Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 35: എന്നിൽ നിന്ന് വരുന്നതെന്തും സ്നേഹമാണ്.
Transcript
- എപ്പിസോഡ് 35. 24/05/1987. ഞാൻ നിന്നോടൊപ്പമുണ്ട്. ഞാൻ അങ്ങയെ ശുശ്രൂഷിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടോ? അതെ, നീ എന്നെ ശുശ്രൂഷിക്കണമെന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. വസൂലാ, വരൂ. നീ എനിക്ക് വേണ്ടി എങ്ങനെ, എവിടെ പ്രവർത്തിക്കണമെന്ന് ഞാൻ നിന്നെ കാണിച്ചുതരാം. ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളതെല്ലാം നീ ഓർക്കണം. പ്രബോധനങ്ങളിലൂടെയും, അതീന്ദ്രിയ പ്രബോധനങ്ങളിലൂടെയും ഞാൻ എപ്പോഴും ജാഗ്രതയോടെ ഇരിക്കുവാനും, അതുവഴി അവിടുത്തെ കൂടുതലായി ശ്രവിക്കുവാനും, അനുഭവിച്ചറിയാനും എനിക്ക് കഴിയും. എന്റെ സമാധാനം നിനക്കുണ്ടായിരിക്കട്ടെ. എന്റെ സ്വരം ശ്രവിക്കുക. വളരെ വ്യക്തമായി അങ്ങയെ ശ്രവിക്കുവാൻ സാധിച്ചിരുന്നെങ്കിൽ. വസൂലാ, എന്റെ ഹൃദയത്തിലുള്ളതെല്ലാം, എന്റെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം എഴുതുവാൻ കഴിയുമാറ്, നിനക്ക് എന്നെ വേണ്ടവിധം കേൾക്കുവാൻ കഴിയും. പ്രിയപ്പെട്ടവളേ, എനിക്ക് വേണ്ടി പ്രവർത്തിക്കുവാനും, എനിക്ക് വേണ്ടി കാത്തിരിക്കുവാനും കഴിയുമാറ് നിന്നെ തന്നെ സ്വതന്ത്രമാക്കുക. വസൂലാ, സ്വതന്ത്രമാക്കുക എന്ന് പറഞ്ഞാൽ എന്താണെന്ന് നിനക്കറിയാമോ? ഞാൻ നിനക്ക് പറഞ്ഞുതരാം. ധൈര്യമായിരിക്കുക. അവിടുന്ന് എന്നെ പഠിപ്പിച്ചിട്ടുള്ളത് ഞാൻ പ്രവർത്തിക്കാതെ, ഞാൻ മൂലം അവിടുത്തെ പദ്ധതി പരാജയപ്പെടുമെന്ന് എനിക്ക് തോന്നി. സ്വതന്ത്രമാകുക എന്ന് പറഞ്ഞാൽ, ലൗകിക വികൃതങ്ങളിൽ നിന്ന് നിന്നെ തന്നെ വേർപെടുത്തുക എന്നതാണ്. നിന്റെ ദേഹിയെ സ്വതന്ത്രമാക്കി കൊണ്ട്, എന്നെയും എന്റെ പ്രവർത്തികളെയും സ്നേഹിക്കുകയും ചെയ്യുക. ലൗകിക വികൃതങ്ങളിൽ നിന്ന് നിന്നെ തന്നെ വേർപെടുത്തിക്കൊണ്ട് എനിക്ക് വേണ്ടി പ്രവർത്തിക്കുക. കർത്താവേ, എനിക്ക് പ്രയാസങ്ങൾ ഉണ്ടാകും. ഇല്ല. അതെ, കർത്താവേ, പ്രയാസങ്ങൾ ഞാൻ മുന്നിൽ കാണുന്നുണ്ട്. ഇല്ല, ഇല്ല, നീ എന്റെ അടുക്കൽ വസിക്കുക. ഞാൻ അങ്ങയെ നിരാശപ്പെടുത്തുകയും, അങ്ങയുടെ ആഗ്രഹങ്ങൾ ഞാൻ നിറവേറ്റാതിരിക്കുകയും ചെയ്യുമോ എന്നും ഞാൻ ഭയപ്പെടുന്നു. സഹോദരി, ഭയപ്പെടാതിരിക്കുക. പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുക. ഞാൻ അവിടുത്തെ അനുഭവിച്ചറിയുകയും സ്നേഹിക്കുകയും ചെയ്തു. സ്നേഹത്തെ പ്രതിസ്നേഹിക്കുക. ഇപ്പോൾ നീ എന്നെ സ്നേഹിക്കുന്നതുപോലെ തന്നെ തുടർന്നും എന്നെ സ്നേഹിക്കുക. ഇപ്പോൾ നീ എനിക്ക് വേണ്ടി പ്രവർത്തിക്കുന്നതുപോലെ തന്നെ തുടർന്നും എനിക്ക് വേണ്ടി പ്രവർത്തിക്കുക. ഇപ്പോൾ നീ ആയിരിക്കുന്നതുപോലെ തന്നെ തുടരുക. സ്നേഹം, ഏറ്റവും അത്യാവശ്യമായിരിക്കുന്നിടത്ത് എന്നെ ശുശ്രൂഷിക്കുവാൻ കഴിവുള്ള ശുശ്രൂഷകരെയാണ് എനിക്ക് വേണ്ടത്. നീ ആയിരിക്കുന്നത് തിന്മയുടെയും അവിശ്വാസികളുടെയും, പാപത്തിന്റെ അഗാത ഗർത്തങ്ങളിൽ പെട്ടിരിക്കുന്നവരുടെയും ഇടയിൽ ആയിരിക്കുന്നതുകൊണ്ട് കഠിനമായി പരിശ്രമിക്കുക. അന്ധകാരം നിറഞ്ഞുനിൽക്കുന്നിടത്താണ് നീ നിന്റെ ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുവാൻ പോകുന്നത്. നിനക്ക് യാതൊരു വിശ്രമവും ലഭിക്കുകയില്ല. എല്ലാ നന്മകളെയും തിന്മകളാക്കി വിരൂപപ്പെടുത്തുന്നിടത്താണ് നീ എന്നെ ശുശ്രൂഷിക്കുവാൻ പോകുന്നത്. നികൃഷ്ടതയുടെയും ദുഷ്ടതയുടെയും ലോകത്തിലെ അകൃത്യങ്ങളുടെയും മധ്യേ നീ എന്നെ ശുശ്രൂഷിക്കുക. ദൈവവിശ്വാസമില്ലാത്തവരുടെ മധ്യേ, എന്നെ പരിഹസിക്കുന്നവരുടെ മധ്യേ, എന്റെ തിരുഹൃദയത്തെ കുത്തിത്തുളയ്ക്കുന്നവരുടെ മധ്യേ എന്നെ ശുശ്രൂഷിക്കുക. എന്നെ ചാട്ടകൊണ്ടടിച്ച് പീഡിപ്പിക്കുന്നവരുടെ മധ്യേ, എന്നെ കുറ്റം വിധിക്കുന്നവരുടെ മധ്യേ എന്നെ ശുശ്രൂഷിക്കുക. എന്നെ വീണ്ടും വീണ്ടും ക്രൂശിക്കുന്നവരുടെ മധ്യേ, എന്റെ മേൽ തുപ്പുന്നവരുടെ മധ്യേ എന്നെ ശുശ്രൂഷിക്കുക. ഓ, വസൂലാ, ഞാൻ എത്രമാത്രം സഹിക്കുന്നു. വരൂ, എന്നെ സമാശ്വസിപ്പിക്കുക. എന്റെ ദൈവമേ, വരൂ. അങ്ങയെ സ്നേഹിക്കുന്നവരുടെ ഇടയിലേക്ക് വരൂ. കുറച്ചുനേരത്തേക്കാണെങ്കിലും അങ്ങയെ സ്നേഹിക്കുന്നവരുടെ ഇടയിലേക്ക് വരിക. അവരുടെ ഇടയിൽ അങ്ങ് സ്നേഹിക്കപ്പെടും. അവരുടെ ഹൃദയങ്ങളിൽ വിശ്രമിച്ചുകൊണ്ട് എല്ലാം മറക്കുക. കുറച്ചു സമയത്തേക്കെങ്കിലും അങ്ങേക്ക് മറക്കുവാൻ കഴിയില്ലേ? യേശു വളരെയധികം ദുഃഖിതനായി കാണപ്പെട്ടു. വസൂലാ, മറക്കുവാനോ? അവർ എന്നെ വീണ്ടും വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് എങ്ങനെ മറക്കുവാൻ കഴിയും? പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി എന്റെ അഞ്ചു തിരുമുറിവുകളും തുറന്നിട്ടിരിക്കുന്നു. യേശു എന്റെ മേൽ ചാരുന്നതായി തോന്നി. എനിക്ക് വളരെയധികം ദുഃഖമുണ്ടായി. യേശു യാതൊരു ആശ്വാസമില്ലാത്ത വിധം ക്ഷീണിച്ചു തളർന്നിരുന്നു. വസൂലാ, വരൂ. നീ എന്റെ ചെറു പുഷ്പമാണ്. എന്റെ മുള്ളുകളെ നീക്കം ചെയ്യേണ്ടതിന് എനിക്ക് നിന്റെ മൃദുലമായ ഇതളുകൾ ആവശ്യമാണ്. യേശുവേ, അങ്ങയെ സ്നേഹിക്കുന്നവർ അങ്ങയുടെ ചുമട് ഇറക്കി വെക്കട്ടെ. അങ്ങയെ സ്നേഹിക്കുന്നവർ അങ്ങേക്ക് വിശ്രമം നൽകുകയും, അങ്ങയുടെ സ്ഥാനത്ത് സ്വമനസ്സാലെ ക്രൂശിൽ ഏറുകയും ചെയ്യട്ടെ. ഇത്തരം ദുഃഖത്തിൽ എങ്ങനെ അങ്ങയെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയത്തില്ല. പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിക്കുന്നവർ എന്നോടുകൂടി സഹിക്കുവാൻ പരിശ്രമിക്കുന്നു. അവർ എന്റെ കുരിശു വഹിക്കുന്നു. അവർ എനിക്ക് വിശ്രമം നൽകുന്നു. എന്നാൽ അവർ വളരെ ചുരുക്കമാണ്. എന്നോട് ഐക്യപ്പെട്ടുകൊണ്ട് എന്റെ സഹനങ്ങളിൽ എന്നോടൊപ്പം പങ്കുചേരുവാൻ എനിക്ക് അനേകം വ്യക്തികളെ ആവശ്യമുണ്ട്. പുഷ്പമേ, എന്നെ സ്നേഹിക്കുക. ഒരിക്കലും എന്നെ നിഷേധിക്കരുത്. യേശുവേ. ഞാനാണ്. അങ്ങയെ കൂടുതലായി സ്നേഹിക്കുവാൻ എന്നെ സഹായിക്കാമോ? പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ സഹായിക്കാം. എനിക്കൊന്നും പറയുവാൻ കഴിയാത്ത അവസ്ഥയിലായി. യേശുവിന്റെ വേദന അത്രയധികമായിരുന്നു. അവിടുന്ന് വീണ്ടും മരിക്കുന്നതുപോലെയായിരുന്നു. മുറിവുകൾ ഏറ്റുമരിച്ചുകൊണ്ടിരിക്കുന്ന ഒരാളിനോട് എല്ലാം ശരിയാകുമെന്ന് പറഞ്ഞുകൊണ്ട് ഒരാൾക്ക് എങ്ങനെ ആശ്വസിപ്പിക്കുവാൻ കഴിയും? 25/05/1987. അല്പം പോലും സംശയമോ അവിശ്വാസമോ കൂടാതെ യേശു നൽകിയിട്ടുള്ള കൃപയിൽ അവിടുത്തെ അനുഭവിച്ചറിഞ്ഞുകൊണ്ട്, അവിടുത്തെ ദർശിച്ചുകൊണ്ട്, സന്ദേശങ്ങൾ എഴുതുവാൻ അവിടുത്തെ അനുവദിച്ചുകൊണ്ട് അവിടുത്തെ സമീപിക്കുന്നത് വളരെ എളുപ്പമുള്ളതായി എനിക്ക് തോന്നി തുടങ്ങി. യേശുവിലുള്ള നമ്മുടെ പൂർണമായ വിശ്വാസം മൂലം പിശാചുക്കൾ എല്ലാം ഓടിയൊളിക്കുവാൻ ഇടവരുത്തും. ശക്തി നഷ്ടപ്പെട്ട അവർ ഭയന്നു വിറയ്ക്കും. എന്നാൽ എന്നിൽ സംശയവും ധൈര്യക്കുറവും ഉണ്ടാകുമ്പോൾ അവ ശക്തമാവുകയും തെറ്റായ വാക്കുകൾ എഴുതിക്കുവാൻ വേണ്ടി എന്നെ ആക്രമിക്കുകയും ചെയ്യുന്നു. പൂർണ വിശ്വാസവും ദൈവത്തോടുള്ള തുറന്ന ഹൃദയവും മലകളെ നീക്കുവാൻ കഴിവുള്ളതാണ്. വൈദ്യുതി പ്രവാഹം പോലെ എനിക്ക് ദൈവത്തെ അനുഭവിക്കുവാൻ കഴിയുന്നു. ഇത് അത്ഭുതകരമാണ്. ദൈവത്തെ വിട്ടുപോകുവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സന്ദേശം എഴുതിപ്പിക്കുന്ന ദൈവത്തിൻറെ പേരിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ സ്നേഹിക്കുക. എന്നെ സ്നേഹിക്കുക. എന്നെ അനുഭവിച്ചറിയുക. നിന്നോടുള്ള എൻറെ അടക്കാനാവാത്ത സ്നേഹം അനുഭവിച്ചറിയുക. വസൂലാ, എനിക്ക് നിന്നിൽ നിന്ന് കൂടുതൽ സ്നേഹം ആവശ്യമാണ്. എൻറെ ഹൃദയസ്പന്ദനങ്ങൾ ശ്രവിക്കുക. യേശു വളരെ വികാരഭരിതനായിരുന്നു. ഞാൻ ഒരു എതിരാളിയെയും പൊറുപ്പിക്കുകയില്ല. ഞാൻ എതിരാളിയെ കണ്ടാൽ അവനെ പൂർണമായി നശിപ്പിക്കും. യാതൊന്നും എനിക്ക് പകരക്കാരനാവുകയില്ല. ഞാൻ യജമാനനായി തുടരും. എന്നെ മഹത്വപ്പെടുത്തുക. സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള എൻറെ സ്വർഗ്ഗീയ പ്രവർത്തികളാൽ ഇന്ന് രാത്രി ഞാൻ നിന്നെ വിശുദ്ധീകരിക്കും. പ്രിയപ്പെട്ട, അനുഗ്രഹിക്കപ്പെട്ടവളേ, പ്രാർത്ഥിക്കുക. ഞാൻ നിനക്ക് നൽകിയ എൻറെ ചിഹ്നം വരച്ചുകൊണ്ട് എൻറെ സഭയെ ഐക്യപ്പെടുത്തുക. ഈ അനുഗ്രഹിക്കപ്പെട്ട ചിഹ്നത്താൽ കർത്താവായ ഞാൻ നിനക്ക് എന്നിലേക്കുള്ള വഴി കാണിച്ചുതരും. വിശ്വസിക്കുക. വിശ്വസിക്കുക. വിശ്വസിക്കുക. വളർന്ന് മറ്റുള്ളവരെയും സഹായിക്കുക. സ്നേഹം തിരിച്ചുകൊണ്ടുവരുവാൻ വളരുക. സമാധാനം തിരിച്ചുകൊണ്ടുവരുവാൻ വളരുക. എനിക്ക് വളരെ ദുഃഖമുണ്ടായിരുന്നു. വസൂലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ പ്രിയപ്പെട്ട വസൂലാ, ദുഃഖിക്കരുത്. അനുഗ്രഹിക്കപ്പെട്ടവളേ, നിൻറെ പിതാവും മണവാളനും ദൈവവുമായ എൻറെ അടുക്കലേക്ക് വരുക. ഞാൻ എപ്പോഴെങ്കിലും കൈവിടുമോ? എൻറെ സ്നേഹത്താൽ ഞാൻ നിന്നെ സ്വീകരിക്കും. എൻറെ ഉദാത്തവും അടങ്ങാത്തതുമായ സ്നേഹത്താൽ ഞാൻ നിന്നെ സ്വതന്ത്രയാക്കും. എന്നോടൊപ്പം പ്രാർത്ഥിക്കുക. സ്വർഗ്ഗീയ പിതാവേ, ഞാൻ അങ്ങയെ മഹത്വപ്പെടുത്തട്ടെ. അങ്ങയുടെ മക്കളെ തിന്മയിൽ നിന്ന് വീണ്ടെടുക്കണമേ. അവർ അങ്ങയുടെ പ്രകാശത്തിൽ വസിക്കട്ടെ. അവരുടെ ഹൃദയങ്ങൾ തുറക്കപ്പെട്ട് അങ്ങയുടെ കരുണയാൽ അവർ അങ്ങയെ സ്വീകരിക്കുകയും ചെയ്യട്ടെ. ആമേൻ. വസൂലാ, എൻറെ സാന്നിധ്യം പൂർണമായി ഉൾക്കൊണ്ടുകൊണ്ട് എൻറെ മുറിവുകളെ നീ ചുംബിക്കുമോ? ഓ, കർത്താവായ യേശുവേ, ഞാൻ കർത്താവായ യേശുവിനെ വിവേചിച്ചറിഞ്ഞു. അവിടുത്തെ പൂർണ മഹത്വത്തിൽ ഞാൻ അവിടുത്തെ ദർശിച്ചു. എൻറെ ആന്തരിക നേത്രങ്ങൾ കൊണ്ട് ഞാൻ അവിടുത്തെ ദർശിച്ചു. അവിടുന്ന് വളരെ സുന്ദരനാണ്. അവിടുത്തെ ശിരസ്സിൽ ഒരു സുന്ദരമായ കിരീടവും ഉണ്ടായിരുന്നു. അവിടുന്ന് രാജാവായിട്ടാണ് എൻറെ അടുക്കൽ വന്നത്. കർത്താവേ, അങ്ങയുടെ വലതുകരം എനിക്ക് തരിക. ഞാൻ അവിടുത്തെ വലതുകരത്തിൽ ചുംബിച്ചു. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. നിന്നെ നയിക്കുന്നത് എനിക്കൊരു ആനന്ദം തന്നെയായിരുന്നു. ഞാൻ അവിടുത്തെ അനുഭവിച്ചറിഞ്ഞു. വിവരിക്കുവാൻ എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല. എന്നോടൊപ്പം വരിക. ഞാൻ നിന്നെ ഒരു കാര്യം കാണിച്ചുതരാം. പ്രകാശിതമായ അവിടുത്തെ ഹൃദയത്തിൽ നിന്ന് ജ്വാലകൾ പുറപ്പെടുന്നത് ഞാൻ കണ്ടു. എൻറെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന നിൻറെ ഹൃദയത്തെ സ്പർശിക്കുന്ന ഓരോ രശ്മിയും നിന്നെ ജ്വലിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യും. എൻറെ രശ്മി നിന്നെ ജ്വലിപ്പിക്കും. എൻറെ ഹൃദയത്തിൽ നിന്ന് സ്വീകരിക്കുക. ഒരു ദിവസം ഞാൻ നിൻറെ ഹൃദയത്തെ ജ്വലിപ്പിക്കും. എൻറെ ജ്വാല നിൻറെ ഹൃദയത്തെ പൂർണമായി പൊതിഞ്ഞ് ജ്വലിപ്പിക്കും. ഒറ്റ രശ്മിയാൽ എനിക്ക് ഇത്രമാത്രം സ്വർഗ്ഗീയ ആനന്ദം ലഭിക്കുന്നെങ്കിൽ എനിക്ക് ലഭിക്കാനിരിക്കുന്ന മഹത്വമേറിയ അനുഭവം എത്ര വലുതായിരിക്കും. എന്നെ പൂർണമായി സ്വന്തമാക്കിയതിൽ യേശു വളരെയധികം സന്തോഷിക്കുന്നുണ്ടായിരുന്നു. അതെ, നിൻറെ മേൽ വിജയം നേടുവാനും നിൻറെ സ്നേഹം നേടുവാനും കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. എൻറെ ജ്വാല നിന്നെ പൂർണമായി പൊതിഞ്ഞു കഴിയുമ്പോൾ നീ പിന്നെ ഒരിക്കലും എന്നിൽ നിന്ന് വേർപെടുകയില്ല. സ്വർഗ്ഗത്തിൽ നീ എൻറെ മണവാട്ടിയായിരിക്കും. ഞാൻ നിന്നെ എനിക്ക് വേണ്ടി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പിന്നെ ഞാൻ എന്തിനാണ് ഭൂമിയിൽ ഇനിയും ജീവിക്കുന്നത്? എനിക്കിത് മനസ്സിലാകുന്നില്ല. ഇല്ല, വസൂലാ, നിനക്കിത് മനസ്സിലാക്കുവാൻ സാധിക്കുകയില്ല. എന്നാൽ ഒരു ദിവസം നീ ഇത് മനസ്സിലാക്കും. ഞാൻ നിന്നോടൊപ്പം ആയിരിക്കുമ്പോൾ നീ നിൻറെ വാച്ചിൽ നോക്കിയാൽ സമയം എൻറെ എതിരാളിയായിരിക്കും. ഞാൻ എൻറെ വാച്ചിൽ സമയം നോക്കിയത് വഴി കർത്താവിനെ ഞാൻ വേദനിപ്പിച്ചു. മകളേ, വരൂ. എൻറെ കരം പിടിക്കൂ. നമുക്ക് പോകാം. നമുക്ക് വളരെയധികം ജോലിയുണ്ട്. ഈ സന്ദേശം സ്വീകരിക്കുന്ന ജോലിയാണോ അഥവാ എൻറെ വീട്ടു ജോലിയാണോ? രണ്ടും. മകളേ, നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നോടൊപ്പമുണ്ട്. ബലിപീഠമേ, എൻറെ ജ്വാല എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. എന്നിൽ പൂർണമായി അലിഞ്ഞുചേരുക. 26/05/1987. യേശുവേ, എന്നോട് ഒരു സുഹൃത്ത് പറഞ്ഞു, യേശുവിൻറെ ചിത്രങ്ങളിൽ ഒന്നിലും ചിരിക്കുന്ന ഒരു യേശുവിനെ നാം കാണുന്നില്ലല്ലോ. എന്തുകൊണ്ടാണിത്? ഞാൻ പലപ്രാവശ്യം അങ്ങയെ സന്തോഷവാനായി കണ്ട കാര്യം ഞാൻ അവളോട് പറഞ്ഞു. പ്രത്യേകിച്ച് അങ്ങ് എൻറെ ഹൃദയത്തിൽ വിശ്രമിക്കുന്നു എന്ന് പറഞ്ഞ ദിവസം രാവിലെ ഞാൻ കണ്ട അങ്ങയുടെ വിടർന്നു ചിരിക്കുന്ന മുഖം ഞാൻ ഒരിക്കലും മറക്കുകയില്ല. വസൂലാ, നിർമ്മലരായ വ്യക്തികളിൽ ഞാൻ പുഞ്ചിരിക്കുന്നു. എളിമയുള്ളവരിൽ ഞാൻ പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. വിശുദ്ധരിൽ ഞാൻ സന്തോഷിക്കുന്നു. യേശുവേ, എൻറെ ദൈവമേ, ശാരീരികമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളിനെ, അങ്ങയെ തന്നെ, എന്തുകൊണ്ട് ഞാൻ ഇത്രമാത്രം സ്നേഹിക്കുന്നത് എന്നത് എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല. അല്ലയോ, വസൂലാ, എന്നെ സ്നേഹിക്കുന്നത്? എന്നിൽ നിന്ന് വരുന്നതെല്ലാം സ്നേഹമാണ്. എന്നെ സ്നേഹിക്കുന്നതിനു വേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. സ്നേഹം നിമിത്തമാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. നീ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു. എന്നാൽ വളരെ കുറച്ചു പേർ മാത്രമാണ് ഈ കൃപാവരം ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. 27/05/1987. കർത്താവേ, വളരെ ലളിതമായ ഭാഷയിലാണ് അങ്ങ് ഈ സന്ദേശങ്ങൾ നൽകുന്നത്. ഇതൊരു സങ്കീർണമായ ഭാഷയല്ല. അഹംഭാവം എന്നെ മടുപ്പിക്കുന്നു. എന്നെപ്പോലെ എളിമയും ലാളിത്യവും വിനയവും ഉള്ളവരായിരിക്കുവാൻ പഠിക്കുക. വസൂലാ, ഞാൻ നിൻറെ പിതാവായിരിക്കുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു കുഞ്ഞിനെപ്പോലെ ഞാൻ നിന്നെ കരുതും. ഞാൻ നിൻറെ മണവാളനായിരിക്കുവാൻ നീ ആഗ്രഹിക്കുന്നെങ്കിൽ നിന്നെ ഞാൻ എൻറെ മണവാട്ടിയായി കരുതും. നീ എന്നെ എതിർക്കുന്നുവെങ്കിൽ ഞാൻ നിനക്ക് ഒരു വിധിയാളനായിരിക്കും. ഞാനാണ് നിൻറെ രക്ഷകൻ. എല്ലാത്തിനും ഉപരിയായി എന്നെ കരുതുക. ഒരിക്കലും എന്നെ നിഷേധിക്കരുത്. കൂടെക്കൂടെ വന്ന് എന്നെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക. ഞാൻ നിന്നിൽ സന്തോഷിക്കുന്നു. 28/05/1987. കർത്താവേ, അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ, അങ്ങേയ്ക്ക് വേണ്ടി ഞാൻ ബലിയായി തീരണമെന്ന്. അതെ, വസൂലാ, എൻറെ ബലിയായി തീരുക. എൻറെ ദൈവമേ, ബലി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് യഥാർത്ഥത്തിൽ അറിയില്ല. അതിന് പല അർത്ഥങ്ങൾ ഉണ്ടാകാം. എന്നാൽ ബലിയിൽ സഹനം അടങ്ങിയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങേയ്ക്ക് വേണ്ടി ഞാൻ ബലിയായി തീരണമെന്ന് അങ്ങ് പറഞ്ഞതിനാൽ അങ്ങയുടെ ഇഷ്ടം പോലെ ആകട്ടെ. ദൈവത്തിനുവേണ്ടി ഒരു ബലിയായി തീർന്ന് അവിടുത്തെ മഹത്വപ്പെടുത്തണമെങ്കിൽ അതിനു തക്ക യോഗ്യത എനിക്കുണ്ടായിരിക്കണമല്ലോ. ഞാൻ വെറുമൊരു മൺതെരിയാണെന്ന് എനിക്കറിയാവുന്നതുകൊണ്ടും എൻറെ നികൃഷ്ടത മൂലമാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതുകൊണ്ടും എങ്ങനെയാണ് ഞാൻ അങ്ങേയ്ക്ക് യോഗ്യമായ ഒരു ബലിയായി തീരുക? ദൈവത്തിന് ബലിയായി തീരുക എന്നുവെച്ചാൽ ആ ബലി ദൈവത്തെ ബഹുമാനിക്കുന്ന തരത്തിൽ ആയിരിക്കണം. അങ്ങ് എന്നെ ഒരു ബലിയായി രൂപപ്പെടുത്തുന്നില്ലെങ്കിൽ ഒരു ബലിയായി തീരുവാനുള്ള യോഗ്യത എന്നിൽ തന്നെയില്ല. വസൂലാ, ഞാൻ നിൻറെ അടുക്കൽ വന്ന് നീ എന്നെ സ്നേഹിക്കണമെന്ന് പറഞ്ഞ അവസരം നീ ഓർക്കുന്നുണ്ടോ? അപ്രതീക്ഷിതമായി ഒരു മാലാഖ വന്ന് നിന്നെ ഉണർത്തിയത് നീ ഓർക്കുന്നുണ്ടോ? ഇപ്രകാരമാണ് ഞാൻ പ്രവർത്തിക്കുന്നത്. അതിനാൽ ഉറങ്ങാതെ ജാഗ്രതയുള്ളവളായിരിക്കുക. അപ്രതീക്ഷിതമായി ഞാൻ നിൻറെ അടുക്കൽ വന്ന് നിൻറെ സ്നേഹം ആവശ്യപ്പെട്ടു. നീ എന്നെ ബഹുമാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. നിൻറെ സ്നേഹം നേടി നിൻറെ മേൽ ഭരണം നടത്തുന്ന നിൻറെ യജമാനനായി തീരുവാൻ ഞാൻ ആഗ്രഹിച്ചു. നീ എന്നെ ആഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. നിൻറെ സ്നേഹത്തിനുവേണ്ടി ഞാൻ എത്രമാത്രം ആഗ്രഹിച്ചു. എന്തുകൊണ്ടാണ് നീ എന്നെ ഉപേക്ഷിച്ചത്? ഞാൻ നിൻറെ അടുക്കൽ വന്നു, എന്നാൽ നീ എന്നെ നിരസിച്ചു കളഞ്ഞു. അതു യേശുവാണെന്നറിഞ്ഞപ്പോൾ ഞാൻ അങ്ങയെ നിരസിച്ചു. വസൂലാ, ഞാൻ നിന്നെ ലോകബന്ധനങ്ങളിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു. ഇനിയും കൂടുതലായി നിന്നെ അതിൽ നിന്നും വേർപെടുത്തും. നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. പ്രിയപ്പെട്ടവളേ, പരിഹാരം ചെയ്യുക. പരിഹാരം ചെയ്യുക. പരിഹാരം ചെയ്യുക. എൻറെ സഭയെ ഐക്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഞാൻ നിന്നെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിച്ചത്. ഞാൻ നെടുവീർപ്പെട്ടു. നിനക്ക് വഴി കാണിച്ചുതരുവാൻ എന്നെ അനുവദിക്കുക. നിനക്ക് സംശയങ്ങൾ ഉണ്ടെങ്കിലും എൻറെ ഹൃദയത്തിൻറെ അഭിലാഷങ്ങൾ ഞാൻ നിനക്ക് കാണിച്ചുതരും. സന്ദേശങ്ങൾ എഴുതിയെടുക്കുന്നതിൽ മടുപ്പ് തോന്നരുത്. ഞാൻ നിന്നിൽ പ്രവർത്തിക്കും. പൂർണമായി എന്നിൽ ആശ്രയിക്കുക. യേശുവേ, ഈ സന്ദേശങ്ങൾ അങ്ങയിൽ നിന്നാണെന്ന് കുറച്ചുനാൾ മുമ്പ് ഞാൻ ഒരാളോട് പറഞ്ഞപ്പോൾ അയാൾ എന്നോട് ഇപ്രകാരം പറഞ്ഞു: "ഇനിയും ഞാൻ ഒരു അടയാളവും നൽകുകയില്ലെന്ന് യേശു ഫരിസയരോട് പറഞ്ഞിരുന്നല്ലോ" എന്ന്. വസൂലാ, ഫരിസയരോട് ഞാൻ ഇത് പറഞ്ഞപ്പോൾ അർത്ഥമാക്കിയത് ഞാൻ ജഡത്തോടെ ഭൂമിയിൽ ഇനിയും ഉള്ളിടത്തോളം കാലം എന്നിൽ നിന്ന് ഒരു അടയാളവും ലഭിക്കുകയില്ല എന്നാണ്. ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുമ്പോൾ, അതായത് എൻറെ സ്വർഗ്ഗീയ പ്രവർത്തികളെ കുറ്റപ്പെടുത്തുമ്പോൾ, അവരുടെ ഹൃദയം എത്രമാത്രം വരണ്ടതും അടഞ്ഞിരിക്കുന്നതുമാണെന്ന് അത് വ്യക്തമാക്കുന്നു. എൻറെ അടയാളങ്ങൾ ഒരിക്കലും അവസാനിക്കുകയില്ല. ലോകത്തിൽ എൻറെ സാന്നിധ്യം എപ്പോഴും അനുഭവപ്പെടും. അടയാളങ്ങളിലൂടെ ഞാൻ എന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തിക്കൊണ്ടിരിക്കും. അല്പവിശ്വാസികളേ, വിശ്വസിക്കുവിൻ. എൻറെ വചനങ്ങളെ വളച്ചൊടിക്കരുത്. ഫാത്തിമയെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയുവാനുള്ളത്? ഫാത്തിമയിൽ അടയാളം നൽകിയത് ഞാനാണെന്നുള്ളത് വിശ്വസിക്കുവാൻ നിങ്ങൾക്ക് ഭയമാണോ? അല്പവിശ്വാസികളേ, സ്വർഗ്ഗീയ അടയാളങ്ങൾ എന്നിൽ നിന്ന് വരുന്നതാണെന്ന് അംഗീകരിക്കാതെ നിങ്ങൾ എന്താണ് പ്രഖ്യാപിക്കുവാൻ പോകുന്നത്? എൻറെ പ്രവർത്തികളെ സ്നേഹിക്കുക. എൻറെ പ്രവർത്തികളെ സ്വീകരിക്കുക. അനന്തമായ സമ്പത്തും അനന്തമായ കരുണയുമായ എന്നെ വിശ്വസിക്കുക. സ്നേഹം നിങ്ങളെ മറന്നിട്ടില്ലെന്നും സ്നേഹം പിന്മാറിയിട്ടില്ലെന്നും സ്നേഹം അവിടുത്തെ മഹത്വത്തിൽ മഹത്വപ്പെടുന്നെന്നും ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കാത്ത സ്നേഹം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടെന്നും എല്ലാ മനുഷ്യരും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഞാൻ അടയാളങ്ങൾ നൽകുന്നത്.