രഹിക്കുവാൻ പരിശ്രമിക്കുക. എന്റെ ദൈവമേ, ഞങ്ങൾ എല്ലാവരോടുമുള്ള അങ്ങയുടെ ക്ഷമയെ ഓർത്ത് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ കാരുണ്യം നിശ്ചയമായും വളരെ വലുതാണ്. വസൂല, എന്റെ ഈ കാരുണ്യത്തെക്കുറിച്ച് അവർ മനസ്സിലാക്കിയിരുന്നെങ്കിൽ, എന്റെ അടുക്കലേക്ക് വരൂ. ഞാൻ അവിടുത്തെ ചാരത്തക്കവിധം അവിടുത്തോട് ചേർന്നിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി. നീ എന്നെ ചാരിയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; എന്റെ എല്ലാ സൃഷ്ടികളും എന്നെ ചാരിയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.