Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 27: ഞാൻ ആൽഫയും ഒമേഗയും ആണ്.
Transcript
- എപ്പിസോഡ് 27. 23-03-1987. ഓർക്കുക, ഞാൻ ഏകനാണ്; പരിശുദ്ധ ത്രീത്വവും ഏകമാണ്. നമ്മൾ തമ്മിലുള്ള ഐക്യം പരിപൂർണ്ണമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശ്രദ്ധാപൂർവ്വം എന്നെ വിവേചിച്ചറിയുക. അതെ, നീ ശരിയായി കണ്ടിരിക്കുന്നു. എന്റെ പക്കൽ രണ്ടു മോതിരങ്ങൾ ഉണ്ട്. അവയ്ക്ക് വെള്ളിയുടെ നിറമാണോ? അവ തിളങ്ങുന്നുണ്ട്. അവ ശുദ്ധമായ വെള്ള നിറത്തിലുള്ള സ്വർണം കൊണ്ടുള്ളവയാണ്. തിന്മ എന്നെ വഴിതെറ്റിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി. അത് എങ്ങനെ സംഭവിച്ചു? വസൂലാ, എന്നെ ശ്രവിക്കുക. ഇത് ഞാനാണ്, യേശു. ഭയപ്പെടേണ്ട, പ്രിയപ്പെട്ടവളേ. വരൂ, ഇത് ഞാൻ നിനക്കായി കൊണ്ടുവന്ന മോതിരമാണ്. നീ ഇപ്പോൾ ഈ മോതിരം ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ വിവേചിച്ചറിയുക. എന്നാൽ ഇത് സാധ്യമാണോ? അതെ, ഞാൻ നമ്മുടെ ഐക്യത്തെ ആശീർവദിക്കുകയാണ്. പ്രിയപ്പെട്ടവളേ, ഈ പ്രവർത്തി ആത്മീയവും സ്വർഗ്ഗീയവുമായ ഒരു പ്രതീകാത്മക പ്രവർത്തിയാണ്. നിന്റെ ദേഹി എന്നോട് ഐക്യപ്പെട്ട് ഒന്നായിരിക്കുന്നു എന്ന് ഞാൻ സത്യമായി നിന്നോട് പറയുന്നു. എന്നെ വിശ്വസിക്കുക, ഞാൻ നമ്മുടെ മാങ്കല്യം വിശുദ്ധീകരിക്കും. ഈ മോതിരം നിന്റെ വിരലിൽ അണിയിക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ തൊട്ട് അനുഭവിച്ചറിയുക. ഞാൻ നിന്നെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. യേശു മറ്റേ മോതിരം അവിടുത്തെ വിരലിലും അണിഞ്ഞു. ഇപ്പോൾ നീ എന്തു കാണുന്നു? രണ്ടു വൃത്തങ്ങളെ തമ്മിൽ യോജിപ്പിച്ചിരിക്കുന്ന ഒരു റിബൺ കാണുന്നു. ഇത് ഞാൻ നമ്മുടെ ശിരസ്സുകളിൽ വയ്ക്കും. നമ്മൾ ഇപ്പോൾ ഐക്യപ്പെട്ട് ഒന്നിച്ചിരിക്കുന്നു. നമ്മുടെ ഐക്യത്തെ ഞാൻ ക്രീഡം അണിയിക്കുകയാണ്. യേശുവേ, പലരും ഇതിനെ മിഥ്യയായി കണക്കാക്കും. എന്തുകൊണ്ട്? അനേകർ എന്റെ അടുക്കൽ വന്ന് എന്നെ മണവാളനായി സ്വീകരിച്ച് എന്നെ മഹത്വപ്പെടുത്തുന്നു. അവരുമായി ഐക്യപ്പെട്ട് ഒന്നാകുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. വസൂലാ, ഞാൻ നിന്നെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചിരിക്കുന്നു. എന്റെ പ്രകാശം ഞാൻ നിന്റെ മേൽ ചൊരിഞ്ഞു. ഞാൻ നിന്നെ പരിപാലിച്ചു. ഞാൻ നിന്നെ ആശ്വസിപ്പിച്ചു. മകളെ, എന്റെ പ്രവർത്തികൾ നിന്നിലൂടെ തുടരുവാൻ എന്നെ അനുവദിക്കുക. ഞാൻ ആഗ്രഹിക്കുന്നതുപോലെ നിന്നെ രൂപപ്പെടുത്തുവാൻ കഴിയുന്ന കളിമണ്ണായി തീരുക. നിന്നെ സ്വതന്ത്രമായി എന്റെ കരങ്ങളിൽ വിട്ടുതരിക. എന്നെ തടയാതിരിക്കുക. കർത്താവേ, ഞാൻ വളരെ സന്തോഷവതിയാണ്. ഈ വലിയ സന്തോഷം എനിക്ക് തെറ്റ് പറ്റിയതായിരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ഇല്ല, നീ ശരിയായി തന്നെ വിവേചിച്ചറിഞ്ഞു. നീ വളരെ സന്തോഷം അനുഭവിക്കുന്നുണ്ട്. ഇപ്പോൾ തന്നെ നിന്നെ സ്വീകരിക്കുവാൻ ഞാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്ന വിധം അത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഈ ലോകത്തിൽ നിന്ന് വിടുവിച്ച് എന്റെ അടുക്കൽ എത്തിക്കുവാൻ ഞാൻ അത്യധികമായി ആഗ്രഹിക്കുന്നു. എന്നാൽ അതേസമയം, ഈ സന്ദേശങ്ങൾ നൽകുന്നതിനു വേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. എനിക്ക് അങ്ങ് മോതിരം തന്നു. നമ്മുടെ ഐക്യം പൂർത്തിയാക്കി എന്നുള്ളത് എനിക്ക് ഉറപ്പാണെങ്കിലും, ഒരുപക്ഷേ ഞാൻ ഇത് തെറ്റായി വിവേചിച്ച് അങ്ങയുടെ നാമത്തെ അവഹേളിക്കുകയാണോ എന്നും ഞാൻ സംശയിക്കുന്നു. എന്റെ മണവാട്ടി, എന്റെ നികൃഷ്ടയായ മണവാട്ടി, നീ എന്തിന് എന്നെ ഭയപ്പെടുന്നു? എന്നെ ദുഃഖിപ്പിക്കാതെ എന്റെ അടുത്തേക്ക് വരുക. എന്നിൽ ആശ്രയിക്കുക. ഞാനാണ് നമ്മുടെ മംഗല്യത്തെ വിശദീകരിച്ചത് എന്ന് ഓർക്കുക. ആകുലപ്പെടരുത്. ഇത് ഞാൻ യേശുവാണ്. നിന്റെ ഭയമെല്ലാം ഉപേക്ഷിച്ച് എന്റെ അടുക്കലേക്ക് വരിക. നിന്റെ കരം എന്നെ തൊട്ടു. ഞാൻ സന്ദേശം എഴുതിക്കൊണ്ടിരുന്നപ്പോൾ, എന്റെ മുമ്പിൽ വെച്ചിരുന്ന തിരുമുഖത്തിന്റെ ഒരു വലിയ ചിത്രത്തിൽ ഞാൻ നോക്കുന്നുണ്ടായിരുന്നു. ബോധപൂർവ്വം അല്ലാതെ, എന്റെ മനസ്സുകൊണ്ട് ഞാൻ കർത്താവിൻറെ ഇടതുവശത്തെ കവിളിലേക്ക് വീണുകിടക്കുന്ന തലമുടി മെല്ലെ മാറ്റിവെച്ചു. ഉടൻ തന്നെയാണ് കർത്താവ് ഇത് പറഞ്ഞത്. അങ്ങ് എന്റെ കരത്തിന്റെ സ്പർശനം യഥാർത്ഥത്തിൽ അറിഞ്ഞു. വസൂലാ, ഞാൻ ദൈവമാണെന്നുള്ളത് നീ മനസ്സിലാക്കുന്നില്ലേ? എന്നോട് ക്ഷമിക്കണമേ. ഞാൻ അങ്ങയെ തൊട്ടുപോയി. വിഷമിക്കേണ്ട. നീ ഇപ്പോൾ ആയിരിക്കുന്നതുപോലെ തന്നെ എന്നോട് ഉറ്റബന്ധത്തിൽ തുടരുക. വരൂ, നിന്റെ കരം എനിക്ക് തരൂ. ഞാൻ അതിനെ എന്റെ കരത്തിനുള്ളിൽ സൂക്ഷിച്ചു കൊള്ളാം. 26-03-1987. ദൈവം എനിക്കൊരു ദർശനം നൽകി. വസൂലാ, എന്നെ പ്രീതിപ്പെടുത്തുക. ഞാൻ ഏകദൈവമാണെന്ന് മനസ്സിലാക്കുക. എന്റെ മഹത്വത്തെ കൂടുതലായി നിന്നെ കാണിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. കുഞ്ഞേ, സ്വർഗ്ഗം എങ്ങനെയാണ് സൃഷ്ടിച്ചതെന്ന് നിനക്കറിയാമോ? അങ്ങ് സ്വർഗ്ഗം സൃഷ്ടിച്ചു. അങ്ങിലൂടെ സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടു. അതെ, സ്വർഗ്ഗത്തിന്റെ വീതിയും ഉയരവും ആഴവും ഞാൻ അളന്നിട്ടുണ്ട്. അതിന്റെ എല്ലാ അളവുകളും പരിപൂർണ്ണമാണ്. ഓരോ ചെറിയ ജീവിയും എന്നിൽ നിന്ന് വരുന്നു. അവ ഓരോന്നും എന്റേതാണ്. സർവ്വ ജീവനും എന്നിൽ നിന്ന് വരുന്നു. എന്റെ ശ്വാസമാണ് ജീവൻ. എന്റെ സ്വർഗ്ഗീയ പ്രവർത്തികളെ കുറിച്ച് കൂടുതൽ അറിയുവാൻ നീ ആഗ്രഹിക്കുന്നുവോ? ഓ, കർത്താവേ. എന്നാൽ എന്റെ മഹത്വത്തിലൂടെ നമുക്കൊന്ന് നടക്കാം. വളരെ നന്നായി പ്രകാശിതമായ വർണ്ണജ്വലമായ മനോഹരമായ ഒരു തോട്ടത്തിലൂടെ ദൈവസാന്നിധ്യത്തിൽ ഞാൻ നടക്കുന്നതായി കണ്ടു. അതിലെ പ്രകാശം സൂര്യനിൽ നിന്നായിരുന്നില്ല. ചക്രവാളത്തെ തൊട്ടിരിക്കുന്ന വളരെ വലിയ ഒരു പ്രകാശഗോളത്തെ ഞാൻ ശ്രദ്ധിച്ചു. അത് വലിയൊരു സൂര്യനെ പോലെ കാണപ്പെട്ടു. എന്നാൽ കണ്ണിന് കുഴപ്പം വരാതെ തന്നെ അതിനു നേർക്ക് നോക്കുവാൻ കഴിയുമായിരുന്നു. മകളേ, നിനക്ക് എങ്ങനെ അനുഭവപ്പെടുന്നു? എല്ലാം അതിമനോഹരമായിരിക്കുന്നു. എല്ലാം അസാധാരണമായിരിക്കുന്നു. ഇപ്പോൾ നീ എന്തു കാണുന്നു? സൂര്യനെ പോലെയുള്ള ഒരു പ്രകാശഗോളത്തെ. അതെ, അത് എന്റെ പരിശുദ്ധ വാസസ്ഥലമാണ്. ആ പ്രകാശത്തിനു ചുറ്റും നീ എന്തു കാണുന്നു? ആദ്യം പൊട്ടുകൾ പോലെയുള്ളവ പ്രകാശഗോളത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതായി കണ്ടു. എന്നാൽ പിന്നീട് അവ മാലാഖമാരാണെന്ന് എനിക്ക് മനസ്സിലായി. അവ കോടാനുകോടിയെണ്ണം ഉണ്ടായിരുന്നു. അവർ എന്റെ മഹത്വത്തെ വലയം ചെയ്തുകൊണ്ടിരിക്കുന്ന ക്രോവേൻമാരാണ്. വേറെ എന്തു നീ കാണുന്നു? പ്രകാശഗോളത്തിനകത്തുള്ള ഏതാനും ചവിട്ടുപടികൾ കാണുന്നു. നമുക്ക് ഈ പ്രകാശത്തിനകത്തേക്ക് പ്രവേശിക്കാം. നീ തയ്യാറാണോ? നിന്റെ ചെരുപ്പ് അഴിച്ചു മാറ്റുക. എന്തെന്നാൽ നാം വിശുദ്ധ സ്ഥലത്തേക്കാണ് പ്രവേശിക്കുന്നത്. ഇപ്പോൾ നമ്മൾ പ്രകാശഗോളത്തിനുള്ളിലായി. ഞാൻ കരുതിയത് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യന്തം തെളിഞ്ഞ പ്രകാശമായിരിക്കും എന്നാണ്. എന്നാൽ അങ്ങനെയല്ല. എല്ലാം നീലനിറമായിരുന്നു. അതിനകത്ത് ശാന്തതയും അതുപോലെതന്നെ സമാധാനത്തിന്റെയും വിശുദ്ധിയുടെയും അന്തരീക്ഷവുമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. അകമെല്ലാം ഒരു വൃത്താകാരമായിരുന്നു. അതെ, അതൊരു വൃത്തമാണ്. ചുറ്റിലും ഭിത്തി പോലെ തോന്നിച്ചത് ഭിത്തി അല്ലായിരുന്നു. അവ മാലാഖമാരാകുന്ന ഒരു ഭിത്തിയായിരുന്നു. അവർക്കെല്ലാം നീലനിറമായിരുന്നു. അവർ കോടാനുകോടിയെണ്ണമായിരുന്നു. ഒന്നിനുമേൽ ഒന്നായി അവർ ഭിത്തി പോലെ പറ്റിച്ചേർന്നിരിക്കുന്നത് പോലെ കാണപ്പെട്ടു. ഈ പരിശുദ്ധ സ്ഥലത്തിന് എന്റെ സറാഫുകൾ കാവൽ നിൽക്കുന്നു. അവർ അനവരതം എന്നെ ആരാധിക്കുന്നു. നിനക്ക് അവരെ കേൾക്കാമോ? പരിശുദ്ധരിൽ പരിശുദ്ധൻ നമ്മുടെ അത്യുന്നതനായ ദൈവം പരിശുദ്ധൻ. കർത്താവേ, അവരുടെ എണ്ണം എത്രയാണ്? പതിനായിരങ്ങൾ. എന്റെ കുഞ്ഞേ, സ്വർണ്ണവാളും പിടിച്ചു നിൽക്കുന്ന ഈ സുന്ദരൻ ആരാണെന്ന് അറിയാമോ? എനിക്കറിയില്ല. മറ്റു മാലാഖമാരിൽ നിന്നും വ്യത്യസ്തനായ ഒരാളിനെ ഞാൻ കണ്ടു. സ്വർണ്ണവർണ്ണമായ തലമുടി തോൾ വരെ നീണ്ടുകിടന്നിരുന്നു. കയ്യിൽ മനോഹരമായ ഒരു സ്വർണ്ണവാൾ പിടിച്ചിരുന്നു. ഉടുപ്പിന്റെ നിറം ഏറ്റവും തൂവെള്ളയായിരുന്നു. വസൂലാ, ഈ വാൾ എന്റെ വചനമാണ്. എന്റെ വചനം പരിശുദ്ധമാണ്. അത് തുളച്ചു കയറുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. പെട്ടെന്ന് മേൽക്കൂര പുഷ്പം പോലെ തുറക്കപ്പെട്ടു. കുഞ്ഞേ, നോക്കുക. വിവേചിച്ചറിയുവാൻ പരിശ്രമിക്കുക. നിന്നെ സഹായിച്ചുകൊണ്ട് ഞാൻ നിന്റെ അടുക്കലുണ്ട്. വരാനിരിക്കുന്ന വിശുദ്ധ യുദ്ധം നിനക്ക് മുകളിൽ കാണുവാൻ സാധിക്കും. മകളെ, നിന്റെ ചുറ്റും ശ്രദ്ധാപൂർവ്വം നോക്കി തിന്മയുണ്ടെന്നുള്ള കാര്യം ഗ്രഹിക്കുക. നിനക്ക് എന്തെങ്കിലും കാണുവാൻ കഴിയുന്നുണ്ടോ? പുഷ്പം പോലെ മേൽക്കൂര തുറക്കപ്പെട്ടപ്പോൾ കറുത്ത ഭീകരമായി തിളങ്ങുന്ന കണ്ണുകളോട് കൂടിയ കുതിരകളെയും തുടർന്നുള്ള യുദ്ധവും ഞാൻ ദർശിച്ചു. എന്റെ സൈന്യം സാത്താനോടും എന്റെ നിയമത്തെ നശിപ്പിക്കുവാൻ ശ്രമിച്ചവർ ഉൾപ്പെടെയുള്ള അവന്റെ അനുയായികളോടും യുദ്ധം ചെയ്യും. ഞാൻ ആൽഫയും ഒമേഗയും ആദ്യവും അന്ത്യവും ആണെന്ന് ഓർത്തുകൊള്ളുക. എന്റെ വചനം നിത്യമാണ്. ഇപ്പോൾ നീ എന്താണ് കാണുന്നത്? ഒരു വലിയ പാമ്പിനെ പോലെയുള്ള ഇഴജന്തുവിനെ കുതിരപ്പുറത്തുനിന്ന് വലിച്ചെറിയുന്നു. ഈ സർപ്പം എന്റെ വിശുദ്ധ മിഖായേൽ മാലാഖയുടെ കുന്തത്താൽ കീഴടക്കപ്പെടും. ഇത് സംഭവിച്ചു കഴിയുമ്പോൾ അവന്റെ എല്ലാ അനുയായികളും നിലംപതിക്കും. വസൂലാ, നീ ഇപ്പോൾ എന്റെ ന്യായവിധി സ്ഥലം കാണുവാൻ പോവുകയാണ്. ഞാൻ വലിയൊരു ഹാൾ കാണുന്നു. എന്നാൽ അതിനകത്ത് ആരെയും കാണുന്നില്ല. പെട്ടെന്ന് ഒരു മൂലയ്ക്ക് ചങ്ങലകളുടെ ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ ഒരു കൂട്ടം ദേഹികളെ ഞാൻ കണ്ടു. അവർ തീർത്തും അവശരാണ്. അവരിൽ കരിയും കറുത്ത പാടുകളും ഉണ്ടായിരുന്നു. അവർ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് അവർ അറിഞ്ഞില്ല. അവർ ഞങ്ങളെ കണ്ടില്ല. അവർ എത്തിയിരിക്കുന്ന സ്ഥലത്തെക്കുറിച്ച് അവർ പരിഭ്രാന്തരായി കാണപ്പെട്ടു. കാഹളങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. കാഹള ശബ്ദത്തിലൂടെ എന്റെ മാലാഖമാർ എന്റെ ആഗമനം അറിയിക്കുകയാണ്. നിന്റെ കൈ എനിക്ക് തരുക. എന്തെന്നാൽ നീ എന്റെ കൊച്ചു സന്ദർശകയാണ്. ഓരോ മാലാഖയും എന്റെ മുമ്പിൽ സഷ്ടാംഗം പ്രണമിക്കുന്നു. ഈ അസംഖ്യം ദേഹികളെ നീ കണ്ടോ? അവർ ഇപ്പോൾ ശുദ്ധീകരണ സ്ഥലത്തുനിന്ന് വന്നെത്തിയിരിക്കുന്നവരാണ്. ഇപ്പോൾ വിമോചിതരായവർ പീഡിതരായ ദേഹികളാണ്. അവർ സാത്താന്റെ നരകവാതിലിനടുത്തായിരുന്നു. ആരാണ് അവരെ വിമോചിപ്പിച്ചത്? എന്റെ സ്വർഗ്ഗീയ പ്രവർത്തികളാലും എന്നെ സ്നേഹിക്കുന്നവരുടെ സ്നേഹത്താലും ഞാൻ ഇവരെ മോചിപ്പിച്ചു. നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിനക്ക് മനസ്സിലായോ? എത്ര ആഴമായി നിങ്ങൾ എന്നെ സ്നേഹിക്കുന്നുവോ, അത്രയധികമായി എനിക്ക് അവരെ ഉയർത്തിയെടുത്ത് എന്റെ പക്കലേക്ക് അവരെ എത്തിക്കുവാൻ കഴിയും. ഈ ദേഹികൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയുവാൻ നിനക്ക് ആഗ്രഹമുണ്ടോ? ഓ, കർത്താവേ, ഇനി എന്താണ് സംഭവിക്കുന്നത്? ഞാൻ നിന്നോട് പറയുന്നു. ഞാൻ അവരെ എന്റെ പരിശുദ്ധാത്മാവിനാൽ സ്നാനപ്പെടുത്തി അവരെ പൂർണമായി സ്വതന്ത്രരാക്കും. എന്തെന്നാൽ പരിശുദ്ധാത്മാവിനാൽ സ്നാനപ്പെടുമ്പോൾ മാത്രമേ അവർ എന്റെ സ്വർഗ്ഗരാജ്യത്തിൽ പങ്കുചേരുകയുള്ളൂ. അവർ ജ്ഞാനസ്നാനം സ്വീകരിച്ചവരല്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്? അതെ, അവർ സ്നാനപ്പെട്ടവരല്ല. അവർ സ്നാനം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? ഓ, അവർ സ്നാനം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു. വരൂ, ഞാൻ നിനക്ക് വിശദമാക്കി തരാം. നമുക്ക് ഇരിക്കാം. നീ അവിടെ കണ്ടത് അവരുടെ പ്രതിബിംബം മാത്രമാണ്. അവർ യഥാർത്ഥത്തിൽ എന്റെ ഹാളിൽ ഉണ്ടായിരുന്നില്ല. അന്ത്യവിധി വരെ ദേഹികൾ വിധിക്കപ്പെടുന്നില്ല. അവർ അങ്ങയുടെ ഹാളിൽ ഇല്ലായിരുന്നുവെങ്കിൽ, അവർ അപ്പോൾ എവിടെയായിരുന്നു? ഈ ദേഹികൾ ശുദ്ധീകരണ സ്ഥലത്തായിരുന്നു. ശുദ്ധീകരണ സ്ഥലത്തായതുകൊണ്ട് അവർ നിസ്സഹായരാണ്. എന്നെ അവർ അറിഞ്ഞു സ്വീകരിക്കുകയും എന്നെ അനുഗമിക്കുവാൻ അവർ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ അവർ രക്ഷ പ്രാപിക്കുന്നു. എന്നാൽ എന്നെ തിരിച്ചറിയാത്തവർ, സ്വീകരിക്കാത്തവർ, അംഗീകരിക്കാത്തവർ, അവരുടെ കഠിന ഹൃദയം മൂലം നിത്യനാശത്തിൽ പതിക്കും. ഇവയെല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെങ്കിലും, നിങ്ങളെല്ലാവർക്കും ഞാൻ മുന്നറിയിപ്പ് നൽകണം. ആരെങ്കിലും പരിശുദ്ധാത്മാവിനെതിരായി പാപം ചെയ്യുകയാണെങ്കിൽ, അവരുടെ പാപം ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല. ഇത് എന്റെ നിയമമാണ്. കുഞ്ഞേ, എന്റെ മുമ്പിൽ ശിരസ്സ് നമിച്ച് ധ്യാനനിരതയാവുക. ഞാൻ അപ്രകാരം ചെയ്തു. ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. ഞാൻ നിന്റെ പാപങ്ങൾ ക്ഷമിക്കുന്നു. ഈ പ്രാർത്ഥന ചൊല്ലുക. സർവ്വശക്തനായ കർത്താവായ ദൈവം വാഴ്ത്തപ്പെടട്ടെ. അങ്ങയുടെ രാജ്യം നിത്യമഹത്വത്തിൽ വാഴ്മാറാകട്ടെ. അങ്ങയുടെ പരിശുദ്ധ നാമം മഹത്വപ്പെടട്ടെ. അങ്ങയുടെ വചനം ഓരോ ഹൃദയത്തിലും കടന്നുചെന്ന് വസിക്കട്ടെ. ആമേൻ. വസൂലാ, ഇന്ന് ഇനിയും കൂടുതലായി ഒന്നും ചെയ്യേണ്ട. നാളെ ഞാൻ എന്റെ സന്ദേശം പറഞ്ഞു തരാം. പെട്ടെന്ന് ദൈവത്തിന് വിഷമം അനുഭവപ്പെടുന്നതായി എനിക്ക് തോന്നി. മകളെ, എന്നെ പ്രതിനിധീകരിക്കുകയും അതേസമയം എന്നെ സ്നേഹിക്കാതിരിക്കുകയും എന്റെ അനന്ത സ്നേഹത്തിൽ നിന്ന് സ്നേഹം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരെ കുറിച്ചാണ് ഞാൻ വിഷമിക്കുന്നത്. വരൂ, എന്നോട് ചേർന്ന് നിൽക്കുക. എനിക്ക് ആശ്വാസം വേണം. എന്റെ ദുഃഖത്തിൽ പങ്കുചേരുക. എന്റെ ദൈവമേ, അങ്ങ് ആവശ്യപ്പെടുന്നതുപോലെ ഞാൻ ചെയ്യാം. എന്നാൽ അങ്ങയെ തീഷ്ണമായി സ്നേഹിക്കുന്നവരെയും ത്യാഗമനുഷ്ഠിച്ച് താങ്കളുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെയും മറക്കരുതേ. അതെ, അവർ എന്റെ ദുഃഖം എടുത്തു മാറ്റുകയും എന്റെ മുറിവുകളിൽ ആശ്വാസം നൽകുകയും ചെയ്യുന്നു. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യുവാൻ തയ്യാറാകുന്നവരും എന്റെ അനന്ത സ്നേഹം മഞ്ഞുപോലെ വ്യാപിക്കുകയും ചെയ്യുന്നവരായ അനേകരെ എനിക്ക് വേണം. അവർ തങ്ങളുടെ ഹൃദയങ്ങൾ തുറന്ന് എന്നെ സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ സ്നേഹം കൊണ്ട് അവരുടെ ഹൃദയങ്ങൾ നിറയ്ക്കും. എന്റെ സ്നേഹം അവരുടെ ഹൃദയങ്ങളിൽ നിന്ന് കവിഞ്ഞൊഴുകുമ്പോൾ, അവർക്ക് എന്റെ സ്നേഹത്തെ വ്യാപിപ്പിക്കുവാൻ സാധിക്കും. അങ്ങനെ എന്റെ കുഞ്ഞാടുകളെ പരിപോഷിപ്പിക്കുവാൻ അവർക്ക് സാധിക്കും. പ്രിയപ്പെട്ടവളെ, നിന്നിൽ വിശ്രമിക്കുവാൻ എന്നെ അനുവദിക്കുമോ? ഓ, എന്റെ ദൈവമേ, ഞാൻ തീർച്ചയായും അനുവദിക്കും. നീ എന്നിൽ വിശ്രമിക്കുമോ? ഓ, എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്രമിക്കും. എന്നാൽ വരൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ ദൈവമേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു. 27/3/1987. വസൂലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. യേശുവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു. എന്റെ എല്ലാ പുരോഹിതന്മാരും വിശുദ്ധരായി തീരുവാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. കാരണം, അവർ എന്റെ പ്രതിനിധികളാണ്. അവർ നിർമ്മലരും വിശുദ്ധരും എളിമയുള്ളവരും കരുണ നിറഞ്ഞവരുമായി തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സമൃദ്ധമായ സ്നേഹം അവരുടെ ഹൃദയങ്ങളിൽ വർഷിക്കുവാൻ അവർ എന്നെ അനുവദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഹൃദയ നിക്ഷേപത്താൽ നിറഞ്ഞു പൂരിതമായ അവരുടെ ഹൃദയം എന്റെ നിക്ഷേപം ലോകമെങ്ങും വ്യാപിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ആടുകളെ അവർ മനസ്സിലാക്കുകയും സ്നേഹിക്കുകയും സുഖപ്പെടുത്തുകയും വേണം. എന്നാൽ ഇതെല്ലാം ചെയ്യുവാൻ എന്റെ പുരോഹിതന്മാർക്ക് കഴിയണമെങ്കിൽ, ഞാൻ അവരെ സ്നേഹിച്ചതുപോലെ എന്നെ സ്നേഹിക്കുവാൻ അവർ പഠിക്കണം. ഞാൻ എന്റെ മക്കളെ സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കുവാൻ എന്റെ പുരോഹിതന്മാർ പഠിക്കണം. അവർ എന്റെ സഭയെ ആദരിക്കണം. ഞാൻ ആഗ്രഹിക്കുന്നത് സ്നേഹമാണ്. വസൂലാ, അവരോട് പറയുക, എന്റെ അധരങ്ങൾ സ്നേഹത്തിനുവേണ്ടി വരണ്ടു ദാഹിക്കുന്നെന്ന് അവരുടെ ഹൃദയങ്ങൾ കല്ലുപോലെ കഠിനവും ഉണങ്ങി വരണ്ടും ഇരിക്കുമ്പോൾ, ബലികളും അനുഷ്ഠാനങ്ങളും എനിക്കെന്തിനാണ്? മരുപ്രദേശം പോലെയുള്ള അവരുടെ ജീവിതത്തെ സത്യസന്ധതയാൽ ഫലസമൃദ്ധമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടത് ഊഷ്മളതയും ജ്വലനവും നൈർമല്യവും തീക്ഷ്ണതയാൽ ജ്വലിക്കുന്ന സ്നേഹവുമാണ്. ഈ അനന്ത സ്നേഹത്തിൽ നിന്ന് കോരിയെടുത്ത് നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുവിൻ. ഞാൻ നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത് വിശ്വസ്തതയും നൈർമല്യവും സ്നേഹവും മാത്രമാണ്. വരൂ, എന്റെ അടുക്കൽ വന്ന് തെറ്റുകളെ കുറിച്ച് അനുതപിക്കുക. വരൂ, നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തുക. ഞാൻ നിങ്ങളെ മഹത്വപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യും. എന്റെ വഴികളെ കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങൾക്ക് അനേകം സന്ദേശങ്ങളും അടയാളങ്ങളും നൽകിയിട്ടുണ്ട്. നിങ്ങൾ അവഗണിക്കുന്ന അടയാളങ്ങൾ തന്നെ എൻറെ വാക്കുകൾ. നിങ്ങൾ മറന്നുപോയോ? എൻറെ വചനത്തെ വെളിപ്പെടുത്തുവാൻ വേണ്ടി ഞാൻ ഉപയോഗിക്കുന്ന ബലഹീനങ്ങളായ ഉപകരണങ്ങളെ കണ്ട് നിങ്ങൾ ആശ്ചര്യപ്പെടേണ്ട. എന്ത്, ഈ കല്ലുകളിൽ ഏതെങ്കിലും എടുത്ത് അവയെ എൻറെ തീക്ഷ്ണരായ അനുയായികളാക്കി മാറ്റുവാൻ എനിക്ക് കഴിയും. യേശുവായ ഞാനാണ് നിനക്ക് ഈ സന്ദേശങ്ങൾ നൽകുന്നത് എന്നതിനുള്ള തെളിവുകളാണ് നിങ്ങളിൽ ചിലർ അന്വേഷിക്കുക. എല്ലാ മനുഷ്യരുടെയും മേൽ എൻറെ ആത്മാവിനെ ഞാൻ വർഷിക്കുമെന്നും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കുമെന്നും, ആകാശത്തിൽ അത്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും ഞാൻ കാണിക്കുമെന്നും ഞാൻ പറഞ്ഞിട്ടില്ലേ? എൻറെ വഴികൾ നിങ്ങളുടെ വഴികളല്ല, എൻറെ അടയാളങ്ങൾ നിങ്ങളുടെ അടയാളങ്ങളുമല്ല. ഞാൻ എൻറെ മുഖം വീണ്ടും വെളിപ്പെടുത്തുകയാണ്. എന്നാൽ നിങ്ങളിൽ എത്രപേർ അത് വിശ്വസിക്കും? എൻറെ മക്കൾ ജീവനില്ലാത്ത വാക്കുകൾ വിശ്വസിച്ച് ജീവിക്കുന്നത് കാണുമ്പോൾ ഞാൻ വേദന കൊണ്ട് പുളയുന്നു. എനിക്ക് ശ്വാസം മുട്ടുന്നു. നിങ്ങളുടെ ഹൃദയങ്ങൾ മരിച്ചിരിക്കുമ്പോൾ വിശ്വസ്തത എന്ന വിശേഷണം കൊണ്ടാണോ നിങ്ങളെ തന്നെ വിശേഷിപ്പിക്കുന്നത്? വരൂ, വന്ന് എന്റെ ഹൃദയത്തിൽ നിന്ന് കൃപ സ്വീകരിക്കുക. നിങ്ങൾ അനുതപിക്കണമെന്നും പരിഹാരം ചെയ്യണമെന്നും ഞാൻ നിങ്ങളോട് ഗൗരവമായി പറയുന്നു. നൈർമല്യത്തോടെ എന്നെ സ്നേഹിക്കുകയും എന്റെ വിശുദ്ധ കുർബാനയെ ആദരിക്കുകയും ചെയ്യുക. സ്വയം നീതിമാന്മാരെന്നും ഭക്തരെന്നും കരുതുന്നവരെ വന്ന് നിങ്ങളുടെ ഹൃദയങ്ങളിൽ മാറ്റം വരുത്തുക. നിങ്ങളുടെ ഹൃദയങ്ങൾ തുറന്ന് എന്നെ സ്വീകരിക്കുക. നിങ്ങൾ ഇപ്രകാരം ചെയ്യുമ്പോൾ നിങ്ങളുടെ കണ്ണുകളെ മറച്ചിരിക്കുന്ന ആവരണം ഞാൻ എടുത്തു മാറ്റുകയും നിങ്ങളുടെ ചെവികൾ ഞാൻ തുറക്കുകയും ചെയ്യും. വസൂലാ, സന്ദേശങ്ങൾ നാളെ ഞാൻ പറഞ്ഞു തരാം. പ്രിയപ്പെട്ടവളെ, ഇപ്പോൾ നിനക്ക് വിശ്രമിക്കാം. ഞാൻ നിനക്ക് സന്ദേശം പറഞ്ഞു തന്നുകൊണ്ടിരുന്നപ്പോൾ നീ എന്നെ വിവേചിച്ചറിഞ്ഞോ? ഓ, കർത്താവേ, അങ്ങ് എന്റെ വലത്തുകൈയുടെ പുറകിൽ ആയിരുന്നില്ലേ? അതെ, ഞാൻ അവിടെ ആയിരുന്നു. വസൂലാ, ഇപ്പോൾ ഞാൻ നിന്റെ മുമ്പിലുണ്ട്. നീ ഇപ്പോൾ ചെയ്യുന്നതുപോലെ എന്റെ സാന്നിധ്യം അനുഭവിച്ചറിയുക. ഭയപ്പെടേണ്ട, ഞാൻ നിന്റെ അടുത്തുണ്ടായിരിക്കും. വരൂ, നമുക്ക് ഒരുമിച്ച് വിശ്രമിക്കാം.