Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 32: ആർദ്രമായ വാക്കുകളാൽ എന്നെ അലങ്കരിക്കുക.
Transcript
- എപ്പിസോഡ് 32. 7/5/1987. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇത് ഞാനാണ്, നിന്റെ മണവാളൻ. എന്റെ പുഷ്പമേ, ഞാൻ നിന്നെ വിശുദ്ധീകരിക്കും. എന്റെ പ്രകാശത്താൽ നിന്നെ പ്രശോഭിപ്പിച്ചുകൊണ്ട് ഞാൻ നിന്നെ പുനരുദ്ധരിക്കും. എന്റെ ശക്തിയാൽ ഞാൻ നിന്നെ പോഷിപ്പിക്കും. വസൂല, എന്റെ മുൾകിരീടം ധരിക്കുവാൻ നിന്നെ അനുവദിച്ചുകൊണ്ട് ഞാൻ നിന്നെ ആദരിക്കും. യേശുവേ, അങ്ങ് എന്നെ എങ്ങനെ വിശ്വസിക്കും? ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ മുൾകിരീടം ധരിക്കുന്നതോടുകൂടി ഞാൻ അനുഭവിച്ച പരിഹാസവും നിന്നെയും നീ മനസ്സിലാക്കും. എന്തെന്നാൽ, താമസിയാതെ നീയും പരിഹസിക്കപ്പെടുന്നതായിരിക്കും. ഓർക്കുക, നീ സഹിക്കുന്നത്ര ഞാനും സഹിക്കുന്നതായിരിക്കും. എന്തെന്നാൽ, ഞാൻ നിന്നിലും നീ എന്നിലുമാണ്. ഞാൻ നിന്നെ എന്നോട് ഐക്യപ്പെടുത്തി ഒന്നിപ്പിച്ചിരിക്കുന്നു. നമ്മൾ ഒന്നാണ്. എന്റെ പ്രിയപ്പെട്ടവളേ, നമുക്ക് എന്റെ പ്രവർത്തികൾ തുടരാം. നിനക്ക് വേണ്ട ശക്തി അവസാനം വരെ ഞാൻ നിനക്ക് നൽകും. ഈ സന്ദേശത്തിലൂടെ യേശു എന്നെ ഒരുക്കുകയാണെന്ന് പിന്നീട് എനിക്ക് മനസ്സിലായി. എന്നെ അതിശയിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുമെന്ന് എനിക്ക് മനസ്സിലായി. എങ്കിലും, അവിടുന്ന് എന്നോടൊപ്പം ഉണ്ടാകുമല്ലോ. നമ്മൾ ഒരുമിച്ച് പരിഹാസം പങ്കിടും. യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിനായി എന്നെ ലോകമെങ്ങും അയക്കുന്നതോടൊപ്പം പരിഹാസവും പീഡനങ്ങളും ആരംഭിക്കും. യേശുവേ, എനിക്ക് ഇതുവരെ നൂറു പ്രാവശ്യം പോലും "യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു" എന്ന് പറയുവാൻ കഴിഞ്ഞിട്ടില്ലാത്തപ്പോൾ, അങ്ങ് എന്നോട് ഇപ്രകാരം ആയിരം പ്രാവശ്യം പറയുവാൻ ആവശ്യപ്പെടുന്നു. അല്ലയോ വസൂല, സ്നേഹപൂർവ്വം ചെയ്യുന്ന ഓരോ പ്രവർത്തിയും പറയുന്നത് "യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു" എന്നതാണെന്ന് നിനക്കറിഞ്ഞുകൂടെ. ഈ വിധത്തിലും നീ എന്നോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നത്. നിന്റെ ജീവിതത്തിൽ നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നീ എന്നോട് തന്നെയാണ് ചെയ്യുന്നത്. വരൂ, നിന്നെ അലങ്കരിക്കുക. നീ അഭിവൃദ്ധിപ്പെടുക. നീ പ്രകാശിക്കുക. നീ പരിമളം പരത്തുക. സ്നേഹത്തിൻറെ പൂച്ചെണ്ടുകളുമായി എന്നെ അലങ്കരിക്കുക. സ്നേഹമാകുന്ന ഇതളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് എന്നെ കുത്തിത്തുളക്കുന്ന മുള്ളുകൾ കുറഞ്ഞുപോകും. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുക. എന്നെ സ്നേഹിക്കുവാൻ മറ്റുള്ളവരെ പഠിപ്പിക്കുക. എന്റെ അഭ്യർത്ഥന അവരെ കാണിച്ചു കൊടുക്കുക. അങ്ങയുടെ സഹായത്താൽ എനിക്ക് അങ്ങയുടെ അഭ്യർത്ഥന മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ സാധിക്കും. കൂടുതലായി ഒന്നും എനിക്ക് ചെയ്യുവാൻ സാധിക്കുകയില്ല. എന്നെ സ്നേഹിക്കുക. എന്റെ മുറിവുകളെ സൗഖ്യമാക്കുക. എനിക്കുവേണ്ടി ഒഴുക്കുന്ന കണ്ണീർ എന്റെ മുറിവുകളിൽ പുരട്ടുവാനുള്ള തൈലമായി തീരട്ടെ. വസൂല, പൂച്ചെണ്ടുകൾ ശവസംസ്കാരത്തിനു വേണ്ടി മാത്രമുള്ളതല്ല. അവ മണവാട്ടികൾക്ക് വേണ്ടിയും ഉള്ളതാണ്. ഓഗസ്റ്റ് മാസത്തിൽ നിന്റെ മേൽ ഒരു പൂച്ചെണ്ട് വെക്കുവാൻ എന്നെ അനുവദിക്കുക. 8/5/1987. യേശുവേ, ഇന്ന് എനിക്ക് വീട്ടിൽ ധാരാളം ജോലികൾ ചെയ്യാനുണ്ട്. അങ്ങയുടെ രണ്ടു വാക്കുകൾ എന്നെ സന്തോഷിപ്പിക്കും. വെറും രണ്ടു വാക്കുകളോ? എന്നെ സ്നേഹിക്കുക. 9/5/1987. ഫാത്തിമയിലെ അത്ഭുതം എന്ന ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു. ഇത്ര വ്യക്തമായ ഒരു അത്ഭുതം കണ്ടിട്ടും ആളുകൾ എത്ര സംശയദൃഷ്ടിയോടെയാണ് അതിനെ വീക്ഷിച്ചതെന്ന്. പഴയകാലങ്ങളിൽ ഇതുപോലുള്ള അത്ഭുതങ്ങൾ കണ്ടാൽ ജനം വിശ്വസിക്കുകയും അവ വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. എന്നാൽ ഇക്കാലത്ത് വളരെ വർഷങ്ങൾ കഴിഞ്ഞു മാത്രമേ സഭ പോലും ഇതിനെ ഔദ്യോഗികമായി അംഗീകരിക്കുകയുള്ളൂ. എനിക്ക് അങ്ങ് നൽകുന്ന സന്ദേശങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഒന്നുമില്ലാത്തതിനാൽ ഇവ ദൈവീക സന്ദേശങ്ങളായി പരിഗണിക്കപ്പെടുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. സഭയിലെ ഉന്നത അധികാരികൾ അങ്ങയുടെ ഈ സന്ദേശങ്ങൾ അവിടെ വരെ എത്തുകയാണെങ്കിൽ തന്നെ ഇവയെ അവഗണിക്കുകയുള്ളൂ. അങ്ങയുടെ നീതിയുടെ പാനപാത്രം ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ലോകം അങ്ങയെ വളരെയധികം ദ്രോഹിക്കുന്നു. അവർ ഈ സന്ദേശങ്ങൾ ശ്രവിക്കുകയില്ല. നിന്റെ ദൈവത്തേക്കാൾ ഉപരിയായ ഒരു ഉന്നത അധികാരമുണ്ടോ? ഇല്ല, എന്റെ ദൈവമേ, ഒട്ടുമില്ല. പക്ഷേ അവർ അങ്ങയുടെ സന്ദേശങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിലോ? അവരിൽ ചിലർ ഈ സന്ദേശങ്ങളെ സഭയ്ക്ക് വേണ്ടിയുള്ള ഒരു പ്രചരണമായി കണക്കാക്കിയേക്കാം. ഉന്നത അധികാരികളെയും സഭയുടെ ശത്രുക്കളെയും ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ സന്ദേശങ്ങൾ സഭ കെട്ടിച്ചമച്ചതാണെന്ന് കരുതിയേക്കാം. വസൂല, ഞാനാണ് അത്യുന്നതൻ. എല്ലാ അധികാരവും എന്നിൽ നിന്ന് വരുന്നു. അവർ വിശ്വസിക്കുന്നില്ലെങ്കിലോ? അവരുടെ മർക്കട മുഷ്ടി മൂലം അവർ എന്റെ സന്ദേശങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ഇപ്പോൾ എഴുതുന്നില്ല. നിന്നിലൂടെ എഴുതുന്നില്ല. കുഞ്ഞേ, നിനക്ക് എന്നെ ഭയമുണ്ടോ? എനിക്ക് അനുഭവപ്പെട്ട ഭയം ദൈവം ശ്രദ്ധിച്ചു കാണും. സംഭവിക്കും എന്ന് എഴുതിയപ്പോൾ ദൈവത്തിൻറെ ഹൃദയത്തിലെ സങ്കടം എനിക്കും അനുഭവപ്പെട്ടു. അങ്ങയുടെ ക്രോധം ഓർത്ത് എനിക്ക് ഭയമുണ്ട്. ഞാൻ നിങ്ങളുടെ പാപങ്ങൾ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യും. എന്നാൽ എനിക്കെതിരെയുള്ള വിദ്വേഷം ഞാൻ സഹിക്കുകയില്ല. ഞാൻ നിങ്ങളുടെ സൃഷ്ടാവാണ്. നിങ്ങളുടെ ശ്വാസം എന്നിൽ നിന്ന് വരുന്നു. എന്റെ സൃഷ്ടിയെ മുഴുവനും ഞാൻ എന്റെ കരങ്ങളിൽ വഹിക്കുന്നു. ദൈവവിശ്വാസമില്ലായ്മ ഞാൻ ദ്വേഷിക്കുന്നു. വസൂല, ഞാൻ നിന്നെ നയിക്കട്ടെ. എന്റെ കുഞ്ഞേ, വരൂ, എന്നിൽ വിശ്രമിക്കൂ. പിന്നീട്. മണവാട്ടി, നിന്റെ ദീർഘനിശ്വാസം ഒരു ദശലക്ഷം സ്നേഹവാക്കുകൾക്ക് തുല്യമാണ്. ഇന്ന് രാവിലെ നീ എനിക്ക് നൽകിയ നിന്റെ ദീർഘനിശ്വാസത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ശരിയാണ്. ഇന്ന് രാവിലെ ഞാൻ സ്നേഹത്തോടെ യേശുവിനെക്കുറിച്ച് ചിന്തിച്ചു. എനിക്ക് അവിടുത്തോട് വളരെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ ശരിയായ വാക്കുകൾ എനിക്ക് കിട്ടിയില്ല. അതുകൊണ്ട് ഞാൻ ഒരു ദീർഘനിശ്വാസം മാത്രം വിട്ടു. എന്നാൽ എന്റെ ദീർഘനിശ്വാസത്തിൽ നിന്ന് ദൈവം വളരെയധികം മനസ്സിലാക്കിയതായി തോന്നുന്നു. വസൂല, എന്നെ അന്ധമായി സ്നേഹിക്കുക. ഞാൻ ആഗ്രഹിക്കുന്നതെല്ലാം നിന്നെ ഞാൻ ഉപയോഗിക്കട്ടെ. വസൂല, എന്നെ അന്ധമായി സ്നേഹിക്കുക. ഞാൻ ആഗ്രഹിക്കുന്ന വിധം നിന്നെ ഞാൻ ഉപയോഗിക്കട്ടെ. തികച്ചും ഒന്നുമില്ലായ്മയായി നിലകൊള്ളുക. അങ്ങനെ ഈ ഒന്നുമില്ലായ്മയിൽ കൂടി എനിക്ക് എല്ലാമായി തീരുവാനും എന്റെ പ്രവർത്തികൾ പൂർത്തിയാക്കുവാനും സാധിക്കും. നിന്നെ സൃഷ്ടിച്ചത് എനിക്ക് അത്യധികം സന്തോഷം നൽകിയ കാര്യമാണ്. എന്റെ ദൈവമേ, ഞാൻ അവിശ്വസ്തത കാണിച്ച് അങ്ങയെ നിരാശപ്പെടുത്തുമോ എന്നതാണ് എന്റെ ഭയം. നീ ബലഹീനയും നികൃഷ്ടയും ആണെന്ന് ഞാൻ അനാദികാലം മുതൽ അറിഞ്ഞിരുന്നു. എന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ വിശ്വസ്തത പുലർത്തി എന്റേതായി നിലകൊള്ളുന്നതിനു വേണ്ട നടപടികളെല്ലാം ഞാൻ എടുത്തിട്ടുണ്ട്. എനിക്കിതെല്ലാം അറിയത്തില്ലായിരുന്നു എന്ന് എനിക്കിതെല്ലാം അറിയത്തില്ലെന്നാണോ നീ വിചാരിച്ചത്? എനിക്കിതെല്ലാം അറിയാം. അതുകൊണ്ടുതന്നെയാണ് ഞാൻ നിന്നെ തിരഞ്ഞെടുത്തത്. വാക്കുകളാൽ വിവരിക്കാൻ പറ്റാത്ത വിധത്തിലുള്ള നിന്റെ ബലഹീനതയും ദുരിതാവസ്ഥയും എന്നെ ആകർഷിക്കുന്നു എന്ന് ഞാൻ നിന്നോട് പറഞ്ഞതാണ്. വരൂ, എന്റെ ഈ മാർഗ്ഗനിർദ്ദേശം എന്റെ മഹത്വം പുനസ്ഥാപിക്കും. നിങ്ങളുടെ അനീതികൾക്ക് അത് പരിഹാരമാകുമെന്നതിൽ ഞാൻ സന്തോഷിക്കുന്നു. വസൂല, നിന്റെ സ്നേഹാർദ്രമായ വാക്കുകളാൽ എന്നെ കിരീടം അണിയിക്കുക. കർത്താവേ, എന്റെ വാക്കുകളോ? അങ്ങയുടെ മഹത്വമേറിയ തിരുസന്നിധിയിൽ എന്റെ വാക്കുകൾക്ക് എന്തുവിലയാണുള്ളത്? നിന്നിൽ നിന്ന് പുറപ്പെടുന്ന ഹൃദ്യവും സ്നേഹാർദ്രവുമായ വാക്കുകൾ എന്റെ സന്നിധിയിൽ ദിവ്യമായി തീരുന്നു. അത് എന്റെ ചെവികളിൽ ശ്രേഷ്ഠതയുള്ളതായി തീരുന്നു. എന്റെ ചെറിയ ഉപകരണമേ, സന്ദേശം എഴുതിയെടുക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുത്. നീ ചെയ്യുന്നതെല്ലാം എന്നിൽ നിന്ന് വരുന്നതാണ്. എന്റെ ശക്തിയാൽ നിന്നെ നിർത്തുകയും ഞാൻ ആഗ്രഹിക്കുമ്പോൾ നിന്നെ വിളിക്കുകയും ചെയ്യുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയും നിന്റെ കർത്താവിനെ സ്നേഹിക്കുക. വീണ്ടും ദൈവത്തിൻറെ മഹത്വം എന്നെ പൂർണമായി ലയിപ്പിച്ച അനുഭൂതി എനിക്കുണ്ടായി. സമുദ്രത്തിൻറെ ആഴങ്ങളിൽ മുങ്ങിയ അനുഭവം എനിക്കുണ്ടായി. ദൈവം എന്നെ പൂർണമായും സ്വന്തമാക്കണമെന്നുള്ള തീവ്രമായ വാഞ്ച. 10/5/1987. വസൂല, ഞാൻ എന്റെ ജനത്തെ മന്നാ നൽകി തീറ്റിപ്പോറ്റിയത് നീ ഓർക്കുന്നുണ്ടോ? ഞാൻ സ്വർഗ്ഗത്തിൽ നിന്ന് മന്നാ വർഷിച്ചു. എന്റെ സ്വർഗ്ഗീയ കലവറയിൽ നിന്നാണ് അവ വന്നത്. എന്റെ ജനം സീനായിലേക്ക് കടക്കുന്നതിനു വേണ്ടി ചെങ്കടൽ വിഭജിച്ചത് ഞാനാണെന്ന് നിനക്കറിയാമോ? കർത്താവേ, എനിക്കതറിയാം. കുഞ്ഞേ, ഞാൻ സർവ്വശക്തനാണ്. അനേകരെ പോഷിപ്പിക്കുന്നതിനു വേണ്ടി ഈ സന്ദേശങ്ങൾ വഴിയുള്ള മാർഗ്ഗനിർദ്ദേശം ഞാനാണ് ക്രമീകരിക്കുന്നത്. വസൂല, ഇക്കാലമത്രയും ഞാൻ നിന്നോട് ആശയവിനിമയം നടത്തിയിരിക്കുന്നു എന്ന കാര്യം നീ മനസ്സിലാക്കുന്നില്ലേ? എന്റെ ദൈവമേ, ഇതെല്ലാം എന്റെ ഉപബോധ മനസ്സിന്റെ പ്രവർത്തിയാണെന്ന് ഞാൻ ഇപ്പോഴും വിചാരിക്കാറുണ്ട്. നീ സ്വയമായി ഇതൊന്നും എഴുതുകയില്ലെന്ന് ഞാൻ നിന്നോട് പറയട്ടെ. നീ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? ഉവ്വ, ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇതിനെ ഒരു അത്ഭുതമായി കരുതിക്കൊള്ളുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. പിതാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എപ്രകാരമാണ് ഞാൻ അങ്ങയെ ദർശിക്കുന്നതെന്ന് ഞാൻ എങ്ങനെ ആളുകളോട് പറയും? ഞാൻ അങ്ങയുടെ തിരുസാന്നിധ്യം വളരെയധികം അനുഭവിക്കുന്നു. ഇതൊരു ഭാവനയല്ല. നിന്റെ ആന്തരിക നേത്രങ്ങൾ കൊണ്ട്, ദേഹിയുടെ നേത്രങ്ങൾ കൊണ്ട്, നീ എന്നെ ദർശിക്കുന്നു എന്ന് അവരോട് പറയുക. യേശുവേ, അങ്ങയെ കാണുന്നു എന്നത് വെറും ഭാവനയാണെന്ന് ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്. ദർശനത്തിൽ കാണുന്നത് അങ്ങല്ല എന്ന് എന്നെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കണ്ണുകളെ അങ്ങയിൽ നിന്ന് തിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്. വസൂല, ഇങ്ങനെ പ്രവർത്തിക്കുമ്പോൾ നീ എന്നെ ദ്രോഹിക്കുകയാണ്. ദർശനത്തിൽ എന്നെ കണ്ടുകൊണ്ട് സന്ദേശങ്ങൾ കേട്ട് എഴുതിയെടുക്കുന്നതിനുള്ള കൃപാവരം ഞാൻ നിനക്ക് നൽകിയിരിക്കുന്നു. എന്റെ ദാനം സ്വീകരിക്കുക. ഞാൻ നിനക്ക് നൽകുന്നത് സ്വീകരിക്കുക. കർത്താവേ, ചിലപ്പോൾ ബംഗ്ലാദേശിലെ ചൂടിൽ ഞാൻ ആകെ തളർന്നു പോകുന്നു. കൂടുതലായി പ്രവർത്തിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ചിലപ്പോൾ ഒരു അമീബയെ പോലെ പല കഷ്ണങ്ങളായി വിഭജിക്കപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കാറുണ്ട്. എന്റെ പ്രവർത്തികൾ പൂർത്തീകരിക്കുവാൻ വേണ്ട ശക്തി ഞാൻ നിനക്ക് നൽകുന്നു. ലൂക്ക ഒരിക്കൽ ഇപ്രകാരം പറഞ്ഞു: "ഞാൻ കർത്താവിനു വേണ്ടി പ്രവർത്തിക്കുന്നതിനാൽ ഞാൻ ഒരിക്കലും തളരുകയില്ല." എന്തെന്നാൽ, കർത്താവ് തന്നെയാണ് എന്റെ ബലം. കുഞ്ഞേ, ഒരു പിതാവ് തന്റെ കുഞ്ഞിനെ കയ്യിൽ പിടിച്ചുകൊണ്ട് സ്കൂളിൽ കൊണ്ടുപോകുന്നതുപോലെ ഞാൻ നിന്നെ നയിച്ചു. നീ എന്നിൽ നിന്ന് എത്രമാത്രം നേടിയിട്ടുണ്ടെന്ന് ചിന്തിക്കുക. ഞാൻ വളരെയധികം നേടിയിരിക്കുന്നു. സഭാ ജീവിതവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന സ്കൂൾ കാലഘട്ടത്തിനുശേഷം വീട്ടിൽ ബൈബിൾ പോലുമില്ലാതിരുന്ന എന്റെ ആദ്യത്തെ കുട്ടിയുടെ മാമോദീസക്ക് ശേഷം കഴിഞ്ഞ 15 വർഷത്തോളമായി പള്ളിയിൽ പോയിട്ടില്ലാത്ത എന്നെ അങ്ങ് വളരെയധികം പഠിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ ഒരു പണ്ഡിതയായി എന്ന് പറയുകയല്ല. നേരെ മറിച്ച്, കുറഞ്ഞപക്ഷം അങ്ങ് ആരാണെന്നും, അങ്ങ് ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും, അങ്ങയെ എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്നും അങ്ങനെ പഠിപ്പിച്ചിരിക്കുന്നു. എന്റെ സ്വന്തം തോട്ടത്തിൽ നിന്ന് ഞാൻ നിനക്ക് പഴം നൽകിയിരിക്കുന്നു. എന്റെ പഴം കൊണ്ട് നിന്റെ കലവറ നിറയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ദൈവത്തോട് ഒരു കാര്യം ചോദിച്ചു. അക്കാര്യം ഇവിടെ എഴുതുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വസൂല, എനിക്കതറിയാം. അത് ഞാൻ ആഗ്രഹിക്കുന്നതുപോലെ ആയിത്തീരട്ടെ. എനിക്ക് ചിരിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. യേശുവുമായി ഈ വിവരം കൈമാറുവാൻ കഴിഞ്ഞത് നല്ലതായി തോന്നി. യേശുവുമായി സംസാരിക്കുന്നത് നല്ലൊരു സ്നേഹിതനുമായി സംസാരിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ചിരിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ കുലുങ്ങി ചിരിക്കുകയായിരുന്നു. എനിക്ക് വളരെ സന്തോഷമായി. ഞാനും സന്തോഷവാനാണ്. അതെ, അവിടുന്ന് വളരെ സന്തോഷവാനായിരുന്നു. വസൂല, നീ എന്നോട് ഒരു സ്നേഹിതനോട് എന്നപോലെ സംസാരിക്കുന്ന നിമിഷങ്ങളിൽ ഞാൻ എത്ര സന്തോഷം അനുഭവിക്കുന്നുണ്ടെന്ന് നിനക്കറിയാമോ? വസൂല, നമുക്കിനിയും ജോലി ചെയ്യുവാനുണ്ട്. അനുഗ്രഹീതയായിരിക്കുക, പ്രിയപ്പെട്ടവളെ. എന്റെ തിരുസാന്നിധ്യത്തിന്റെ ഒരു അടയാളം ഞാൻ നിനക്ക് തരും. യേശുവേ, എന്ത് അടയാളമായിരിക്കും അത്? എവിടെ വെച്ചായിരിക്കും അത് നൽകുക? നിന്റെ വീട്ടിൽ വെച്ച് ആ അടയാളം നൽകും. ഞാൻ സന്നിഹിതനാണെന്ന് ഞാൻ തെളിയിക്കും. യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ പ്രസാദിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ബലിപീഠമേ, എന്നിൽ നിന്ന് ശക്തി സ്വീകരിച്ചുകൊണ്ട് എന്റെ ജ്വാല നിന്നിൽ നിലനിർത്തുക. 13/5/1987, ഇന്നലെ, മെയ് 12 ആം തീയതി, വൈകുന്നേരം ബോവണിപ്പടിയുടെ സമീപത്തുകൂടെ പോകുമ്പോൾ കുന്തിരിക്കത്തിന്റെ ശക്തമായ സുഗന്ധം എനിക്ക് അനുഭവപ്പെട്ടു. രണ്ടാമത്തെ നിലവരെ ഈ സുഗന്ധം വ്യാപിച്ചു. എനിക്ക് ആശ്ചര്യം തോന്നി. ഞാൻ എന്റെ മകനോട് അവൻ എന്തെങ്കിലും കൊതുകുതിരിയോ മറ്റോ കത്തിച്ചോ എന്ന് ചോദിച്ചു. അവൻ യാതൊന്നും കത്തിച്ചിട്ടില്ല എന്ന് പറഞ്ഞു. ദേവാലയത്തിൽ കത്തിക്കുന്ന കുന്തിരിക്കത്തിന്റെ തന്നെ സുഗന്ധമായിരുന്നു അത്. ഞാൻ ഇക്കാര്യം തൽക്കാലം മറന്ന് മറ്റു കാര്യങ്ങളിൽ വ്യാപൃതിയായി. ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പെൻസിൽ എടുക്കുവാൻ പഠനമുറിയിൽ പോകേണ്ടി വന്നു. ഈ മുറിയിൽ പ്രവേശിച്ചപ്പോൾ കുന്തിരിക്കത്തിന്റെ ശക്തമായ സുഗന്ധം എനിക്ക് വീണ്ടും അനുഭവപ്പെട്ടു. കുന്തിരിക്ക പരിമളത്തിൽ ഞാൻ കുളിച്ചതുപോലെയായി. എനിക്ക് സുഗന്ധം അനുഭവപ്പെട്ട ആ മുറിയിൽ നിന്ന് മാറി മറ്റു സ്ഥലങ്ങളിൽ സുഗന്ധമുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ മറ്റെവിടെയും സുഗന്ധമില്ല എന്ന് മനസ്സിലായി. വീണ്ടും രണ്ടാം തവണ ഈ പ്രസ്തുത മുറിയിൽ പ്രവേശിച്ചപ്പോൾ കുന്തിരിക്കത്തിന്റെ ശക്തമായ സുഗന്ധം എന്നെ പൊതിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. അല്ലയോ, പ്രിയപ്പെട്ടവളെ, ഞാൻ നിന്നെ എന്റെ സുഗന്ധത്താൽ പൊതിഞ്ഞപ്പോൾ ഞാൻ നിന്നെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു. യേശുവേ, അത് അങ്ങായിരുന്നുവോ? അതെ, നിനക്ക് എന്റെ തിരുസാന്നിധ്യം അനുഭവപ്പെട്ടു. ഇത് എന്റെ അടയാളമായിരുന്നു. കുന്തിരിക്ക സുഗന്ധം എന്നിൽ നിന്ന് വരുന്നു. അന്ന് വൈകുന്നേരം ഞാൻ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ. എന്റെ പുഷ്പമേ, എന്റെ തിരുസാന്നിധ്യത്തെക്കുറിച്ചുള്ള കൂടുതൽ അടയാളങ്ങൾ ഞാൻ നിനക്ക് നൽകുന്നതാണ്. അതിനായി ജാഗരൂകയായിരിക്കുക. യേശുവേ, എന്റെ സ്നേഹമേ, എന്റെ ശ്വാസമേ, എന്റെ ജീവനെ, എന്റെ നെടുവീർപ്പേ, എന്റെ വിശ്രാന്തിയെ, എന്റെ പരിശുദ്ധ സന്തത സഹചാരിയെ, എന്റെ രക്ഷകനെ, എന്റെ കാഴ്ചയെ, എന്റെ സർവ്വവുമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. വസൂല, എന്നെ തീക്ഷ്ണമായി സ്നേഹിക്കുക. എന്റെ ശരീരവുമായി ലയിച്ചു ചേരുക. സ്നേഹാർദ്രമായ വാക്കുകളാൽ എന്നെ അലങ്കരിക്കുക. എന്റെ വേദനകൾ ക്ഷമിക്കട്ടെ. സ്നേഹവാക്കുകളാൽ എന്റെ മുറിവുകളിൽ ആശ്വാസം പകരുക. ഇന്ന് വിശുദ്ധ തെരേസയുടെ പുസ്തകം വായിച്ചപ്പോൾ സുഗന്ധാനുഭവം എന്നത് യാഥാർത്ഥമാണെന്ന് എനിക്ക് മനസ്സിലായി. ഗന്ധം പിശാചിൽ നിന്നുള്ളതാണെങ്കിൽ, അത് അസഹനീയമായ ദുർഗന്ധമായിരിക്കും. ഇന്ന് എനിക്ക് അനുഭവപ്പെട്ട സുഗന്ധാനുഭവം യേശുവിൽ നിന്നാണെന്ന് ഉറപ്പിക്കുന്ന മറ്റൊരു തെളിവായിരുന്നു ഇത്. എനിക്ക് വളരെ സന്തോഷമായി. 14/5/1987, ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവിതചരിത്രം വായിച്ചപ്പോൾ നരകത്തെക്കുറിച്ചുള്ള ഒരു ദർശനം വായിക്കുവാൻ ഇടയായി. ഈ ദർശനത്തിലുള്ള വിവരണവും ദൈവം എനിക്ക് നൽകിയ ദർശനത്തിലെ വിവരണവും ഒന്ന് തന്നെയാണെന്ന് മനസ്സിലായപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. വിശുദ്ധ തെരേസ അത് ഇപ്രകാരം വിവരിക്കുന്നു: ഇരുളടഞ്ഞതും തറ മുഴുവൻ വെള്ളം നിറഞ്ഞതും വൃത്തികെട്ട് ദുഷിച്ചു നാറുന്ന മണ്ണ് മൂടിയതുമായ 1987 മാർച്ച് മാസം ഏഴാം തീയതി എനിക്ക് ലഭിച്ച ദർശനത്തിൽ ഉള്ളതും ഇങ്ങനെ തന്നെയായിരുന്നു. 15/5/1987, വരൂ, എനിക്ക് കീഴടങ്ങുക. എനിക്ക് സമർപ്പിക്കുക. എനിക്കുള്ള സമർപ്പണമാകുന്ന നിന്റെ കീഴടങ്ങൽ സ്വരം കേൾക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. എന്തെന്നാൽ, നിന്റെ സമർപ്പണം എന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. കുഞ്ഞേ, നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നോട് അപേക്ഷിക്കുക. പിതാവേ, അങ്ങേക്ക് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ, എന്നെ ഉപയോഗപ്പെടുത്തിയാലും. ഞാൻ നിന്നെ സ്നേഹിക്കുന്നു. സന്ദേശം എഴുതിയെടുക്കുവാൻ നീ ആഗ്രഹിക്കുന്നുവോ? അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ, ഞാൻ എഴുതാം. എന്നാൽ ഇപ്രകാരം എഴുതുക: നിന്നെ പ്രകാശിപ്പിക്കുക എന്നുള്ളത് കർത്താവായ എന്റെ ആഗ്രഹമാണെന്നത് എല്ലാവരും അറിയട്ടെ. നിന്റെ ഏക അഭയസ്ഥാനം ഞാനാണ്. എന്റെ ഹൃദയം ക്ഷമയുടെയും കാരുണ്യത്തിന്റെയും അഗാത സമുദ്രമാണ്. കുഞ്ഞേ, ഞാൻ നിന്നെ പ്രകാശിപ്പിച്ചതുപോലെ തന്നെ എന്നിലേക്ക് തിരിയുന്ന മറ്റുള്ളവരെയും ഞാൻ പ്രകാശിപ്പിക്കും. വസൂല, വരൂ, എന്റെ അടുക്കലേക്ക് കൂടുതൽ അടുത്തുവരുക. നീ എന്നെ സ്വീകരിക്കുമോ? ഞാൻ നിശബ്ദയായി. എന്നെ ദുഃഖിപ്പിക്കരുത്. ഞാൻ വീണ്ടും നിശബ്ദയായി. പ്രിയപ്പെട്ടവളെ, എന്നെ ദുഃഖിപ്പിക്കരുത്. ഞാൻ വീണ്ടും നിശബ്ദയായി. നീ എന്നെ സ്വീകരിക്കുമോ? എന്നെ സന്തോഷിപ്പിക്കുക. എന്നോടൊപ്പം ആയിരിക്കുക. എന്നെ സ്നേഹിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. കൂടെ, കൂടെ, എന്റെ അടുക്കലേക്ക് വരുക. കൂടെ, കൂടെ, എന്നെ സ്വീകരിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നോടൊപ്പം പ്രാർത്ഥിക്കുമോ? എന്നെ വ്രണപ്പെടുത്തരുതേ. ഞാൻ സമ്മതിച്ചു. സ്നേഹപിതാവേ, അങ്ങയുടെ പുത്രന്റെ തിരുരക്തത്താൽ എന്നെ വിശുദ്ധീകരിക്കണമേ. അങ്ങയുടെ പുത്രന്റെ തിരുശരീരത്താൽ എന്നെ വിശുദ്ധീകരിക്കണമേ. സ്നേഹപിതാവേ, ഇപ്പോൾ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്ന ദുഷ്ടാരൂപിയെ തടയണമേ. ആമേൻ. യേശു, ഈ പ്രാർത്ഥന എഴുതിയപ്പോൾ ഞാൻ ഈ പ്രാർത്ഥന ചൊല്ലി. യേശു, ഈ പ്രാർത്ഥന ചൊല്ലി കഴിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണർന്നതുപോലെ തോന്നി. ഇന്നത്തെ സന്ദേശത്തിന്റെ ആരംഭം മുതൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. യേശു എന്നെ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന രീതിയിൽ ഞാൻ ഭാവിക്കുകയായിരുന്നു. ഇല്ല എന്ന് ഉത്തരം പറയാൻ വരെ എനിക്ക് തോന്നി. ഞാൻ യേശുവിനെ വ്രണപ്പെടുത്തിയതാണെന്ന് അറിഞ്ഞിട്ടും ഞാൻ മറുപടി കൊടുക്കുവാൻ വിസമ്മതിച്ചു. യേശു, ഇക്കാര്യം വ്യക്തമായി പറയുവാൻ ഞാൻ ഇടവരുത്തി. ഞാൻ വീഴാറായപ്പോൾ യേശു എന്റെ രക്ഷയ്ക്ക് ഓടിയെത്തി. യേശുവിന്റെ പ്രാർത്ഥനയ്ക്ക് ശേഷം യേശു എന്നോടൊപ്പം പ്രാർത്ഥിക്കുകയായിരുന്നു. ഒരു ദുഷ്ടാത്മാവ് എന്നെ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി. സ്നേഹപിതാവേ, എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്ന ദുഷ്ടാരൂപിയെ തടയണമേ എന്ന വാക്കുകളോടെ എന്റെ മേലുള്ള ദുഷ്ടാരൂപിയുടെ പിടി വിട്ടുപോവുകയും എനിക്കത് ശരിക്കും ബോധ്യപ്പെടുകയും ചെയ്തു. യേശു അതിശക്തമായി എന്റെ കരങ്ങളിൽ പിടിച്ചതിനാൽ എന്റെ കരങ്ങളിൽ ഭാരം തോന്നിയെങ്കിലും അതേസമയം അവിടുത്തെ വലിയ ശക്തി എന്നെ താങ്ങി നിർത്തുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു വലിയ കരുത്തൻ എന്നെ താങ്ങുന്നതുപോലെ തോന്നി. പ്രാർത്ഥനയ്ക്ക് ശേഷം ഉറക്കം ഉണർന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ അടുത്തേക്ക് കൂടുതൽ അടുത്തുവരുക. നിന്നെ തന്നെ വിശുദ്ധീകരിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ വീഴ്ചകളിൽ ഞാൻ നിന്നെ താങ്ങി നിർത്തും. നീ നഷ്ടപ്പെട്ടു പോകുവാൻ ഞാൻ ഇടവരുത്തുകയില്ല. ഒരു പുഷ്പത്തിന് അതിൻറെ മനോഹാരിത കാത്തുസൂക്ഷിക്കുവാൻ വെള്ളവും വളവും ആവശ്യമാണ്. ഞാൻ നിൻറെ വിശ്വസ്ത പരിരക്ഷകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാനും അങ്ങയെ സ്നേഹിക്കുന്നു. ഞാൻ മനസ്സിലാക്കിയിരുന്നില്ലെങ്കിലും ദുഷ്ടാത്മാവ് എന്നെ പിടിച്ചു വലിക്കുന്നത് യേശു കാണുകയും എന്നെ അതിൻറെ പിടിയിൽ നിന്നും മോചിപ്പിക്കുകയും ആണ് ഉണ്ടായത്. എന്നെ അതിൻറെ പിടിയിൽ നിന്നും മോചിപ്പിക്കുകയും ആണ് ഉണ്ടായത്. ദുഷ്ടാത്മാവിൻറെ പിടിയിൽ നിന്ന് മോചിതയായപ്പോൾ മാത്രമാണ് ഞാൻ എൻറെ ആസന്നമായ വീഴ്ചയെ കുറിച്ച് ബോധവതിയായത്.