Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / EP 1: ആരംഭം: എന്റെ മാലാഖ, ശുദ്ധീകരണം
Transcript
- എപ്പിസോഡ് 1. സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയത് എങ്ങനെയെന്ന് വസൂല വിവരിക്കുന്നു. എന്റെ മാലാഖയുടെ ആഗമനം: കാവൽ മാലാഖ ആദ്യമായി എനിക്കൊരു ഹൃദയവും, ആ ഹൃദയത്തിന്റെ മധ്യത്തിൽ നിന്ന് ഒരു റോസാ ചെടി മുളച്ചു വരുന്നതും വരച്ചു തന്നു. എന്റെ കാവൽ മാലാഖ ദാനിയേൽ ആണ് താനെന്ന് മാലാഖ സ്വയം പരിചയപ്പെടുത്തി. അടുത്ത ദിവസം മാലാഖമാരുടെ ഒരു വൃന്ദം തന്നെ എന്റെ അടുക്കൽ വന്നു. ഏറ്റവും സന്തോഷപ്രദമായ ഒന്ന് സംഭവിക്കുവാൻ പോകുന്നു എന്ന് അവർ ഒരേ സ്വരത്തിൽ പാടിക്കൊണ്ടിരുന്നു. അത് എന്നെക്കുറിച്ചാണെന്ന് എനിക്കറിയാമായിരുന്നുവെങ്കിലും, അത് എന്താണെന്ന് വ്യക്തമായി ഞാൻ അറിഞ്ഞിരുന്നില്ല. ദിവസം മുഴുവൻ ഈ ഗാനാലാപം തുടർന്നുകൊണ്ടിരുന്നു. കാവൽ മാലാഖ ദൈവത്തെക്കുറിച്ച് ആദ്യം ഉച്ചരിച്ചത്: "ദൈവം നിന്റെ അരികിലുണ്ട്, നിന്നെ അവിടുന്ന് സ്നേഹിക്കുന്നു" എന്നായിരുന്നു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാവൽ മാലാഖയും കൂടുതലായി ഒന്നും പറഞ്ഞില്ല. കുറെ ദിവസം കഴിഞ്ഞ് കാവൽ മാലാഖ എന്റെ അടുക്കൽ തിരിച്ചുവന്ന് വേദപുസ്തകം വായിക്കുവാൻ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ ഒരു വേദപുസ്തകം എന്റെ വീട്ടിൽ ഇല്ലായിരുന്നു. എന്റെ മകൻ പഠിക്കുന്ന അമേരിക്കൻ സ്കൂൾ ലൈബ്രറിയിൽ ചെന്ന് ഒരു വേദപുസ്തകം എടുത്ത് വീട്ടിൽ കൊണ്ടുവന്നു. ആദ്യം തുറന്നപ്പോൾ കിട്ടിയത് സങ്കീർത്തനമാണ്. ഞാൻ വായിച്ചെങ്കിലും ഒരു വാക്ക് പോലും മനസ്സിലായില്ല. ഞാൻ എത്രമാത്രം ആത്മീയമായി പിന്നിലാണെന്ന് ദൈവം എനിക്ക് മനസ്സിലാക്കി തരുകയായിരുന്നു. ശുദ്ധീകരണം: എന്റെ ജീവിതകാലത്ത് ദൈവത്തെ വേദനിപ്പിടത്തിയ ചില സംഭവങ്ങൾ മാലാഖ എന്റെ ഓർമ്മയിൽ കൊണ്ടുവന്നു. അതുകൂടാതെ ദൈവം എനിക്ക് നൽകിയ വിലയേറിയ ദാനങ്ങൾ ഞാൻ ഉപയോഗിക്കാതിരുന്നതും ദുരുപയോഗപ്പെടുത്തിയതും മാലാഖ എന്റെ ഓർമ്മയിൽ കൊണ്ടുവന്നു. ഞാൻ ഏറ്റുപറഞ്ഞിട്ടില്ലാത്ത പാപങ്ങളെല്ലാം ഒരു തിരിച്ചിലയിൽ എന്നപോലെ മാലാഖ എന്നെ ഓർമ്മിപ്പിക്കുവാൻ തുടങ്ങി. ഓരോ സംഭവവും എന്നെ ഓർമ്മിപ്പിക്കുകയും അവ എത്രമാത്രം ദൈവത്തെ വേദനിപ്പിച്ചു എന്ന് എനിക്ക് മനസ്സിലാക്കി തരുകയും ചെയ്തു. ദൈവീക ദാനങ്ങളെ സംബന്ധിച്ചാണ് മാലാഖ ഏറ്റവുമധികം എനിക്ക് മനസ്സിലാക്കി തന്നത്. അവിടുത്തെ ദാനങ്ങൾ നിര്സിക്കുന്നതും അവഗണിക്കുന്നതും ഏറ്റവും വലിയ പാപമാണെന്ന് മാലാഖ എന്നോട് പറഞ്ഞു. ഓരോ പാപവും ദൈവത്തിന്റെ കണ്ണുകളാൽ മനുഷ്യർ കാണുന്നതുപോലെയല്ല ദൈവം കാണുന്നതെന്നും മാലാഖ എനിക്ക് മനസ്സിലാക്കി തന്നു. പാപത്തിന്റെ ഭീകരത കണ്ട് ഞാൻ വളരെ വേദനയോടെ കരഞ്ഞു. പാപം ചെയ്തതിനുശേഷം ദൈവീക വെളിച്ചത്തിൽ തങ്ങളെ തന്നെ കണ്ടപ്പോൾ ആദാമും ഹവ്വായും ഏത് അവസ്ഥയിൽ ആയിരുന്നു എന്ന് എനിക്ക് ഊഹിക്കുവാൻ കഴിഞ്ഞു. ഈ ശുദ്ധീകരണം ഒരാഴ്ചയോളം നീണ്ടുനിന്നു. എന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്ന ഒരു അഗ്നിപോലെ വളരെ വേദനാജനകമായിരുന്നു ഈ അനുഭവം. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന കർത്തൃപ്രാർത്ഥന എന്നെ പഠിപ്പിക്കുന്നു. വേദനാജനകമായ ശുദ്ധീകരണത്തിന് ശേഷം നിത്യപിതാവായ ദൈവം തന്നെ തന്നെ എനിക്ക് വെളിപ്പെടുത്തി: "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" ചൊല്ലുവാൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ വളരെ വേഗത്തിൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലിയതിനാൽ ദൈവം അതിൽ സംതൃപ്തനായില്ല. വീണ്ടും ഈ പ്രാർത്ഥന ചൊല്ലുവാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്തവണയും ദൈവം സംതൃപ്തനായില്ല. രാവിലെ മുതൽ രാത്രി വരെ ഞാൻ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്നു. അവസാനം ചൊല്ലിയപ്പോൾ ഈ പ്രാർത്ഥനയിൽ ഓരോ വാക്യത്തിനും വളരെ നല്ലത് എന്ന് ദൈവം പറഞ്ഞു. കാരണം ഈ പ്രാവശ്യം എന്റെ പ്രാർത്ഥന ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നതായിരുന്നു. സാത്താന്റെ ആക്രമണങ്ങൾ: സ്വർഗ്ഗസ്ഥനായ പിതാവിനോടൊപ്പം ചെലവഴിച്ച ആനന്ദകരമായ ഈ ദിവസത്തിനുശേഷം നരകം മുഴുവൻ ഒന്നിളകി എന്നെ ആക്രമിക്കാൻ വന്നതായി എനിക്ക് അനുഭവപ്പെട്ടു. ഏറ്റവും ഹീനമായി സാത്താൻ എന്നെ ആക്രമിച്ചു. എല്ലാ വൃത്തികെട്ട പേരുകളും വിളിച്ച് ഒരു ഭ്രാന്തനെ പോലെ എന്നെ ആക്രമിച്ച് ദൈവത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ സാത്താൻ പരിശ്രമിച്ചു. ഈ സമയത്തെല്ലാം പ്രാർത്ഥിക്കുക എന്ന് പറഞ്ഞ് കാവൽ മാലാഖ എന്നെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ കാവൽ മാലാഖയും സാത്താനും തമ്മിലുള്ള പോരാട്ടം: രാത്രി സമയത്തും സാത്താൻ വന്ന് ആക്രമിക്കുവാൻ തുടങ്ങി. ഉറങ്ങാൻ ആരംഭിക്കുമ്പോൾ സാത്താൻ വന്ന് എന്നെ ശ്വാസം മുട്ടിക്കുന്ന അനുഭവം പലപ്പോഴും ഉണ്ടായി. ഒരു പരിന്ത് അതിന്റെ നഖമെല്ലാം എന്റെ വയറിനകത്തേക്ക് തറച്ച് ശ്വാസം മുഴുവൻ വലിച്ചെടുക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഒരു ദിവസം പെട്ടെന്ന് ഇതെല്ലാം നിന്നു. കുറെ ദിവസത്തേക്ക് സമാധാനമായിരുന്നു. ഈ ആക്രമണങ്ങൾ മൂലം ഞാൻ വളരെ ക്ഷീണിതയായിരുന്നുവെങ്കിലും ഇതിനോടകം എന്റെ മാലാഖയോടുള്ള അടുപ്പം ഏറ്റവും വർദ്ധിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കാവൽ മാലാഖ എന്റെ ജീവിതത്തിലെ എല്ലാമെല്ലാമായി തീർന്നു. കാവൽ മാലാഖമാർ എപ്രകാരം നമ്മളെ സംരക്ഷിക്കുന്നു, സ്നേഹിക്കുന്നു, കരുതുന്നു, നമുക്ക് വേണ്ടി കരയുന്നു, പ്രാർത്ഥിക്കുന്നു, നമ്മോടൊപ്പം കഷ്ടതകൾ സഹിക്കുകയും ചെയ്യുന്നു എന്നുള്ളത് എനിക്ക് അനുഭവിച്ചറിയുവാൻ കഴിഞ്ഞു. വീണ്ടും സാത്താൻ രംഗത്ത് വന്നു. വഞ്ചകനായ അവൻ ഇപ്രാവശ്യം എന്റെ കാവൽ മാലാഖയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഭീതിപ്പെടുത്തുന്ന ഒരു ന്യായാധിപനായി ദൈവത്തെ ചിത്രീകരിച്ച് എന്നെ ദൈവത്തിൽ നിന്ന് അകറ്റാനാണ് ഇപ്രാവശ്യം സാത്താൻ ശ്രമിച്ചത്. ആദ്യമൊക്കെ സാത്താൻ തന്റെ ശ്രമത്തിൽ കുറെയൊക്കെ വിജയിച്ചു. ആരെന്താണെന്ന് വിവേചിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ. എന്റെ കൂടെയുള്ളത് മാലാഖയാണോ, അതോ മാലാഖയായിട്ട് സാത്താൻ അഭിനയിക്കുന്നതാണോ എന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. ഉപദേശം ചോദിക്കുവാനും ആരുമില്ലായിരുന്നു. തന്റെ പദ്ധതി വിജയിക്കുന്നു എന്ന് കണ്ട സാത്താൻ എന്നെ ആശയക്കുഴപ്പത്തിലാക്കി പിടിമുറുക്കുവാൻ തുടങ്ങി. അവൻ കൂടുതൽ കൂടുതൽ പിശാചുക്കളുമായി വന്ന് എന്നെ ആക്രമിക്കുവാൻ തുടങ്ങി. സാത്താൻ ഒരിക്കൽ എന്നെ ആക്രമിക്കുവാൻ തന്റെ പിശാചുക്കൾക്ക് ആജ്ഞ നൽകുന്നത് കേൾക്കുന്നതിന് ദൈവം എന്നെ അനുവദിച്ചു. ഇവർ എന്റെ ചുറ്റും വന്നുകൂടി എന്നെ വളരെ പീഡിപ്പിച്ചു. എന്നാൽ ഇതെല്ലാം തന്നെ ദൈവം എന്നെ കൂടുതൽ ശുദ്ധീകരിക്കുന്നതിനുള്ള അവസരങ്ങളാക്കി തീർത്തു. എന്റെ ശുദ്ധീകരണം തുടരുന്നു. കുറെ ദിവസം കഴിഞ്ഞ് സെമിനാരിയിൽ പോയി അവിടെയുള്ള ഒരു വൈദികനെ ഈ സന്ദേശങ്ങൾ കാണിക്കുവാൻ മാലാഖ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അതിൻ പ്രകാരം ചെയ്തു. വളരെ പ്രതീക്ഷയോടെ സെമിനാരിയിൽ പോയ എനിക്ക് നിരാശയാണ് ഉണ്ടായത്. ഞാൻ മാനസികമായ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നാണ് വൈദികൻ ചിന്തിച്ചത്. ഈ അവസ്ഥയിൽ എന്നെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു വൈദികന്റെ ചിന്ത. എപ്പോൾ വേണമെങ്കിലും തന്നെ വന്നു കണ്ട് ഉപദേശം തേടാമെന്ന് വൈദികൻ പറഞ്ഞു. ആഴ്ചയിൽ ഒന്നും രണ്ടും തവണ ഞാൻ വൈദികനെ ചെന്ന് കണ്ടു. ഇപ്രകാരം മൂന്നു നാലു മാസം തുടർന്നു. ഇങ്ങനെ വൈദികനെ ചെന്ന് കാണുന്നതിൽ എനിക്ക് ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു എങ്കിലും ഞാൻ ഒരു മാനസിക രോഗിണി അല്ലെന്ന് തെളിയിക്കുവാൻ ഞാൻ ആഗ്രഹിച്ചു. കുറെ കഴിഞ്ഞപ്പോൾ ഞാൻ ഒരു മാനസിക രോഗിണി അല്ലെന്ന് വൈദികന് ബോധ്യപ്പെടുകയും ചെയ്തു. എനിക്ക് ലഭിക്കുന്ന ഈ സന്ദേശം ദൈവത്തിൽ നിന്നുള്ള ഒരു കൃപാവരമാണെന്ന് പോലും വൈദികൻ സമ്മതിക്കുകയുണ്ടായി. കാവൽ മാലാഖ എന്നെ ദൈവത്തിലേക്ക് കൂടുതലായി അടുപ്പിച്ചു കൊണ്ടിരുന്നു. എപ്രകാരം ശരിയായി വിവേചിച്ചറിയാമെന്ന് എന്നെ പഠിപ്പിച്ചു. ഇത് സാത്താനെ കൂടുതൽ കോപാകുലനാക്കി. താമസിയാതെ യേശു എന്റെ അടുത്ത് വരുമെന്നും തന്റെ ദൗത്യം തീരാറായെന്നും കാവൽ മാലാഖ എന്നോട് പറഞ്ഞു. ഇത് കേട്ടപ്പോൾ ഞാൻ വളരെ ദുഃഖിതയായി. കാവൽ മാലാഖ എന്നെ വിട്ടുപിരിയുന്നത് എനിക്ക് സഹിക്കുവാൻ പാടില്ലായിരുന്നു. താൻ ദൈവത്തിൻറെ വൃത്തിൻ മാത്രമാണെന്നും ഞാൻ ഇപ്പോൾ ദൈവത്തിങ്കലേക്ക് ശ്രദ്ധ തിരിക്കേണ്ടതാണെന്നും കാവൽ മാലാഖ പറഞ്ഞു. എന്നെ ദൈവത്തിങ്കലേക്ക് നയിക്കുകയും സുരക്ഷിതമായി ദൈവകരങ്ങളിൽ ഏൽപ്പിക്കുകയും ആണ് തന്റെ ദൗത്യം എന്ന് കാവൽ മാലാഖ പറഞ്ഞു. ഇതൊക്കെ കേട്ടിട്ടും കാവൽ മാലാഖ എന്നെ വിട്ടുപിരിയുന്നത് എനിക്ക് വളരെ വേദനാജനകമായി തോന്നി. കാവൽ മാലാഖ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ ഒരു ദിവസം കാവൽ മാലാഖയുടെ സ്ഥാനത്ത് യേശു വന്നു. യേശു തന്നെ തന്നെ വെളിപ്പെടുത്തിയ ശേഷം എന്നോട് ചോദിച്ചു: "ഏത് ഭവനമാണ് നിനക്ക് വിലയേറിയത്? നിൻറെ ഭവനമോ, എൻറെ ഭവനമോ? " "അങ്ങയുടെ ഭവനം" എന്ന് ഞാൻ ഉത്തരം പറഞ്ഞു. എന്റെ മറുപടിയിൽ യേശു സംതൃപ്തനായി എന്നെ അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് ഒരു ദിവസം കാവൽ മാലാഖയുടെ സ്ഥാനത്ത് യേശു വന്ന്: "ഇത് ഞാനാണ്" എന്ന് പറഞ്ഞു. ഞാൻ സംശയിച്ചു നിന്നപ്പോൾ: "ഇത് ഞാൻ ദൈവമാണ്" എന്ന് അവിടുന്ന് വ്യക്തമാക്കി. എന്നാൽ സന്തോഷിക്കുന്നതിനു പകരം എനിക്ക് സങ്കടമായിരുന്നു. ഞാൻ എന്റെ കാവൽ മാലാഖയെ അത്യധികം സ്നേഹിച്ചിരുന്നത് കൊണ്ട് കാവൽ മാലാഖയുടെ സ്ഥാനം ദൈവം ഏറ്റെടുത്താൽ കാവൽ മാലാഖ എന്റെ പക്കൽ ഇനിയും വരുകയില്ല എന്നുള്ള ചിന്ത എനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു. വസൂലയെ പോലെ ആരും തന്നെ തങ്ങളുടെ കാവൽ മാലാഖയെ ഒരുനാളും സ്നേഹിച്ചിട്ടില്ല എന്നാണ് ദൈവം പറഞ്ഞത്. നിന്നെപ്പോലെ ആരും ഒരുനാളും ദൈവത്തെ സ്നേഹിച്ചിട്ടില്ല എന്ന് ഒരു ദിവസം എന്നോട് പറയുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം എന്നോട് ചോദിച്ചു: "നീ എന്നെ സ്നേഹിക്കുന്നുണ്ടോ? " "ഉവ്വ്" എന്ന് ഞാൻ മറുപടി പറഞ്ഞു. തന്നെ വേണ്ടത്ര സ്നേഹിക്കാത്തതിൽ കുറ്റപ്പെടുത്താതെ എന്നെ കൂടുതലായി സ്നേഹിക്കുക എന്ന് മാത്രം സ്നേഹത്തോടെ അവിടുന്ന് പറഞ്ഞു. പിന്നെ ഒരു ദിവസം കർത്താവ് വെളിപ്പെട്ട്: "എന്റെ ഭവനത്തെ പുനരുദ്ധരിക്കുക, എന്റെ ഭവനത്തെ നവീകരിക്കുക" എന്ന് പറഞ്ഞു. കർത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്നെക്കൊണ്ട് അസാധ്യമാണെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് എന്റെ മാലാഖ ദൈവവുമായി സമാധാനത്തിൽ ആകാൻ എന്നോട് ആവശ്യപ്പെട്ടു. ഇത് കേട്ടപ്പോൾ എനിക്ക് വളരെ ആശ്ചര്യം തോന്നി. കാരണം ദൈവവുമായി എനിക്ക് എതിർപ്പില്ല. പിന്നെ എന്തിനാണ് ഞാൻ സമാധാനത്തിൽ ആകേണ്ടത്? കൂടുതലായി തന്നെ സ്നേഹിക്കുവാൻ ദൈവം എന്നോട് ആവശ്യപ്പെട്ടു. എന്റെ മാലാഖയോട് എന്നപോലെ ദൈവവുമായി ഗാഢബന്ധത്തിൽ ആകുവാനും അവിടുത്തോട് സ്വതന്ത്രമായി സംസാരിക്കുവാനും ദൈവം എന്നോട് ആവശ്യപ്പെട്ടു. എന്നിട്ടും ദൈവത്തെ സ്നേഹിതനായി കണക്കാക്കുവാൻ എനിക്ക് കഴിഞ്ഞില്ല. താൻ ദൈവത്തിൻറെ ശുശ്രൂഷകൻ മാത്രമാണെന്നും ഞാൻ ദൈവത്തെ സ്നേഹിക്കണമെന്നും മഹത്വപ്പെടുത്തണമെന്നും മാലാഖ എന്നെ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ദൈവത്തിങ്കലേക്ക് എന്നെ നയിക്കുംതോറും മാലാഖ എന്നെ വിട്ടുപോകുന്നതിലുള്ള ആശങ്കയായിരുന്നു എനിക്ക്. ഇതിനിടയിൽ സാത്താൻ തന്റെ പോരാട്ടം നിർത്തിയില്ല. എന്റെ ബലഹീനാവസ്ഥ പ്രയോജനപ്പെടുത്തുവാൻ അവൻ പരിശ്രമിച്ചു. യേശുവും സാത്താനുമായുള്ള സംഭാഷണം ഒന്ന് രണ്ട് പ്രാവശ്യം കേൾക്കാൻ ദൈവം എന്നെ അനുവദിച്ചു. സാത്താൻ യേശുവിനോട് പറഞ്ഞു: "നിന്റെ പ്രിയപ്പെട്ട വസൂല, നിന്നോട് വിശ്വസ്തത പുലർത്തുകയില്ല. ഇപ്രാവശ്യം അവൾ വീഴും. വീഴ്ചയിൽ നിന്ന് അവൾ എഴുന്നേൽക്കുകയില്ല. പരീക്ഷണങ്ങളുടെ സമയത്ത് ഞാൻ അത് നിനക്ക് തെളിയിച്ചു തരാം." അങ്ങനെ എല്ലാവിധത്തിലും എന്നെ പരീക്ഷിക്കുന്നതിന് സാത്താന് അധികാരം ലഭിച്ചു. അവിശ്വസനീയമായ പരീക്ഷകൾ ഓരോ പ്രാവശ്യം ജയിക്കുമ്പോൾ അതിലും വലിയ പരീക്ഷകൾ സാത്താൻ കൊണ്ടുവന്നു. ഈ പരീക്ഷകൾക്ക് കീഴ്പ്പെട്ടിരുന്നുവെങ്കിൽ എന്റെ ആത്മാവ് നിത്യമായി നരകത്തിൽ ആകുമായിരുന്നു. പിന്നീട് വേറെ രീതിയിലുള്ള ആക്രമണങ്ങളായി എഴുതുവാനായി പെൻസിൽ പിടിച്ചിരിക്കുന്ന നടുവിലത്തെ വിരലിൽ സാത്താൻ തിളച്ച എണ്ണ വീഴിച്ചു. അവിടെ പൊള്ളൽ ഉണ്ടാവുകയും വളരെ പ്രയാസം അനുഭവപ്പെടുകയും ചെയ്തു. ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങൾ എഴുതിയെടുക്കാതിരിക്കാൻ ആയിട്ടാണ് സാത്താൻ ഇപ്രകാരം ചെയ്തത്. വളരെ വേദന സഹിച്ച് ഞാൻ എഴുതി. വിരൽ ഓരോ പ്രാവശ്യവും സുഖപ്പെടുമ്പോഴും സാത്താൻ എണ്ണ വീഴ്ത്തൽ ആവർത്തിച്ചു. ഇതിനാൽ ആഴ്ചകളോളം വേദന സഹിച്ച് എനിക്ക് എഴുതേണ്ടി വന്നു. ഞാനും കുടുംബവും തായ്ലൻഡിൽ സന്ദർശനത്തിന് പോയപ്പോൾ ബോട്ടിൽ കയറി ഒരു ദ്വീപ് സന്ദർശിക്കുവാൻ പോയി. തിരിച്ചുവരുന്ന വഴിക്ക് ബോട്ട് കുലുങ്ങുകയും എനിക്ക് നിലതെറ്റുകയും ചെയ്തു. ഞാൻ ആദ്യം കണ്ടത് ബോട്ടിന്റെ പുകക്കുഴലാണ്. വീഴാതിരിക്കാനായി ഞാൻ അതിൽ കയറിപ്പിടിച്ചു. പുകക്കുഴൽ ചുട്ടുപഴുത്തിരുന്നതിനാൽ എന്റെ വലതു കൈയുടെ ഉൾവശം മുഴുവൻ പൊള്ളലേറ്റും. ഇനിയും എങ്ങനെ എഴുതുവാൻ സാധിക്കും? ഞാൻ ആദ്യം ചിന്തിച്ചത് ഇതാണ്. ആ സമയത്ത് ബോട്ട് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് അരമണിക്കൂർ അകലത്തായിരുന്നു. എന്നാൽ ഹോട്ടലിൽ എത്തിയപ്പോഴേക്കും വേദനയെല്ലാം തീർന്നു. പൊള്ളലിന്റെ ഒരടയാളം പോലും ഇല്ലായിരുന്നു. കർത്താവ് എന്നോട് പറഞ്ഞു: "ഇത്രയധികം മുന്നേറുവാൻ ഞാൻ സാത്താനെ അനുവദിച്ചിട്ടില്ല." അതുകൊണ്ട് എന്റെ കൈ സുഖപ്പെടുത്തുകയും ചെയ്തു. വേറൊരു വിധത്തിലും സാത്താൻ എന്റെ എഴുത്ത് തടയുവാൻ ശ്രമിക്കുകയുണ്ടായി. അന്ന് 10 വയസ്സ് പ്രായമായ എന്റെ മകന് സാത്താൻ ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരു പ്രായമായ മനുഷ്യന്റെ രൂപത്തിൽ കട്ടിലിൽ അവന്റെ അടുക്കൽ വന്ന് അവനോട് പറഞ്ഞു: "നീ നിന്റെ അമ്മയോട് എഴുത്ത് നിർത്തുവാൻ പറയണം. അവൾ അത് ചെയ്യുന്നില്ലെങ്കിൽ ബാല്യകാലത്ത് ഞാൻ അവളോട് ചെയ്തതുപോലെ നിന്നോടും ചെയ്യും. നീ കട്ടിലിൽ കിടക്കുമ്പോൾ ഞാൻ നിന്റെ തല പുറകോട്ട് പിടിച്ചു വലിച്ച് നിന്നെ ഞെരുക്കും." ഇത് എനിക്ക് ഏകദേശം ആറു വയസ്സുള്ളപ്പോൾ ഉണ്ടായ അനുഭവമാണ്. ഒരു രാത്രി ഞാൻ കട്ടിലിൽ കിടക്കുമ്പോൾ എന്റെ തൊണ്ടയ്ക്ക് മുകളിലായി പ്രായമായ ഒരു മനുഷ്യന്റെ വൃത്തികെട്ട രണ്ട് കരങ്ങൾ കണ്ടു. എന്റെ തല പുറകോട്ട് പിടിച്ചു വലിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. പിന്നീട് യാതൊന്നും സംഭവിച്ചില്ലെങ്കിലും ഇത് എന്നിൽ വലിയ ഭയമുള്ളവാക്കി. എനിക്ക് ആറു വയസ്സുള്ളപ്പോൾ മിക്കവാറും എല്ലാ ദിവസവും രാത്രിയിൽ ഒരു കറുത്ത പട്ടിയുടെ രൂപത്തിൽ സ്വപ്നത്തിൽ സാത്താൻ എന്നെ ഭീതിപ്പെടുത്തിയിരുന്നു. ഇതേ സ്വപ്നം തന്നെ തുടർച്ചയായി ഞാൻ കണ്ടുകൊണ്ടിരുന്നു. ഒരു ഇരുണ്ട ഇടനാഴിയിലൂടെ ഞാൻ നടക്കുമ്പോൾ അതിൻറെ അവസാന ഭാഗത്തായി ഈ പട്ടി കുരച്ചുകൊണ്ട് എന്റെ മേൽ ചാടി വീണ് എന്നെ കടിച്ചു കീറുവാൻ നിൽക്കുന്നു. ഞാൻ പേടിച്ചോടിപ്പോയി. ഇതാണ് ഞാൻ കാണുന്നത്. എനിക്ക് ഏകദേശം 10 വയസ്സുള്ളപ്പോൾ യേശുവിനെ ഞാൻ സ്വപ്നത്തിൽ കണ്ടു. യേശുവിന്റെ ഒരു ചിത്രമാണ് ഞാൻ കാണുന്നത്. ഒരു ഇടനാഴിയുടെ ഒരറ്റത്തായി ഈ ചിത്രം ഞാൻ കാണുന്നു. യേശുവിന്റെ ഇടക്കെട്ട് വരെയുള്ള ഭാഗമാണ് കാണുന്നത്. യേശു പുഞ്ചിരി തൂകിക്കൊണ്ട്: "വരൂ, എന്റെ അടുക്കലേക്ക് വരൂ" എന്ന് എന്നോട് പറഞ്ഞു. ഉടൻ ഏതോ അദൃശ്യ ശക്തി യേശുവിങ്കലേക്ക് എന്നെ വലിച്ചെടുപ്പിച്ചു. ഈ അദൃശ്യ ശക്തിയാൽ ഞാൻ ഭയപ്പെടുമ്പോൾ യേശു എന്റെ ഭയം മനസ്സിലാക്കിക്കൊണ്ട് എന്റെ മേൽ പുഞ്ചിരി തൂകി. എന്റെ മുഖം യേശുവിന്റെ മുഖവുമായി ചേരുന്നതുവരെ ഈ അദൃശ്യ ശക്തി എന്നെ ആകർഷിച്ചു. എനിക്ക് 12 വയസ്സുള്ളപ്പോൾ മറ്റൊരു അനുഭവം ഉണ്ടായി. അത് യേശുവുമായുള്ള എന്റെ ആത്മീയ വിവാഹമായിരുന്നു. വീണ്ടും ഒരു സ്വപ്നത്തിൽ ഞാൻ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. എന്റെ വരൻ യേശുവാണ്. എനിക്ക് യേശുവിനെ കാണാൻ കഴിയുന്നില്ലെങ്കിലും യേശു അവിടെ സന്നിഹിതനാണെന്ന് എനിക്കറിയാം. അവിടെ സന്നിഹിതരായിരിക്കുന്ന ആളുകൾ കുരുത്തോലകൾ വീശി ഞങ്ങളെ സ്വീകരിക്കുന്നു. വിവാഹ ശുശ്രൂഷ കഴിഞ്ഞ ഉടൻ ഞാൻ ഒരു മുറിയിലേക്ക് പ്രവേശിച്ചു. പരിശുദ്ധ ദൈവമാതാവ് മേരി മഗ്നലിനോടും മറ്റു രണ്ടു വിശുദ്ധ സ്ത്രീകളോടും ഒപ്പം അവിടെ ഉണ്ടായിരുന്നു. പരിശുദ്ധ ദൈവമാതാവ് വളരെ സന്തോഷപൂർവ്വം വന്ന് എന്നെ ആലിംഗനം ചെയ്തു. അതിനുശേഷം തൻറെ പുത്രനെ ഞാൻ സ്വീകാരിയായിരിക്കാൻ വേണ്ടി എൻറെ വസ്ത്രവും തലുമുടിയും എല്ലാം മോടിപിടിപ്പിക്കുകയും ചെയ്തു.