Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 39: നിങ്ങളുടെ ഇല്ലായ്മകളിലെല്ലാം "ഞാൻ ആകുന്നു!"
Transcript
- എപ്പിസോഡ് 39. 19/06/1987. വസൂല പ്രവർത്തികൾ, പ്രവർത്തികൾ, പ്രവർത്തികൾ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മുറിവുകൾക്ക് ആശ്വാസ തൈലമായ നിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ കേൾക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു, എന്നാൽ അതിനേക്കാൾ ഉപരി നിന്നിൽ നിന്നുള്ള പ്രവർത്തികൾ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. വരൂ, ഞാൻ ശരീരത്തിൽ ഭൂമിയിൽ ആയിരുന്നപ്പോൾ എപ്രകാരം പ്രവർത്തിച്ചു എന്നും എപ്രകാരം പ്രവർത്തിക്കണമെന്ന് എന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു എന്നും ഞാൻ നിന്നെ ഓർമ്മിപ്പിക്കാം. പാദ്രോ പിയോ അങ്ങയെപ്പോലെ പ്രവർത്തിച്ചു. അദ്ദേഹം എനിക്കുവേണ്ടി പ്രവർത്തിച്ചു; എന്നെ ആദരിക്കുവാനും എന്റെ നാമത്തെ പുനരുദ്ധരിക്കുവാനുമുള്ള കൃപകൾ ഞാൻ അദ്ദേഹത്തിന് നൽകി. എന്റെ നാമത്തിൽ പ്രവർത്തിക്കുന്നത് എന്നെ മഹത്വപ്പെടുത്തുകയും എന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു; ഞാൻ എല്ലാവരിലും പ്രകാശിക്കുന്നവനാണെന്ന് ഓർക്കുക. എന്നെപ്പോലെയുള്ള മനുഷ്യരുടെ മേലും. അതെ, നിന്നെപ്പോലെ തന്നെയുള്ള വ്യക്തികളിലും. 20/06/1987, തായ്ലൻഡ്. നിന്റെ പ്രകാശം കണ്ടതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. അത്യധികം സന്തോഷത്തോടെയാണ് പരിശുദ്ധ മാതാവ് ഈ വാക്കുകൾ പറഞ്ഞത്. കുരിശിന്റെ വഴിയിലെ പ്രാർത്ഥന ധ്യാനിക്കുന്നതിന് മുമ്പ് ഞാൻ ഒരു മെഴുകുതിരി കത്തിച്ചിരുന്നു, പരിശുദ്ധ മാതാവ്. സ്നേഹത്താൽ ഞങ്ങളെ അലങ്കരിക്കുക; ഞങ്ങളുടെ സമാധാനം നിന്നോടുകൂടെ. 21/06/1987. കർത്താവേ, എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ അങ്ങയെ മറന്നുകളഞ്ഞിരിക്കുന്നത്? വസൂല, എന്റെ ശരീരമായ സഭ തളർന്നുപോകുന്ന വിധത്തിൽ അവർ അതിനെ മുറിവേൽപ്പിച്ച് വികലമാക്കിയിരിക്കുന്നു. വസൂല, എന്റെ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി വണങ്ങുക. ഞാൻ നിശബ്ദത പാലിച്ചു. വസൂല, ഞാൻ സംസാരിച്ചു. കർത്താവേ, എനിക്ക് എന്ത് ചെയ്യുവാൻ കഴിയും? നിനക്കൊന്നും ചെയ്യുവാൻ കഴിയുകയില്ല; എല്ലാം ചെയ്യുവാൻ എന്നെ അനുവദിക്കുക. അതെ, ആർക്കും അറിയില്ലാത്തതുകൊണ്ട് ആരും ചെയ്യുകയില്ല. വിശ്വാസമുണ്ടായിരിക്കുക എന്നതും ഞാൻ നൽകുന്ന ഒരു കൃപയാണ്; വസൂല, എന്നിൽ വിശ്വസിക്കുക. പിന്നീട്, അങ്ങ് എന്നെ വശീകരിച്ച് സ്വന്തമാക്കിയിരിക്കുന്നതിനാൽ ഇനി എനിക്ക് എന്ത് സംഭവിക്കും? നിനക്ക് അത് അറിയണമെന്നുണ്ടോ? പ്രവാസത്തിലായിരിക്കുന്ന എന്റെ സൃഷ്ടിയുടെ ഇടയിലേക്ക് നിന്നെ ഞാൻ എന്റെ കരങ്ങളിൽ നിന്ന് വലിച്ചെറിയും; നീ അവരുടെ മധ്യേ ജീവിക്കും. എന്റെ ദൈവമേ, അങ്ങ് എന്നെ ഇനി ഒട്ടും സ്നേഹിക്കുന്നില്ലേ? ഞാൻ വളരെ അസ്വസ്ഥയായി. അങ്ങയുടെ കരങ്ങളിൽ ആയിരിക്കുന്നത് വളരെ ആനന്ദകരമായിരുന്നു; ഇപ്പോൾ അങ്ങ് എന്നെ ഉപേക്ഷിക്കുകയാണോ? വസൂല, നിനക്ക് എങ്ങനെ ഇപ്രകാരം പറയുവാൻ കഴിഞ്ഞു? ഈ തിന്മകളുടെ ഇടയിൽ നിന്നെ കാണുന്നത് എന്റെ ഹൃദയത്തെ കീറി വലിച്ചുമുറിക്കുന്നു. എന്റെ കുഞ്ഞേ, അവിശ്വാസികളുടെ ഇടയിലേക്ക് ഒരു ബലിയായിട്ടാണ് ഞാൻ നിന്നെ അയക്കുന്നതെന്ന് നിഗ്രഹിക്കണം. നിന്നെ പ്രവാസത്തിൽ കാണുന്നത് എനിക്ക് വലിയ വേദന ഉളവാക്കുന്നതാണ്. മകളേ, നിന്നെ ഉപദ്രവിക്കുവാൻ പലരും പരിശ്രമിക്കും; ഇപ്പോഴത്തെ നിന്റെ സഹനങ്ങൾ എനിക്ക് സഹിക്കുവാൻ സാധിക്കും, എന്നാൽ അവർ നിന്നെ ഉപദ്രവിക്കുന്നത് ഞാൻ സഹിക്കുകയില്ല. എന്റെ ദേഹി ദൈവത്തിന്റെ ഹൃദയത്തിലും, എന്റെ ശരീരം ഈ ലോകത്തിലും വസിക്കേണ്ടി വരുന്ന സാഹചര്യത്തിലുള്ള എന്റെ ആത്മ നൊമ്പരമാകുന്ന സഹനത്തെ ദൈവം സൂചിപ്പിക്കുന്നു. കർത്താവേ, അങ്ങ് എന്ത് ചെയ്യും? ഞാൻ കാഴ്ചക്കാരനായി നോക്കി നിൽക്കുകയില്ല. എന്നാൽ എന്നെ വലിച്ചെറിയുന്നതിന് വേണ്ടി അങ്ങ് എന്തിനാണ് എന്നെ ഇത്രമാത്രം വശീകരിച്ച് സ്നേഹിച്ച് സ്വന്തമാക്കിയത്? ഇത് ഒട്ടും ശരിയല്ല. ഞാൻ പൊട്ടിക്കരയുകയായിരുന്നു. നീ ബലിയായി തീരുമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? ഞാൻ നിന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു; നീ എന്റെ വലയാണ്. അതെ, എന്റെ വലയായ നിന്നെ ഞാൻ ലോകത്തിലേക്ക് വലിച്ചെറിയുകയാണ്. നീ മനുഷ്യരെ എനിക്കുവേണ്ടി നേടണം; അവരുടെ നിത്യരക്ഷയ്ക്ക് വേണ്ടി ഞാൻ അവരെ വീണ്ടെടുക്കും. എന്നാൽ നിന്റെ സഹനം കൂടാതെ ഇത് നടക്കുകയില്ല. പിശാച് നിന്നെ വെറുക്കുന്നു; നിന്നെ ദഹിപ്പിച്ചു കളയുവാനും അവന് മടിയില്ല, എന്നാൽ അവൻ നിന്റെ മേൽ കൈവെക്കുവാൻ ഞാൻ അവനെ അനുവദിക്കുകയില്ല. അപ്പോഴാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം എന്റെ ഓർമ്മയിൽ വന്നത്. ഞങ്ങൾ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ചുട്ടുപഴുത്തിരിക്കുന്ന പുകക്കുഴലിൽ എന്റെ ഇടത് കൈ തൊടുവാൻ ഇടയായി. പൊള്ളുന്ന ചൂട് നിമിത്തം എനിക്ക് ബോധക്കേട് പോലെ തോന്നി. പൊള്ളലേറ്റ കൈവെള്ളയുടെ വേദന നിമിത്തം ആശ്വാസത്തിനായി കടൽ വെള്ളത്തിൽ കൈമുക്കുവാൻ എനിക്ക് അത്യധികമായി പ്രേരണയുണ്ടായി, എന്നാൽ ഉടൻ തന്നെ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തിൽ മുക്കിയാൽ വ്രണങ്ങൾ ഉണ്ടാകുന്ന കാര്യം എന്റെ ഓർമ്മയിൽ വന്നു. 10 മിനിറ്റ് നേരത്തേക്ക് എന്റെ കൈ ചൂടുകൊണ്ട് ചുവന്നു വീർത്തു, എന്നാൽ അരമണിക്കൂർ കഴിഞ്ഞപ്പോൾ വേദന പൂർണ്ണമായും മാറി; പൊള്ളലേറ്റ കൈ മറ്റേ കൈ പോലെ പൂർവ്വസ്ഥിതിയിലായി. കുഞ്ഞേ, നിന്നെ ഉപദ്രവിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു; സ്നേഹം നിമിത്തം നിനക്കുള്ള ശുദ്ധീകരണങ്ങൾ ഞാൻ തന്നെ നിശ്ചയിക്കും. നിന്റെ മേൽ ഒരു കറ പോലും അവശേഷിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ? സാത്താൻ ഒരുക്കുന്ന സഹനങ്ങൾ ഒന്നും എന്നെ ബാധിക്കുവാൻ ദൈവം അനുവദിക്കുകയില്ല, എന്നാൽ ദൈവം എനിക്ക് അനുവദിക്കുന്ന സഹനങ്ങൾ എന്റെ ആന്തരിക വ്യക്തിത്വത്തെ ശുദ്ധീകരിക്കും. കർത്താവേ, അങ്ങയിൽ നിന്ന് വരുന്നതെന്തും അത് സന്തോഷമാകട്ടെ, സഹനമാകട്ടെ; ഞാൻ അതിനെ സ്നേഹിക്കുന്നു. പ്രിയപ്പെട്ടവളേ, അതെ, നിന്റെ ഹൃദയത്തിൽ എനിക്കായി ഒരു സ്വർഗ്ഗം ഒരുക്കുക. കുഞ്ഞേ, നിന്നിൽ നിന്ന് ഇപ്രകാരം കേൾക്കുന്നത് എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ട്. എന്നാൽ എന്നെ പ്രീതിപ്പെടുത്തുകയാണെന്ന് കരുതി നിന്റെ സ്വന്തം ഇഷ്ടപ്രകാരം നീ തന്നെ തിരഞ്ഞെടുക്കുന്ന ഏതൊരു സഹനവും എന്റെ ദൃഷ്ടിയിൽ വളരെ അരോചകമായിരിക്കും. നീ നിന്നെ തന്നെ വഞ്ചിക്കുകയായിരിക്കും ചെയ്യുന്നത്; ഇത്തരത്തിലുള്ള സഹനം എനിക്കുവേണ്ടിയുള്ളതല്ല, നേരെ മറിച്ച് പിശാചിനു വേണ്ടിയുള്ളതായിരിക്കും. പരിഹാരങ്ങളെക്കുറിച്ച് ഞാൻ തന്നെ നിനക്ക് നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും. ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയിൽ പൂർണ്ണമായി ആശ്രയിക്കുകയും ചെയ്യുന്നു. അതെ, എന്നെ സ്നേഹിക്കുന്നതിലൂടെ എന്നെ മഹത്വപ്പെടുത്തുന്നു. സാത്താൻ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു; ഈ നിമിഷങ്ങൾ എന്നെ സംബന്ധിച്ച് രക്തസാക്ഷിത്വം തന്നെയാണ്. ദൈവത്തിന് എന്നോടുള്ള സ്നേഹത്തെക്കുറിച്ച് ഞാൻ ആനന്ദിക്കുന്നതും ഞാൻ ദൈവത്തെ സ്നേഹിക്കുന്നതും സാത്താൻ സഹിക്കുവാൻ സാധിക്കുന്നില്ല. എന്നോടുള്ള നിന്റെ സ്നേഹം നിറഞ്ഞ കൃതജ്ഞതയുടെ വാക്കുകൾ ചുട്ടുപൊള്ളുന്ന, ചുവന്നു പഴുത്തിരിക്കുന്ന കുരിശുകൊണ്ട് അവനെ ആകമാനം മുദ്രകുത്തുന്നതുപോലെ അവൻ അനുഭവപ്പെടും. 23/06/1987. യേശുവേ, തുടക്കം മുതലേ അങ്ങാണ് എന്റെ അധ്യാപകൻ; എന്നാൽ മറ്റുള്ളവർക്കുള്ളതുപോലെ എനിക്കൊരു ആത്മീയ ഗുരു ഉള്ളത് നല്ലതല്ലേ? ഇതുവരെ എനിക്ക് ആത്മീയ ഗുരുവായി ആരുമില്ല. ഞാൻ ഇതുവരെ ഉപദേശത്തിനായി സമീപിച്ചവർ എല്ലാവരും തന്നെ ഒന്നുകിൽ ഇക്കാര്യങ്ങളിൽ ഒന്നും താല്പര്യമില്ലാത്തവർ, അല്ലെങ്കിൽ വളരെ തിരക്കുള്ളവർ, അല്ലെങ്കിൽ ഇത്തരം കാര്യങ്ങളോട് ഭയമുള്ളവർ ഒക്കെ ആയിരുന്നു. സൗമ്യമായ രീതിയിൽ ആരും തന്നെ "കുഞ്ഞേ, നീ ഇത് ചെയ്യുക, അല്ലെങ്കിൽ അത് ചെയ്യുക" എന്ന് എനിക്ക് പറഞ്ഞു തന്നില്ല. വ്യക്തമായ തീരുമാനം അറിയിച്ചയാൾ പറഞ്ഞത് ഇപ്രകാരമാണ്: "എഴുതുന്നത് നിർത്തുക; ഇത് ദൈവത്തിൽ നിന്നല്ല. കുറച്ചു ദിവസത്തേക്കെങ്കിലും എഴുത്തുനിർത്തുക, എന്നിട്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കുക." ഞാൻ അദ്ദേഹം പറഞ്ഞതനുസരിച്ചു; ഞാൻ എഴുത്തുനിർത്തി, എന്നാൽ എന്റെ സ്വന്തം കാര്യങ്ങൾ എഴുതുന്നതിനിടയിൽ അവിടെ നിന്ന് എന്റെ കരങ്ങളെ ചലിപ്പിച്ച് സന്ദേശങ്ങൾ നൽകി. അങ്ങ് എന്നോട് പറഞ്ഞു: "ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു; ഇത് നീ ഒരിക്കലും മറക്കരുത്. " അങ്ങ് എന്റെ കരങ്ങളുടെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുത്തു; ഏതാനും നിമിഷങ്ങൾക്ക് ശേഷം അങ്ങ് എന്നോട് വീണ്ടും പറഞ്ഞു: "ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നുള്ളത് നീ ഒരിക്കലും മറക്കരുതേ." എന്നെ സ്നേഹിക്കുന്ന ഒരാൾ എന്നെ ജയിലിൽ ഓർക്കപ്പുറത്ത് സന്ദർശിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത്; അത് വളരെ അത്ഭുതകരമായിരുന്നു. എന്റെ കുഞ്ഞേ, ഞാൻ തന്നെയാകട്ടെ നിന്റെ ആത്മീയ ഗുരു. ഞാൻ നിന്നെ തൃപ്തിപ്പെടുത്തുന്നില്ലേ? ഞാനാണ് സർവ്വവും; നിന്റെ കുറവുകളെ നികത്തുന്നവൻ ഞാനാണ്. വസൂല, എന്റെ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും മെഴുകുതിരികൾ കത്തിക്കുകയും മുട്ടുകുത്തി എന്നെ ആദരിക്കുകയും ചെയ്യുക. ഉചിതമായ സമയത്ത് നിനക്ക് എന്റെ നിർദ്ദേശങ്ങൾ ഞാൻ കൂടുതലായി നൽകുന്നതാണ്. യേശുവേ, ദൈവം നിന്നെ കാണുവാൻ സാധിച്ചതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ കുഞ്ഞേ, എന്നെപ്പറ്റി അവനോട് പറയുക. നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുമോ എന്ന് അവനോട് ചോദിക്കുക. കർത്താവേ, അങ്ങ് ഇത് അവനോട് നേരത്തെ ചോദിച്ചിട്ടുണ്ടല്ലോ; എന്താണ് അങ്ങ് അർത്ഥമാക്കുന്നത്? അയാൾ എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാണോ എന്നതാണ് ഞാൻ അർത്ഥമാക്കുന്നത്. എന്റെ കുരിശ് ഭാരമേറിയതാണ്; കുറച്ചു സമയത്തേക്ക് നീ എന്റെ കുരിശിന്റെ ഭാരം പങ്കുവയ്ക്കുമോ? ഉവ്വ, കർത്താവേ. കുറച്ചുകൂടി അടുത്തുവരുക. 26/06/1987, ബാങ്കോക്ക്. രാവിലെ 7: 30-ന് വളരെ മനോഹരമായ നിറത്തിലുള്ള ഒരു മേഘം ഞാൻ കാണുകയുണ്ടായി. ആ മേഘത്തിൽ നിന്ന് നക്ഷത്രം പോലെ അഞ്ച് രശ്മികൾ പുറപ്പെട്ടു; "നോക്കൂ" എന്ന് ഞാൻ പറഞ്ഞു. അതേസമയം പുറകിൽ നിന്ന് ഒരു കൈ എന്നെ ഉന്തുന്നതായി എനിക്ക് അനുഭവപ്പെട്ടു. വേറൊരു മാറ്റമുണ്ടായി; ഒരേ രശ്മിയിൽ ഒരു മെഴുകുതിരി കാണപ്പെട്ടു. ഞാൻ വീണ്ടും പറഞ്ഞു: "നോക്കൂ." പുറകിൽ നിന്നുള്ള തള്ളലിന്റെ ശക്തിയാൽ ഞാൻ മുട്ടിൽമേൽ വീണു; എന്നിട്ടും പുറകിൽ നിന്നുള്ള ആ ശക്തി ആരാണെന്നറിയുവാൻ ഞാൻ പരിശ്രമിച്ചില്ല, കാരണം അതിമനോഹരമായ ഈ ദൃശ്യത്തിന്റെ ഒരു നിമിഷം പോലും നഷ്ടപ്പെടുവാൻ ഞാൻ ആഗ്രഹിച്ചില്ല. ഈ അഞ്ച് രശ്മികൾ അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നപ്പോൾ, അതൊരു പ്രകാശവളയം പോലെ തോന്നി; പെട്ടെന്ന് പ്രകാശവളയത്തിന്റെ മധ്യത്തിൽ യേശു പ്രത്യക്ഷപ്പെട്ടു. ഞാൻ വീണ്ടും പറഞ്ഞു: "നോക്കൂ." വീണ്ടും, പുറകിൽ നിന്നുള്ള കരത്തിന്റെ ശക്തിയാൽ ഞാൻ മുന്നോട്ടാഞ്ഞ് കൈകൾ നിലത്തുകുത്തി നിന്നു. നൂറുകണക്കിന് ശബ്ദങ്ങൾ യേശുവിനെ ആരാധിക്കുന്നത് കേട്ടു; "യേശുവേ, യേശുവേ" എന്ന് അവർ ആവർത്തിച്ചുകൊണ്ടിരുന്നു. അപ്പോൾ യേശുവിന്റെ രൂപം അപ്രത്യക്ഷമാവുകയും മറ്റൊരു ദൃശ്യം കാണാറാവുകയും ചെയ്തു. ഞാൻ വീണ്ടും പറഞ്ഞു: "നോക്കൂ." ഈ സമയം, പുറകിൽ നിന്നുള്ള തള്ളലിന്റെ ശക്തിയാൽ ഞാൻ നിലത്ത് കമിഴ്ന്നുവീണു; എന്റെ തല മാത്രം അവസാനത്തെ ദൃശ്യം കാണുവാനായി അല്പം ഉയർന്നിരുന്നു. മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ ചുറ്റിലും അഞ്ചാളുകളെ ഞാൻ ദർശിച്ചു. ഈ ദൃശ്യത്തിന് മുമ്പിലായി ഒരു വെള്ളിക്കപ്പ് ഞാൻ കണ്ടു; ചുറ്റും നിൽക്കുന്ന അഞ്ചുപേർ മുട്ടുകുത്തി നിൽക്കുന്ന ആളിന്റെ മേൽ എന്തോ കർമ്മം ചെയ്യുകയായിരുന്നു. "അഭിഷേകം" എന്ന വാക്ക് ഞാൻ കേട്ടു; തുടർന്ന് എല്ലാം അപ്രത്യക്ഷമായി. എന്റെ ദൈവമേ, അങ്ങ് എനിക്ക് നൽകിയ ഈ സ്വപ്നദർശനം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാനും നിനക്ക് പറഞ്ഞുതരും. 27/06/1987. ഞാൻ വിഭജിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു; എന്റെ ശരീരം ഈ ഭൂമിയിൽ സഞ്ചരിക്കുന്നു, എന്നാൽ എന്റെ ദേഹി അതിലില്ല. എന്റെ ദൈവം എന്റെ ദേഹിയെ എടുത്തിരിക്കുന്നു; ഒരു ശവശരീരത്തിന്റെ അനുഭവം എനിക്ക് അനുഭവപ്പെടുന്നു. ദേഹത്തിൽ നിന്ന് ദേഹി വേർപെട്ടിരിക്കുന്ന അവസ്ഥ ആർക്കെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണർന്നിരിക്കുന്ന സമയം മുഴുവനും ദൈവീക ചിന്ത മാത്രമുള്ള അനുഭവം ആർക്കെങ്കിലും ദിവസം 24 മണിക്കൂറും ഒരു വർഷത്തോളമായി ദൈവീക ചിന്ത മാത്രമുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ? ദൈവീക ചിന്ത നഷ്ടപ്പെടുന്ന ആ നിമിഷത്തിൽ തന്നെ ഒരു കരം എന്റെ താടിയിൽ സാവധാനം പിടിച്ച് യേശുവിന്റെ പുഞ്ചിരിക്കുന്ന മുഖം കാണുവാനായിട്ട് എന്റെ തല തിരിക്കുന്നു. എന്റെ മറ്റുള്ള കാര്യങ്ങൾ എങ്ങനെ ഞാൻ ക്രമീകരിക്കുന്നെന്ന് എനിക്ക് ആശ്ചര്യം തോന്നുന്നു. വസൂല, ഞാൻ നിന്റെ ഹൃദയമെടുത്ത് എന്റെ ഹൃദയത്തിൽ വച്ചിരിക്കുകയാണ്. ഞാൻ കർത്താവാണ്; ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിന്റെ താരാട്ടിൽ ഊഞ്ഞാലാടുക; സൃഷ്ടിയെ, നിന്റെ സൃഷ്ടാവിന്റെ കൃപയിൽ വസിക്കുക. എങ്ങനെയാണ് എനിക്ക് അങ്ങയുടെ കൃപയിൽ വസിക്കുവാൻ കഴിയുക? നീ വിശുദ്ധയായിരിക്കണം. എങ്ങനെയാണ് എനിക്ക് വിശുദ്ധിയായി തീരുവാൻ കഴിയുക? എന്നെ തീക്ഷ്ണമായി സ്നേഹിക്കുന്നതിലൂടെ നിനക്ക് വിശുദ്ധയായി തീരാം. ഇത് അങ്ങയുടെ ഹിതമാണെങ്കിൽ, വിശുദ്ധിയായി തീരുവാൻ എന്നെ സഹായിക്കണമേ. ഞാൻ നിന്നെ സഹായിക്കാം; എന്റെ അനുഗ്രഹങ്ങൾ നിനക്കുണ്ടാകട്ടെ. നിനക്ക് ദോഷം വരുത്തുന്ന യാതൊന്നും ഞാൻ നിന്നിൽ നിന്നും ആവശ്യപ്പെടുകയില്ല എന്ന കാര്യം നീ എപ്പോഴും ഓർക്കണം. വരൂ, എന്റെ ഏറ്റവും തീക്ഷ്ണവും ആഴമേറിയതുമായ ആഗ്രഹങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തി തരാം. കുഞ്ഞേ, അവ നിന്റെ മേൽ ആലേഖനം ചെയ്യുവാൻ എന്നെ അനുവദിക്കുക. 30/06/1987. ഡാക്ക, ഉടനെ തന്നെ സന്ദേശം എഴുതിയെടുക്കുവാൻ യേശു എന്നെ പ്രചോദിപ്പിച്ചതിനാൽ ഞാൻ ധൃതിയിൽ എഴുതുകയാണ്. ഞാൻ നിന്നെ വിളിച്ചു. യേശു സന്തോഷവാനായിരിക്കുന്നത് ഞാൻ കാണുകയും അനുഭവിച്ചറിയുകയും ചെയ്തു. അതെ, ഞാനാണ്; എനിക്ക് സന്തോഷമുണ്ട്. വരൂ, നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. എന്റെ ആഗ്രഹങ്ങൾ ഞാൻ നിന്നോട് ആവർത്തിക്കാം. വസൂല, എന്റെ പ്രവർത്തികൾ മറ്റുള്ളവരോട് പറയുന്നതിൽ നീ ഭയപ്പെടരുത്. കർത്താവേ, നമ്മുടെ കൂട്ടുകാരി മർത്തയെ പോലെ അങ്ങേയ്ക്ക് വേണ്ടി എല്ലാം പെട്ടെന്ന് ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് തന്നെ കഴിയുമെങ്കിൽ അവിടുത്തെ ആഗ്രഹങ്ങളെല്ലാം ഈ നിമിഷത്തിൽ തന്നെ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ മുൾക്കിരീടത്തിൽ നിന്ന് മുള്ളുകൾ എടുത്തുമാറ്റുക; അങ്ങയുടെ ഹൃദയത്തിൽ കുത്തിത്തിറച്ചിരിക്കുന്ന കുന്തം ഊരിയെടുക്കുക. അങ്ങനെ അങ്ങ് ആഗ്രഹിക്കുന്നതെല്ലാം ഇപ്പോൾ തന്നെ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വസൂല, അത്രയ്ക്ക് തിടുക്കം കൂട്ടാതിരിക്കുക. യേശുവിന്റെ കരം എന്റെ ശിരസ്സിൽ തലോടുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ ആഗ്രഹങ്ങൾ വീണ്ടും കേൾക്കുക; എന്റെ വഴികൾ അവരെ അനുസ്മരിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിഷമുള്ള കൂരമ്പുകൾ പരസ്പരം എറിയുന്നത് നിർത്തണമെന്ന് ഞാൻ അവരോട് ആവശ്യപ്പെടുന്നു. വസൂല, ഞാൻ ഒരു രാഷ്ട്രീയക്കാരനായിരുന്നു. യേശുവിന്റെ ചോദ്യം കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു; അവിടുത്തെ സ്വരത്തിന് തന്നെ മാറ്റമുണ്ടായിരുന്നു. അങ്ങ് ഒരു രാഷ്ട്രീയക്കാരൻ അല്ലായിരുന്നു എന്ന് എനിക്ക് പോലും അറിയാം. വസൂല, തീർച്ചയായും ഞാൻ ഒരു രാഷ്ട്രീയക്കാരനല്ലായിരുന്നു; ഞാൻ ആരായിരുന്നു എന്നാണ് നീ പറയുന്നത്? കർത്താവേ, അങ്ങ് ഭൂമിയിൽ ആയിരുന്നപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണോ അങ്ങ് ഉദ്ദേശിക്കുന്നത്? അതെ. ദൈവത്തിൻറെ പ്രിയപുത്രൻ. അതെ, ഞാൻ ഒരു രാഷ്ട്രീയക്കാരനല്ലായിരുന്നു എന്ന് നിനക്ക് പോലും അറിയാമായിരുന്നു. യേശു സാധാരണ ചിന്തിക്കുന്ന രീതിയിൽ ഇരിക്കുന്നു; ഒരു കരം തൻറെ വയറ്റത്തും മറ്റേ കരത്തിന്റെ മുട്ട് അരയിൽ കുത്തിക്കൊണ്ട് ചൂണ്ടുവിരൽ അവിടുത്തെ കവിളിലും വെച്ച് ചിന്തിക്കുന്നു. ഞാൻ നിനക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനിടയിൽ എപ്പോഴെങ്കിലും എന്നിൽ ദുഷ്ടതയുടെ ഒരു കണികയെങ്കിലും നിനക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? ഇല്ല, കർത്താവേ, ഒരിക്കലും തിന്മയുടെ ഒരു കണിക പോലുമില്ല. കൊള്ളാം, നല്ലത്. കർത്താവേ, എന്തുകൊണ്ടാണ് ഇപ്രകാരം ചോദിക്കുന്നത്? വസൂല, നിനക്ക് എങ്ങനെയാണ് എന്നെ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്? യേശു എന്റെ ആദ്യത്തെ ചോദ്യം അവഗണിച്ചു: "അത്യധികമായി അങ്ങ് എന്നെ സ്നേഹിക്കുന്നു, എന്നോട് ക്ഷമിക്കുന്നു, എന്നെ താലോലിക്കുന്നു." തുടർന്ന് വിവരിക്കുക. അങ്ങയുടെ സ്നേഹത്തിൽ ഞാൻ അഭിമാനിക്കുന്നു; അങ്ങയുടെ സ്നേഹം സമാധാനപരമാണ്, അതിശയകരമാണ്. അങ്ങയോടുകൂടെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം മുമ്പൊരിക്കലും എനിക്ക് അനുഭവിക്കുവാൻ സാധിച്ചിട്ടില്ല. അങ്ങയുടെ സ്നേഹം എനിക്ക് വഴി കാണിച്ചുതരുന്നു; അങ്ങയുടെ സ്നേഹം എന്നെ സ്നേഹവും വിശുദ്ധിയും എളിമയും അഭ്യസിപ്പിക്കുന്നു. അതെ, വസൂല, എന്റെ ഈ വഴി നടത്തലിൽ എങ്ങും രാഷ്ട്രീയത്തിന്റെ ഒരു കണിക പോലുമില്ല, യാതൊന്നുമില്ല. യാതൊന്നുമില്ല എന്ന വാക്കിന് അടിവരയിടുന്നതുപോലെ യേശു അവിടുത്തെ കരം കണ്ട് ഒരു ആംഗ്യം കാണിച്ചു. ഞാൻ ഇപ്രകാരമുള്ളവനാണ്; ഞാൻ പരിപൂർണ്ണ സ്നേഹമാണ്. എന്റെ യഥാർത്ഥ അനുയായികൾ ഇപ്രകാരമുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ ശ്രവിക്കുക; ഞാനാണ് സഭ എന്നുള്ളത് ഒരിക്കലും മറക്കരുത്. വസൂല, എന്റെ സമാധാനം നിന്നോടുകൂടെ ഉണ്ടാകട്ടെ. ഞാൻ അങ്ങയെ ഭോഷത്വത്തോളം സ്നേഹിക്കുന്നു; യേശുവേ, ഇത് അങ്ങേയ്ക്ക് അറിയാമല്ലോ. പ്രിയപ്പെട്ടവളേ, എന്റെ ഹൃദയം അതിൻറെ സ്നേഹജ്വാല കൊണ്ട് നിന്നെ വിഴുങ്ങും; നിന്നെ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുവാൻ എന്നെ അനുവദിക്കുക. നേരത്തെ കണ്ട ഒരു ദർശനത്തെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു. ആ ദർശനത്തിൽ കണ്ട അഞ്ച് രശ്മികൾ എന്റെ അഞ്ച് തിരുമുറിവുകളിൽ നിന്ന് വരുന്നതാണ്. ഒരു രശ്മിയിൽ ഒരു മെഴുകുതിരി കണ്ടത് എന്താണ്? വെളിച്ചം കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ കുരിശിന്റെ വഴിയിലെ സ്ഥലങ്ങളിലേക്കാണോ? അതെ. പിന്നീട് ഞാൻ അങ്ങയെ കണ്ടുവല്ലോ. അതെ, ഞാൻ എന്റെ മുൾക്കിരീടം ധരിച്ചിട്ടുണ്ടായിരുന്നത് നീ ഓർക്കുന്നുണ്ടോ? അതെ, ഞാൻ ഓർക്കുന്നു; പക്ഷേ അവസാനത്തെ ദൃശ്യം എന്തായിരുന്നു? എന്റെ അഭിഷേകം. എന്തിനാണ് എന്നെ നിലത്തേക്ക് കമിഴ്ന്നു വീഴുവാൻ വേണ്ടി തള്ളിയത്? നീ കമിഴ്ന്നു വീഴണമായിരുന്നത് കൊണ്ടുതന്നെ. കർത്താവേ, ആ പാനപാത്രമോ? ഇത് നിന്നെ ശുദ്ധീകരിക്കുവാനും എന്റെ വിശുദ്ധ കുർബാനയെ ആദരിക്കുവാനുമായിട്ടാണ്. കർത്താവേ, അങ്ങേയ്ക്ക് നന്ദി. വസൂല, എന്റെ ശരീരത്തിൻറെ ആഴങ്ങളിൽ എന്റെ ഹൃദയത്തെ കുത്തിത്തുളച്ചിരിക്കുന്ന ഒരു കുന്തമുന് എപ്പോഴും ഉണ്ട്. ആ കുന്തമുന് നീക്കിക്കളയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; സമാധാനവും ഐക്യവും സ്നേഹവും പുനസ്ഥാപിക്കുവാനുമുള്ള ശ്രമങ്ങളിലൂടെ എന്റെ ശരീരമാകുന്ന സഭയെ മഹത്വപ്പെടുത്തുക. പ്രിയപ്പെട്ട ദൈവമേ, അങ്ങയുടെ വാക്കുകൾ എനിക്ക് മനസ്സിലാകുന്നില്ല. എന്റെ തലയിൽ തറച്ചിരിക്കുന്ന മുള്ളുകൾ എടുത്തുമാറ്റുക; വസൂല, എനിക്കുവേണ്ടി നീ അത് ചെയ്യുമോ? നിന്റെ മുന്നിൽ ഞാൻ എപ്പോഴും ഉണ്ടായിരിക്കും; എന്റെ ശരീരത്തിൻറെ മുറിവുകളെ സുഖപ്പെടുത്തുക, അതിന് ആശ്വാസം നൽകുക. എന്റെ അഞ്ച് തിരുമുറിവുകളും മലർക്ക തുറന്നിരിക്കുന്നത് നീ കാണുന്നില്ലേ? എന്നെ സ്നേഹിക്കുക, എന്നെ അലങ്കരിക്കുക, എന്നെ ശോഭനമാക്കുക. തങ്ങളുടെ സ്വന്തം ജീവനേക്കാളും അധികമായി എന്നെ സ്നേഹിച്ച ആദ്യമ ക്രിസ്ത്യാനികളുടെ മാതൃകയെപ്പറ്റി അവരെ ഓർമ്മിപ്പിക്കുക. കർത്താവേ, ഈ സന്ദേശങ്ങളുടെ ഫോട്ടോകോപ്പി എടുത്ത് അവ വിതരണം ചെയ്യുന്നതിൽ കൂടുതലായി എന്തെങ്കിലും എന്നെക്കൊണ്ട് ചെയ്യുവാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതിനേക്കാൾ വളരെ കൂടുതലായി നീ എനിക്കുവേണ്ടി ചെയ്യും; നിനക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് ആരാണെന്ന് നീ ഒരിക്കലും മറക്കരുത്. അതെ, കർത്താവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.