Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 73: താമസിയാതെ സഭയുടെ അടിത്തറ കുലുങ്ങും
Transcript
- എപ്പിസോഡ് 73. 26/07/1988, കർത്താവേ. എന്റെ സഭയെ അതിക്രൂരമായി മുറിവേൽപ്പിച്ചിരിക്കുന്നു; താമസിയാതെ സഭയുടെ അടിസ്ഥാനങ്ങൾ കുലുങ്ങും. ഇതേ തുടർന്ന് എന്നെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച്, ഒരു സംഘമായി എന്റെ സഭയെ മുറിവേൽപ്പിച്ചവർ ഉന്മൂലനം ചെയ്യപ്പെടും. എന്റെ സഭയുടെ ദുരിതങ്ങൾ ആരംഭിച്ചിരിക്കുന്നു; പുതിയ ജെറുസലേം വീണ്ടും പണിതുയർത്തപ്പെടേണ്ടതിന് ജെറുസലേമിന്റെ മതിലുകൾ തകർന്നുവീഴും. കർത്താവായ ഞാനായിരിക്കും പുതിയ ജെറുസലേമിനെ പുനർനിർമ്മിക്കുക; ഞാൻ അവളുടെ മതിലുകൾ പുനർനിർമ്മിക്കും. നിങ്ങൾക്കെല്ലാവർക്കും നവീകരിക്കപ്പെട്ട പുതിയ ഭൂമിയിൽ, അവളുടെ പുതിയ ഭവനത്തിനകത്ത് ജീവിക്കുവാൻ കഴിയേണ്ടതിന്, ഞാൻ അവളെ അലങ്കരിച്ച് മൂടിപിടിപ്പിക്കും. സ്നേഹമായ ഞാൻ സ്നേഹമായിട്ട് നിങ്ങളുടെ അടുക്കലേക്ക് മടങ്ങിവന്ന് നിങ്ങളോടൊപ്പം വസിക്കും. ഞാൻ നിങ്ങളുടെ ദൈവമായിരിക്കും; എന്റെ നാമത്തിൽ നിങ്ങൾ സമാധാനപൂർവ്വം ജീവിക്കും. പരിശുദ്ധിയാലും നൈർമല്യത്താലും നിങ്ങളുടെ ദേഹി വിശുദ്ധീകരിക്കപ്പെടും. അതേ വസൂല, മിന്നൽ പിണർ പോലെ, ഉന്നതത്തിൽ നിന്ന് ഞാൻ ഇറങ്ങിവന്ന് അവളെ പൂർണ്ണമായി നവീകരിക്കും. അനവധി ഭീകര ദുരിതകാലങ്ങൾ ഉണ്ടാകും, കാരണം അവർ എന്റെ ഭവനമായ സഭയെ നശിപ്പിച്ചു; അവർ എന്റെ സഭയെ കൊള്ളയടിച്ചു. വസൂല, നിനക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ടോ? ഒരു വീട്ടുടമസ്ഥൻ തന്റെ വീട്ടുജോലികൾ എല്ലാം തന്റെ വേലക്കാരെ ഏൽപ്പിച്ചതുപോലെയാണ്; വീട്ടുജോലികൾ എല്ലാം വളരെ ചിട്ടയോടെ നിർവഹിക്കണമെന്നും, കവർച്ചക്കാർ വരാതിരിക്കുവാൻ വീടിനെ കാവൽ ഇരിക്കണമെന്നുമുള്ള കർക്കശമായ നിർദ്ദേശങ്ങൾ വേലക്കാർക്ക് നൽകിയിട്ടുണ്ടായിരുന്നെങ്കിലും, തങ്ങളുടെ അലസതയാലും ശ്രദ്ധയില്ലായ്മയാലും അവർ വീട്ടുടമസ്ഥന്റെ നിർദ്ദേശങ്ങൾ അനുസരിച്ചില്ല. വീട്ടുടമസ്ഥൻ തിരിച്ചുവരുമ്പോൾ കണ്ടത് ഉറങ്ങി വിശ്രമിക്കുന്ന വേലക്കാരെയാണ്; അവർ ഉറങ്ങിക്കിടന്നപ്പോൾ കവർച്ചക്കാർ വീട് കൊള്ളയടിക്കുകയും ചെയ്തു. വീട്ടുടമസ്ഥന്റെ വിലപ്പെട്ടതെല്ലാം കൊള്ളയടിക്കപ്പെട്ടു; ഈ വേലക്കാർ വീട്ടുടമസ്ഥനെ ധിക്കരിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ എതിർക്കുകയും ചെയ്തു. വീട്ടുടമസ്ഥൻ തിരിച്ചുവരുമ്പോൾ ഈ വേലക്കാരെ കഠിനമായി ശിക്ഷിക്കും. ഞാൻ മടങ്ങിവരുമ്പോൾ എന്റെ ഭവനമായ സഭ നാശാവസ്ഥയിലാണെന്നും, എന്റെ അടിസ്ഥാന തത്വങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നതായും ഞാൻ കാണും; എന്റെ ആടുകളെല്ലാം ചിതറിക്കപ്പെട്ടിരിക്കുന്നതായും, പട്ടിണി കിടന്ന് മരിച്ചതായും ഞാൻ കാണും. അല്ലയോ വസൂല, എന്റെ ഭവനത്തെ പൂർവ്വസ്ഥിതിയിലാക്കുവാൻ ഞാൻ എന്തുമാത്രം അറ്റകുറ്റപ്പണികൾ ചെയ്യേണ്ടിവരും? എന്റെ സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ ലില്ലി ചെടികളുടെയും തോസാ ചെടികളുടെയും സ്ഥാനത്ത് ഇപ്പോൾ മുള്ളുകളും ഞെരിഞ്ഞിലുകളും വളർന്ന് പന്തലിച്ചിരിക്കുന്നു; അവ എന്റെ പൂച്ചെടികളെ ഞെരിച്ച് ശ്വാസം മുട്ടിക്കുന്നു. എന്റെ പുഷ്പമായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വളഞ്ഞുചുറ്റി കെണിയിൽ വീഴ്ത്തുവാൻ സാത്താന്റെ ശക്തിയാൽ അവർ വളർന്നു വലുതായിരിക്കുന്നു. ഓരോ ദിവസം ചെല്ലുംതോറും അവർ അടുത്തടുത്ത് വരികയും, തങ്ങളുടെ വിഷപ്പല്ലുകൊണ്ട് അവനെ കൊത്തി ഉപദ്രവിക്കുവാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്നു. അവന്റെ ചുറ്റിലുമുള്ള മുള്ളുകൾ അവനെ ശ്വാസം മുട്ടിക്കും; പത്രോസായ മാർപാപ്പ അവരുടെ നടുവിൽ നിസ്സഹായനായി നിൽക്കുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ മരിക്കുന്നതിന് മുമ്പ് ഗുരുതരമായ ശ്വാസതടസം മൂലം ക്ലേശിച്ചിരുന്നു. പരിശുദ്ധ മാതാവ് സംസാരിക്കുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുക; എന്റെ പുത്രന്റെ ശരീരമായ സഭ ഇനിയും കൂടുതലായി രക്തം ചീന്തേണ്ടി വരും. പത്രോസിന്റെ അന്ത്യം അടുത്തിരിക്കുന്നു; സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു. 27/07/1988, കർത്താവേ. ഇത് ഞാനാണ്; എന്നെ വിവേചിച്ചറിയുകയും പ്രസാദിപ്പിക്കുകയും ചെയ്യുക. ഞാൻ സന്നിഹിതനാണ്; ഞാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു; ഞാൻ നിങ്ങളുടെ ഇടയിൽ ഉണ്ട്. എന്നെ വിവേചിച്ചറിയുവാൻ ശ്രമിക്കുക. ഞാൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ പരിശ്രമിക്കുക; എന്റെ നിർദ്ദേശങ്ങൾ പിന്തുടരുക; എന്നെ നിന്റെ ഹൃദയത്തിൽ എപ്പോഴും സൂക്ഷിക്കുക. ഉവ്വു കർത്താവേ. നീ ചെയ്യുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യുക; എനിക്കുവേണ്ടി മാത്രം ചെയ്യുക. വരൂ, ഞാൻ ഇടയ്ക്കിടെ എന്റെ സാന്നിധ്യം നിന്നെ ഓർമ്മിപ്പിക്കാം. ചെറിയ സംശയം പോലും സൂക്ഷിക്കരുത്; ഞാൻ നിന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം എന്താണെന്ന് ഗ്രഹിക്കുക; വിനയത്തോടെ പ്രവർത്തിക്കുക; പൂർണ്ണമായി എന്നിൽ ആശ്രയിക്കുക. എല്ലാ പ്രവർത്തിയിലും എന്നെ മാത്രം കാണേണ്ടതിന്, നിന്നെ സ്വയം പൂർണ്ണമായി ഇല്ലാതാക്കുക; നിന്റെ ശൂന്യതയിൽ നിശ്വസിക്കുവാൻ എന്റെ ആത്മാവിനെ അനുവദിക്കുക. എന്നെ ഇപ്രകാരം പ്രസാദിപ്പിക്കുക: ഞാൻ നിനക്ക് നൽകിയിട്ടുള്ളതെല്ലാം എന്റെതാണ്; ഈ ലോകത്തിൽ നിന്ന് നീ പൂർണ്ണമായി അകന്നു നിൽക്കുക; അപ്പോൾ നീ എന്നെ അനുഭവിക്കുകയും പൂർണ്ണമായി എന്റെതായി തീരുകയും ചെയ്യും. കർത്താവായ ഞാനാണ് നിന്റെ ഗുരു; എന്റെ വചനങ്ങൾ ജ്ഞാനത്തിൽ നിന്ന് വരുന്നു. നമ്മൾ, നമുക്ക്, ഒരുമിച്ച് നിന്റെ തിരുക്കുടുംബത്തോടൊപ്പം. അതേ കർത്താവേ, അതേ പരിശുദ്ധ മാതാവേ. 29/07/1988, വിശുദ്ധ മർത്തായുടെ തിരുനാൾ. പ്രിയപ്പെട്ടവരെ, സ്നേഹത്തിൽ അഭിവൃദ്ധിപ്പെടുക; നിങ്ങളുടെ മധ്യേയുള്ള എന്റെ സാന്നിധ്യം അനുഭവിച്ചറിയുക; നിങ്ങളെല്ലാവരോടുമുള്ള എന്റെ അഗാതമായ സ്നേഹം അനുഭവിച്ചറിയുക. ഈ സ്നേഹത്തിൽ വിശ്വസിക്കുക; ഞാനാണ് സ്നേഹത്തിന്റെ ഉറവിടം; എന്റെ ആത്മാവ് നിങ്ങളുടെ മേൽ ഉണ്ട്. വരൂ, നിങ്ങൾ നിർമ്മലരും പരിശുദ്ധരും വിനീതരും കരുണയുള്ളവരുമായി തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എന്നോടുള്ള സ്നേഹത്തെ അതിരുകളില്ലാത്ത സ്നേഹമായി വിസ്തൃതമാക്കുവാൻ എന്നെ അനുവദിക്കുക; എന്റെ അതിസമൃദ്ധമായ സ്നേഹം നിങ്ങളുടെ ഹൃദയത്തിലേക്ക് പകരുവാൻ നിങ്ങളുടെ കർത്താവായ എന്നെ അനുവദിക്കുക. എന്റെ സഭയെ ആദരിച്ചുകൊണ്ട്, ഈ ലോകം മുഴുവനിലേക്കും എന്റെ സ്നേഹം പകരുന്നതിന് വേണ്ടി, ഉദാത്തമായ എന്റെ ദൈവിക സ്നേഹം നിങ്ങളിലേക്ക് പകരുവാൻ എന്നെ അനുവദിക്കുക. ഈ അനന്തമായ സ്നേഹത്തിൽ നിന്ന് കോരിയെടുത്ത് നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുവാൻ നിങ്ങളെത്തന്നെ അനുവദിക്കുവിൻ. പ്രിയപ്പെട്ട സഹോദരങ്ങളേ, ഞാൻ നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹവും വിശ്വസ്തതയും നൈർമല്യവുമാണ്. കുഞ്ഞുങ്ങളേ, പരീക്ഷണങ്ങൾ വരുമ്പോൾ ഭഗ്നാശരാകരുത്; ഞാൻ നിങ്ങളെ ഒരിക്കലും പരിത്യജിക്കുകയില്ല; ഞാൻ നിങ്ങളുടെ ഇടയനാണ്. എന്റെ മേലങ്കിക്കുള്ളിൽ ഞാൻ നിങ്ങളെ കാത്തുസൂക്ഷിക്കും; എന്നോടൊപ്പം നിങ്ങൾ ഭക്ഷിക്കും; എന്നോടൊപ്പം ആയിരിക്കുമ്പോൾ നിങ്ങൾ ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നിങ്ങളോട് പെരുമാറുന്നതുപോലെ നിങ്ങളും പരസ്പരം പെരുമാറുവിൻ; ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കുവിൻ; ഞാൻ നിങ്ങളുടെ പ്രാർത്ഥനകളോട് പ്രത്യുത്തരിക്കുന്നതുപോലെ നിങ്ങളും പരസ്പരം പ്രത്യുത്തരിക്കുവിൻ. എന്നിൽ നിന്ന് ഭക്ഷിക്കുവിൻ; സാത്താന്റെ പഴങ്ങളായ അവിശ്വസ്തത, അസൂയ, അനൈക്യം, അശുദ്ധി എന്നീ ഭക്ഷണങ്ങൾ സ്വീകരിക്കരുത്. നിങ്ങൾ ഏകതയിലാകുക; നിങ്ങൾ പരിപൂർണ്ണരാകുവിൻ. എന്റെ സഭ അവളുടെ നൈർമല്യത്താൽ തിളങ്ങട്ടെ; എന്റെ നീതിയുടെ മഞ്ഞുതുള്ളികൾ നിങ്ങളിലേക്ക് പെയ്തിറങ്ങുകയും അവ കറുത്തിരുണ്ട വലിയ മേഘപാളികളെ ദൂരെയകറ്റി ചിതറിച്ചുകളയുകയും ചെയ്യട്ടെ. എല്ലാ അന്ധകാരവും അതിനോട് ചേർന്നിരിക്കുന്ന തിന്മകളും അപ്രത്യക്ഷമാകേണ്ടതിന്, നിങ്ങളുടെ മേൽ നിലകൊള്ളുന്ന മേഘപാളികളിലേക്ക് തുളച്ചു പ്രവേശിക്കുവാൻ എന്റെ പ്രകാശത്തെ അനുവദിക്കുവിൻ. സൂര്യനെ നോക്കുന്ന പുഷ്പങ്ങളെപ്പോലെയാകുവിൻ; എന്റെ ചൂടുള്ള പ്രകാശരശ്മികൾ നിങ്ങളുടെ വിശുദ്ധിയെയും നൈർമല്യത്തെയും സത്യസന്ധതയെയും സ്നേഹത്തെയും ശക്തിപ്പെടുത്തട്ടെ. കർത്താവായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കേണ്ടതിന്, എപ്പോഴും എന്റെ സ്നേഹത്തിന്റെ കല്പന പാലിക്കുവിൻ. കർത്താവായ യേശുക്രിസ്തുവായ ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു; ഞാൻ താമസിയാതെ നിങ്ങളുടെ അടുക്കലേക്ക് വരും; ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. 02/08/1988. കർത്താവായ എനിക്ക് വലിയ ദയയുണ്ട്; എന്റെ കാരുണ്യം താരതമ്യമില്ലാത്തതാണ്; എന്റെ കാരുണ്യം അനന്തവും അളവില്ലാത്തതുമാണ്. സൃഷ്ടികളേ, നിങ്ങളുടെ പാപങ്ങൾ കൽക്കരി പോലെ കറുത്തതാണ്; എന്റെ അനന്തമായ കാരുണ്യം ഇല്ലായിരുന്നെങ്കിൽ, എന്റെ നീതി നിങ്ങളെ സമ്പൂർണ്ണമായി തകർക്കുമായിരുന്നു. ഞാൻ ഇപ്പോൾ നിങ്ങളുടെ വാതിൽക്കൽ നിൽക്കുന്നു; ഒരു കള്ളനെപ്പോലെ ഞാൻ നിങ്ങളുടെ ജീവിതത്തിൽ പ്രവേശിക്കും; എന്റെ അടയാളങ്ങൾ ശ്രദ്ധിക്കുവിൻ; നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ. എന്റെ വസൂല, പ്രാർത്ഥിക്കുക; ഇപ്പോഴും എന്നെ എതിർക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക; എന്നെ ദ്രോഹിക്കുന്നവർക്ക് വേണ്ടിയും, ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്ന എന്റെ കുഞ്ഞാടുകളെ കുറ്റം വിധിച്ചുകൊണ്ട് ഈ ലോകത്തിലെ ഇരുട്ടിലാക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കുക. അവരെ സ്വതന്ത്രരാക്കുക; അവരെ എന്റെ സന്നിധിയിൽ കൊണ്ടുവന്ന് അവരെ സ്വതന്ത്രരാക്കുക. അല്ലയോ വസൂല, എന്റെ കുഞ്ഞാടേ, എന്റെ സമീപം നിലകൊള്ളുക; എന്റെ മേലങ്കിക്ക് കീഴിൽ നിലകൊള്ളുക; എന്റെ ഹൃദയത്തിൽ മറഞ്ഞിരിക്കുക; രക്ഷ എന്നിൽ നിന്നാണ് വരുന്നത്; നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. അതേ കർത്താവേ, പരിശുദ്ധ മറിയം. സന്നദ്ധയായിരിക്കുക; മകളേ, എന്റെ സാന്നിധ്യം അനുസ്മരിക്കുക; നമ്മൾ നമുക്ക് എന്നെന്നേക്കും; നമ്മൾ നമുക്ക് എന്നേക്കും ഒരുമിച്ച്. 04/08/1988, റോം, മാർപാപ്പ സന്ദർശകരെ പൊതുവായി കാണുന്ന ദിവസം: മുന്നനിരിയിൽ നിന്ന് ഞാൻ മാർപാപ്പ അടുത്തെത്തിയപ്പോൾ, യേശുവിന്റെ സന്ദേശം അടങ്ങിയ പേപ്പർ മാർപാപ്പയുടെ അരപ്പട്ടയിൽ വെച്ചുകൊടുത്തു; അതിന്റെ ഒരു ഫോട്ടോയും എടുത്തു. ആ ദിവസം മുഴുവനും എന്നെ നോക്കി പുഞ്ചിരിക്കുന്ന യേശുവിനെ എനിക്ക് ദർശിക്കുവാൻ കഴിഞ്ഞു. യേശുവേ. ഇത് ഞാനാണ്; പുഷ്പമേ, എന്റെ വഴികളുടെ നിഗൂഢതകൾ ഗ്രഹിക്കുവാൻ പരിശ്രമിക്കേണ്ട; എളിമയോടെ ഇരിക്കുക; എന്നിൽ നിന്ന് വരുന്നതെല്ലാം സ്വീകരിക്കുക. കർത്താവായ ഞാൻ നിന്നെ എന്റെ ഭവനത്തിലേക്ക് നയിച്ചു; എന്റെ വളരെ പ്രിയപ്പെട്ട ദാസനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ കാണുന്നതിന് ഞാൻ നിന്നെ എന്റെ ഭവനത്തിലേക്ക് നയിച്ചു കൊണ്ടുവന്നു. പ്രിയപ്പെട്ടവളേ, പ്രിയപ്പെട്ട ദേഹീ, നീ എന്നെ അനുസരിച്ചു; നീ എന്നിൽ വിശ്വസിച്ചു; നീ എന്നിൽ ആശ്രയിച്ചു. ദേഹീ, നീ ആനന്ദിക്കുക; എന്തെന്നാൽ നിന്റെ ദൈവമായ ഞാനും ആനന്ദിക്കുന്നു; ലാളിത്യം എന്നെ ആകർഷിക്കുന്നു; അനുസരണം എന്റെ തിരുഹൃദയത്തെ തുടുപ്പിക്കുന്നു. എന്തെന്നാൽ ശത്രുവിനെതിരായ ശക്തമായ ആയുധമാണ് അനുസരണം. യേശുവേ, അങ്ങയുടെ സന്ദേശം അടങ്ങിയ കത്ത് മാർപാപ്പയുടെ അരപ്പട്ടയിൽ വെച്ചുകൊടുത്തത് ശരിയായ കാര്യമാണോ? നീ എന്നെ അനുസരിച്ചു; നിന്റെ അനുസരണം മറ്റുള്ളവർക്ക് ഒരു മാതൃകയാകട്ടെ. സാഹചര്യം എത്ര പ്രയാസമേറിയതാണെന്ന് നിനക്ക് തോന്നിയാലും, എന്നിൽ വിശ്വാസം ഉറപ്പിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. നീ അനുസരിച്ചുകൊണ്ട് എന്റെ അഭിലാഷം നിറവേറ്റുന്നതായി ഞാൻ കാണുമ്പോൾ, എപ്പോഴും ഞാൻ നിന്നെ സഹായിക്കും. എനിക്ക് വേണ്ടി ഒരു കാര്യം നീ പ്രവർത്തിക്കണമെന്ന് ഞാൻ എന്തുകൊണ്ടാണ് പറഞ്ഞതെന്ന് ഗ്രഹിക്കുവാൻ നീ പരിശ്രമിക്കേണ്ട. കർത്താവായ ഞാനായിരിക്കും എന്റെ നാമത്തിൽ നിങ്ങളെല്ലാവരെയും ഐക്യപ്പെടുത്തുന്നത്; എന്റെ അഭിലാഷങ്ങളെല്ലാം നിറവേറ്റപ്പെടുന്നത് എന്റെ ശക്തിയിലൂടെയായിരിക്കും. എന്റെ കുഞ്ഞേ, നിന്നെ ഈ വിധത്തിൽ ഉപയോഗിക്കുന്നതിന് എന്റെ വിരൽ നിന്റെ മേൽ വെക്കുവാൻ എന്നെ അനുവദിക്കുക; നിന്മേൽ നിന്ന് നിന്നെ സംരക്ഷിക്കുന്നതിനും, നിന്റെ മേൽ ഞാൻ വർഷിച്ചിട്ടുള്ള കൃപകളുടെ മേൽ നീ അഹങ്കരിക്കാതിരിക്കേണ്ടതിനും വേണ്ടി, നിന്റെ മേൽ എന്റെ മൂടുപടം വെക്കുവാൻ എന്നെ അനുവദിക്കുക. നിന്റെ ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു; ഏതു ഗുരുതര സാഹചര്യങ്ങൾ ആയാൽ പോലും ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. സ്നേഹം നിന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും; ജ്ഞാനം ജീവിതത്തെ സ്നേഹിക്കുന്നു; ജ്ഞാനത്തിന് പരിശുദ്ധി എന്ന നാമവും ഉണ്ട്. എന്നെ അനുസരിക്കുന്ന എല്ലാവർക്കും ഞാൻ ജ്ഞാനം കൊടുക്കും; എന്റെ എല്ലാ നിർദ്ദേശങ്ങളും ജ്ഞാനത്തിൽ നിന്ന് വരുന്നു. എന്നെ വിശ്വസിക്കുക; വിശുദ്ധിയുടെ വിത്തുകൾ വിതയ്ക്കുക. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വരൂ, എന്റെ പരിശുദ്ധ സാന്നിധ്യം അനുസ്മരിക്കുക; എന്നെ നോക്കി പുഞ്ചിരിക്കുക. 06/08/1988, റോം, നമ്മുടെ പരിശുദ്ധ മാതാവ്. വാസൂല, ഒരിക്കലും ധൈര്യം വെടിയരുത്; ഞാൻ നിന്റെ സമീപമുണ്ട്. യേശുവിന്റെ മുറിവുകളിൽ പ്രവേശിച്ച് അഭയം തേടുക; എന്റെ വ്യാകുലമായ ഹൃദയത്തിൽ പ്രവേശിച്ചുകൊണ്ട് എന്റെ ദുഃഖം അനുഭവിച്ചറിയുക; ഞാൻ എപ്രകാരം വിലപിക്കുന്നുണ്ടെന്ന് അനുഭവിച്ചറിയുക. ഞാൻ അനേകർക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്; എന്റെ രൂപങ്ങൾ കണ്ണീർ പൊഴിക്കുവാൻ ഇടവരുത്തിക്കൊണ്ട് ഞാൻ അടയാളങ്ങൾ നൽകുന്നു; അനേകം സ്ഥലങ്ങളിൽ ഞാൻ പ്രത്യക്ഷപ്പെടുന്നു. എന്നാൽ എന്റെ മക്കളുടെ ഹൃദയങ്ങളെ അവിശ്വാസം എന്ന ഒരു കട്ടിയുള്ള പുറന്തോട് ആവരണം ചെയ്തിരിക്കുന്നു; ദൈവത്തിൽ വിശ്വസിക്കുന്നവരെ ഇക്കൂട്ടർ പരിഹസിക്കുന്നു; ദൈവവചനം എന്നത് അവരെ സംബന്ധിച്ച് അപ്രധാനമാണ്. ദൈവത്തിന്റെ വിളികൾ അവഗണിക്കപ്പെടുന്നു; യേശുവിന്റെയും എന്റെയും മുന്നറിയിപ്പുകൾ അവർ ശ്രദ്ധിക്കുന്നില്ല; ദൈവത്തിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെട്ട വെളിപാടുകൾ ശ്രവിക്കുവാൻ ആരും ആഗ്രഹിക്കുന്നില്ല. അസഹിഷ്ണുതയാലും വൈകൃതത്താലും ക്രൂരതയാലും അവമാനത്താലും നയിക്കപ്പെടുന്ന നിങ്ങളുടെ കാലഘട്ടത്തിന്റെ വിശ്വാസം അപ്രത്യക്ഷമായിരിക്കുന്നു. എത്രമാത്രം എന്റെ വിമലഹൃദയം ദുഃഖപൂർണ്ണമായിരിക്കുന്നു! നിങ്ങളുടെ മേൽ പതിക്കാനിരിക്കുന്ന ദൈവകരങ്ങളിൽ നിന്നും നിങ്ങളെ കാത്തു രക്ഷിക്കുവാൻ ഇനി എനിക്ക് കഴിയുകയില്ല. സഭ നവീകരിക്കപ്പെടേണ്ടതുണ്ട്; സഭയുടെ ശുദ്ധീകരണത്തിനുള്ള സമയം ഏതാണ്ട് കഴിയാറായി. പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് ഇറങ്ങിവന്ന് നിങ്ങൾക്ക് പ്രത്യാശയും സ്നേഹവും വിശ്വാസവും പ്രധാനം ചെയ്യും; പരിശുദ്ധാത്മാവ് നിങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കുകയും നിങ്ങളുടെ ദേഹിയെ പുഷ്ടിപ്പെടുത്തുകയും ചെയ്യും. ഈ നവീകരണം മഹത്തായ തിരിച്ചുവരവ്, ശാശ്വതമായ ഉറവയുടെ തളിർപ്പ്, സമൃദ്ധമായ പൂക്കാലം എന്നൊക്കെ അറിയപ്പെടും. സഭയുടെ ശുദ്ധീകരണം ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും ദർശിക്കുവാൻ നിങ്ങളെ ഒരുക്കും; നിങ്ങളുടെ ദൈവത്തെ കണ്ടുമുട്ടുവാൻ സഭ നിങ്ങളെ ഒരുക്കും. നിങ്ങൾ എല്ലാവരോടുമുള്ള എന്റെ അഗാതമായ സ്നേഹം ഗ്രഹിക്കുക; നമ്മൾ നമുക്ക്. അതേ, നമ്മൾ നമുക്ക്. വരൂ. 07/08/1988, റോം. നീ എന്നെ അനുഭവിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; എന്റെ തിരുഹൃദയത്തിന്റെ അഭിലാഷങ്ങൾ അനുഭവിച്ചറിയുക; സ്നേഹത്തിനുവേണ്ടിയുള്ള എന്റെ ദാഹം, നിന്നെ എന്റെ അടുക്കൽ ചേർത്തുനിർത്തുവാനുള്ള എന്റെ ആഗ്രഹം, മനുഷ്യവർഗ്ഗം മുഴുവനോടുമുള്ള എന്റെ അസൂയാവഹമായ സ്നേഹം—ഇതെല്ലാം നീ അനുഭവിച്ചറിയണം. നിന്റെ മോഹങ്ങളെല്ലാം ഉപേക്ഷിക്കുക; നിനക്ക് യാതൊരു മോഹങ്ങളും വേണ്ട; എന്റെ സന്നിധിയിൽ നിനക്ക് ഈ മോഹങ്ങളുടെ ആവശ്യമില്ല; ഞാനല്ലേ നിന്നെ പോഷിപ്പിക്കുന്നത്. എന്റെ പ്രവർത്തികൾ പൂർണ്ണമായി എന്റേതായിരിക്കട്ടെ; ഞാൻ നിന്നെ വഴി നയിക്കുന്നത് അംഗീകരിക്കുക; എന്റെ തിരുഹൃദയത്തിൽ പ്രവേശിച്ച് വസിക്കുക; ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. 08/08/1988, റോം. പ്രിയപ്പെട്ടവളേ, നിന്നെ അന്വേഷിച്ചു കണ്ടെത്തിയ നിന്റെ ഇടയനാണ് ഞാൻ എന്ന് നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മൃതരുടെ ഇടയിൽ മരിച്ചുകിടക്കുകയായിരുന്നു നീ; ഞാനാണ് പുനരുദ്ധാനം; എന്നിലൂടെ മാത്രമേ നീ ജീവൻ, നിത്യജീവൻ പ്രാപിക്കുകയുള്ളൂ. എന്നാൽ ഇടയന്റെ ഈ തിരിച്ചുവരവിൽ, തന്റെ ആടുകൾ ചിതറിക്കപ്പെട്ടതായും പട്ടിണി കിടക്കുന്നതായും അവൻ കാണുന്നു; അവയുടെ തൊഴുത്ത് ഇടയന്റെ സ്വന്തം സുഹൃത്തുക്കളാൽ അടിച്ചു തകർക്കപ്പെട്ടതായും അവൻ കാണുന്നു. ചൂഷണത്തിനിരയായി പീഡിപ്പിക്കപ്പെട്ട എന്റെ ആടുകൾ പട്ടിണിമൂലം മരിച്ചുകിടക്കുന്നു; എന്റെ തൊഴുത്തിന്റെ ഉത്തരവാദിത്വം ഉണ്ടായിരുന്ന ഇടയന്മാർ എന്നെ ധിക്കരിക്കുകയും എന്നോട് അവിശ്വസ്തത കാണിക്കുകയും ചെയ്തു. അതിനാൽ കൂടുതൽ നാശം സംഭവിക്കാതിരിക്കേണ്ടതിന്, എനിക്ക് അവിശ്വസ്തരായ ഇടയന്മാരെ നീക്കി കളയേണ്ടി വരും; എന്റെ സഭയുടെ ഭയാനകമായ ദുരിതമെന്ന് ഇതറിയപ്പെടും. വരൂ, നീ പഠിച്ചുകൊണ്ടിരിക്കുന്നു; സ്നേഹമായ ഞാൻ നിന്നെ സ്നേഹിക്കുന്നു.