Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 66: ഞാൻ യേശു, യേശു എന്നാൽ "രക്ഷകൻ"
Transcript
- എപ്പിസോഡ് 66. 5. 4.1988. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ. നീ യേശുവിനോടൊപ്പം പ്രവർത്തിക്കുമോ? ഉവ്വ, പരിശുദ്ധ മറിയമേ, എന്റെ വിശ്വാസവും പ്രത്യാശയും സ്നേഹവും വർദ്ധിപ്പിച്ചുകൊണ്ട് യേശുവിനെ അനുസരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം. കുഞ്ഞേ, അനുസരിക്കുവാൻ പരിശ്രമിക്കുക; നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. ഞാനും നിന്നെ പഠിപ്പിക്കും: സർവ്വവും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുക; അവിടുന്ന് നിന്നെ നിരാശപ്പെടുത്തുകയില്ല. ഇതാ, യേശു ഇവിടെയുണ്ട്. യേശു എന്റെ വലത്തുവശത്ത് നിൽക്കുകയായിരുന്നു; അവിടുത്തെ കാൽ എന്റെ കാലിനോട് ബന്ധിച്ചിട്ടുള്ളത് അവിടുന്ന് എന്നെ കാണിച്ചു തന്നു. ഈ ബന്ധം നിത്യമാണെന്ന കാര്യം ഓർക്കണം. ഞാൻ എപ്പോഴും നിന്റെ അരികെയുണ്ട്. വരൂ, മനുഷ്യരുടെ രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. എന്റെ പീഡാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും നീ ധ്യാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏപ്രിൽ മാസം ഈ ആഴ്ചയിലായിരുന്നു ഞാൻ ക്രൂശിക്കപ്പെട്ടത്; ഇക്കാര്യത്തിൽ ഒരിക്കലും സംശയിക്കരുത്. എന്റെ മീറയെ, എന്റെ സഭയെ അലങ്കരിക്കുക; ഞാൻ നിനക്ക് നൽകിയിട്ടുള്ള കൃപാദാനം ആരും നിന്നിൽ നിന്ന് എടുത്തുകളയാതിരിക്കട്ടെ. നിന്റെ വിളക്കിൽ എണ്ണയില്ലാതിരിക്കുവാൻ ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല. ഞാൻ എപ്പോഴും നിന്റെ വിളക്കിൽ എണ്ണ നിറയ്ക്കുന്നതാണ്; സഭയ്ക്ക് നിന്നെ അത്യാവശ്യമുണ്ട്. എന്റെ ഭവനമായ സഭ ഇപ്പോൾ നാശാവസ്ഥയിലാണ്. വസൂല, എന്റെ ഈ പുരാതന അടിത്തറയായ സഭയുടെ ഭിത്തികൾ പുതുക്കപ്പെടുന്നതുകൊണ്ട് നീ അത് പുനർനിർമ്മിക്കണം; അതിന്റെ അതിവിശുദ്ധ സ്ഥലം നവീകരിക്കണം. ഞാൻ കർത്താവാണ്; എന്റെ ശക്തിയാൽ നീ ഈ പുരാതന നാശാവശിഷ്ടങ്ങളിൽ നിന്ന് എന്റെ പഴയ അടിസ്ഥാനം പഴുതുയർത്തി അലങ്കരിക്കും. അതിന്റെ ഭിത്തികൾ പുതുക്കി പണിയുക. മൃതരായി കഴിഞ്ഞുകൂടുന്ന എല്ലാവരെയും ഞാൻ ജീവനിലേക്ക് തിരികെ വിളിക്കും; ആ മൃതരെ ഞാൻ വിളിച്ചുണർത്തും, അവരെ ജീവനിലേക്ക് മടക്കി കൊണ്ടുവരും. ഇതായിരിക്കും മഹത്തായ മടങ്ങിവരവ്, ജീവനിലേക്കുള്ള മഹത്തായ തിരിച്ചുവരവ്. എന്തെന്നാൽ, എന്റെ തേജസ്സുള്ള മഞ്ഞ് സൃഷ്ടികളായ നിങ്ങളെ അലങ്കരിക്കും; ഞാൻ എന്റെ രാജ്യം വിസ്തൃതമാക്കും, സ്വർഗ്ഗം മുഴുവനും ആനന്ദിക്കുകയും ചെയ്യും. എന്റെ പൂന്തോട്ടമായ സഭയെ നിങ്ങൾ അവഗണിച്ചു; എന്നാൽ അതിന്റെ സംരക്ഷകനായ കർത്താവായ ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നതിനാൽ, പൂന്തോട്ടത്തിൽ അവശേഷിച്ചിരിക്കുന്ന ഏതാനും പുഷ്പങ്ങളെ മുള്ളുകളും ഞെരിഞ്ഞിലുകളും ഞെരുക്കി നശിപ്പിക്കുന്നത് കണ്ട് സഹിക്കുകയില്ല. എന്റെ പൂച്ചെടികളെ പരിപാലിച്ച് അവയെ പുഷ്പിക്കുവാൻ സഹായിക്കുന്നതിനും, എന്റെ തോട്ടത്തെ മൂടിപിടിപ്പിക്കുന്നതിനും വേണ്ടി, തോട്ടത്തിലെ മുള്ളുകളും ഞെരിഞ്ഞിലുകളും പിഴുതുകളഞ്ഞ് തോട്ടം വൃത്തിയാക്കുവാനുള്ള സമയം വന്നെത്തിയിരിക്കുന്നു. നീതി വിജയം വരിക്കും; എന്നോട് സമാധാനം സ്ഥാപിക്കുവാൻ കർത്താവായ ഞാൻ അവരെ ഇടയാക്കും. ആത്മാർത്ഥതയുള്ളവർ പശ്ചാത്തപിച്ചുകൊണ്ട് എന്റെ അടുക്കലേക്ക് മടങ്ങി വരും. എന്നെ അന്വേഷിക്കുന്നവരും, സത്യസന്ധമായ എന്റെ മാർഗങ്ങൾ അറിയുവാൻ തീക്ഷ്ണമായി ആഗ്രഹിക്കുന്നവരും വരിക. എന്റെ കുരിശിൽ നിന്നുള്ള എന്റെ നിലവിളി നിങ്ങൾ കേൾക്കും; എനിക്ക് വേണ്ടത് സ്നേഹം, സ്നേഹം, സ്നേഹം മാത്രമാണ്. സൃഷ്ടികളേ, നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക; ഞാൻ നിങ്ങളെ സൗഖ്യമാക്കി സമാശ്വസിപ്പിക്കാം. പത്രോസേ, എല്ലാ ജനങ്ങളെയും ഒന്നിച്ചുകൂട്ടുക; എന്റെ തിരുഹൃദയത്തിലേക്ക് അവരെ ആകർഷിക്കുക. എന്റെ കുരിശിൽ നിന്നാണ് ഞാൻ വിളിക്കുന്നത്; പത്രോസേ, എന്റെ എല്ലാ ആടുകൾക്കും തീറ്റ കൊടുക്കുക. പത്രോസേ, ഞാൻ നിന്നോട് വീണ്ടും ചോദിക്കുന്നു: ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ? ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നെങ്കിൽ, നിന്നെ തെറ്റിദ്ധരിപ്പിക്കുവാൻ കായന്മാരെ അനുവദിക്കരുത്. അചഞ്ചലമായി നിലകൊള്ളുക. തങ്ങൾക്ക് ഇഷ്ടമുള്ള വിധം ഓരോ വിശ്വാസിയോടും ഇടപെടുന്നതിന് വേണ്ടി, തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന നിയമങ്ങൾ അംഗീകരിപ്പിക്കുന്നതിന് വേണ്ടി അവർ നിന്നോട് അപേക്ഷിക്കും. ഈ നിയമങ്ങൾ എല്ലാം മനുഷ്യരിൽ നിന്ന് വരുന്നതാണ്; അവരുടെ വാക്കുകൾക്ക് വഴങ്ങരുത്. കർത്താവായ ഞാൻ എങ്ങനെയുള്ളവനാണെന്ന് ഓർക്കണം: ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്; എന്റെ പ്രതിബിംബമായി തീരുക. ഞാൻ അവരുടെ പക്കലേക്ക് വരണമെന്ന് അവർ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവർ എന്റെ സ്വരം ശ്രവിക്കാത്തത്? ഞാൻ അവരുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു; എന്തുകൊണ്ടാണ് അവർ എന്റെ വിളി കേൾക്കുവാൻ വിസമ്മതിക്കുന്നത്? അവർ എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുകയും, എന്നാൽ എന്നെ കേൾക്കുവാൻ വിസമ്മതിക്കുകയും ചെയ്യുന്നെങ്കിൽ, അതിന് കാരണം അവരുടെ വിശ്വാസരാഹിത്യം വളർന്ന് ചെളിക്കട്ട പോലെയായി തീർന്നതുകൊണ്ടാണ്. അവരുടെ ഹൃദയങ്ങൾ എനിക്ക് തുറന്നു തരുന്നത് കാത്തിരുന്നുകൊണ്ട് ഞാൻ ഇതാ ഇവിടെയുണ്ട്; എന്നാൽ അവർ എന്നെ തള്ളിമാറ്റിക്കൊണ്ട് എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഉയർത്തി നോക്കുക; നിങ്ങളുടെ രക്ഷകനായ എന്നെ നിങ്ങൾ കാണും. എന്നെ തിരിച്ചറിയുക; എന്റെ ദൈവീക പ്രവർത്തികളെ ചവിട്ടിമെതിക്കരുത്. എന്റെ മക്കൾക്ക് നിങ്ങൾ സമാധാനം കൊടുക്കാത്തതിനാൽ, അവരാരും നിങ്ങളെയോ നിങ്ങളുടെ പാരമ്പര്യങ്ങളെയോ പിന്തുടരുന്നില്ല. അവർക്ക് എന്റെ സമാധാനം കൊടുക്കുക; എന്നെ തങ്ങളിലൂടെ വെളിപ്പെടുത്തുവാൻ വേണ്ടി ഞാൻ ഉപയോഗിക്കുന്ന ദുർബലരായ ഉപകരണങ്ങളെ കണ്ട് ആശ്ചര്യപ്പെടേണ്ട. ഞാൻ ദൈവമാണ്; എനിക്ക് ഇഷ്ടമുള്ളവരെയേ ഞാൻ തിരഞ്ഞെടുക്കും. മകളേ, എന്നിൽ ആശ്രയിക്കുക; എന്നിൽ വിശ്വാസം അർപ്പിക്കുക. നമ്മൾ, നമുക്ക്. അതെ, കർത്താവേ. വരൂ. 7.4.1988. യേശുവേ. ഞാനാണ്. വസൂല, നിനക്ക് എന്റെ സമാധാനം ഉണ്ടാകട്ടെ. നിന്നെ ഇത്രയും ദൂരെ നിന്ന് ഞാൻ കൊണ്ടുവന്നത് നിന്നെ ഉപേക്ഷിക്കുവാനല്ലെന്ന് തിരിച്ചറിയുക. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. കർത്താവായ ഞാൻ മനുഷ്യരെ സ്നേഹിക്കുന്നത് അവരെ സൗഖ്യപ്പെടുത്തി രക്ഷിക്കുവാനാണ്. അല്ലയോ, ദേഹി. ഈ സന്ദേശം വായിക്കുന്ന ഓരോ വ്യക്തിയോടും യേശു പറയുകയാണ്. പ്രിയപ്പെട്ട ദേഹി, നിന്റെ രക്ഷകനായ ഞാൻ നിന്റെ അടുക്കൽ വന്നത് നിന്നെ സൗഖ്യമാക്കുവാനാണ്. കർത്താവായ ഞാനാണ് നിന്റെ വാതിൽക്കൽ വന്നു മുട്ടിക്കൊണ്ടിരിക്കുന്നത്. അല്ലയോ, പ്രിയപ്പെട്ട ദേഹി, ഞാൻ നിന്നെ എന്റെ അടുക്കൽ എത്തിച്ചിരിക്കുന്നു; വരൂ, ഞാൻ നിന്നെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. പോഷിപ്പിച്ചുകൊണ്ടിരിക്കുക എന്നതിന് ഈ സന്ദേശങ്ങളിലൂടെ സംസാരിക്കുന്നു എന്നർത്ഥമാണുള്ളത്. എന്നെ സമീപിക്കുക; ഞാൻ നിന്നെ അലങ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. നിന്റെ എല്ലാ മുറിവുകളും ഞാൻ സൗഖ്യമാക്കും; എന്റെ കുഞ്ഞേ, ഞാൻ നിന്നെ പുനരുദ്ധരിക്കും. ദേഹി, നിന്നെ അന്വേഷിച്ച് ഞാനാണ് നിന്റെ അടുക്കലേക്ക് വന്നത്; വരൂ, ഞാൻ നിന്നെ ആശ്വസിപ്പിക്കാം. വന്ന് എന്നിൽ വിശ്രമിക്കുക; എന്റെ അടുക്കലേക്ക് വന്ന് എന്നെ ഭക്ഷിക്കുക; എന്റെ അടുക്കലേക്ക് വന്ന് എന്നെ പാനം ചെയ്യുക. നിന്റെ രക്ഷകന്റെ വിളി കേൾക്കുക; ദേഹി, നീ ജീവിക്കും. പ്രിയപ്പെട്ട ദേഹി, ഞാൻ നിന്നെ സ്നേഹിക്കുന്നു; നിനക്ക് വേണ്ടിയാണ്, നിന്റെ രക്ഷയ്ക്ക് വേണ്ടിയാണ്, നദിപോലെ എന്റെ രക്തം ചിന്തപ്പെട്ടത്. ദേഹി, വന്ന് എന്റെ മേലങ്കി എന്നോടൊപ്പം പങ്കുവെക്കുക; ഞാൻ നിനക്ക് സംരക്ഷണം നൽകാം. ഞാനായിരിക്കും നിന്റെ അഭയകേന്ദ്രം. ഞാൻ യേശുവാണ്; യേശു എന്ന പേരിനർത്ഥം രക്ഷകൻ എന്നാണ്. ഈ സന്ദേശം വായിക്കുന്ന വ്യക്തിയോടാണ് 'ദേഹി' എന്ന് വിളിച്ച് യേശു സംസാരിക്കുന്നത്. അവിടുത്തെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നീ വായിക്കുന്നത് ഒരു യാദൃശ്ചിക സംഭവമായി കരുതരുത്. യേശുവാണ് നിന്നെ അന്വേഷിച്ച്, നിന്നെ കണ്ടെത്തി, നിന്റെ അടുക്കൽ ഈ സന്ദേശം കൊണ്ടുവന്ന് നിനക്ക് വായിക്കുവാൻ നൽകിയത്. നീ ചെയ്യുന്നതുപോലെ എന്റെ സന്ദേശത്തിന്റെ കോപ്പികൾ എടുത്ത് പ്രചരിപ്പിച്ചുകൊണ്ട് എന്റെ രാജ്യം വിസ്തൃതമാക്കുക. എന്റെ രാജ്യം വിപുലമാക്കിക്കൊണ്ട് എന്റെ പ്രവർത്തികളെ സ്ഥാപിച്ചുറപ്പിക്കുന്നത് ഞാൻ തന്നെയായിരിക്കും. എപ്പോഴും ഞാൻ ലക്ഷ്യം സാധ്യമാക്കുന്നുണ്ടെന്ന് ഓർക്കുക. നിന്റെ രക്ഷകനെ നോക്കി പുഞ്ചിരിക്കുക; എന്നെ മഹത്വപ്പെടുത്തുക. ഞാൻ തിരിഞ്ഞുനിന്ന് യേശുവിനെ മഹത്വപ്പെടുത്തി. യേശുക്രിസ്തുവേ, ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു; ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു. ഞാനും നിന്നെ അനുഗ്രഹിക്കുന്നു. ഇന്ന് രാത്രി എന്നോട് താതാത്മ്യപ്പെടുക; എന്റെ ശിഷ്യന്മാരാൽ ഞാൻ പരിത്യജിക്കപ്പെട്ടു; അവരിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കുകയും ചെയ്തു. ഗത്സമനയിൽ ഞാൻ അനുഭവിച്ച മനാവ്യഥയിൽ നീയും എന്നോടൊപ്പം പങ്കുചേരുക; എന്നെ നീ പരിത്യജിക്കരുത്. കർത്താവേ, ഞാൻ അങ്ങയെ പരിത്യജിക്കുകയില്ല. എപ്പോഴും എന്നെ നിന്റെ മനസ്സിൽ ധ്യാനിക്കുക; അപ്രകാരം എന്നെ സമാശ്വസിപ്പിക്കുക. വസൂല, നീ എന്നെ പരിത്യജിക്കുകയില്ലെന്ന് എനിക്ക് ഉറപ്പു തരുക; എന്റെ കഠിനവേദനയിൽ പങ്കുചേരുക; എന്റെ പാനപാത്രത്തിൽ പങ്കുചേരുക; അവസാനം വരെ എന്നോടൊത്തായിരിക്കുക. എന്റെ പീഡാസഹനം ധ്യാനിച്ച് ജീവിക്കുക; എന്നെ മഹത്വപ്പെടുത്തുക; എന്റെ അരികെ തന്നെ നിലകൊള്ളുക. യേശുവേ, ഞാൻ അങ്ങനെ തന്നെ ചെയ്യാം. യേശു അവിടുത്തെ പീഡാനുഭവം ഇപ്പോൾ അനുഭവിക്കുന്നതുപോലെ കാണപ്പെട്ടു. അല്ലയോ, വസൂല, എന്റെ തിരുഹൃദയത്തിലേക്ക് പ്രവേശിക്കുക; അതിന്റെ അഗാധങ്ങളിലേക്ക് ഇറങ്ങി ചെല്ലുക. അവിടെ നീ സമാധാനം കണ്ടെത്തും. അവിടെ, കർത്താവായ ഞാൻ നിനക്കൊരു സ്ഥലം മാറ്റിവെച്ചിട്ടുണ്ട്; നീ എന്റെതാണ്, ഞാൻ നിന്റെതും. സ്നേഹം നിന്നെ വഴി നയിക്കും. കർത്താവേ, ഞാൻ എന്റെ ഹൃദയം അങ്ങേയ്ക്ക് നൽകിയിരിക്കുന്നു; അങ്ങേയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം. എങ്കിൽ എന്നിൽ വിശ്വാസം അർപ്പിക്കുക; എന്റെ കരം പിടിക്കുക; ഞാൻ നിന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കർത്താവേ, എന്നെ നയിച്ചാലും; എന്തെന്നാൽ അങ്ങാണ് എന്റെ വഴികാട്ടിയും ദൈവവും. വരൂ, എന്നെ മറക്കരുതേ. ബിയാട്രസിനെ അനുഗ്രഹിക്കുക; കർത്താവായ ഞാൻ അവളെ അനുഗ്രഹിക്കുന്നു. നമ്മൾ, നമുക്ക്. അതെ, കർത്താവേ, നിത്യതയോളം നമ്മൾ ഒരുമിച്ച്. പെസഹാ വ്യാഴാഴ്ച. ബുധനാഴ്ച ഞാൻ ദേവാലയത്തിൽ തിരുക്കർമ്മത്തിൽ പങ്കെടുക്കുവാൻ പോയിരുന്നു. പുരോഹിതൻ മീറ ചേർത്ത എണ്ണ കൊണ്ട് തൊട്ട് ഓരോരുത്തരെയും അനുഗ്രഹിച്ചു. ഒരു കഷ്ണം പഞ്ഞി മീറ ചേർത്ത് വിശുദ്ധ തൈലത്തിൽ മുക്കുവാനും, അത് ഓരോരുത്തർക്കും അവരുടെ ഭവനത്തിൽ കൊണ്ടുപോകുവാനും അനുവദിച്ചിരുന്നു. ഞങ്ങൾ ഒന്നിച്ച് ദേവാലയത്തിൽ പോകുന്നതിന് വേണ്ടി ബിയാട്രിസ് എന്റെ ഭവനത്തിൽ വന്നു. ബിയാട്രിസിനെ അനുഗ്രഹിക്കുവാൻ യേശു എന്നോട് പറഞ്ഞു. അതുകൊണ്ട് എന്റെ കൈവശമുള്ള മീറ ചേർത്ത് വിശുദ്ധ തൈലത്തിൽ മുക്കിയ പഞ്ഞി ബിയാട്രിസിനു മേൽ വെച്ചുകൊണ്ട് ഞാൻ അവളെ അനുഗ്രഹിച്ചു. ഇപ്രകാരമാണ് അനുഗ്രഹിക്കുന്നത്. അനുഗ്രഹിക്കുമ്പോൾ വിശുദ്ധ കുരിശിന്റെ ആകൃതിയിൽ നെറ്റിയിലും ഇരു കവിളുകളിലും താടിയിലും ഉള്ളം കയ്യിലും മുദ്രകുത്തുന്നു. ദേഹിയുടെയും ദേഹത്തിന്റെയും സൗഖ്യത്തിനായി പുരോഹിതൻ ഒരു പ്രാർത്ഥന ദേവാലയത്തിൽ വെച്ച് ചൊല്ലിയിരുന്നു. യേശു എന്നോട് പറഞ്ഞു: "ഞാൻ വിശുദ്ധ തൈലം കൊണ്ട് ബിയാട്രിസിനെ മുദ്രകുത്തുമ്പോൾ അവിടുന്ന് പ്രസ്തുത പ്രാർത്ഥന ചൊല്ലുമെന്ന്." പിന്നീട് ദേവാലയത്തിൽ ചെന്നപ്പോൾ എനിക്ക് പല വിചാരങ്ങൾ ഉണ്ടായി; കാരണം എനിക്ക് ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നു. അവിടെ ഉപയോഗിച്ച ഭാഷ ക്ലാസിക് ഗ്രീക്ക് ആയിരുന്നു; അതാകട്ടെ എനിക്ക് ഒട്ടും അറിയില്ലായിരുന്നു. മൂന്ന് മണിക്കൂർ നേരത്തേക്ക് പലവിചാരം ഇല്ലാതിരിക്കുവാൻ പ്രയാസമായിരുന്നു. എന്നാൽ എനിക്ക് പലവിചാരം ഉണ്ടാകില്ല എന്ന് യേശു ഉറപ്പു തന്നു. പലവിചാരത്തിലേക്ക് എന്റെ മനസ്സ് വഴുതി പോകുമ്പോഴൊക്കെയും യേശു ഇപ്രകാരം പറഞ്ഞിരുന്നു: "എന്റെ അരികെ നിൽക്കുക; എന്റെ സമീപം നിലകൊള്ളുക." എനിക്ക് തോന്നുന്നത് പത്തു പ്രാവശ്യമെങ്കിലും യേശു എന്നോട് അപ്രകാരം പറഞ്ഞു കാണുമെന്ന്. 8.4.1988. ദുഃഖ വെള്ളിയാഴ്ച. യേശുവേ. ഞാനാണ്. നീ എന്തിനാണ് സംശയിച്ചത്? ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്നെ സ്നേഹിക്കുക; അങ്ങനെ എന്റെ ദാഹം ശമിക്കും. എന്നെ സ്നേഹിക്കുക; അങ്ങനെ എന്റെ മുറിവുകൾക്ക് ആശ്വാസം ലഭിക്കും. എന്നെ സ്നേഹിക്കുക; അങ്ങനെ എന്റെ ആത്മാവ് നിന്റെ ഉള്ളിൽ ആനന്ദാരവം മുഴക്കും. എന്നെ സ്നേഹിക്കുക; അങ്ങനെ നിന്റെ ശത്രുക്കളെ നീ പരാജയപ്പെടുത്തും. എന്റെ കുഞ്ഞേ, എന്റെ ആത്മാവ് നിന്റെ മേൽ ഉണ്ട്. നമ്മൾ, നമുക്ക്. നമ്മൾ, നമുക്ക്. അതെ, കർത്താവേ, അതെ, പരിശുദ്ധ മറിയമേ, നമ്മൾ, നമുക്ക് എന്നെന്നേക്കും. 9.4.1988. ദുഃഖ ശനിയാഴ്ച. ഞാൻ നിന്നെ സ്നേഹിക്കുന്നു; ഇപ്പോൾ നീ എന്നോട് ഐക്യപ്പെട്ടിരിക്കുന്നു. എന്റെ കുഞ്ഞേ, നീ വെക്കുന്ന ഓരോ ചുവടും ഞാൻ അനുഗ്രഹിക്കുന്നുണ്ട്. ഞാനാണ് നിന്റെ ജീവന്റെ സ്രോതസ്സ്; ഞാനാണ് പുനരുദ്ധാനം. കർത്താവേ, അങ്ങയുടെ ഈ സന്ദേശങ്ങൾ വായിച്ച് അനേകം ആത്മാക്കൾ മാനസാന്തരപ്പെട്ട് ആനന്ദിക്കുന്നുണ്ടെങ്കിലും, 33-ഓളം സഭാധികാരികൾക്ക് ഞാൻ ഈ സന്ദേശങ്ങളുടെ കോപ്പികൾ എടുത്ത് അയച്ചിട്ടുണ്ടെങ്കിലും, രണ്ടുപേർ മാത്രമാണ് മറുപടി അയക്കുവാൻ തയ്യാറായത്. അതിനാൽ എനിക്ക് അതിയായ ദുഃഖമുണ്ട്. മറുപടി അയച്ച രണ്ടുപേരിൽ ഒരാൾ പറഞ്ഞു, അവൾക്ക് മറുപടി എഴുതണമെന്ന് തോന്നുന്നില്ലെന്ന്. മറ്റേയാൾ പറഞ്ഞു, അദ്ദേഹത്തിന് അധികം ജോലിഭാരം ഉള്ളതിനാൽ വായിക്കുവാൻ സമയമില്ലെന്ന്. കർത്താവേ, എനിക്ക് ദുഃഖമുണ്ട്. എന്റെ വസൂല, അത് അപ്രകാരമാകട്ടെ. വസൂല, എനിക്ക് എന്റെ വഴി സ്വീകരിക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ നിനക്ക് നൽകിയിട്ടുള്ള എന്റെ പ്രവർത്തികളാകുന്ന ഈ ദൈവീക സന്ദേശങ്ങളെ ഞാൻ സ്ഥാപിച്ചുറപ്പിക്കും. സ്നേഹത്തിന്റെ ബലിവസ്തു എന്ന നാമം നിന്റെ മേൽ ഉണ്ടാകും. ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയോ നിന്നെ നിരാശപ്പെടുത്തുകയോ ഇല്ല. യുഗാവസാനം വരെ ഈ സന്ദേശത്തിലെ ഓരോ വാക്കും ആയിരക്കണക്കിന് തവണ എഴുതപ്പെടും. നിനക്കും എനിക്കും മധ്യേ നിത്യമായ ഉടമ്പടി ബന്ധം ഞാൻ സ്ഥാപിച്ചിട്ടുണ്ട്. ഈ ബന്ധം നമുക്കിടയിലുള്ള സ്നേഹത്തിന്റെ സഖ്യമാണ്. ഈ ബന്ധം എന്റെ നാമം വഹിക്കുന്നു. ഈ ബന്ധം എന്നെന്നേക്കും നിത്യത വരെ നിലനിൽക്കുന്നതായിരിക്കും. കർത്താവായ ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. സത്യം അന്വേഷിക്കുന്നവർക്ക് വേണ്ടി സത്യം യഥാർത്ഥത്തിൽ എന്താണെന്നും, സത്യത്തിന്റെ അർത്ഥം എന്താണെന്നും കാണിച്ചു കൊടുക്കുവാനാണ് ഞാൻ വന്നിരിക്കുന്നത്. കാരണം സത്യം എന്താണെന്ന് അവർ മറന്നുപോയിരിക്കുന്നു. ഞാനാണ് സത്യം; സത്യം സ്നേഹമാണ്; സത്യം അളവില്ലാത്ത അനന്ത സ്നേഹമാണ്; സത്യം ഉദാത്തമായ സ്നേഹമാണ്; സത്യം നിത്യമായ സ്നേഹമാണ്. എന്റെ പുസ്തകം സ്നേഹത്തിന്റെ ഒരു പുസ്തകമാണ്. എന്റെ മണവാട്ടി, വന്ന് എന്നെ സ്നേഹിക്കുക. നിന്റെ സ്നേഹത്താൽ ഞാൻ മഹത്വീകരിക്കപ്പെട്ടിരിക്കുന്നു. കുഞ്ഞേ, എന്തുകൊണ്ടാണ് ഞാൻ നിന്നിലൂടെ എന്റെ ഈ സന്ദേശങ്ങൾ നൽകുവാൻ ഇറങ്ങി വന്നിരിക്കുന്നതെന്ന് ഗ്രഹിക്കുക. നിനക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് എല്ലാ സൃഷ്ടികളോടുമുള്ള എന്റെ സ്നേഹം വെളിപ്പെടുത്താനാണ് ഞാൻ നിന്നിലൂടെ എന്റെ സന്ദേശങ്ങൾ നൽകുന്നത്. ഞാൻ അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അവരെ ഓർമ്മപ്പെടുത്തുവാനാണ് ഞാൻ വന്നിരിക്കുന്നത്. എന്റെ സൃഷ്ടികളിൽ അനേകർ സാത്താന്റെ വഴികളിലേക്ക് പോകുന്നത് കണ്ട് എന്റെ ഹൃദയം കീറിമുറിയുന്നു. നിത്യനാശത്തിന്റെ പാതയിലൂടെ എന്റെ പുരോഹിതന്മാരിൽ അനേകരും പോകുന്നത് കണ്ട് ഞാൻ എത്രയധികം സങ്കടം സഹിക്കുന്നുണ്ട്. ഞാനാണ് വചനം; പരിശുദ്ധരിൽ പരിശുദ്ധൻ ഞാനാണ്; ഞാനാണ് നിത്യനായ ദൈവം. ദൈവം നമ്മോടുകൂടെ എന്ന അർത്ഥമുള്ള യെമ്മാനുവേൽ ഞാനാണ്. അനേകം വർഷങ്ങൾക്കു മുമ്പ് നിങ്ങൾ കുത്തിത്തുളച്ചവനും, ഇപ്പോഴും നിർത്താതെ നിങ്ങൾ കുത്തിക്കീറിക്കൊണ്ടിരിക്കുന്നവനുമായ നിങ്ങളുടെ രക്ഷകനാണ് ഞാൻ. ഞാൻ ശരീരത്തോടെ ഭൂമിയിലായിരുന്നപ്പോൾ എന്നെ ആണികളാൽ തറച്ച ആ പഴയകാലവും ഇക്കാലവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? നിങ്ങളുടെ അസഹിഷ്ണുതയാലും അഹങ്കാരത്താലും വിശ്വാസത്യാഗത്താലും എന്നെ ശ്രവിക്കുവാൻ തയ്യാറാകാത്ത നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തവും ഞാൻ നിരന്തരം കുത്തിക്കീറപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ നൽകുന്ന എന്റെ അടയാളങ്ങളുടെ നേർക്കും, എന്റെ അത്ഭുത പ്രവർത്തനങ്ങൾക്ക് നേർക്കും, എന്റെ ദൈവീക പ്രവർത്തികളുടെ നേർക്കും നിങ്ങൾ പുലർത്തുന്ന താല്പര്യമില്ലായ്മ നിങ്ങൾ അവസാനിപ്പിക്കാതെ നിങ്ങൾ എനിക്കെതിരെ തിരിയുന്നു. ഇന്നലത്തെ പോലെ തന്നെ നിങ്ങൾ ഇന്നും എന്നെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ നിത്യരക്ഷയുടെ ചുമതല ഞാൻ ഭരമേൽപ്പിച്ച നിങ്ങളാൽ തന്നെ ഞാൻ പരിഹസിക്കപ്പെടുന്നു. നിങ്ങൾ എന്നെ വീണ്ടും വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ താല്പര്യമില്ലായ്മ മൂലം നിങ്ങൾ എന്നെ മരത്തോട് ചേർത്ത് വീണ്ടും വീണ്ടും ആണിയടിച്ചുകൊണ്ടിരിക്കുന്നു. ഫലം നൽകാത്ത വന്ധ്യമായി കിടക്കുന്ന ഹൃദയമുള്ളവരെ, കരിങ്കല്ലുപോലെ ഹൃദയത്തെ കഠിനമാക്കിയവരെ, എപ്പോഴെങ്കിലും നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ച് മൃദുലമാക്കി അതിനെ തുറക്കാൻ എന്നെ അനുവദിക്കുമോ? എന്നെ കുത്തിക്കീറുന്നത് നിങ്ങൾക്ക് ഒരു ദിവസം അവസാനിപ്പിക്കാമോ? സ്നേഹത്തിനു വേണ്ടിയുള്ള ദാഹത്താൽ എന്റെ തൊണ്ട എഴുതാൻ ഉപയോഗിച്ചിരുന്ന താളചർമ്മത്തേക്കാൾ വരണ്ടുണങ്ങിയിരിക്കുന്നു. നിങ്ങളുടെ അധരങ്ങളിൽ നിന്ന് എന്റെ ബലിപീഠത്തിലേക്ക് നിങ്ങൾ വ്യർത്ഥവാക്കുകൾ ഒഴുക്കുന്നത് കണ്ട് എന്റെ കണ്ണുകൾ തളർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനകൾ എനിക്ക് സമർപ്പിക്കുന്നു; അവ എന്റെ സന്നിധിയിൽ എത്തുന്നതിനു മുമ്പ് തന്നെ അന്തരീക്ഷത്തിൽ മഞ്ഞുപോലെ ആവിയായി പോകുന്നു. ഞാൻ നിങ്ങളിൽ നിന്ന് എന്റെ മുഖം തിരിക്കുന്നു, കാരണം നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ ഉള്ളത് എന്താണെന്ന് എനിക്കറിയാം. എന്റെ മക്കൾ നിർജീവമായ ആശയങ്ങളാൽ എന്റെ ഹൃദയം നിറയ്ക്കുന്നത് കാണുമ്പോഴും, അവർ ഞങ്ങളുടെ ദൈവീക ഹൃദയങ്ങളെ പരസ്യമായി ചവിട്ടി മെതിച്ചുകൊണ്ട് നിർഭയം എന്റെ അടുക്കലേക്ക് വരുന്നത് കാണുമ്പോഴും എനിക്ക് ശ്വാസം മുട്ടുന്നു. എന്റെ ആളുകൾ നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ പ്രതീക്ഷിക്കുവാൻ പറ്റും? അല്ലയോ, വസൂല, എന്റെ തിരുഹൃദയത്തിൽ നിന്ന് രക്തം ധാരധാരിയായി വാർന്നൊഴുകുന്നു. എന്റെ തിരുഹൃദയത്തിൽ പ്രവേശിച്ച് നിന്റെ ദൈവത്തിന്റെ മുറിവുകൾ തൊട്ടനുഭവിച്ചറിയുക. യേശുവേ, അങ്ങയെ ഈ അവസ്ഥയിൽ കാണുമ്പോൾ എന്റെ ഹൃദയം പൊട്ടുന്ന വേദന എനിക്ക് അനുഭവപ്പെടുന്നു. എന്റെ പ്രിയപ്പെട്ട ദൈവമേ, അവർ എന്താണ് ചെയ്തിരിക്കുന്നത്? അവർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? സ്നേഹത്തിന്റെ എന്റെ ദൈവീക പ്രവർത്തികൾ പ്രചരിപ്പിക്കുക; അവ എല്ലാ മനുഷ്യരിലേക്കും പ്രചരിപ്പിക്കുക; നിന്നെ ഒരു കോമാളിയായി കരുതുന്നവരിലേക്കും അവ വ്യാപിപ്പിക്കുക. എന്റെ കുഞ്ഞേ, അവസാനം അവർ എന്റെ മഹത്വം ദർശിക്കും. ഞാൻ തകർന്നിരിക്കുന്നു. കർത്താവിന് അതറിയാം. ഒരു കോമാളിയായിട്ടോ, ഒരു വഞ്ചകിയായിട്ടോ, പിശാച് ബാധിച്ചവളായിട്ടോ, അന്ത്യക്രിസ്തുവായിട്ടോ, ഒരു മാനസിക രോഗിയായിട്ടോ ആണ് ആളുകൾ എന്നെ കരുതുന്നത്. എന്നെ ജനങ്ങൾ അപമാനിക്കുന്നു. എന്നെ ദുഃഖിപ്പിക്കുന്നതിന് വേണ്ടി അവർ എന്റെ മുഖത്തേക്ക് നോക്കി, തങ്ങൾക്ക് പറയാനുള്ളതെല്ലാം പച്ചയ്ക്ക് പറഞ്ഞ് അപമാനിക്കുന്നു. ഇതെല്ലാം സഹിച്ച് ഈ സാഹചര്യത്തിൽ ഞാൻ തുടരുമോ? ഞാൻ ബലഹീനയാണ്. എനിക്ക് സാക്ഷ്യം വഹിക്കുന്ന രണ്ടാളുകൾക്കും യഥാർത്ഥത്തിൽ അധികാരമോ സ്വാധീനമോ ഇല്ല. ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ അപമാനത്തിലൂടെയാണ് അവരും കടന്നുപോകുന്നത്. അവരെയും ജനങ്ങൾ അവഹേളിക്കുകയും വെറുക്കുകയും അവിശ്വസിക്കുകയും അവഗണിക്കുകയും ചെയ്യുന്നു. യേശുവിന്റെ സഹനത്തിന്റെ പാനപാത്രത്തിൽ നിന്ന് ഞങ്ങളും പാനം ചെയ്യുന്നു. വസൂല, നിന്റെ മുന്നിൽ ഞാനുണ്ട്. നിന്റെ ദൈവമായ ഞാൻ അവസാനം എന്റെ എല്ലാ മഹത്വവും നിനക്ക് കാണിച്ചുതരും. ആരെയാണ് ഞാൻ തിരഞ്ഞെടുത്തതെന്ന് എനിക്കറിയാം. എന്റെ സൃഷ്ടികളിൽ ഏറ്റവും നിസ്സാരയായ നിന്നെയാണ് ഞാൻ കണ്ടെത്തിയത്. എല്ലാ അധികാരവും എന്നിൽ നിന്ന് മാത്രമാണ് ഉത്ഭവിക്കുന്നതെന്ന് എല്ലാവരും അറിയേണ്ടതിന് ഞാൻ നിന്നെ തിരഞ്ഞെടുത്തു. നിങ്ങളിൽ നിന്നല്ല അധികാരം ഉത്ഭവിക്കുന്നത്. വസൂല, ഞാനാണ് ഈ പൂന്തോട്ടത്തിന്റെ സൂക്ഷിപ്പുകാരൻ. ചെറിയ വൃക്ഷങ്ങളെ വളരാൻ അനുവദിച്ചുകൊണ്ട് വൻമരങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നത് ഞാനല്ലാതെ മറ്റാരുമല്ല. സൃഷ്ടികളേ, എന്റെ വചനം ഇടിമുഴക്കം പോലെ നിങ്ങളിലേക്ക് ഇറങ്ങി വരും. അവിശ്വസ്തർക്ക് ഹാ ദുരിതം. വസൂല, എന്നെ നിന്റെ ഹൃദയത്തിൽ പൂജിക്കുക; ഞങ്ങളുടെ സമാധാനം നിനക്കുണ്ടാകട്ടെ.