Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 72: ഞാൻ ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരും
Transcript
- എപ്പിസോഡ് 72. 29/06/1988. കർത്താവേ. ഇത് ഞാനാണ്, പുഷ്പമേ. മനുഷ്യവർഗ്ഗത്തോടുള്ള എന്റെ സ്നേഹം ഒരിക്കലും ആരും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. ഞാൻ അത്യധികം സഹിക്കുന്നു; ഞാൻ അത്യധികമായി വേദന സഹിക്കുന്നു. പ്രിയപ്പെട്ടവളേ, എന്നെ സ്നേഹിച്ചുകൊണ്ട് എനിക്ക് വിശ്രമം നൽകുക. അല്ലയോ കർത്താവേ, അങ്ങയുടെ സഹനത്തിൽ പങ്കുചേർന്നുകൊണ്ട്, അങ്ങയുടെ സഹനത്തെ ലഘൂകരിക്കുവാൻ എനിക്ക് കഴിയുമെങ്കിൽ, എന്നെ അതിന് അനുവദിക്കണമേ. എന്റെ ജീവിതത്തിന്റെ ഓരോ അംശവും അങ്ങ് ഉപയോഗിക്കണമേ. അങ്ങയെ അനന്തമായി സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്റെ തിരുഹൃദയത്തിന്റെ വസൂലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ എല്ലാം പങ്കുവെക്കുന്നുണ്ട്. വസൂലാ, നീ എന്റെ കുരിശിലും എന്റെ പീഡാസഹനങ്ങളിലും എന്നോടൊപ്പം പങ്കുചേരുന്നുണ്ട്. അല്ലയോ വസൂലാ, നദിപോലെ എന്റെ രക്തം എന്റെ ശരീരത്തിൽ നിന്ന് ഒഴുകുന്നു; എന്റെ സ്വന്തപ്പെട്ടവരാൽ ഞാൻ വീണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ സഭയിലെ വിശ്വാസത്യാഗം, കർദിനാളന്മാർ, മെത്രാന്മാർ, പുരോഹിതർ, എന്റെ ഉറ്റസുഹൃത്തുക്കൾ—എല്ലാം എന്നെ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്നു. പലരും എന്നെ പരിത്യജിച്ചിരിക്കുന്നു; അനേകർ എന്നെ ചമ്മട്ടികൊണ്ട് അടിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഏറ്റവും അടുത്ത ആത്മമിത്രങ്ങൾ എന്നെ കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നു. ഞാൻ അത്യധികമായി സഹിച്ചുകൊണ്ടിരിക്കുന്നു; രണ്ടാം പീഡാസഹനത്തിലൂടെ ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നു. എന്നെ സ്നേഹിക്കുക, എന്നെ സ്നേഹിക്കുക. നിന്റെ കാവൽമാലാഖ പറഞ്ഞ വാക്കുകൾ ആവർത്തിക്കുവാൻ എനിക്ക് കഴിയുമാറാകട്ടെ. അവൻ ഇങ്ങനെയാണ് പറഞ്ഞത്: "നീ സ്നേഹിച്ചതുപോലെ ഒരുവനും അവന്റെ കാവൽമാലാഖയെ സ്നേഹിച്ചിട്ടില്ല." കുഞ്ഞേ, ഒരിക്കൽ നിന്നോട് ഇപ്രകാരം പറയുവാൻ എനിക്ക് കഴിയട്ടെ: "നിന്റെ കാലഘട്ടത്തിൽ ഒരാൾ പോലും നീ എന്നെ സ്നേഹിച്ചതുപോലെ എന്നെ സ്നേഹിച്ചിട്ടില്ല." 03/07/1988. എന്റെ കർത്താവേ. കുഞ്ഞേ, സമാധാനം നിന്നോടുകൂടെ. എന്റെ സഭ പുനർജീവിക്കും; എന്നാൽ ഈ നവീകരണത്തിനു മുമ്പ് അവൾ ഇപ്പോൾ സഹിക്കുന്നതിനേക്കാൾ കൂടുതലായി സഹിക്കും. അവളുടെ മഹാ ദുരിതങ്ങളുടെ ആരംഭത്തിലാണ് അവൾ. ഇതാ, എന്റെ നീതിയുടെ പാനപാത്രത്തിലേക്ക് നോക്കുക. അമൂല്യ രത്നങ്ങൾ പതിപ്പിച്ച മനോഹരമായ ഒരു സ്വർണ്ണ പാനപാത്രത്തിലേക്ക് ഞാൻ നോക്കി. അത് വക്കോളം നിറഞ്ഞിരിക്കുന്നു; അനങ്ങിയാൽ തുളുമ്പി പോകുന്ന അവസ്ഥയിലാണ്. എന്റെ പാനപാത്രം എത്രമാത്രം നിറഞ്ഞിരിക്കുന്നു എന്ന് നീ കാണുന്നില്ലേ? അത് തുളുമ്പി കവിഞ്ഞൊഴുകാറായിരിക്കുന്നു. പണ്ടേ പ്രവചിക്കപ്പെട്ടിരിക്കുന്ന ശാപം വെളിപ്പെടുത്തിക്കൊണ്ട്, സൃഷ്ടികളേ, ആ പാനപാത്രം നിങ്ങളുടെ മേൽ ചൊരിയപ്പെടും. നിങ്ങൾ അന്ധകാരത്തിൽ മുങ്ങിത്താഴും; അവിചാരിതമായി ഒരു കള്ളനെപ്പോലെ ഞാൻ നിങ്ങളുടെ അടുക്കൽ വരും. ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു; നിങ്ങൾ ജാഗ്രത പാലിക്കേണ്ടതിന് ഞാൻ നിങ്ങൾക്ക് പല അടയാളങ്ങളും നൽകിക്കൊണ്ടിരിക്കുകയായിരുന്നു; എന്നാൽ നിങ്ങൾ അവയെ തള്ളിക്കളഞ്ഞിരിക്കുന്നു. കാലത്തിന്റെ അവസാനം എന്നത് അംഗീകരിക്കുവാൻ നിങ്ങൾ തയ്യാറല്ല. ഞാൻ എത്രയധികം മുന്നറിയിപ്പുകൾ നിങ്ങൾക്ക് നൽകിയിട്ടുണ്ടെങ്കിലും, എന്നിലുള്ള നിങ്ങളുടെ അവിശ്വാസം പൂർണ്ണമായിരിക്കുന്നു. നിങ്ങളെ മാനസാന്തരപ്പെടുത്തുന്നതിന് എന്റെ മുന്നറിയിപ്പ് ഒരു ശുദ്ധികരശം പോലെ നിങ്ങളിൽ സംഭവിക്കും. എന്റെ മഹാ കാരുണ്യത്താൽ ആയിരിക്കും ഇത് സംഭവിക്കുന്നത്. സൃഷ്ടികളേ, നിങ്ങൾക്ക് ഹാ ദുരിതം. നിങ്ങളുടെ അവിശ്വാസം വർദ്ധിപ്പിച്ചുകൊണ്ട് എനിക്കെതിരെ തിരിയുന്ന അവിശ്വാസികളെ നിങ്ങൾക്ക് ഹാ ദുരിതം. അന്ധകാരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന നിങ്ങളുടെ ദേഹി വലിയ അന്ധകാരചുഴിയിലേക്ക് വലിച്ചിടപ്പെടും. ഇത് പറയുമ്പോൾ യേശു വലിയ വേദന സഹിക്കുന്നതായി കാണപ്പെട്ടു. സൃഷ്ടികളേ, എനിക്ക് നിങ്ങളോട് വലിയ അനുകമ്പയുണ്ട്. എന്നെന്നേക്കുമായി നിങ്ങൾ നശിക്കുന്നത് കാണുമ്പോൾ ഞാൻ എത്രയധികമായി സഹിക്കുന്നു. ഞാൻ ജീവശ്വാസം നിശ്വസിച്ചിട്ടുള്ള, ഞാൻ ജീവനിലേക്ക് ഉയർപ്പിച്ചവരെ, ജനിക്കുന്നതിനു മുമ്പ് തന്നെ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്ന എന്റെ മക്കളെ, എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. ഈ അന്ധകാരചുഴിയിലും നിത്യനാശത്തിലും എത്രമാത്രം പേർ നിബന്ധിക്കുമെന്ന് കണ്ട് എന്റെ തിരുഹൃദയം കീറിമുറിയുന്നു. സൃഷ്ടികളേ, നിങ്ങളുടെ പാപങ്ങൾ രക്തനിറമുള്ളതാണെങ്കിലും, നിങ്ങളോട് ക്ഷമിക്കുവാൻ ഞാൻ തയ്യാറാണ്. വരൂ, വരുവിൻ. നിങ്ങളുടെ പിതാവിന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. ധൂർത്തപുത്രനെ അവന്റെ പിതാവ് സ്വാഗതം ചെയ്ത് സ്വീകരിച്ചതിന്റെ ആയിരം മടങ്ങ് കാരുണ്യത്തോടെ ഞാൻ നിങ്ങളെ സ്വാഗതം ചെയ്ത് സ്വീകരിക്കും. എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നതിനു മുമ്പ് എന്റെ അടുക്കലേക്ക് മടങ്ങി വരുക. നിങ്ങളുടെ ശരീരത്തിൽ അനേകം വ്രണങ്ങൾ ഉണ്ടാക്കിക്കൊണ്ട്, നിങ്ങളെയും നിങ്ങളോടൊപ്പമുള്ള സർവ്വ ജീവികളെയും പൊള്ളിച്ചുകൊണ്ട്, എന്റെ നീതി നിങ്ങളെ പ്രഹരിക്കുന്നതിനു മുമ്പ് എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. ശുദ്ധവായു ശ്വസിക്കുവാൻ നിങ്ങൾ ആഗ്രഹിച്ചാലും, ഒരു ഉഷ്ണക്കാറ്റ് മാത്രമായിരിക്കും നിങ്ങൾ ശ്വസിക്കുന്നത്; അത് നിങ്ങളുടെ അകവും പുറവും വെന്തുപൊള്ളിച്ച് ഒരു ജീവനുള്ള തീപ്പന്തമാക്കി നിങ്ങളെ മാറ്റും. സൃഷ്ടികളേ, ഈ മണിക്കൂർ എത്ര ആസന്നമായിരിക്കുന്നു എന്ന് ഗ്രഹിക്കുക. ഇന്ന് വൃക്ഷങ്ങൾ പൂവിട്ടിരിക്കുന്നത് നിങ്ങൾ കാണുന്നു; എന്നാൽ നാളെ നിങ്ങൾ അവയെ കാണില്ല. എല്ലാം അപ്രത്യക്ഷമാകും. സാത്താന്റെ പുകയാൽ നിങ്ങൾ ആവരണം ചെയ്യപ്പെടും. അതൊരു മാരകമായ മറ തന്നെയായിരിക്കും. ഈ ദുരന്തങ്ങളും ദുരിതങ്ങളും നിങ്ങളുടെ മേൽ വരുത്തിവെച്ചത് നിങ്ങളുടെ ദുഷിച്ച പ്രവർത്തികളാണെന്ന് ഗ്രഹിക്കുക. നിങ്ങളുടെ വിശ്വാസത്യാഗത്താലും എന്നെ നിങ്ങൾ എതിർക്കുന്നതിനാലുമാണ് ഈ ദുരിതങ്ങൾ നിങ്ങൾക്ക് സംഭവിക്കുന്നത്. സമയം ഉള്ള ഇപ്പോൾ തന്നെ പശ്ചാത്തപിക്കുക. മാനസാന്തരപ്പെടുക. നിങ്ങളോട് ക്ഷമിക്കുവാൻ ഞാൻ സന്നദ്ധനാണ്. വസൂലാ, നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക. അതെ കർത്താവേ, എല്ലാം അങ്ങയുടെ അഭീഷ്ടം പോലെയാകട്ടെ. എന്നെ പ്രസാദിപ്പിക്കുക. നിന്റെ കർത്താവായ എന്നെ അനുസരിക്കുക. ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. എന്റെ തിരുഹൃദയം നിനക്ക് എന്റെ സമാധാനം തരുന്നു. 11/07/1988. എന്റെ ചുറ്റിലും ധാരാളം ആളുകൾ ഉള്ളതിനാൽ, ഏകാന്തതയിൽ ഇരുന്ന് സന്ദേശം സ്വീകരിക്കുവാൻ എനിക്ക് പ്രയാസമുണ്ട്. മകളേ, കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ, നിനക്കുള്ളതെന്തും എനിക്ക് സമർപ്പിക്കുക. നിന്റെ ദുഷ്ടത പോലും നന്മയായിട്ട് ഞാൻ രൂപാന്തരപ്പെടുത്തും. കർത്താവായ ഞാൻ ദൈവമാണ്; എനിക്ക് സമർപ്പിക്കപ്പെടുന്നതെന്തും എന്റെ ദൈവീകതയാൽ രൂപാന്തരപ്പെടും. ഓരോ പ്രവർത്തിയെയും ഞാൻ ശുദ്ധീകരിക്കും; എന്റെ പരിശുദ്ധിയാൽ എനിക്ക് സർവ്വത്തെയും വിശുദ്ധീകരിക്കുവാൻ കഴിയും. വസൂലാ, കൂടെക്കൂടെ എന്റെ അടുക്കലേക്ക് മടങ്ങി വരുക. ഒരു അല്പനേരത്തേക്കാണെങ്കിൽ പോലും എന്റെ അടുക്കലേക്ക് വരുവിൻ. പിന്നീട് റോമൻ കത്തോലിക്കരും ഓർത്തഡോക്സുകാരും ഐക്യപ്പെടുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് എന്തായിരിക്കുമെന്ന് ഞാൻ യേശുവിനോട് ചോദിച്ചു. എന്റെ സമാധാനം ഞാൻ നിനക്ക് തരുന്നു. യേശുവേ, എന്റെ ഇച്ഛാശക്തി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ശാന്തമാവുക, എന്നെ ശ്രവിക്കുക. നിന്റെ ഇച്ഛാശക്തി എനിക്ക് സമർപ്പിക്കുക. എന്റെ തിരുഹൃദയം ആനന്ദത്താൽ തുളിക്കട്ടെ. എന്റെ ഈ തീക്ഷ്ണമായ ഹൃദയത്തെ പ്രസാദിപ്പിക്കുക. നിന്റെ ഇച്ഛാശക്തി എനിക്ക് സമർപ്പിക്കുമ്പോൾ, നിന്നെ സൃഷ്ടിച്ച നിന്റെ പിതാവിനായിരിക്കും നിന്റെ ഇച്ഛാശക്തി നീ കൊടുക്കുന്നത്. വരൂ, ഞാൻ നിന്റെ ചോദ്യത്തിന് ഉത്തരം നൽകാം. നിന്റെ സഹോദരങ്ങളായ കത്തോലിക്കരും ഓർത്തഡോക്സുകാരും ഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യണം; അവർ ഐക്യപ്പെടണമെന്നത് കർത്താവായ എന്റെ ആഗ്രഹമാണെന്ന്. എന്റെ അഭിലാഷങ്ങൾ എഴുതിയെടുക്കുവാനുള്ള എഴുത്തുപലകയായി ഞാൻ നിന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ സഹോദരങ്ങൾ വിശ്വസിക്കണം. തങ്ങൾക്കുവേണ്ടി തങ്ങൾ തന്നെ സൃഷ്ടിച്ചിരിക്കുന്ന ഉന്നത സിംഹാസനങ്ങളിൽ നിന്ന് ഇറങ്ങി താഴേക്ക് വരുവാൻ അവർ തയ്യാറാകണം. എന്റെ ആദിമസഭ നിർമ്മലയും വിനീതയും സ്നേഹപൂർണ്ണയും ആയിരുന്നു. എന്റെ ഇന്നത്തെ സഭ അനേകം സിംഹാസനങ്ങളുടെ നീണ്ട നിരയായി പരിണമിച്ചിരിക്കുന്നു. അവരെല്ലാവരും അവരുടെ ഉന്നത സിംഹാസനങ്ങളിൽ നിന്ന് താഴോട്ട് ഇറങ്ങി വന്ന്, ഞാൻ അവർക്ക് നൽകിയിരിക്കുന്ന പുതിയ കല്പന അനുസരിക്കുവാൻ തയ്യാറാകേണ്ടി വരും. എന്റെ മക്കളെ ഞാൻ സ്നേഹിക്കുന്നു; ആ കായന്മാരാണ് എന്റെ മക്കളെ ഓടിച്ചുകളഞ്ഞത്. എന്റെ സഭയെ ഇപ്പോൾ മുള്ളുകളും ഞെരിഞ്ഞിലുകളും മാത്രം വളരുന്ന ഒരു മരുഭൂമിയാക്കി അവർ മാറ്റിക്കളഞ്ഞു. വസൂലാ, സമയം വളരെ അടുത്തെത്തിയിരിക്കുന്നു. എന്റെ മടങ്ങിവരവ് ഉടനെയായിരിക്കും; സ്നേഹം സ്നേഹമായിട്ട് തന്നെ വരും. എന്തുകൊണ്ടാണ് എന്റെ സന്ദേശം എഴുതിയെടുക്കുന്നതിന് ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അന്വേഷിക്കേണ്ട. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ ഈ സന്ദേശങ്ങൾ എഴുതിയെടുക്കുന്നതിന്, ഒന്നുമില്ലായ്മ തന്നെയായ നിന്നെ തിരഞ്ഞെടുത്തതിൽ ഞാൻ മഹത്വപ്പെടുന്നു എന്ന് മാത്രം ഗ്രഹിക്കുക. നീ എത്രമാത്രം ചെറുതാകുന്നുവോ, അത്രയധികമായി ഞാൻ നിന്നിൽ മഹത്വപ്പെടും. നീ എത്രമാത്രം ചെറുതാകുന്നുവോ, അത്രയധികമായി ഞാൻ നിന്നിലേക്ക് കുനിഞ്ഞിറങ്ങി വന്ന് നിന്നെ സമീപിക്കും. എന്റെ ആത്മാവിന് നിന്നിൽ വിശ്വസിക്കുവാൻ കഴിയേണ്ടതിന്, വെറും ഒന്നുമില്ലായ്മയായി നിലകൊള്ളുക. നിന്നിൽ എന്നെ മാത്രം കാണേണ്ടതിന്, നിന്നെ മുഴുവനായി നീ ഇല്ലായ്മ ചെയ്യുക. കൂടെക്കൂടെ നിന്റെ ഇച്ഛാശക്തി എനിക്ക് സമർപ്പിച്ചുകൊണ്ട് എന്നെ തൃപ്തിപ്പെടുത്തുക. നീ സമർപ്പിക്കുന്നത്, നീ കീഴടങ്ങുന്നത്, സ്നേഹമായി എനിക്കാണ്. നമ്മൾ, നമുക്ക്. അതെ കർത്താവേ, എന്നേക്കും. 14/07/1988. ഞാൻ റോഡോസിൽ ആയിരുന്നപ്പോൾ, അവിടെ യോഗത്തിന് വരുന്നവരുടെ ക്രൂശിത രൂപങ്ങളും മെഡലുകളും യേശു ചുംബിച്ചു ആശീർവദിച്ചു. കുഞ്ഞേ, സമാധാനം നിന്നോടുകൂടെ. നീ എന്നെ കാണുമ്പോൾ എന്റെ നേരെ നോക്കി പുഞ്ചിരിക്കുകയും എന്നെ തൃപ്തിപ്പെടുത്തുകയും ചെയ്യുക. അല്ലയോ വസൂലാ, ഇവരെല്ലാം എന്നെ അവരുടെ പ്രവേശനമുറിയിൽ നിർത്തിയിരിക്കുകയാണ്; എന്നെ വിസ്മരിച്ചുകൊണ്ട് അവരുടെ ചെറിയ ജോലികൾക്കായി പോവുകയാണ്. ഉണരുക, ഞാനിതാ നിങ്ങളുടെ വീട്ടുപടിക്കൽ നിൽക്കുന്നുണ്ട്; ഒരു യാചകനെപ്പോലെ ഞാൻ നിങ്ങളുടെ വീട്ടുപടിക്കൽ നിൽക്കുകയാണ്. നോക്കൂ, സർവ്വാധിപനായ നിങ്ങളുടെ ദൈവം ഒരു യാചകനെപ്പോലെ നിങ്ങളുടെ മുമ്പിൽ വന്ന് യാചിക്കുന്നു. ഞാൻ സ്നേഹത്തിനുവേണ്ടി യാചിക്കുന്നു. പരിപൂർണ്ണരായിരിക്കുക, നല്ലവരായിരിക്കുക, പരസ്പരം സ്നേഹിക്കുക, കൂടെക്കൂടെ പശ്ചാത്തപിക്കുക, ഇടയ്ക്കിടെ പ്രാർത്ഥിക്കുക. നിങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്ക് വേണ്ടിയും പ്രാർത്ഥിക്കുവിൻ. സ്നേഹം നിമിത്തം എന്റെ അടുക്കൽ വരുക. കർത്താവായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതുവരെ എന്റെ ഈ സ്നേഹം ഒരിക്കലും നിങ്ങൾക്ക് ഗ്രഹിക്കാനാവുകയില്ല. കർത്താവായ ഞാൻ നിങ്ങളെ ആശ്ലേഷിക്കുന്നതുപോലെ, നിങ്ങൾ എന്നെയും ആശ്ലേഷിക്കുവിൻ. ഇനിമേൽ പാപം ചെയ്യരുത്. നിങ്ങളുടെ ദൗർബല്യങ്ങളും ശക്തിയില്ലായ്മയും എനിക്കറിയാം. നിങ്ങളുടെ ദേഹിയെ എനിക്കറിയാം. എന്റെ അടുക്കൽ വന്ന് നിങ്ങളുടെ സർവ്വവും എനിക്ക് സമർപ്പിക്കുവിൻ; ഞാൻ നിങ്ങളെ അലങ്കരിച്ച് മൂടിപിടിപ്പിക്കാം. വസൂലാ, അവർ അവരുടെ ഹൃദയങ്ങൾ പൂർണ്ണമായി തുറന്ന് എന്നെ അവരുടെ ഉള്ളിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ, അവർക്ക് എന്നെ വളരെ നന്നായി അറിയുവാൻ സാധിക്കുമെന്ന് അവരോട് പറയുവിൻ. ഞാൻ അവരെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ മധ്യേ ഉണ്ടായിരിക്കും. കർത്താവേ, നമ്മൾ എല്ലാവരും ഒന്നിച്ചുകൂടുമ്പോഴാണോ? അതെ, നമ്മൾ, നമുക്ക്. അതെ കർത്താവേ. എന്റെ കുഞ്ഞേ, വാസൂലാ. അതെ പരിശുദ്ധ മറിയമേ. എന്നെ പ്രസാദിപ്പിക്കുകയും എന്റെ മറ്റുമക്കളോടൊപ്പം ഇവിടെ എന്റെ അടുക്കൽ വരുകയും ചെയ്യുക. വരൂ, ഞാൻ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കാം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സാമ്പിക ചാപ്പൽ. മെഡിറ്ററേനിയൻ സമുദ്രത്തിനടുത്തുള്ള ഒരു കുന്നിൻറെ മുകളിലുള്ള പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഒരു ദേവാലയം. പരിശുദ്ധ മാതാവിന്റെ ഒരു രൂപം അവിടെ സ്ഥാപിച്ചിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ അവിടെ വന്ന് പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കുന്നു. ഞാൻ അങ്ങയെ വണങ്ങുന്നു. യേശു സംസാരിക്കുന്നു. കർത്താവായ ഞാൻ അവരെ ഇപ്പോഴും വിളിക്കുന്നുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കുക. അവർ എന്റെ അടുക്കൽ വന്ന് എന്നെ സമീപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സദാ സക്രാരിയിൽ, ക്ഷമയോടെ, ആരെങ്കിലും എന്നെ സമീപിക്കുവാൻ വരുന്നുണ്ടോ എന്ന് കരുതി കാത്തിരിക്കുന്നു. അയ്യോ, ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു. നിങ്ങൾ എന്റെ അടുക്കൽ വരാതിരിക്കുന്നതിനുള്ള നിങ്ങളുടെ കാരണങ്ങൾ ഉചിതവും ന്യായവുമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുവാൻ പരിശ്രമിക്കുന്ന സാത്താനെതിരെ ജാഗ്രത പാലിക്കുക. എന്റെ അടുക്കൽ നിങ്ങൾ വരാതിരിക്കേണ്ടതിനുള്ള നിങ്ങളുടെ തടസ്സങ്ങൾ തികച്ചും ന്യായമെന്ന് അവൻ നിങ്ങളെ ബോധ്യപ്പെടുത്തും. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. അവരെക്കാൾ അധികമായി ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് അവർക്ക് നീ മനസ്സിലാക്കി കൊടുക്കണം. അവരിൽ ചിലർ ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ ഈ സന്ദേശം അവർ വായിച്ചാൽ അവർ ഇത് ഗ്രഹിക്കും. കർത്താവായ ഞാൻ നിങ്ങളെല്ലാവരെയും ഒരേവിധത്തിൽ സ്നേഹിക്കുന്നു. ഇതുവരെ ഇക്കാര്യം മനസ്സിലാക്കിയിട്ടില്ലാത്തവർക്ക് വേണ്ടിയാണ് ഞാൻ ഇങ്ങനെ ആവർത്തിക്കുന്നത്. അതിനാൽ നിങ്ങൾ എന്റെ അടുക്കൽ വരുക, എന്നെ സന്ദർശിക്കുക. നിങ്ങൾ വന്ന് എന്നിൽ നിന്ന് പാനം ചെയ്യുക; നിങ്ങളുടെ ദാഹം വർദ്ധിക്കും. വന്ന് എന്നെ ഭക്ഷിക്കുക; നിങ്ങൾ എന്നെ കൂടുതലായി ആഗ്രഹിക്കും. നിങ്ങളുടെ ഹൃദയം തുറന്ന് എന്നെ സ്വീകരിക്കുക. നിങ്ങളുടെ വാതിൽക്കൽ കാത്തുനിൽക്കുവാൻ എന്നെ ഇടയാക്കരുത്. നിങ്ങളുടെ ഹൃദയത്തിലേക്ക് എന്നെ സ്വാഗതം ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങൾ ഞാൻ അറിയുന്നു. നിങ്ങളുടെ ബലഹീനതകൾ എനിക്കറിയാം. നിങ്ങളുടെ ദേഹിക്ക് എന്നെ അത്യാവശ്യമുണ്ട്. എന്നിലൂടെ മാത്രമേ നിങ്ങൾ പറുദീസായിൽ പ്രവേശിക്കുകയുള്ളൂ. എന്റെ ശത്രുവായ സാത്താൻ വിരിച്ചിരിക്കുന്ന വലയിൽ നിങ്ങൾ എന്തിനു കുടുങ്ങണം? എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. എന്നെ നോക്കുക. എന്റെ പരിശുദ്ധമായ വചനം വായിച്ചുകൊണ്ട് നിങ്ങൾ നിങ്ങളെ തന്നെ പഠിപ്പിക്കുവിൻ. എന്റെ വചനം വായിക്കുവാൻ നിങ്ങൾ ചെലവഴിക്കുന്ന സമയം നിഷ്ഫലമാവുകയില്ല. തീർച്ചയായും ദിവസത്തിൽ ഒരു മണിക്കൂർ സമയമെങ്കിലും നിങ്ങളുടെ രക്ഷകനോടൊപ്പം ചെലവഴിക്കുവാൻ നിങ്ങൾക്ക് കഴിയില്ലേ? പരസ്പരം സ്നേഹിക്കുവിൻ. അന്യോന്യ സമാധാനത്തിൽ വർത്തിക്കുവിൻ. ഞാൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുന്നതുപോലെ നിങ്ങളും മറ്റുള്ളവരോട് ക്ഷമിക്കുവിൻ. തിന്മയ്ക്ക് പകരം സ്നേഹം കൊടുക്കുക. നല്ലവരായിരിക്കുക. പരിപൂർണ്ണരായിരിക്കുക. വരൂ, സ്നേഹമായ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സ്നേഹം നിങ്ങളെ ഒരിക്കലും വിട്ടുപിരിയുകയില്ല. സ്നേഹം നിങ്ങളെ സഹായിക്കും. സ്നേഹം നിങ്ങളെ അന്ത്യം വരെ വഴിനയിക്കും. 17/07/1988. ഞായറാഴ്ച, വിശുദ്ധ മരീനയുടെ തിരുനാൾ. സാമ്പികയിലുള്ള എന്റെ നാമത്തിലുള്ള ഈ ചെറിയ ദേവാലയത്തിൽ എന്റെ മക്കളെ കാണുന്ന ഓരോ തവണയും എന്റെ വിമല ഹൃദയം ആനന്ദിക്കുന്നു. അതെ, പരിശുദ്ധ മറിയമേ, നമ്മൾ, നമുക്ക്. റോഡോസുകാർ അവരുടെ ക്രൂശിത രൂപങ്ങളും മെഡലുകളും യേശു ചുംബിച്ചു ആശീർവദിക്കുന്നതിന് വേണ്ടി എന്റെ കയ്യിൽ തന്നു. കർത്താവേ. ഇത് ഞാനാണ്. കർത്താവേ, ഇവർ എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ വസ്തുക്കൾ അങ്ങ് ചുംബിച്ചു ആശീർവദിക്കുമോ? അവ എന്റെ അധരത്തോടടുപ്പിക്കുക; അവയെല്ലാം ആശീർവദിക്കപ്പെടും. ഞാൻ ആ വസ്തുക്കൾ യേശുവിന്റെ അധരത്തോടടുപ്പിച്ചു. 25/07/1988. സ്വിറ്റ്സർലാൻഡിൽ തിരിച്ചെത്തി. യേശുവേ. ഇത് ഞാനാണ്. ഞാൻ നിനക്ക് നൽകിയിട്ടുള്ള പ്രാർത്ഥന എന്റെ മക്കളെ പഠിപ്പിക്കുക. കർത്താവേ, അങ്ങ് എനിക്ക് നൽകിയിട്ടുള്ള മൂന്ന് പ്രാർത്ഥനകളാണോ? അവ തന്നെ. പ്രിയപ്പെട്ടവളേ, നിന്നെ തന്നെ പൂർണ്ണമായും എനിക്ക് സമർപ്പിക്കുക. എന്റെ താല്പര്യങ്ങൾ അന്വേഷിക്കുകയും എന്നെ മഹത്വപ്പെടുത്തുകയും ചെയ്യുക. കർത്താവേ, അങ്ങയുടെ സഹായത്തോടെ ഞാൻ ചെയ്യാം. എന്നിൽ ആശ്രയിക്കുക; അന്ത്യം വരെ ഞാൻ നിന്നെ വഴിനയിക്കാം. യഥാസമയത്ത് തന്നെ സകലവും പൂർത്തീകരിക്കപ്പെടും. എന്റെ പ്രവർത്തികളെ ഒരു മുന്തിരിച്ചെടിയോട് താരതമ്യം ചെയ്യാം. മുന്തിരിച്ചെടി അതിന്റെ ഫലം മുന്തിരിങ്ങാപ്പഴങ്ങളുടെ കാലത്ത് പുറപ്പെടുവിക്കുന്നതുപോലെ തന്നെ എന്റെ പ്രവർത്തികൾ വളർന്ന് അവയുടെ യഥാകാലത്ത് ഫലം പുറപ്പെടുവിക്കും. നിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കഷ്ടതകളും എന്നെ പ്രതിസഹിക്കുക. നിന്റെ ദൈവമായ എന്നിൽ ആശ്രയിക്കുക. നീ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. നീ ജീവിക്കുന്ന കാലഘട്ടം ഒരു മരുഭൂമി പോലെയാണ്. എന്റെ കുഞ്ഞേ, ഈ ഊഷരത നിന്നെ ബാധിക്കുവാൻ അനുവദിക്കരുത്. നീ എന്നിൽ വിശ്വാസം അർപ്പിക്കണം. ഞാൻ നിന്നെ മൃതരുടെ കൂട്ടത്തിൽ നിന്ന് ഉയർപ്പിച്ചിട്ടുള്ളതല്ലേ? ഞാനാണ് പ്രകാശവും ജീവനും. ഇടയ്ക്കിടെ നിന്നെ പരീക്ഷിക്കുവാൻ എന്നെ അനുവദിക്കുക. എന്നിലുള്ള സമ്പൂർണ്ണമായ, അന്ധമായ വിശ്വാസത്തിലൂടെ നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക. എന്നോടുള്ള നിന്റെ സ്നേഹത്തെ പരിശോധിക്കുവാൻ എന്നെ അനുവദിക്കുക. എന്നോടുള്ള നിന്റെ സ്നേഹത്തെ വിപുലമാക്കുവാൻ എന്നെ അനുവദിക്കുക. എന്റെ പ്രകാശത്തിൽ ജീവിക്കുന്ന, എന്റെ പ്രകാശത്തിന്റെ പൈതലായി തീരുക. നിന്നെ അലങ്കരിച്ച് പ്രശോഭിപ്പിക്കുന്ന ഈ ലോകത്തിലെ പ്രകാശമാണ് ഞാൻ. എന്നോട് വിശ്വസ്തയായിരിക്കുക. എന്റെ ദിനം ആസനമായിക്കൊണ്ടിരിക്കുന്നു. ജെറുസലേമേ, നിനക്ക് മുന്നറിയിപ്പ് നൽകാതെ, നീ പ്രതീക്ഷിക്കാത്ത സമയത്ത് ഒരു കള്ളനെപ്പോലെ ഞാൻ നിന്റെ അടുക്കൽ എത്തും. ജെറുസലേമേ, നിന്റെ കർത്താവിനെ നീ ഒറ്റിക്കൊടുത്തിരിക്കുന്നു. നിന്റെ ഹൃദയത്തിന്റെ മധ്യത്തിൽ തന്നെ തിന്മ വേരുറപ്പിച്ചിരിക്കുന്നു. അതെ, ജെറുസലേമേ, കുന്തമുന നിന്നിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വഞ്ചനയും പാഷണ്ടതയും നിന്നിൽ കടന്നുകയറിയിരിക്കുന്നു. നിന്റെ ദുഷ്ടത എന്റെ ദൃഷ്ടിയിൽ പെടാതെ പോകുമെന്ന് നിനക്ക് എങ്ങനെ വിശ്വസിക്കുവാൻ കഴിഞ്ഞു? നിന്നെ അധികാരത്തിൽ നിന്ന് മറിച്ചിടാൻ അപ്രതീക്ഷിതമായി ഞാൻ നിന്റെ അടുക്കലേക്ക് വരും. ഞാൻ ഇതാ നിന്റെ വാതിൽക്കൽ എത്തിയിരിക്കുന്നു. ഇടിമിന്നൽ പോലെ ഞാൻ നിന്നിലേക്ക് ഇടിച്ചിറങ്ങും. നീ എന്റെ കൃപയല്ല, മറിച്ച് എന്റെ ശത്രുവായ സാത്താന്റെ ശക്തിയെയാണ് തിരഞ്ഞെടുത്ത് സ്വീകരിച്ചിരിക്കുന്നത്. പ്രകാശമായ എന്നെ തിരഞ്ഞെടുക്കുന്നതിനു പകരം നീ തിരഞ്ഞെടുത്തത് സാത്താനെ ആശ്രയിച്ചുകൊണ്ട് അവന്റെ ദുഷ്ടതയെയാണ്. ഞാൻ വന്ന് എന്റെ കൈകൊണ്ട് നിങ്ങളുടെ ഇരിപ്പിടങ്ങൾ മറിച്ചിടും. സത്യത്തിലേക്കുള്ള വഴിയിൽ തടസ്സം സൃഷ്ടിക്കുന്നവരെയെല്ലാം ഞാൻ സ്ഥാനഭ്രഷ്ടരാക്കും. അല്ലയോ ജെറുസലേം, നിന്റെ ദുരിതങ്ങൾ ആരംഭിച്ചിരിക്കുന്നു. എന്റെ അഗ്നിയിൽ നിന്നെ വൃത്തിയാക്കി ശുദ്ധീകരിക്കും. നിന്റെ തിന്മയുടെ വേരുകൾ ഞാൻ കത്തിച്ചുകൊണ്ട് അവയെ ഉന്മൂലനം ചെയ്യും. എന്റെ ശരീരമായ സഭയുടെ ശോഭകെടുത്തിയ നിന്റെ എല്ലാ സിദ്ധാന്തങ്ങളെയും ഞാൻ കത്തിച്ചു നശിപ്പിക്കും. നിങ്ങളുടെ ഇടയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ നിങ്ങൾക്ക് വേണ്ട. അഹങ്കാരം, അനുസരണമില്ലായ്മ, ഭിന്നത എന്നീ തിന്മകളാൽ മത്തുപിടിച്ച നിനക്ക് നിന്റെ ദുരിതങ്ങളെ അതിജീവിക്കാനാകുമെന്ന് വിശ്വസിക്കുവാൻ എങ്ങനെ കഴിയുന്നു? എന്റെ താല്പര്യങ്ങൾ അല്ല, മറിച്ച് നിങ്ങളുടെ താല്പര്യങ്ങൾ അന്വേഷിച്ചുകൊണ്ട് നിങ്ങളുടെ അനുസരണമില്ലായ്മയിലൂടെ എന്റെ കുഞ്ഞാടുകൾക്കുള്ള ഭക്ഷണം നിങ്ങൾ മുടക്കി അവയെ പട്ടിണിക്കിട്ടു. ജെറുസലേം, നീ എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നു. പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർത്തു നിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു, പക്ഷേ നിങ്ങൾ സമ്മതിച്ചില്ല. എന്റെ സ്വന്തം ഭവനമായ സഭയിൽ നടമാടുന്ന അനീതി കണ്ടുകൊണ്ട് എന്റെ കണ്ണുകളിൽ നിന്നും നിങ്ങളുടെ പരിശുദ്ധ അമ്മയുടെ കണ്ണുകളിൽ നിന്നും രക്തക്കണ്ണീർ അവിരാമം ഒഴുകുന്നു. നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിച്ചു. എന്നാൽ എന്റെ സ്വന്തം സ്നേഹിതരാൽ ഞാൻ ഒറ്റിക്കൊടുക്കപ്പെടുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്തു. എന്റെ കാരുണ്യം വളരെ വലുതാണ്. നിങ്ങളോട് പൂർണ്ണമായി ക്ഷമിക്കുവാൻ ഞാൻ സന്നദ്ധനാണ്. ഞാൻ എന്റെ മുറിവുകളിലേക്ക് നോക്കുകയില്ല. നിങ്ങളുടെ പാപങ്ങൾ മറക്കുവാൻ ഞാൻ തയ്യാറാണ്. വസൂലാ, അവർ എന്നെ ഇടതടവില്ലാതെ ചമ്മട്ടികൊണ്ട് അടിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, എനിക്ക് അതിദാരുണമായ സഹനമുണ്ടെങ്കിലും അവരോട് ക്ഷമിക്കുവാനും അവരുടെ പാപങ്ങൾ മറക്കുവാനും ഞാൻ തയ്യാറാണ്. കുഞ്ഞേ, വരൂ, എന്റെ തിരുഹൃദയത്തിൽ വസിക്കുക. സ്നേഹമായ ഞാൻ, ദൈവം, സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു. യേശുവിന്റെ അധരങ്ങൾ ഒരു തുകൽ ചുരുൾ പോലെ വരണ്ടുണങ്ങിയിരുന്നു. ഇപ്പോൾ വിശ്രമിക്കുക. ഞാൻ നിന്നോടൊപ്പമുണ്ട്. എന്നെ പരിത്യജിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക. എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ വേദന ശമിപ്പിക്കുക. നിന്റെ സ്വന്തം ആബാ, പിതാവായ നിന്റെ ദൈവത്തെ പ്രസാദിപ്പിക്കുക. വരൂ, നമ്മൾ, നമുക്ക്. അതെ, ആബാ. മനുഷ്യർ പരിത്യജിക്കുന്ന നമ്മുടെ പിതാവായ ദൈവത്തെ ഓർത്ത് എനിക്ക് വലിയ സഹതാപം തോന്നി. വസൂലാ, നിന്റെ സഹോദരങ്ങളോട് സഹതാപം തോന്നുക. അവരുടെ വീഴ്ചകളിൽ സഹതപിക്കുക. അവരുടെ അന്ധതയിൽ സഹതപിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.