Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 49: ആളുകൾ എപ്പോഴും യുക്തിസഹമായ ഒരു വിശദീകരണം അന്വേഷിക്കുന്നു.
Transcript
- എപ്പിസോഡ് 49. 6/10/1987. എനിക്ക് എന്റെ ദയനീയാവസ്ഥയെക്കുറിച്ച് സ്വയം സഹതാപം തോന്നി. എന്റെ അജ്ഞത കൊണ്ട് ഞാൻ ദൈവത്തെ പ്രീതിപ്പെടുത്തുന്നില്ല; അവിടുത്തെ മനസ്സിലാക്കുവാനും ഞാൻ മന്ദഗതി കയറിയാണ്. എന്നെപ്പറ്റി എനിക്ക് സന്തോഷമില്ല. അവിടുത്തെ സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടിയാണ് ഞാൻ എന്ന് പറഞ്ഞാൽ അത് വാസ്തവമായിരിക്കും. സന്ദേശങ്ങൾ എങ്ങനെയാണ് ലഭിക്കുവാൻ തുടങ്ങിയത് എന്നതിനെക്കുറിച്ച് സംസാരിക്കുവാൻ ഞാൻ തീരെ ഇഷ്ടപ്പെടുന്നില്ല, കാരണം എന്നെപ്പറ്റി തന്നെയായിരിക്കും ഞാൻ സംസാരിക്കേണ്ടത്. അത് മോശമാണ്, വളരെ മോശമാണ്. എങ്കിലും എന്റെ കൂട്ടുകാരും മറ്റാളുകളും അത് എങ്ങനെയാണ് തുടങ്ങിയത് എന്നറിയുവാൻ ജിജ്ഞാസുക്കളായിരുന്നു; അതുകൊണ്ട് അത് വിവരിച്ചു പറയുവാൻ ഞാൻ നിർബന്ധിതയായി. ഓരോ പ്രാവശ്യവും ഞാൻ അത് വിവരിക്കുമ്പോൾ പലപ്പോഴും എന്നെക്കുറിച്ച് തന്നെ ചിലത് പറയേണ്ടി വരാറുണ്ട്. അപ്പോഴൊക്കെയും എനിക്ക് സ്വയം വെറുപ്പ് തോന്നിയിരുന്നു. പിന്നീട് ഇത് എങ്ങനെയാണ് തുടങ്ങിയത് എന്ന് പറയേണ്ടെന്ന് ഞാൻ നിശ്ചയിച്ചു. അങ്ങനെയായാൽ എനിക്ക് എന്നെപ്പറ്റി ഏറെ പറയാതെ കഴിയാമെന്ന് ഞാൻ ആശ്വസിച്ചു. ആളുകൾക്ക് അത്രത്തോളം ജിജ്ഞാസ ഉണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് അവർ മനസ്സിലാക്കിക്കൊള്ളട്ടെ എന്ന് ഞാൻ കരുതി. അങ്ങനെയായാൽ എനിക്ക് എന്നെപ്പറ്റി തന്നെ ഏറെ പറയാതെ കഴിയാമല്ലോ. സന്ദേശം വായിച്ചറിയുവാൻ അവർ തൽപരരാണെങ്കിൽ, അവർക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം അവർക്ക് വെളിച്ചം നൽകുമല്ലോ. ഞാൻ തന്നെ എനിക്ക് സാക്ഷി ആകേണ്ടതില്ലല്ലോ. ഞാൻ എല്ലാം ദൈവ തൃക്കരങ്ങളിൽ ഏൽപ്പിക്കാം. അസാധ്യമായത് സാധ്യമാക്കുവാൻ അവിടുത്തേക്ക് കഴിയുമല്ലോ. അതുകൊണ്ട് ഇപ്പോൾ മുതൽ ഞാൻ അവിടുത്തെ പെൻസിലും കടലാസും മാത്രമായിരിക്കും. അവിടുത്തെ സെക്രട്ടറി. അവിടുത്തെ സ്നേഹിക്കുവാൻ അവിടുന്ന് തന്നെ പഠിപ്പിച്ച ഒരു സെക്രട്ടറി. അവിടുത്തെ ആഗ്രഹങ്ങൾ രേഖപ്പെടുത്തുന്ന ഒരു എഴുത്തുപലക ആയിരിക്കും ഞാൻ. കൊള്ളാം. നീ എന്റെ എഴുത്തുപലക ആയിരിക്കുക. നിന്നിൽ എന്റെ വചനങ്ങൾ ഞാൻ കൊത്തിവെക്കട്ടെ. വളരെ മൃദുലമായിരിക്കുക; അപ്പോൾ എന്റെ വചനങ്ങൾ നിന്റെ മേൽ വളരെ ആഴത്തിൽ കൊത്തിവെക്കുവാൻ എനിക്ക് കഴിയുമല്ലോ. ഞാൻ എന്നെത്തന്നെ വിസ്മരിച്ച് തറയിൽ ഇരിക്കുകയായിരുന്നു. അവിടുന്ന് എന്റെ നേരെ നോക്കി എന്നെ ഓർമ്മിപ്പിച്ചു. ഞാൻ മുട്ടുകുത്തി നിന്നു. വസൂല, ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയും ഞാനും ചേർന്ന്, നമ്മൾ രണ്ടുപേരും കൂടി എന്റെ കുരിശ് പങ്കുവയ്ക്കുകയാണ്. വസൂല, ഞാൻ പറയുന്നത് കേൾക്കുക. നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ്. നീ അത് ഇനിയും മനസ്സിലാക്കിയിട്ടില്ലേ? നിന്റെ ദൈവമായ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അനുഭവിച്ചറിയുക. കുഞ്ഞേ, നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വധുവാണ്. യേശു എന്നെ ആവരണം ചെയ്യുന്നതായി എനിക്ക് തോന്നി. വസൂല, എന്റെ നിലവിളി സ്വർഗ്ഗം മുഴുവനിലും പ്രതിധ്വനിക്കുന്നു. എന്റെ അഭിലാഷം അചഞ്ചലമാണ്. അത് നിന്റെ കാതുകളിൽ എത്തിയിരിക്കണം. നീ വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള വഴങ്ങുന്നവൾ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ വഴങ്ങുവാൻ തയ്യാറല്ലെങ്കിൽ എങ്ങനെ ഐക്യപ്പെടുവാൻ സാധിക്കും? എന്റെ സഭകളെ ഐക്യപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്നെ അനുഭവിച്ചറിയുകയും എന്റെ സ്വരം ശ്രദ്ധിക്കുകയും ചെയ്യുമോ? എന്റെ ദൈവമേ, എന്തുകൊണ്ടാണ് സഭയുടെ തലവന്മാർ അങ്ങയുടെ സന്ദേശം അറിയുവാൻ ഇടവരുത്താത്തത്? മകളേ, അവർ അറിയുവാൻ ഞാൻ ഇടവരുത്തും. എന്റെ സഭയെ അലങ്കരിക്കുക. എന്നെ സ്നേഹിക്കുക. സഭ പുനരുദ്ധരിക്കപ്പെടും. യേശുവിന്റെ അത്ഭുതകരമായ ഒരു രൂപം ഞാൻ കണ്ടു. യേശുവിന്റെ മനോഹരവും മഹത്തീകൃതവും അത്ഭുതകരവും രാജകീയ പ്രൗഢിയാർന്നതുമായ ഒരു പ്രതിമ. അവിടുത്തെ കൈ ഉയർത്തി എന്നെ ഒരു അടയാളം കാണിച്ചു. കൈവിരലുകൾ കൊണ്ട് ഒരു അടയാളം. വിജയത്തെ സൂചിപ്പിക്കുന്ന ഒരു അടയാളമായിരുന്നു അത്. 8/10/1987. യേശുവേ. ഇതാ ഞാൻ. യേശുവേ, നമ്മുടെ പരിശുദ്ധ മാതാവിനെതിരെ പറയപ്പെടുന്ന എല്ലാ നിന്ദനങ്ങൾക്കും പരിഹാരം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സൃഷ്ടികളിൽ നിന്ന്, പ്രത്യേകിച്ച് പുരോഹിതന്മാരിൽ നിന്ന്, മാതാവിനെതിരെ പറയപ്പെടുന്ന ഹീനമായ നിന്ദനങ്ങൾ എനിക്ക് സഹിക്കാൻ ആവുന്നില്ല. എന്റെ തല പോയാലും ഞാൻ അതിനെ ചെറുക്കുകയും മാതാവിനു വേണ്ടി വാദിക്കുകയും ചെയ്യും. വസൂല, അത്തരം നിന്ദനങ്ങൾ കേൾക്കുമ്പോൾ സ്നേഹം എത്രമാത്രം സഹിക്കേണ്ടി വരുന്നെന്ന് നിന്നെ ഞാൻ മനസ്സിലാക്കി തരാം. വസൂല, കർത്താവായ ഞാൻ എന്റെ മാതാവിനെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്ന് എല്ലാവരും അറിയട്ടെ. അവൾ സ്വർഗ്ഗത്തിലെ രാജ്ഞിയാണെന്നും കർത്താവായ ഞാൻ അവളുടെ ശിരസ്സിൽ 12 നക്ഷത്രങ്ങളുള്ള ഒരു കിരീടം അണിയിച്ചിട്ടുണ്ടെന്നും അവർ അറിയട്ടെ. അവൾ സ്വർഗ്ഗത്തിൽ മഹിമയോടെ വാഴുന്നു. ഇത് എന്റെ വചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഞാൻ എന്റെ അമ്മയെ ബഹുമാനിക്കുന്നു. ഞാൻ എന്റെ അമ്മയെ ബഹുമാനിക്കുന്നതുപോലെ നിങ്ങളും എന്റെ അമ്മയെ ബഹുമാനിക്കണം. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാനും എന്റെ അമ്മയും ചേർന്ന് നിന്നെ അനുഗ്രഹിക്കുന്നു. കർത്താവേ, ആ പാസ്റ്റർ നമ്മുടെ പരിശുദ്ധ മാതാവിനെ വന്ദിക്കുന്നതിനെ എതിർക്കുകയാണ്. അങ്ങ് കുരിശിൽ കിടന്നുകൊണ്ട് അപ്രകാരം പറഞ്ഞിട്ടുള്ളതാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് അത് യോഹന്നാനോട് മാത്രമായിരുന്നു എന്നാണ്. അതിനും പുറമേ വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും അവൾ നമ്മുടെ അമ്മയാണെന്നും നമ്മൾ അവളുടെ മക്കളാണെന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മകളേ, ഞാൻ ഒരിക്കൽ കൂടി ആവർത്തിച്ചു പറയട്ടെ: എന്റെ അമ്മ നിങ്ങളുടെയും അമ്മയാണ്. നിങ്ങൾ അവളുടെ മക്കളാണ്. ഇക്കാര്യം എന്റെ വചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞിട്ടില്ലാത്തവർക്ക് വേണ്ടി ഞാൻ വീണ്ടും പറയുന്നു: തിരുവചനത്തിൽ അങ്ങനെ പറയുന്നുണ്ടെന്ന്. കർത്താവേ, അത് എവിടെയാണ്? വെളിപാടിന്റെ പുസ്തകത്തിൽ. സാത്താൻ എന്റെ അമ്മയെ കീഴ്പ്പെടുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ രോഷം പൂണ്ട് അമ്മയുടെ ശേഷിച്ച മക്കളുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അവരാകട്ടെ എന്റെ കല്പനകൾ അനുസരിക്കുന്നവരും എനിക്ക് സാക്ഷ്യം വഹിക്കുന്നവരുമാണ്. കർത്താവായ യേശുവേ, എന്നെ സഹായിച്ചതിന് നന്ദി. വസൂല, ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ, നിന്റെ മുന്നിൽ എപ്പോഴും ഞാൻ ഉണ്ടെന്ന്. എന്റെ പ്രവർത്തികൾ ഞാൻ പൂർത്തിയാക്കേണ്ടതിന് നീ വളരെ എളിയവളായി നിലകൊള്ളുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാനും അങ്ങയെ സ്നേഹിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുകയും ചെയ്യുന്നു. നമുക്ക് നമ്മൾ. അതെ, കർത്താവേ. 10/10/1987. ഓ, യേശുവേ, എല്ലാ ക്രിസ്ത്യാനികളും പരിശുദ്ധ മാതാവിനെ വണങ്ങുന്നില്ലെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. ക്രിസ്ത്യാനികൾക്കിടയിൽ ഇത്ര ഭീമമായ അന്തരമുണ്ടെന്നും ഞാൻ മനസ്സിലാക്കിയിരുന്നില്ല. മാതാവിനെ വണങ്ങുന്നതിനെ ചൊല്ലി എന്തെന്തു വ്യത്യസ്തമായ കാഴ്ചപ്പാടുകൾ. വളരെ കഷ്ടം തന്നെ. ഓ, വസൂല, നീ വിചാരിക്കുന്നതിലും കഷ്ടമാണത്. ഓ, യേശുവേ, എന്തുകൊണ്ടാണ് അത് ഇത്ര മോശമായി തീർന്നിരിക്കുന്നത്? എന്റെ ശരീരമാകുന്ന സഭ പലതായി ഭിന്നിച്ചിരിക്കുകയാണ്. എന്റെ ശരീരമാകുന്ന സഭയെ ഒന്നിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഒന്നിപ്പിക്കപ്പെട്ടാൽ നമ്മുടെ പരിശുദ്ധ മാതാവിനെ എല്ലാവരും വണങ്ങുമോ? കുഞ്ഞേ, അവർ വണങ്ങും. അവർ യഥാർത്ഥത്തിൽ വണങ്ങുമെന്ന് എനിക്ക് മനസ്സിലാക്കാമോ? ഞാൻ അവരെ കുനിക്കും. അവരുടെ മുട്ടുകളെ ഞാൻ മടക്കും. അപ്പോൾ അവർ എന്റെ അമ്മയെ വണങ്ങുകയും ബഹുമാനിക്കുകയും ചെയ്യും. അതെ, കർത്താവേ. കുഞ്ഞേ, എന്റെ സഭയെ ഞാൻ നവീകരിച്ച് ശക്തിപ്പെടുത്തും. വരൂ, നമുക്ക് നമ്മൾ. അതെ, കർത്താവേ. 12/10/1987. ഞാൻ ഒരിടത്ത് സന്ദർശനത്തിന് ചെന്നപ്പോൾ ഒരു ശാസ്ത്രീയ മാസിക കാണാൻ ഇടയായി. ശാസ്ത്രീയമായ ചിന്തയുടെ നിഗമനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ആ മാസിക എല്ലാത്തരത്തിലുള്ള ആത്മീയ പ്രവർത്തനങ്ങളെയും എതിർത്തിരുന്നു. ഇക്കാലത്ത് എല്ലാ അതിസ്വഭാവിക പ്രവർത്തനങ്ങൾക്കും അതിന്റേതായ സംയുക്തിക വിശദീകരണങ്ങൾ ഉണ്ടായിരിക്കും. അബോധമനസ്സ്, ഉപോധമനസ്സ്, ഹിപ്നോട്ടിസം, ഇരട്ട വ്യക്തിത്വം, ബ്രഹ്മാത്മകത്വം, സ്വയം പ്രത്യായനം മുതലായ എല്ലാ മാനസിക വ്യാപാരങ്ങൾക്കെല്ലാം യുക്തിപൂർവ്വമായ വിശദീകരണം തേടുകയാണ് ബഹുജനങ്ങൾ. ഏശയായെ പോലെയുള്ള വലിയ പ്രവാചകന്മാർ പറയുന്നതൊന്നും അവർ അംഗീകരിക്കുന്നില്ല. എല്ലാറ്റിനും ശാസ്ത്രീയമായ ഉത്തരം കണ്ടെത്താനാണ് അവരുടെ നീക്കം. വിശുദ്ധന്മാരെയും അവർ അംഗീകരിക്കുന്നില്ല. അതെല്ലാം ഒരുവക മാനസിക വിഭ്രാന്തിയുടെ ബാഹ്യ പ്രകടനങ്ങൾ ആണെന്നാണ് അവരുടെ വാദം. എന്റെ അഭിപ്രായത്തിൽ അവർ ദൈവത്തെയും വെല്ലുവിളിക്കുകയാണ്. ദൈവം സർവ്വശക്തനല്ലെന്ന് തെളിയിക്കാനാണ് അവരുടെ ശ്രമം. ദൈവമേ, എന്താണ് ഇങ്ങനെയൊക്കെ? വസൂല, എന്നിൽ വിശ്വസിക്കാത്തവർ വളരെയധികമുണ്ട്. എന്നാൽ ഞാൻ അങ്ങയോട് ഒരു സംഗതി ആവശ്യപ്പെടുകയാണ്. അങ്ങയെ തുടച്ചുനീക്കുവാൻ നോക്കുന്ന ഈ അബദ്ധ സിദ്ധാന്തങ്ങളെയും പഠിപ്പിക്കലുകളെയും അങ്ങേക്ക് നിശേഷം നശിപ്പിച്ചുകൂടെ. അവർ അങ്ങയുടെ ശത്രുക്കൾ ആണല്ലോ. അവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതെന്തിന്? അവയെ നശിപ്പിക്കുക. അല്ലാത്തപക്ഷം നമ്മുടെ വിശ്വാസത്തെ അവ നശിപ്പിക്കും. അതുകൊണ്ട് ദയവായി അവയെ നശിപ്പിക്കണം. ഞാൻ അത് ചെയ്യുന്നതാണ്. വിഷമിക്കരുത്. ഒരിക്കലും സംശയിക്കരുത്. വിശ്വസിക്കുക. പ്രിയപ്പെട്ടവളേ, സന്ദേശം എഴുതിയെടുക്കുന്നതിൽ മടുപ്പ് തോന്നരുത്. ഇതിനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. നീ നഷ്ടപ്പെടുവാൻ പാടില്ല. എനിക്കത് കാണാനേ ആവില്ല. നീ ഇക്കാര്യം മനസ്സിലാക്കുന്നുണ്ടോ? കുഞ്ഞേ, നീ വീണുപോകുന്നത് കാണാനും എനിക്കാവില്ല. മറ്റുള്ളവരുടെ കാര്യമോ? അവരാരും വീണുപോകുന്നത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങ് എന്നെ പിന്തുണക്കുന്നതുപോലെ അങ്ങ് അവരെയും പിന്തുണക്കണമേ. വസൂല, നിങ്ങളെല്ലാവരെയും ഞാൻ സഹായിക്കും. ദൈവം സമ്പ്രീതനായി കാണപ്പെട്ടു. ദൈവമേ, ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങൾ ആവശ്യപ്പെടുന്നതിൽ എന്നോട് ക്ഷമിക്കണമേ. എന്റെ ആവേശം കൊണ്ട് പറഞ്ഞുപോകുന്നതാണ്. എന്തായാലും അനീതി സഹിക്കുവാൻ എനിക്ക് സാധ്യമല്ല. ഇത്രത്തോളം പറയുന്നതിൽ എന്നോട് ക്ഷമിക്കണമേ. കുഞ്ഞേ, ഞാൻ ക്ഷമിക്കുന്നു. നീ പറഞ്ഞോളൂ. പറയുവാൻ മറ്റു പലതും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നതുകൊണ്ട് ഞാൻ പറയട്ടെ. ഈ മനുഷ്യർ തങ്ങളുടെ അന്ത്യശ്വാസം വരെ ഇതൊന്നും വിശ്വസിക്കുകയില്ല. എന്ത് അസാധാരണ സംഭവം കണ്ടാലും അത് വിശദീകരിക്കാൻ ആവാത്തത് എന്നല്ലാതെ അതൊന്നും ദൈവത്തിൽ നിന്ന് വരുന്നതാണെന്ന് അവർ സമ്മതിക്കുകയില്ല. ഞാൻ അവരെ ബോധ്യപ്പെടുത്തും. എന്റെ ശക്തി അവരുടെ കഴിവിനും അതീതമാണ്. ഞാൻ സർവ്വശക്തനാണെന്ന് നിങ്ങളെല്ലാവരെയും ഞാൻ ബോധ്യപ്പെടുത്തും. നിങ്ങൾ എവിടെയായിരുന്നാലും എന്റെ സർവ്വശക്തിത്വം നിങ്ങൾ കാണും. ഒരു കണ്ണിനും അത് നിഷേധിക്കുവാൻ കഴിയില്ല. ഈ അടയാളം എന്നിൽ നിന്ന് വരുന്നതല്ല എന്ന് ഒരു മനുഷ്യനും പറയുകയില്ല. പ്രിയപ്പെട്ടവളേ, അവരുടെ സിദ്ധാന്തങ്ങൾ അപ്പോൾ അവർക്ക് എങ്ങനെയാകും കാണപ്പെടുക? അവരുടെ ശാസ്ത്രകാരന്മാർക്ക് എന്തായിരിക്കും തോന്നുക? അവരുടെ വിജ്ഞാനത്തിനൊക്കെയും എന്താണ് സംഭവിക്കുക? അവരുടെ വിജ്ഞാനം എന്റെ ജ്ഞാനത്തിന്റെ മുഖത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് ഞാൻ അവർക്ക് കാണിച്ചുകൊടുക്കും. അവർ വിജ്ഞാനം എന്ന് വിശ്വസിച്ചിരിക്കുന്നതിനെ ഈ ലോകത്തുനിന്ന് ഞാൻ തുടച്ചുമാറ്റും. ഇതാണ് എന്റെ വചനങ്ങൾ നിന്റെ മേൽ മുദ്രണം ചെയ്യുന്നതിന് ഞാൻ നിന്നെ ഉപയോഗപ്പെടുത്തുന്നതിന്റെ ഒരു കാരണം. എന്റെ പദ്ധതികൾ മുൻകൂട്ടി പറയുവാനും അത് നടപ്പാക്കുവാനും നിനക്ക് കഴിയേണ്ടതിനാണിത്. കർത്താവായ ഞാൻ ആയിരിക്കുന്നവനും ആയിരുന്നവനും എപ്പോഴും ആയിരിക്കുകയും ചെയ്യുന്നവനാണ്. അതുകൊണ്ട് എന്റെ അസ്തിത്വത്തെ നിങ്ങൾ ഒരിക്കലും നിഷേധിക്കരുത്. ഞാൻ ആകുന്നു. പ്രിയപ്പെട്ട ദൈവമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. ഈ പദ്ധതി ഇന്നത്തേക്കും ഭാവിയിലേക്കും ഉള്ളതായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. വസൂല, ഞാൻ ആരംഭിച്ച എല്ലാ പദ്ധതികളും പൂർത്തിയാക്കിയിട്ടുള്ളതുപോലെ എന്റെ ഈ പദ്ധതിയും ഞാൻ പൂർത്തിയാക്കും. കുഞ്ഞേ, നമുക്ക് പ്രാർത്ഥിക്കാം. സ്നേഹപിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ വാഴ്ത്തുന്നു. അങ്ങയുടെ കരുണയെ പ്രതി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്നെ പൂർണ്ണമായി ഉപയോഗപ്പെടുത്തക്കവണ്ണം എന്നെ അങ്ങേക്ക് യോഗ്യയാക്കി മാറ്റേണമേ. അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നെ ഉപയോഗപ്പെടുത്തിയാലും ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ആമേൻ. പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്നെ നോക്കുക. ഞാൻ നോക്കി. അങ്ങ് പുഞ്ചിരിക്കുകയാണല്ലോ. തുടർന്ന് എഴുതുക. തുടർന്ന് എഴുതുവാൻ ഞാൻ അല്പം സംശയിച്ചിരുന്നു. അങ്ങ് പുഞ്ചിരിക്കുമ്പോൾ അങ്ങയുടെ മുഖത്തെ നുണക്കുഴികൾ ഞാൻ കാണുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. കർത്താവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു. 13/10/1987. എന്റെ ബെഡ്റൂമിന്റെ വാതിലിന് സമീപം യേശു നിൽക്കുന്നതായി ഞാൻ കണ്ടു. ഞാൻ സന്ദേശം എഴുതിയെടുക്കണമെന്നുള്ള സൂചന യേശു എനിക്ക് നൽകി. ഞാൻ വാതിൽക്കൽ ഉണ്ടായിരുന്നു. വരൂ, നീ എന്നോടൊപ്പം പ്രവർത്തിക്കും. ഞാൻ കൃത്യമായി കാര്യങ്ങൾ വിവേചിച്ചറിയുന്നുണ്ടെന്ന് യേശു ചിലപ്പോഴൊക്കെ ഉറപ്പുവരുത്താറുണ്ട്. തങ്ങളെത്തന്നെ ബുദ്ധിമാന്മാർ എന്ന് സ്വയം വിളിക്കുന്നവർ എന്റെ പ്രവർത്തികളിൽ വിശ്വസിക്കുകയും അങ്ങനെ എന്നെ അനുഗമിക്കുകയും ചെയ്യേണ്ടതിന് എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് ഞാൻ മുൻകൂട്ടി പറയാം. മകളേ, ഞാൻ അനേകരെ സൗഖ്യമാക്കും. എന്റെ വചനം പൂർത്തീകരിച്ചുകൊണ്ട് സ്നേഹം നിങ്ങളിലേക്ക് സ്നേഹമായിട്ട് തന്നെ മടങ്ങിവരും. വസൂല, കുറഞ്ഞ കാലത്തിനുള്ളിൽ ഈ സന്ദേശങ്ങൾ എന്നിൽ നിന്ന് വരുന്നതാണെന്ന് ഞാൻ തെളിയിച്ചുതരും. പ്രിയപ്പെട്ടവളേ, ഞാനാണ് കർത്താവ്. എന്റെ അടുക്കലേക്ക് നിങ്ങൾ വരും. എന്നെ ശ്രവിക്കുക. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ നിന്നോട് പറഞ്ഞ കാര്യം നിന്നെ ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവായ ഞാൻ ഗരബന്ധാളിലെ എന്റെ മക്കളെ അനുഗ്രഹിക്കുന്നു എന്ന എന്റെ വാക്കുകൾ പ്രചരിപ്പിക്കുക. അക്കാര്യം എല്ലാവരും അറിയട്ടെ. എല്ലാവരും എന്നെ ശ്രവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിന് വേണ്ടി ഞാൻ എത്രമാത്രം തീക്ഷ്ണമായി ആഗ്രഹിക്കുന്നു. കർത്താവായ യേശുവേ, എന്റെ കഴിവിനനുസരിച്ച് അങ്ങ് എനിക്ക് നൽകിയിട്ടുള്ള മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഞാൻ പരിശ്രമിക്കാം. ഞാൻ അശക്തിയും അങ്ങ് സർവ്വശക്തനും ആണല്ലോ. യേശുവേ, അങ്ങ് എന്നെ സഹായിക്കുമോ? ഞാൻ നിന്നെ സഹായിക്കും. ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഓർക്കുക. വസൂല, ചുരുങ്ങിയ കാലത്തിനുള്ളിൽ ഉന്നതത്തിൽ നിന്നുള്ള ഒരു അടയാളം ഞാൻ നിങ്ങൾക്കെല്ലാവർക്കുമായി നൽകും. ഇത് എന്നിൽ നിന്നുള്ള അടയാളമാണെന്ന് നിങ്ങൾ ഗ്രഹിക്കും. ഞാൻ നിങ്ങളിൽ പ്രകാശിക്കും. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. ഞാൻ എത്രമാത്രം നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു? നിങ്ങൾക്ക് ഗ്രഹിക്കുവാൻ കഴിയുന്നതിലധികമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാനാണ് നിങ്ങളുടെ സൃഷ്ടാവ്. നിങ്ങളുടെ രൂപം എന്റെ ഉള്ളം കയ്യിൽ കൊത്തിവെച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ? എനിക്ക് എപ്പോഴെങ്കിലും നിങ്ങളെ പരിത്യജിക്കുവാൻ കഴിയുമോ? അങ്ങ് എനിക്ക് നൽകിയ ഒരു ദർശനത്തെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. ഞാൻ ഭയപ്പെടുന്ന ഒരു ശിക്ഷ. അക്കാര്യം നീ ഓർത്തിരിക്കേണ്ടതിന് ആ ദർശനം വീണ്ടും ഞാൻ നിനക്ക് നൽകും. കർത്താവേ, ആ ശിക്ഷ ഒഴിവാക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അത് ഞങ്ങൾക്ക് സംഭവിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമില്ലെന്ന് എനിക്കറിയാം. അതിൽ അങ്ങ് സന്തോഷിക്കുന്നുമില്ല. എന്ത് ചെയ്യണമെന്ന് എന്നോട് പറയണമേ. വസൂല, അത് സത്യമാണ്. നിങ്ങളെ ശിക്ഷിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നില്ല. എന്റെ സൃഷ്ടികൾ സ്നേഹത്തിലേക്ക് മടങ്ങി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വലിയ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യേണ്ടതുണ്ട്. മറ്റുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യുവാൻ കഴിയുന്നവർ പരിഹാര പ്രവർത്തികൾ ചെയ്യട്ടെ. എന്റെ സൃഷ്ടികൾ മാനസാന്തരപ്പെടണം. എന്റെ മകളേ, എന്റെ സൃഷ്ടികൾ എന്റെ ആത്മീയ പ്രവർത്തികൾ ഗ്രഹിച്ച് അവയിൽ വിശ്വസിക്കണം. എന്റെ സൃഷ്ടികൾ എന്നെ സർവ്വശക്തനായ ദൈവമായി അംഗീകരിക്കണം. ഇക്കാലത്തെ എന്റെ പ്രവർത്തികളെ നിഷേധിക്കുന്നത് എത്രമാത്രം തെറ്റാണെന്ന് എന്റെ പുരോഹിതന്മാർ ഗ്രഹിക്കണം. എന്നിരുന്നാലും, അങ്ങയെയും അങ്ങയുടെ പ്രവർത്തികളെയും അംഗീകരിക്കുന്ന അനേകരുണ്ട്. എന്നെ അംഗീകരിക്കാത്തവരും ഉണ്ട്. അവരോടാണ് ഞാൻ പറയുന്നത്. എന്റെ ശരീരമായ സഭയിൽ ഭിന്നത ഉണ്ടാക്കിയവരെക്കുറിച്ചാണ് ഞാൻ പറയുന്നത്. മകളേ, എന്നെ വിശ്വസിക്കുക. എന്റെ ശരീരമായ സഭയിൽ ഭിന്നത സൃഷ്ടിച്ച് പല വിഭാഗങ്ങളാക്കി മാറ്റിയവരെ സംബന്ധിച്ച് എന്റെ നീതിയുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു. ഇനി ഞാൻ അവരെ വെറുതെ വിടുകയില്ല. വസൂല, കുറച്ചുകാലം കൂടി പശ്ചാത്താപത്തിലേക്കുള്ള ആഹ്വാനത്തിലൂടെ നിങ്ങളെ ഉഴുതുമറിക്കുവാൻ എന്നെ അനുവദിക്കുക. താമസിയാതെ ഞാൻ എന്റെ വിള വിശേഖരിക്കുന്നതായിരിക്കും. പ്രിയപ്പെട്ടവളേ, വരൂ. കർത്താവേ, അങ്ങയുടെ ഹിതം പൂർണ്ണമായി സംഭവിക്കട്ടെ. 15/10/1987. ഞാൻ വേദനിച്ചതുപോലെ ഞാൻ നിന്നെയും വേദനിപ്പിക്കും. ഞാൻ നിന്നെ എളിമപ്പെടുത്തും. വസൂല, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ സ്നേഹം നിമിത്തമാണ് ഞാൻ നിന്നെ കാത്തുസൂക്ഷിക്കുന്നത്. നിനക്ക് ഏറ്റവും നല്ലത് ഏതെന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് ഞാൻ നിനക്ക് നിർദേശങ്ങൾ നൽകുന്നത്. നിന്റെ ദുരഭിമാന പ്രവണതകളെല്ലാം കഴുകിക്കളയേണ്ടതിന് ഞാൻ നിനക്ക് പശ്ചാത്താപം നൽകും. നിനക്ക് യാതൊരു കുറവും വരില്ലെന്ന് കർത്താവായ ഞാൻ ഉറപ്പുവരുത്തും. ഞാൻ നിന്നെ എപ്പോഴും കാത്തുസംരക്ഷിക്കും. എന്റെ ദൈവമേ, എന്നെ സഹായിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി. ഇപ്പോൾ ഞാൻ നിന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ നീ എന്റെ കരങ്ങളിലേക്ക് എടുക്കപ്പെടുകയും നീ അവിടെ ആയിരിക്കുകയും ചെയ്യും. മകളേ, ഞാൻ ശരീരത്തോടെ നിങ്ങളുടെ മധ്യേ ആയിരുന്നപ്പോൾ എന്റെ ജീവിതം സഹനത്തിന്റെയും ത്യാഗത്തിന്റെയും മനോവിധയുടെയും ദുഃഖത്തിന്റെയും ആകത്തുകയായിരുന്നു. എനിക്ക് യാതൊരു വിശ്രമവും ഉണ്ടായിരുന്നില്ല. വസൂല, ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ നിന്നെ വളർത്തിക്കൊണ്ടുവന്നത്. എന്റെ പുഷ്പമേ, നിന്റെ ജീവിതത്തിന്റെ അവസാനം വരെയും എന്റെ കുരിശ് എന്നോടൊപ്പം നീ വഹിക്കണം. ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ വേദന സഹിക്കണമെന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ ഞാൻ അങ്ങയുടെ ഇഷ്ടം നിറവേറ്റും. എനിക്ക് ഇഷ്ടമുള്ളത് നിന്നോട് പ്രവർത്തിക്കുവാൻ എനിക്ക് കഴിയേണ്ടതിന് വഴങ്ങുന്ന രീതിയിൽ മൃദുവായിരിക്കുക. കുഞ്ഞേ, എന്നെക്കുറിച്ച് സംസാരിക്കുക. യേശു ഇവിടെ ഉദ്ദേശിക്കുന്നത് റോഡോസ് ദ്വീപിലുള്ള ഗ്രീക്കുകാരോട് യേശുവിനെക്കുറിച്ച് സംസാരിക്കുവാനാണ്. ഗ്രീക്കുകാർ ശ്രദ്ധിക്കുവാൻ തൽപരരും ഗ്രഹിക്കുവാൻ സന്മനസ്സുള്ളവരുമാണ്.