Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 46: കുഞ്ഞുങ്ങളെപ്പോലെ ആവുക, വിശ്വസിക്കുക.
Transcript
- എപ്പിസോഡ് 46. 12/09/1987. എന്നോടൊപ്പം ആയിരിക്കുവാൻ ആത്മാർത്ഥത എപ്പോഴും ഒരു വഴി കണ്ടെത്തുന്നു. കുഞ്ഞേ, എന്നെ സ്നേഹിക്കുകയും എന്നോട് വിശ്വസ്തയായിരിക്കുകയും ചെയ്യുക. ബുദ്ധിമാന്മാരുടെ ദൃഷ്ടികളിൽ എന്റെ പ്രവർത്തികൾ കാണപ്പെടുന്നില്ല; അവരിൽ നിന്ന് ഞാൻ അവയെ, എന്റെ പ്രവർത്തികളെ, മറച്ചുവെച്ചിരിക്കുന്നു. എന്റെ ജ്ഞാനം വിനീതർക്കും ശിഷ്യർക്കും ഞാൻ നൽകുന്നു. മകളേ, ഞാൻ ആത്മാവാണ്. ആത്മാവ് ആത്മാവിനോട് എന്നപോലെയാണ് ഞാൻ നിന്നെ സമീപിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്റെ പ്രബോധനങ്ങൾ നിനക്ക് നൽകപ്പെട്ടത് ആത്മീയമായിട്ടാണ്, മറിച്ച് തത്വശാസ്ത്രം പഠിപ്പിക്കുന്ന രീതിയിൽ അല്ല. വസൂല, ആത്മീയനല്ലാത്ത ഒരു മനുഷ്യൻ ഈ പ്രവർത്തികളെ ദൈവാത്മാവിൽ നിന്നുള്ള പ്രവർത്തികളായിട്ട് സ്വീകരിക്കുകയില്ല. അവൻ അവയെ നിഷേധിക്കും. ആത്മാവിന്റെ വഴികളിലൂടെ മാത്രമേ ഇവ ഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂ എന്ന കാരണത്താൽ അവ അവന്റെ അറിവിന് അതീതമാണ്. ബുദ്ധിമാന്മാർ എന്താണ് ചിന്തിക്കുന്നതെന്ന് കർത്താവായ ഞാൻ അറിയുന്നു. സത്യമായി ഞാൻ നിന്നോട് പറയുന്നു, അവരിൽ ഞാൻ പ്രസാദിക്കുന്നില്ല. അന്ന് വൈകുന്നേരം അജ്ഞാതമായ ഒരു കാരണത്താൽ എന്റെ അന്തരംഗം വേദനിച്ചു. ഞാൻ ദൈവത്തെ തീവ്രമായി ആഗ്രഹിച്ചു. ഞാൻ പശ്ചാത്തപിച്ചു. എന്നെ കേൾക്കണമെന്നും, എന്റെ പശ്ചാത്താപം ഏതാനും നിമിഷങ്ങളെങ്കിലും ശ്രദ്ധിക്കണമെന്നും ഞാൻ അവിടുത്തോട് അപേക്ഷിച്ചു. പാപക്കൂമ്പാരമായിട്ടാണ് ഞാൻ ദൈവത്തെ അഭിമുഖീകരിച്ചിരുന്നത്. 13/09/1987. സെപ്റ്റംബർ 8-ാം തീയതി പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ യേശു എന്നെ വിളിച്ചു. ഇന്ന് ഞാൻ പോയി യേശുവിനെ സ്വീകരിച്ചു. സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ നാശത്തിന് കാരണമാകുവാൻ മനുഷ്യരെ അനുവദിക്കരുതേ. അങ്ങ് ഇതിനോടകം എനിക്ക് നൽകിയിരിക്കുന്നവ എടുത്തുമാറ്റുവാൻ അവരെ അനുവദിക്കരുതേ. അങ്ങയുടെ സ്വർഗ്ഗീയ പ്രവർത്തികളുടെ നേർക്ക് തങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും അടയ്ക്കുന്ന അവരുടെ നിർവീകാരതയെ ഞാൻ ഭയപ്പെടുന്നു. ഞാൻ വളരെ ബലഹീനയും പെട്ടെന്ന് മുറിവേൽക്കുന്നവളുമാണ്. ഒരു ഈറ്റൊടിക്കുന്ന ലാഘവത്തോടെ ഒറ്റ വാക്കുകൊണ്ട് എന്നെ മുറിപ്പെടുത്തുവാൻ അവർക്ക് കഴിയും. ഓ വസൂല, വസൂല, എന്റെ കരം പിടിക്കുക. അവർ നിന്നെ പീഡിപ്പിക്കുകയാണെങ്കിൽ അവർ എന്നെയായിരിക്കും പീഡിപ്പിക്കുന്നത്. അവർ നിന്നെ പരിഹസിക്കുകയാണെങ്കിൽ അവർ എന്നെയായിരിക്കും പരിഹസിക്കുന്നത്. സ്നേഹം സഹിക്കുന്നു. പിതാവേ, ഈ മനുഷ്യരിൽ നിന്ന് എന്നെ രക്ഷിക്കണമേ. സ്നേഹം നിന്നെ സഹായിക്കും. നിർമ്മലതയാൽ എന്നെ അലങ്കരിക്കുക. എന്റെ ബലിപീഠമായി തീരുക. എന്നോടൊപ്പം എന്റെ കുരിശ് വഹിക്കുക. ബലിപീഠമേ, ദുഃഖിക്കരുത്. പിതാവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. ഞാൻ അങ്ങയെ തീവ്രമായി ആഗ്രഹിക്കുന്നു. പിന്നീട്, ദൈവീക സന്ദേശങ്ങൾ ലഭിക്കുവാൻ തുടങ്ങിയതിന് ശേഷം സെപ്റ്റംബർ 13-ാം തീയതി ഞായറാഴ്ച രണ്ടാം പ്രാവശ്യം എന്റെ അന്തരംഗത്തിൽ തീവ്രമായ വേദനയും വിശദീകരിക്കുവാൻ കഴിയാത്ത തരത്തിലുള്ള ദുഃഖവും അനുഭവപ്പെട്ടു. ഈ തീവ്ര ദുഃഖത്തെ അതിജീവിക്കുവാൻ എനിക്ക് കഴിയുകയില്ലെന്ന് ഞാൻ വിചാരിച്ചു. ശാരീരികമായും അത് എന്നെ തളർത്തി. എന്റെ നെഞ്ചിന് വളരെ ഭാരമുള്ളതായി അനുഭവപ്പെട്ടു. എന്റെ കൈകളിലേക്കും വേദന വ്യാപിച്ചു. യേശു എന്നെ വിളിച്ചു. വസൂല, എന്നോട് താതാത്മ്യപ്പെടുകയും എന്റെ വേദന അനുഭവിച്ചറിയുകയും ചെയ്യുക. അവർ എന്നെ വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് അവർ അങ്ങയോട് ഇത് ചെയ്യുന്നു? പ്രിയപ്പെട്ടവളേ, അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല. ആരാണ് ഇത് ചെയ്യുന്നത്? അനേകം മനുഷ്യർ. ഞാൻ അവരെ സ്നേഹിക്കുന്നു, എങ്കിലും അവർ എന്നെ വെറുക്കുന്നു. വസൂല, എന്റെ വേദന പങ്കുവയ്ക്കുക. എന്നോടൊന്നായി തീരുക. നമ്മൾ നമുക്ക്. അതെ, മകളേ, മനുഷ്യരുടെ അവിശ്വസ്തത നിമിത്തം നമ്മൾ ഒരുമിച്ച് സഹിച്ചുകൊണ്ടിരിക്കുന്നു. എന്റെ കരം ഒന്നിച്ചു ചേർത്ത് പിടിക്കുക. കർത്താവേ, ഒന്നിച്ച്. 15/09/1987. യേശുവേ, അവർ നിരന്തരമായി അങ്ങയെ മുറിപ്പെടുത്തുന്നത് എനിക്ക് സഹിക്കാനാവുന്നില്ല. വേഗം ആ മുള്ളുകൾ നീക്കം ചെയ്യപ്പെടട്ടെ. അല്ലയോ, മകളേ, ഒന്നിനു പുറകെ ഒന്നായി ഞാൻ അവയെ നിനക്ക് ചൂണ്ടിക്കാണിച്ചുതരാം. അവ എവിടെയാണ് ഇരിക്കുന്നതെന്ന് ഞാൻ നിന്നോട് പറയാം. എന്റെ ശക്തിയാൽ നീ അവയെ ഓരോന്നായി നീക്കിക്കളയും. മുള്ളുകൾക്ക് പകരമായി എന്റെ സന്തോഷത്തിന്റെ പൂന്തോട്ടത്തിൽ നിന്നുള്ള പുഷ്പങ്ങൾ മാത്രം എടുത്ത് എനിക്ക് നൽകുവാൻ ഞാൻ നിന്നെ അനുവദിക്കുകയും ചെയ്യും. എന്തെന്നാൽ എന്റെ പ്രകാശത്തിൻ കീഴിൽ വളരുന്ന അവ ഭൂമിയിൽ അവയുടെ മധുര സുഗന്ധം ബഹിർഗമിപ്പിച്ചുകൊണ്ട് എന്റെ പൂന്തോട്ടത്തെ അലങ്കരിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഉള്ളിൽ, അതിന്റെ ആഴങ്ങളിൽ, കുന്തത്തിന്റെ മുന എനിക്ക് ഇപ്പോഴും ഉണ്ട്. വസൂല, ഇതും നീക്കപ്പെടും. എന്റെ ശക്തിയാൽ ഞാൻ അതിനെ പറിച്ച് പുറത്തുകളയും. ഇപ്രാവശ്യം ഞാൻ അവരെ വെറുതെ വിടുകയില്ല. എന്റെ കുഞ്ഞാടുകളെ ഐക്യപ്പെടുത്തുക. കർത്താവായ ഞാൻ അവരെ അനുഗ്രഹിക്കുന്നു എന്ന് അവരോട് പറയുക. 17/09/1987. വസൂല, അലക്സാണ്ട്രാസ് എന്ന ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതൻ എന്റെ സന്ദേശം ശ്രവിക്കേണ്ടതിന് നിന്നെ ഞാൻ അയാളുടെ അടുക്കലേക്ക് അയക്കുകയാണ്. നിന്നെ സ്വീകരിക്കുവാൻ നീ അയാളോട് പറയാമോ? നിന്നെ ഉപദേശിക്കണമെന്ന് നീ അയാളോട് ആവശ്യപ്പെടാമോ? ഭൂമിയിൽ ചുറ്റി നടക്കുന്ന പിശാചുകൾ പരാജയപ്പെട്ടിരിക്കുന്നതായി കർത്താവ് നൽകിയ ഒരു ദർശനത്തിൽ ഞാൻ കണ്ടു. അവർ നിന്നിരുന്ന വരണ്ട ഭൂമി ചുരുട്ടിയ കൈപോലെ തനിയെ മേൽപോട്ട് ഉയർന്ന് പ്രകമ്പനം കൊണ്ട് വീണുപോയി. പരാജിതരായ അവർ നിസ്സഹായരായി പുറകോട്ട് മറിഞ്ഞുവീണു. എന്റെ മക്കളെ ഐക്യപ്പെടുത്തുവാനും അവരെ അനുഗ്രഹിക്കുവാനുമായി ഞാൻ വരുന്നു. 18/09/1987. ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് ആ ഗ്രീക്ക് പുരോഹിതനെ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തോട് എല്ലാം പറഞ്ഞു. ഞാൻ പറഞ്ഞതെല്ലാം അദ്ദേഹം സ്വീകരിച്ചു. ഈ വെളിപ്പെടുത്തലുകളെ കുറിച്ച് പഠിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു. 20/09/1987. മകളേ, ഞാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നീ ഇപ്പോൾ മനസ്സിലാക്കിക്കാണും. എന്റെ വസൂല, വിശ്വസിക്കുക. എന്തെന്നാൽ അനേകം വെളിപ്പെടുത്തലുകൾ കൂടി ഞാൻ നിന്നിൽ നിശ്വസിക്കും. നിന്നിൽ എന്റെ വചനം മുദ്രണം ചെയ്യുവാൻ എന്റെ വിരലിനെ അനുവദിക്കുക. വരൂ, കുഞ്ഞേ, എന്നെ തലോടുക. തലോടാം, കർത്താവേ. യേശുവിന്റെ തിരുക്കച്ചയിൽ നിന്ന് ഞാൻ എടുത്ത വലിയ ചിത്രത്തിലുള്ള അവിടുത്തെ പ്രതിരൂപത്തെ തലോടുവാനാണ് യേശു ഇവിടെ അർത്ഥമാക്കുന്നത്. രക്തത്തിന്റെ പാടുകൾ തുടച്ചുകളഞ്ഞുകൊണ്ട് അവിടുത്തെ ആശ്വസിപ്പിക്കാൻ എന്നപോലെ ഞാൻ ധ്യാനിക്കുകയും അവിടുത്തോട് സംസാരിക്കുകയും ചെയ്യുമ്പോൾ അവിടുത്തെ ചിത്രത്തിലുള്ള മുറിവുകളിൽ തലോടിക്കൊണ്ടിരിക്കുക എന്റെ പതിവാണ്. ധ്യാനത്തിൽ പൂർണ്ണമായും മുഴുകിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഞാൻ അറിയാതെ തന്നെ ഇപ്രകാരം ചെയ്യുകയായിരുന്നു. വസൂല, ഗരബന്ധാളിൽ എന്റെയും എന്റെ മാതാവിന്റെയും ദർശനങ്ങൾ യഥാർത്ഥമാണെന്ന് അംഗീകരിക്കപ്പെടണം. എന്റെ തിരഞ്ഞെടുക്കപ്പെട്ട മക്കൾക്ക് എന്റെ മാതാവ് പ്രത്യക്ഷപ്പെട്ട് അവരെ തന്റെ വരപ്രസാദത്താൽ പ്രോജ്വലിപ്പിച്ചപ്പോഴെല്ലാം ഞാനും എന്റെ മാതാവിന്റെ സമീപം നിലയുറച്ചിരുന്നു. പക്ഷേ അത് ആരുടെയും കണ്ണിൽ പെട്ടിരുന്നില്ല. എന്നെ മഹത്വപ്പെടുത്തുന്നവരെ അനുഗ്രഹിക്കുവാൻ ഒരു ശിശുവായിട്ടായിരിക്കാം ഞാൻ പ്രത്യക്ഷപ്പെട്ടിരിക്കുക. മകളേ, ഈ ദർശനങ്ങൾ നടന്ന സ്ഥലങ്ങൾ കൂടുതൽ ആദരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ സിംഹാസനം ഈ വിശുദ്ധ സ്ഥലങ്ങളെ ആശീർവദിച്ചുകൊണ്ട് അതുവഴി എന്നെ ബഹുമാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വസൂല, ലൂർദും ഫാത്തിമയും അല്ല, ഞാൻ ഉദ്ദേശിക്കുന്നത് ഗരബന്ധാളിനെയാണ്. ഗരബന്ധാളിലെ ദർശനങ്ങളെ മഹത്വപ്പെടുത്തുവാൻ ഞാൻ വരുന്നു. ഈ സ്ഥലത്തെപ്പറ്റി എന്റെ പുരോഹിത സമൂഹം എന്നെ വേദനിപ്പിക്കുമാറ് സത്യം വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും പ്രഖ്യാപിച്ചതൊക്കെയും തിരുത്തി ആ സ്ഥലത്തെ ആശീർവദിക്കുവാൻ പരിശുദ്ധ സിംഹാസനം തയ്യാറാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംശയങ്ങൾ ഉന്നയിച്ചും അധിക്ഷേപങ്ങൾ ചൊരിഞ്ഞും പ്രസ്തുത ദർശനങ്ങളെ ധിക്കരിക്കുന്നവരുടെ തനിത്തരം വെളിപ്പെടുത്തി പ്രസ്തുത ദർശനങ്ങളുടെ ഉണ്മ ഉറപ്പുവരുത്തുവാൻ വേണ്ടത് എനിക്കുവേണ്ടി എന്റെ പരിശുദ്ധ സിംഹാസനം ചെയ്യുമോ? കർത്താവേ, എന്റെ ദൈവമേ, ഇതെല്ലാം അവർ എങ്ങനെ അറിയും? വസൂല, ഈ ജോലി എനിക്ക് വിട്ടുതരിക. അവരെ ഇത് അറിയിക്കുന്നതിന് ഒരു വഴി ഞാൻ കണ്ടുപിടിച്ചുകൊള്ളാം. മകളേ, ഓരോ പ്രാവശ്യവും എന്റെ സാന്നിധ്യത്തിന്റെ അടയാളം ഞാൻ അവർക്ക് നൽകുമ്പോഴും അത് എത്ര ചെറുതായിരുന്നാലും സാരമില്ല. എന്റെ അടയാളത്തെ ആശീർവദിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം അതിനെ ആശീർവദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സാന്നിധ്യവും എന്റെ സമ്പന്നതയും എന്റെ കരുണയും എന്റെ സ്വർഗ്ഗീയ പ്രവർത്തികളും ഈ ലോകം അറിയണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഞാൻ നൽകിയിട്ടുള്ള അടയാളങ്ങൾ സ്വീകരിച്ച് വലിയ തോതിൽ അവ ലോകമാസകലം വ്യാപിപ്പിക്കുവാൻ പരിശുദ്ധ സിംഹാസനം ജാഗ്രത്താകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഭൂമി ഫലഭൂയിഷ്ടമാകുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വരണ്ട ഭൂമിയെ ജലസേചിതമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പൂന്തോട്ടത്തിൽ ആര് വെള്ളമൊഴിക്കും? എന്റെ പുഷ്പങ്ങളെ അവർ എന്തുകൊണ്ട് അവഗണിക്കുന്നു? സ്നേഹനിധിയായ യേശുവേ, എന്റെ അറിവ് ശരിയാണെങ്കിൽ ഫാത്തിമയിലെ അങ്ങയുടെ അത്ഭുതങ്ങളെ അവർ അംഗീകരിക്കുവാൻ ഏഴു വർഷങ്ങൾ എടുത്തു. എന്റെ ദൈവമേ, തിരസ്കരണങ്ങളും അധിക്ഷേപങ്ങളും അംഗീകരിക്കുവാനുള്ള ബുദ്ധിമുട്ടാണ് ഞാൻ കാണുന്നത്. പുഷ്പമേ, ദുഃഖിക്കാതിരിക്കുക. നിന്നെ സഹായിക്കുവാൻ എന്നെ അനുവദിക്കുക. വസൂല, ഞാൻ എപ്പോഴും എന്റെ ലക്ഷ്യങ്ങളിൽ എത്താറുണ്ട്. 21/09/1987. എന്റെ ദൈവമേ, എല്ലാ മനുഷ്യരും അങ്ങയെ അറിയണമെന്നും സ്നേഹിക്കണമെന്നും അങ്ങയുടെ അടുക്കലേക്ക് തിരിച്ചു വരണമെന്നും ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. എന്റെ മകളേ, ഞാനും ഇത് എത്രമാത്രം ആഗ്രഹിക്കുന്നുണ്ട്. ദൈവം ഇക്കാര്യം വളരെയധികം ആഗ്രഹിക്കുന്നതായി തോന്നി. അങ്ങ് ഞങ്ങളുടെ മധ്യേ സദാ സന്നിഹിതനായിരിക്കുന്നു എന്നും അങ്ങ് ഞങ്ങളെ വളരെയധികമായി സ്നേഹിക്കുന്നു എന്നും ഞങ്ങൾ ഈ ലോകത്തിൽ കേവലം യാത്രക്കാർ മാത്രമാണെന്നും അങ്ങ് ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എല്ലാ മനുഷ്യരും മനസ്സിലാക്കണമെന്ന് ഞാൻ അത്യധികം അഭിലക്ഷിക്കുന്നു. അവർ പരസ്പരം സ്നേഹിച്ചും വിദ്വേഷവും അഹന്തയും ഇടിഞ്ഞ് ഓരോരുത്തരും മറ്റുള്ളവരെ തുണച്ചും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചും പിതാവായ ദൈവത്തെ ആരാധിച്ചും കഴിയുവാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു. അങ്ങയുടെ അത്ഭുതങ്ങളിലും അടയാളങ്ങളിലും വിശ്വസിച്ചുകൊണ്ട് അങ്ങയോട് ചേർന്ന് എല്ലാ മനുഷ്യരും ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് അവർ മനസ്സിലാക്കണമെന്നും അവിടുത്തെ സമ്പന്നത അവർ കണ്ടു മനസ്സിലാക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. വസൂല, നിന്റെ ആഗ്രഹങ്ങൾ ഞാൻ നിനക്ക് നൽകിയിട്ടുള്ളതാണ്. അവ നിന്റെ ഉള്ളിലേക്ക് കടന്നിരിക്കുന്നു. ബലിപീഠമേ, എന്റെ ജ്വാലകൾ നിന്റെ ഹൃദയത്തിൽ എന്നേക്കും ഞാൻ കത്തി ജ്വലിപ്പിച്ചുകൊണ്ടിരിക്കും. ഗരബന്ധാളിലെ എന്റെ മക്കളേ, കർത്താവായ ഞാൻ അനുഗ്രഹിക്കുന്നു എന്ന എന്റെ വാക്കുകൾ നീ പ്രചരിപ്പിക്കുക. കർത്താവേ, എന്റെ കഴിവനുസരിച്ച് അങ്ങയുടെ വചനങ്ങൾ ഞാൻ പ്രചരിപ്പിക്കും. അതിർത്തികൾ വരെ അത് പ്രചരിപ്പിക്കുന്നതിന് എനിക്ക് കൂടുതൽ മാർഗങ്ങൾ ആവശ്യമുണ്ട്. വസൂല, ഞാൻ നിനക്ക് സാക്ഷികളെ നൽകിയിട്ടുണ്ട്. എന്റെ കൂട്ടുകാരെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്? മറ്റുള്ളവരെയും കൂടി. സഭയെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്, പുരോഹിതന്മാരെ? അതെ, വസൂല. അവർ നിന്റെ സാക്ഷികളാണ്. അതെ, കർത്താവേ. എന്റെ വചനങ്ങൾ നിന്റെ മേൽ മുദ്രണം ചെയ്യുവാൻ എന്നെ അനുവദിക്കുക. യേശുവേ, ഇപ്പോൾ ഞാൻ ഓർമ്മിക്കുന്നു ഈ വെളിപ്പെടുത്തലുകൾ അങ്ങയിൽ നിന്നാണ് വരുന്നതെന്ന് വിശ്വസിക്കാത്ത ഒരാളുണ്ട്. അയാളാണ് ആദിത്യാൾ. എനിക്കറിയാം. എന്നാൽ എന്തുകൊണ്ടാണിത്? അയാൾ ബുദ്ധിമാനാണെന്ന നിസ്സാര കാരണം കൊണ്ട്. ഓ, എന്റെ ദൈവമേ, എനിക്ക് വളരെയധികം അഭിലാഷങ്ങൾ ഉണ്ട്. എങ്കിൽ എന്നോട് ചോദിച്ചുകൊള്ളുക. ഇപ്പോൾ തന്നെ ചോദിക്കട്ടെ. അതെ, പ്രിയപ്പെട്ടവളേ, ചോദിച്ചുകൊള്ളൂ. എന്തും ചോദിക്കാമോ? എന്തും ചോദിക്കാം. എന്റെ ദൈവമേ, നന്മയ്ക്ക് വേണ്ടിയുള്ള ഒരു മാറ്റമാണ് ഞാൻ ആഗ്രഹിക്കുന്നത്. അനേകം കോടി ജനങ്ങൾ അങ്ങയുടെ മുമ്പിൽ മുട്ടുകുത്തി അങ്ങയെ ആരാധിച്ചു പുകഴ്ത്തുന്നതിനും അങ്ങനെ അവരുടെ ഹൃദയങ്ങൾ അങ്ങയോടുള്ള സ്നേഹത്താൽ ജ്വലിക്കുന്നതിനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങ് ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നും അങ്ങ് ഞങ്ങൾക്ക് എത്രമാത്രം സമീപസ്ഥനാണെന്നും ഞങ്ങൾക്ക് എത്രമാത്രം അങ്ങയോട് അടുക്കുവാൻ കഴിയുമെന്ന് അവർ അറിയുന്നതിനും ഞാൻ അങ്ങയെ അനുഭവിച്ചറിയുന്നതുപോലെ അവരും അങ്ങയെ അനുഭവിച്ചറിയുന്നതിനും ഞാൻ ആഗ്രഹിക്കുന്നു. ഒരു പിതാവ്, ഒരു സ്നേഹിതൻ, ഒരു ദൈവം ഇവയെല്ലാം അങ്ങയിലുണ്ട്. അങ്ങ് എന്നെ ഉണർത്തിയതുപോലെ അങ്ങയുടെ പ്രകാശം അവരുടെ മേൽ പ്രകാശിപ്പിച്ചുകൊണ്ട് അവരെ ഉണർത്തുവാൻ അങ്ങേയ്ക്ക് കഴിയുകയില്ലേ? എനിക്ക് അങ്ങയോടുള്ള അത്രയും സന്തോഷവും സാമീപ്യവും അവർക്കും പങ്കുവയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പിതാവേ, അവരും അങ്ങയുടെ മക്കളാണല്ലോ. വസൂല, എല്ലാം സംഭവിക്കും. വളരെ പേരെ ഞാൻ എന്നിലേക്ക് തിരിച്ചുകൊണ്ടുവരും. അവരുടെ ദുഷ്ടത കണക്കിലെടുക്കാതെ ഞാൻ അവരെ സഹായിക്കും. ക്ഷീണതയാവാതെ നിന്റെ ദൈവത്തോട് ചേർന്ന് ധ്വാനിക്കുക. നമ്മൾ നമുക്ക്. ശരി, കർത്താവേ. 22/09/1987. ചെറിയ ശ്രദ്ധ പോലും എന്നെ സന്തോഷിപ്പിക്കുന്നു. മകളേ, ഞാൻ സന്തുഷ്ടനാണ്. യേശു ഇത് എന്നോട് പറയുവാൻ കാരണം അവിടുന്ന് എപ്രകാരം കാണപ്പെടുന്നു എന്നത് കാണുവാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവിടുത്തെ യഥാർത്ഥ സാന്നിധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാലാണ്. ഇന്ന് അവിടുത്തെ തലമുടി പിന്നിലേക്ക് ഒതുക്കിവെച്ചിരുന്നു. എന്റെ സാന്നിധ്യത്തെപ്പറ്റി ബോധവതിയാകുവാൻ നീ ശ്രമിക്കുന്നത് കണ്ടപ്പോൾ അത് എന്നെ സന്തോഷിപ്പിച്ചു. നമുക്ക് പ്രാർത്ഥിക്കാം. മകളേ, ഈ വിധത്തിൽ നമുക്ക് പ്രാർത്ഥിക്കാം. ഓ, വാത്സല്യമുള്ള സൃഷ്ടാവേ, പരിശുദ്ധാത്മാവേ, അങ്ങ് എന്നെ ഏൽപ്പിച്ചിട്ടുള്ള ജോലികളെ പ്രതി ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങ് എന്റെ മേൽ ചൊരിഞ്ഞിട്ടുള്ള പ്രകാശത്തെ ഓർത്ത് ഞാൻ അങ്ങയെ സ്തുതിക്കുന്നു. സർവ്വശക്തനായ ദൈവത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ. ആമേൻ. ദൈവത്തെ സ്തുതിക്കുവാനുള്ള ശരിയായ വാക്കുകൾ കണ്ടെത്തുവാൻ എനിക്ക് പ്രയാസമുണ്ടെന്ന് യേശുവിനറിയാം. അതുകൊണ്ട് ഈ പ്രാർത്ഥന എനിക്ക് മാത്രമുള്ളതാണ്. 23/09/1987. പ്രിയ മണവാട്ടി, ഇപ്പോഴും ഗാഢനിദ്രയിൽ ആയിരിക്കുന്നവരെ നീ ശ്രദ്ധിക്കേണ്ട. അവർ യാതൊന്നും അറിയുന്നില്ല. അവർ യാതൊന്നും അനുഭവിച്ചറിയുന്നില്ല. അവർ യാതൊന്നും കാണുന്നില്ല. അവർ യാതൊന്നും കേൾക്കുന്നില്ല. അവർ ഇപ്പോഴും ഉറക്കത്തിലാണ്. അതുകൊണ്ട് അവർ ഒന്നിനെപ്പറ്റിയും അറിയുന്നില്ല. ഭൗതികം, ശാരീരികം എന്നതും അദൃശ്യം, ആത്മീയം എന്നതുമായ രണ്ടു ലോകങ്ങളുടെയും അർത്ഥം യേശു എനിക്ക് മനസ്സിലാക്കിത്തന്നു. കുറെ നാളുകൾ കഴിഞ്ഞ് എന്റെ സുവിശേഷ ദൗത്യം ആരംഭിച്ചപ്പോൾ ഗരബന്ധാളിൽ ദർശനം ലഭിച്ചവരിൽ ഒരാളെ കാണുവാൻ എനിക്ക് ക്ഷണം ലഭിച്ചു. ദർശനം ലഭിച്ചവരിൽ ഒരുവളെ നേരിട്ടും മറ്റുള്ളവരെ ഫോണിലൂടെയും ഞാൻ അനുഗ്രഹിക്കേണ്ടതിന് ദൈവം അവിടുത്തെ ചിറകുകളിൽ എന്നെ സംഹരിച്ചുകൊണ്ടുപോയതുപോലെ ആയിരുന്നു. ദൈവം എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ ഗ്രഹിച്ചുതുടങ്ങി. നമുക്ക് തികച്ചും അസാധ്യമായ കാര്യം ചെയ്യുവാൻ ദൈവം ആവശ്യപ്പെടും. എന്നാൽ ആത്മാവിന്റെ ശക്തിയാൽ അത് നിർവഹിക്കുവാൻ അവിടുന്ന് നമ്മെ സഹായിക്കുന്നു. വരൂ, ഇത് ഞാനാണ്, ദൈവത്തിന്റെ പ്രിയപുത്രനായ യേശുക്രിസ്തു. ഞാൻ ആഗ്രഹിക്കുന്ന പക്ഷം കൂടുതൽ തെളിവുകൾ നിനക്ക് തരുവാൻ എനിക്ക് കഴിയും. എന്നാൽ എന്റേതായ കാരണങ്ങളാൽ ഞാൻ തെളിവുകൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. നീ അന്ധമായി നയിക്കപ്പെടുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇത് എന്നെ മഹത്വപ്പെടുത്തുന്നു. തങ്ങളുടെ ജ്ഞാനം കൊണ്ട് അന്ധരായി തീരുന്നവർക്ക് ഇതൊരു പാഠമായി തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ നിഷ്കളങ്കയും എളിമയുള്ളവളും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ഇപ്രകാരം എളിയ വിധത്തിൽ ഞാൻ നയിക്കുന്നത് ഞാൻ സമൃദ്ധമായി നൽകുന്നവനാണെന്ന് എന്റെ പുരോഹിതന്മാർ മനസ്സിലാക്കുന്നതിനു വേണ്ടിയാണ്. മകളേ, അതിസ്വാഭാവികമായ എന്റെ പ്രവർത്തനങ്ങളിൽ വിശ്വസിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് അവരോട് പറയുക. കാരണം ഞാൻ ദൈവവും ആത്മാവും ആണല്ലോ. കുഞ്ഞുങ്ങളെപ്പോലെ ആവുകയും വിശ്വസിക്കുകയും ചെയ്യുക. എന്റെ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളെ കാണിച്ചാൽ ഈ രീതിയിലുള്ള എഴുത്തുകളും നടത്തിപ്പും എന്നിൽ നിന്നുള്ളതല്ലെന്ന് ഏതു കുഞ്ഞുങ്ങളാണ് സംശയിക്കുക? അതുകൊണ്ട് നിഷ്കളങ്കരായിരിക്കുക.