Latest / ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG / Ep 87: ഭക്തിരഹിതരെ ഞാൻ അസംഖ്യം തവണ വിളിക്കും
Transcript
- എപ്പിസോഡ് 87. 15/02/1989. എന്റെ വസൂല, ഒരിക്കലും നിരാശപ്പെടരുത്. എന്തെന്നാൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കുന്നുണ്ട്. ആരോട് നിനക്ക് എന്നെ താരതമ്യം ചെയ്യാൻ കഴിയും? ഞാൻ ആദിയും അന്ത്യവുമാണ്. ഞാൻ നിത്യനായവനാണ്. ഞാൻ ആയിരിക്കുന്നവനാണ്, ഞാൻ ആയിരുന്നു, എന്നേക്കും ആയിരിക്കുന്നവൻ ഞാൻ ആയിരിക്കും. എന്റെ വചനം ഈ പ്രപഞ്ചമെങ്ങും അറിയപ്പെടും. എന്റെ വചനത്തെ തൊഴിക്കുന്നവൻ മുള്ളാണിയെ തൊഴിക്കുന്നവരെപ്പോലെ ആയിരിക്കും. ലോകത്തിന്റെ ഓരോ കോണിലും അനേകം പീഡകർ ഉയർന്നുവരും. അവർ പടുകൂറ്റൻ കരിങ്കല്ല് പാറക്കഷ്ണങ്ങൾ പോലെ, മനുഷ്യവർഗ്ഗത്തിലേക്കുള്ള എന്റെ വഴി തടയാനായി മതിലുകൾ തീർക്കും. ആരംഭം മുതലേ എനിക്ക് അവരെ അറിയാം. അവർ ഹൃദയശൂന്യരും, അഹങ്കാരവും വഞ്ചനയും നിറഞ്ഞവരും, നാശകരമായ ഒരു മരുഭൂമിയുമാണെന്ന്. അവരുടെ സൈന്യനിരകൾ ഉയർന്നുവരും, എന്നാൽ അവയെല്ലാം വൃഥാവിലാകും. എന്റെ ഒറ്റ നിശ്വാസത്താൽ ഞാൻ അവരെ കീഴടക്കി തൂത്തുവാരും. ഞാൻ നിങ്ങളുടെ കർത്താവും പരിശുദ്ധനായവനുമാണ്. എന്റെ വചനം അറിയപ്പെടേണ്ടതിനായി ഞാൻ രാജാക്കന്മാരെയും രാജ്യങ്ങളെയും മറിച്ചുവീഴ്ത്തിയവനാണ്. എന്റെ ശക്തിയാൽ ഞാൻ സിംഹാസനങ്ങളെ തകർത്ത്, 'ഞാനാണ് അധികാരി' എന്ന് സ്വയം വിളിക്കുന്നവരെ ലജ്ജിപ്പിച്ചവനാണ്. ഇത്തവണയും അത് അങ്ങനെ തന്നെയായിരിക്കും. എല്ലാവരും കാണത്തക്കവണ്ണം ഞാൻ അവരെ നഗ്നരാക്കും. എന്റെ ക്രോധം ഞാൻ ദീർഘകാലം പിടിച്ചുവച്ചു. ഇന്ന് ഞാൻ, കർത്താവായ ഞാൻ, അവരോട് ഗൗരവമായി അഭ്യർത്ഥിക്കുന്നു: നിങ്ങളുടെ സിംഹാസനങ്ങളിൽ നിന്ന് ഇറങ്ങി വന്ന് പശ്ചാത്തപിക്കുക. മനുഷ്യവർഗ്ഗത്തിലേക്ക് എന്റെ ആത്മാവ് വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനെ അടിച്ചമർത്താൻ ആരെത്ര ശ്രമിച്ചാലും, അതിനെ ചവിട്ടിമെതിക്കാൻ ആരും വിജയിക്കുകയില്ല. എന്റെ ആത്മാവിനെ ചവിട്ടിമെതിക്കുന്നവർക്ക് ഹാ ദുരിതം! അവിശ്വസ്തരും കാപട്യക്കാരും എന്റെ നിശ്വാസത്താൽ ഇല്ലാതാക്കപ്പെടും. എന്റെ നീതി അവരുടെ മേൽ വീഴാതിരിക്കാൻ ഞാൻ എത്രമാത്രം എന്റെ നീതിയെ പിടിച്ചുവെക്കുന്നെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ, അവർ പ്രാർത്ഥനയും പശ്ചാത്താപവും അവസാനിപ്പിക്കുമായിരുന്നില്ല. ഞാൻ ഇപ്പോൾ അവർക്ക് നൽകുന്നത് എന്താണെന്നും: ഐക്യപ്പെടുക, ഐക്യപ്പെട്ട് ഒന്നാകുക, പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ ഒന്നായിത്തീരുക എന്ന് പറയുന്നത് ആരാണെന്നും അവർ അറിഞ്ഞിരുന്നെങ്കിൽ. എന്നാൽ അവർ അത് കേൾക്കുകയില്ല, കാരണം അവർ അത് മനസ്സിലാക്കിയിട്ടില്ല. ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, എന്നാൽ അവർ അത് കേൾക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ല. ഞാൻ വളരെ ഗൗരവത്തോടെ നിങ്ങളോട് പറയുന്നു: സമയം അടുത്തിരിക്കുന്നു. അത്യന്തം ആസന്നമായിരിക്കുന്നു. കണക്കെടുപ്പിനുള്ള സമയം അടുത്തെത്തിയിരിക്കുന്നു. ഈ മണിക്കൂറിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നില്ലെന്ന് ഇനി ആർക്കും പറയുവാൻ കഴിയില്ല. എന്റെ നിലവിളി കേട്ട് മരിച്ചവർ പോലും ഉണർന്നു. അവർ പോലും ഉണർന്ന് പശ്ചാത്തപിക്കുകയും എന്നിലേക്ക് തിരിച്ചുവരികയും ചെയ്തു. വളരെ വ്യസനത്തോടെയാണ് ദൈവം സംസാരിച്ചത്. കർത്താവായ ഞാൻ നിങ്ങളുടെ ഇടയിലെ മരിച്ചവരെ ഉയർപ്പിക്കുന്നു. അതെ, എന്റെ നിലവിളി അവർ കേട്ടതുകൊണ്ട്, ഈ ശവങ്ങളിലെ ഓരോരുത്തരെയും ഞാൻ ഉയർത്തും. ഞാൻ അവരിൽ നിന്ന് ജീവനുള്ള പ്രകാശസ്തംഭങ്ങളെ ഉളവാക്കും. പുതുതായി മാനസാന്തരപ്പെട്ടവരെയാണ് കർത്താവ് ഇവിടെ സൂചിപ്പിക്കുന്നത്. അവരിൽ ചിലരെ എന്റെ സഭയിലെ ഉറച്ച തൂണുകളായി ഞാൻ സ്ഥാപിക്കും. അവർ ഓരോരുത്തരുടെയും വലതു കയ്യിൽ എന്റെ വചനത്തിന്റെ ചുരുളും, ഇടതു കയ്യിൽ അവർക്ക് വഴികാട്ടിയായി എന്റെ വിളക്കും ഞാൻ വെച്ചുകൊടുക്കും. ശിഷ്യന്റെ നാവ് ഞാൻ അവർക്ക് നൽകും. അവരെ ഞാൻ നിങ്ങളുടെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നവരാക്കും. എല്ലാ ജനതകളും അവരുടെ സത്യസന്ധത കാണും. ഭൂമിയുടെ അതിർത്തികൾ വരെ അവർ സത്യം പ്രഘോഷിക്കും. ഭൂമി പുതുതായി സസ്യങ്ങളെ വളർത്തുന്നതുപോലെ, ഒരു തോട്ടം വിത്തുകൾ മുളപ്പിക്കുന്നതുപോലെ, കർത്താവായ ഞാൻ ഈ ശവങ്ങളെ പുനർജീവിപ്പിക്കും. എന്റെ അധരങ്ങൾ അവർക്ക് എന്റെ പുതിയ നാമം നൽകും. കുഞ്ഞേ, വരൂ, എന്നോടൊപ്പം ആയിരിക്കുക. നിന്റെ പിതാവിന്റെ കരങ്ങളിൽ നിലനിൽക്കുക. നമ്മൾ, നമുക്ക്. കർത്താവേ, എന്നെന്നേക്കും. എന്റെ നാമത്തിൽ ഒപ്പിടുക. അതെ. പിന്നീട്. കർത്താവേ, ഇപ്പോൾ പലർക്കും അങ്ങയിൽ നിന്ന് വ്യക്തിപരമായ സന്ദേശങ്ങൾ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. ചിലരുടെ ചോദ്യങ്ങൾ തികച്ചും ലൗകികമാണ്. ചിലർ എന്നെ സ്വർഗ്ഗത്തിലേക്കുള്ള വിവരകേന്ദ്രം പോലെ കാണുന്നു. വസൂല, അവരിൽ പലർക്കും ഇതിനകം ഞാൻ എന്റെ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവ വിശുദ്ധ ഗ്രന്ഥത്തിലും ഈ സന്ദേശത്തിലും കണ്ടെത്തേണ്ടതാണ്. കർത്താവേ, അവരുടെ പേരുകൾ ഞാൻ അങ്ങയോട് പറയട്ടെ. നിനക്ക് സ്വതന്ത്രമായി പറയാം. ഞാൻ ആ വ്യക്തികളുടെ പേരുകൾ കർത്താവിനോട് പറഞ്ഞു. എന്റെ മണവാട്ടി, എന്റെ പരിശുദ്ധിക്ക് യോജിക്കാത്ത ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകുകയില്ല. വിനീതരെ ഞാൻ വിളിക്കും, മരിച്ചവരെ ഞാൻ ഉയർപ്പിക്കും. ബലഹീനരെ ഞാൻ പ്രോത്സാഹിപ്പിക്കും, പാപിയെ ഞാൻ പിന്തുടരും. ദൈവവിശ്വാസം ഇല്ലാതിരിക്കുന്നവരെ അസംഖ്യം തവണ ഞാൻ വിളിക്കും. ഇനിമുതൽ 'വ്യക്തിപരമായ സന്ദേശങ്ങൾ' എന്ന് വിളിക്കുന്നവ ഇവയാകും. സന്ദേശങ്ങൾ എഴുതിയെടുക്കുന്നതിൽ മടുപ്പ് തോന്നരുത്. ഇപ്പോഴത്തെ പോലെ വിവേകത്തോടെ വ്യാപരിക്കുക. എപ്പോഴും ആദ്യമേ എന്നെ സമീപിച്ച് എന്നോട് ആലോചന നടത്തുക. കർത്താവേ, ചിലപ്പോൾ ആരും വ്യക്തിപരമായ സന്ദേശങ്ങൾ ചോദിക്കുന്നില്ലെങ്കിലും, അങ്ങ് ഇങ്ങനെയുള്ള സന്ദേശങ്ങൾ നൽകാറുണ്ട്. ഞാൻ തിരഞ്ഞെടുക്കുകയും നിശ്ചയിക്കുകയും ചെയ്യും. നീ പറയേണ്ടതെല്ലാം ഞാൻ നിന്റെ ചെവിയിൽ പറഞ്ഞു തന്നുകൊണ്ട് ഞാൻ നിന്നെ നയിക്കും. വരൂ, നമുക്ക്, നമ്മൾ. 20/02/1989. പ്രാർത്ഥനയ്ക്കും തിരുവചന വായനയ്ക്കും സന്ദേശങ്ങൾക്കും വേണ്ടിയുള്ള യോഗം ഇന്നാണ്. യേശുവേ. ഇത് ഞാനാണ്. യോഗത്തിനുള്ള എന്റെ പരിപാടി അനുസരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്. വരൂ, നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും. നമ്മൾ, നമുക്ക്. പിന്നീട്. പുനസംഗമത്തിനായി നൽകപ്പെട്ട സന്ദേശം. ഞാൻ നിങ്ങളുടെ ദൈവമായ കർത്താവാണ്. ഞാൻ എല്ലാറ്റിലും ഉപരിയായി നിലകൊള്ളുന്നവനായ സർവ്വാധിപനാണ്. നിങ്ങളെ സൃഷ്ടിച്ചവൻ ഞാനാണ്. ഞാൻ തുല്യരിൽ ഇല്ലാത്ത ദൈവമാണ്. ഞാൻ പരിശുദ്ധരിൽ പരിശുദ്ധനാണ്. ഓരോ മാലാഖാവൃന്ദത്തിലെയും അസംഖ്യം മാലാഖമാർ എന്റെ സന്നിധിയിൽ സഷ്ടാംഗം പ്രണമിച്ചുകൊണ്ട് എന്നെ അനവരതം ആരാധിക്കുന്നു. നിങ്ങൾ എന്നെ ആരോട് താരതമ്യം ചെയ്യും? മുഴുവൻ സ്വർഗ്ഗവാസികളും സദാ എന്റെ മഹത്വത്തെ സ്തുതിക്കുന്നു. ഞാൻ കെരൂബുകളുടെ മേൽ സിംഹാസനസ്ഥനാണ്. ഞാൻ മഹത്വവും ശക്തിയും ധരിച്ചിരിക്കുന്നു. ഞാൻ വചനവും സത്യപ്രകാശവും ആകുന്നു. ഞാൻ എന്റെ സർവ്വാധിപത്യത്തിലും മഹത്വത്തിലും ആണെങ്കിലും, എന്റെ വലിയ കരുണ നിമിത്തം ഞാൻ കുനിഞ്ഞിറങ്ങി നിങ്ങളെ സമീപിക്കുന്നു. പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ട ജനതയായ നിങ്ങളുടെ അടുക്കലേക്ക് ഞാൻ വരുന്നു. പ്രിയപ്പെട്ടവരെ, നിങ്ങളുടെ അടുക്കലേക്ക് ഞാൻ വരുന്നു. നിങ്ങളുടെ മുമ്പിൽ നിഷ്പാതനായി, ഒരു ഭിക്ഷക്കാരനെപ്പോലെ ഞാൻ കൈനീട്ടി നിൽക്കുന്നു. സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഞാൻ നിങ്ങളോട് കേണപേക്ഷിക്കുന്നു. നിങ്ങൾ എന്റെ നിലവിളി കേൾക്കുമോ? തിരിച്ചറിയാൻ കഴിയാത്ത വിധം എനിക്ക് മുറിവേറ്റിരിക്കുന്നു. മനുഷ്യരുടെ കള്ളസാക്ഷ്യം, അനീതി, പാപത്തോടുള്ള ആകർഷണം തുടങ്ങിയ തിന്മകളാൽ എന്റെ മുറിവുകൾ നിരന്തരം പല മടങ്ങായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്റെ സൃഷ്ടികൾ എത്രകാലം ദൈവവിശ്വാസമില്ലാതെ ദുഷിച്ചതായി തുടരും? എന്റെ കല്പനകൾ ധിക്കരിക്കുന്നവരോട് ഞാൻ ചോദിക്കുന്നു: ശിക്ഷയുടെ നാളിൽ നിങ്ങൾ എന്ത് ചെയ്യും? സഹായത്തിനായി നിങ്ങൾ ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങൾ എവിടെ സൂക്ഷിക്കും? എന്റെ അനന്തമായ കരുണയും ദയയും നിമിത്തം ഞാൻ ആകാശത്ത് അടയാളങ്ങൾ നൽകിയിരിക്കുന്നു. നിരന്തരം എന്റെ ആത്മാവിനെ മനുഷ്യവർഗ്ഗത്തിന്മേൽ ഞാൻ വർഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ യുവാക്കൾക്ക് ഞാൻ ദർശനങ്ങൾ നൽകുന്നു. അടയാളങ്ങളും കൃപകളും ഞാൻ നിങ്ങളുടെ മേൽ വർഷിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? വിശന്നു പൊരിയുന്ന ഈ തലമുറയ്ക്കായി ഞാൻ എന്റെ സ്വർഗ്ഗീയ ഭണ്ഡാരം തുറന്നിരിക്കുന്നു. നിങ്ങളുടെ ഹൃദയത്തിന് സംതൃപ്തി വരുവോളം, നിങ്ങളുടെ വിശപ്പ് അടങ്ങുവോളം, നിങ്ങൾ സമൃദ്ധമായി ഭക്ഷിക്കും. തിരുലിഖിതങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു. യുഗാന്ത്യത്തിന്റെ അടയാളങ്ങൾ ഞാൻ നിങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, എന്റെ സ്വന്തപ്പെട്ടവരിൽ അനേകർ ഈ അടയാളങ്ങളെ അംഗീകരിക്കുവാൻ വിസമ്മതിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾക്ക് കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയുവാൻ സാധിക്കുന്നില്ല? എന്റെ മക്കളിൽ അനേകരും എന്നെ വിട്ടുപോയിട്ടും, എന്നെ പരിത്യജിച്ചിട്ടും, നിത്യമായ സ്നേഹത്തോടെ, മടുപ്പുകൂടാതെ ഞാൻ അവരെ പിന്തുടരും. ഓരോരുത്തരെയും ആവർത്തിച്ച് ആവർത്തിച്ച് വിളിക്കുന്നതിൽ ഞാൻ ഒരിക്കലും പരാജയപ്പെടുകയില്ല. നിങ്ങളുടെ പൂർണ്ണ ഹൃദയത്തോടെ എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. ഉപവസിക്കുവിൻ, പശ്ചാത്തപിക്കുവിൻ. നിങ്ങളുടെ ഹൃദയം എനിക്ക് തുറന്നു തരുക, ഞാൻ നിങ്ങളെ സൗഖ്യമാക്കാം. നിങ്ങളുടെ പിതാവിന്റെ പക്കലേക്ക് നിങ്ങൾ തിരിയുവിൻ. പിതാവ് തന്റെ മക്കളെ വാത്സല്യപൂർവ്വം പരിചരിക്കുന്നതുപോലെ, മാനസാന്തരപ്പെട്ട് എന്റെ അടുക്കലേക്ക് തിരിച്ചുവരുന്നവരെ ഞാൻ പരിചരിക്കും. എന്തെന്നാൽ, ബലഹീനരോട് ഞാൻ അത്യന്തം വാത്സല്യവാനും, നികൃഷ്ടരായവരോട് ഞാൻ വളരെയധികം കരുണാമയനുമാണ്. ഞാൻ കരുണ നിറഞ്ഞവനും വലിയ കൃപാലുവും ആണ്. പ്രിയപ്പെട്ടവരെ, ഉന്നതത്തിൽ നിന്നുള്ള എന്റെ നിലവിളി കേൾക്കുക. എന്റെ ദൈവീക സ്നേഹത്തിൽ നിന്ന് നിങ്ങളുടെ ഹൃദയം നിറയ്ക്കുക. പരസ്പരം ക്ഷമിക്കുക. അന്യോന്യം കുറ്റം വിധിക്കരുത്. പരസ്പരം ക്ഷമിക്കുന്നതിലൂടെ നിങ്ങൾ ഐക്യത്തിന്റെ പാതയിൽ പ്രവേശിക്കും. നിങ്ങളുടെ അയൽക്കാരനെ കുറ്റം വിധിക്കാതിരിക്കുമ്പോൾ, നിങ്ങൾ സത്യമായി എന്റേതാണെന്ന് വിളിക്കപ്പെടും. എന്റെ കുഞ്ഞാടുകളെ, നിങ്ങളുടെ ദൈവം നിങ്ങളിൽ സന്തോഷിക്കട്ടെ. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ എന്റെ സമാധാനം സ്വീകരിച്ച് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക. എന്റെ സ്നേഹം സ്വീകരിക്കുക. അത് ഒരു പുഷ്പമാല പോലെ നിങ്ങളെ വലയം ചെയ്യട്ടെ. എന്റെ ഹൃദയത്തിന്റെ മക്കളെ, ഇത് പറയുന്നതിൽ എനിക്ക് ദുഃഖമുണ്ടെങ്കിലും, നിങ്ങളെ സത്യത്തിൽ നിലനിർത്തേണ്ടതുണ്ട്. എന്റെ കേണപേക്ഷകളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും, അനേകർ പാപത്തിൽ തന്നെ തുടരും. അവരുടെ നിത്യനാശത്തിലേക്കാണ് അവർ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങൾ ജീവിക്കുന്നത് കലഹഭരിതമായ ഒരു കാലഘട്ടത്തിലാണ്. ഇങ്ങനെ പറയപ്പെട്ടിട്ടുണ്ട്: ജനങ്ങൾ ദൈവവിശ്വാസത്തെ പരിഹസിക്കും. ദൈവീക വാഗ്ദാനങ്ങളെ അവർ കളിയാക്കും. കഠിനഹൃദയരായ ഇക്കൂട്ടർ കേൾക്കാൻ വിസമ്മതിക്കും. ശുദ്ധീകരണ നാളുകൾക്ക് മുമ്പുള്ള അവസാന നാളുകളിലാണ് നിങ്ങൾ ജീവിക്കുന്നത്. ജാഗരൂകരാകുക. പകലും രാത്രിയും പ്രാർത്ഥിക്കുക. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. ശുദ്ധീകരണ ദിനങ്ങൾ വളരെ ആസന്നമായിരിക്കുന്നെന്ന് ഞാൻ നിങ്ങളോട് ഗൗരവപൂർവ്വം പറയുന്നു. നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്റെ അനന്തമായ ഈ സ്നേഹം നിമിത്തം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടി ഞാൻ ഭൂമിയുടെ പല ഭാഗങ്ങളിലേക്കും ഇറങ്ങി വരുന്നു. ഈ മുന്നറിയിപ്പുകളെ ഭീഷണിയായി തെറ്റിദ്ധരിക്കരുത്. ഞാൻ പരിശുദ്ധനാണ്. എന്റെ ഛായയിൽ രൂപപ്പെടുത്തപ്പെട്ട നിങ്ങളും പരിശുദ്ധരായി ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാലത്തിന്റെ ആരംഭം മുതൽ വിശുദ്ധരെയും പ്രവാചകന്മാരെയും ഉയർത്തിക്കൊണ്ട് ഞാൻ പരിശുദ്ധനാണെന്ന് നിങ്ങളെ ഓർമ്മപ്പെടുത്തി. എന്റെ ശുദ്ധീകരണ ദിവസത്തിനായി ഞാൻ നിങ്ങളെല്ലാവരെയും ഒരുക്കിയിരിക്കുന്നു. ആ ദിവസം എന്റെ പരിശുദ്ധാത്മാവാകുന്ന അഗ്നി നിങ്ങളിലേക്ക് ശക്തിയോടെ പ്രവേശിച്ച് എല്ലാ ദുഷ്ടതയെയും നീക്കി കളയും. അശുദ്ധമായതിനെ എല്ലാം അത് നീക്കി കളയും. ആ ദിവസത്തിനായി ഒരുങ്ങിയിരിക്കുക. എന്റെ നിലവിളി കേൾക്കുക. എന്റെ യാചന ശ്രവിക്കുക. ജ്ഞാനി, ഈ വചനങ്ങൾ ഗ്രഹിക്കട്ടെ. എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. തിരിച്ചുവരുവിൻ. ഞാനാണ് നിങ്ങളുടെ അഭയസങ്കേതം. അടയാളങ്ങളെ തിരിച്ചറിയുവിൻ. കാലത്തിന്റെ അന്ത്യത്തിന്റെ അടയാളങ്ങളെ തിരിച്ചറിയുവിൻ. നിങ്ങളുടെ ചെവികൾ അടയ്ക്കരുത്. നിങ്ങളുടെ കണ്ണുകൾ അടയ്ക്കരുത്. കാലത്തെ തിരിച്ചറിയുവിൻ. കർത്താവായ ഞാനാണ് നിങ്ങളുടെ അഭയകേന്ദ്രം എന്ന് ഓർക്കുക. പ്രിയപ്പെട്ടവരെ, നിങ്ങൾ ഉറച്ചുനിൽക്കുവിൻ. നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഞാൻ അനുഗ്രഹിക്കുന്നു. 26/02/1989. കർത്താവേ. ഇത് ഞാനാണ്. എന്റെ സമാധാനം സ്വീകരിക്കുക. മൂന്നു വർഷത്തിലേറെയായി ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. അതെ, കർത്താവേ, അങ്ങ് എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആത്മവിശ്വാസത്തോടെ ഇരിക്കുക. ഇപ്പോൾ ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല. എന്റെ ബന്ധങ്ങൾ നിത്യമായ ബന്ധങ്ങളാണ്. നീ എന്നോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഞാനും നീയും, നീയും ഞാനും. എന്നേക്കും സ്നേഹത്തിന്റെ ഐക്യത്തിൽ. ഓ, അതെ, എന്നെ ആഗ്രഹിക്കുക. പെട്ടെന്ന് എനിക്ക് എന്റെ സ്വർഗ്ഗീയ പിതാവിനോട് അതിതീവ്രമായ ആഗ്രഹം അനുഭവപ്പെട്ടു. ഞാൻ ഒരു അഗതിയെപ്പോലെയോ, വിധവയെപ്പോലെയോ എനിക്ക് അനുഭവപ്പെട്ടു. ദൈവത്തോടുള്ള തീവ്രമായ ആഗ്രഹം വേദനാജനകമാണ്. നീ എന്റെ കൃപയിലാണ്. നിന്റെ ദൈവമായ എന്നെ ആഗ്രഹിക്കുക. നിന്റെ പിതാവായ എന്നെ ആഗ്രഹിക്കുക. നീ ലോകത്തിന്റേതല്ല എന്ന് അനുഭവപ്പെടട്ടെ. പുഷ്പമേ, എന്നെ പ്രസാദിപ്പിക്കുക. എന്റെ പ്രകാശം തേടിക്കൊണ്ട് എന്റെ നേർക്ക് തിരിയുക. ഒരു പുഷ്പത്തിന് അതിന്റെ സൗന്ദര്യം നിലനിർത്താൻ ഒരു തോട്ടക്കാരനെ ആവശ്യമുള്ളതുപോലെ, എന്നെ ദാഹത്തോടെ ആഗ്രഹിക്കുക. എന്നെ ആവശ്യമുള്ളതായി കരുതുക. എന്റെ പ്രകാശം ആവശ്യമുള്ളതായി കരുതി ജീവിക്കുക. എന്റെ നീരുറവകളെ ആവശ്യമുള്ളതായി കരുതുക. നിന്റെ വിശ്വാസത്തിൽ വളരുക. വരൂ, അടുത്ത മീറ്റിംഗിന് നീ വായിക്കുവാനുള്ള തിരുവചന ഭാഗം ഞാൻ നിന്റെ ചെവിയിൽ പറഞ്ഞു തരാം. എന്നിൽ ആശ്രയിക്കുക. ഞാൻ നിന്നെ പിന്താങ്ങും. നീ ഒന്നുമില്ലായ്മയാണെന്ന് ഓർക്കണം. നിന്റെ ഒന്നുമില്ലായ്മയിൽ നിന്റെ സർവ്വവുമായി ഇരിക്കുവാൻ എന്നെ അനുവദിക്കുക. നിന്റെ വിളക്കിലെ എണ്ണ ഞാൻ എപ്പോഴും പരിശോധിക്കുന്നതാണ്. നിന്റെ വിളക്കിലെ എണ്ണ വറ്റിപ്പോകുവാൻ ഞാൻ ഒരിക്കലും ഇടവരുത്തുകയില്ല. നിന്റെ ജ്വാല ഞാൻ ജ്വലിപ്പിച്ചു നിർത്തും. ഞാൻ നിന്നെ ഇരുട്ടിൽ വിടുകയില്ല. എന്റെ മാർഗ്ഗനിർദ്ദേശം സമാധാനത്തിലായിരിക്കും. അതിനാൽ എന്നെ ഒരിക്കലും നിന്റെ ദൃഷ്ടിയിൽ നിന്ന് അകറ്റി നിർത്തരുത്. കർത്താവേ. ഇത് ഞാനാണ്. ഞാൻ അങ്ങയോട് ഒരു കാര്യം ചോദിക്കട്ടെ. സ്വതന്ത്രമായി നിനക്ക് ചോദിക്കാം. കർത്താവേ, അങ്ങ് എന്നെ മൃതരിൽ നിന്ന് ഉയർപ്പിച്ചില്ലേ? ഞാൻ നിന്നെ ഉയർപ്പിച്ചു. എന്റെ കർത്താവും രക്ഷകനുമായവനെ അങ്ങ് എന്നെ സമൃദ്ധമായി പോഷിപ്പിച്ചു കൊണ്ടിരിക്കുന്നു. തിന്മ എന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് അങ്ങ് എനിക്ക് രാവും പകലും കാവലിരിക്കുന്നു. എന്റെ പീഡകർ എന്നെ ചവിട്ടി മെതിക്കാൻ ഒരുങ്ങുമ്പോൾ, അങ്ങ് എന്നെ അങ്ങയുടെ സന്നിധിയിലേക്ക് ഉയർത്തി സുരക്ഷിതയാക്കുന്നു. അങ്ങ് എന്റെ പരിപാലകനാണ്. അങ്ങ് എന്റെ മാർഗ്ഗദർശിയാണ്. അങ്ങ് എന്റെ അധ്യാപകനാണ്. അങ്ങ് എന്റെ മണവാളനും പരിശുദ്ധ സഹചാരിയുമാണ്. അങ്ങ് ഏറ്റവും വാത്സല്യനിധിയായ ദൈവമാണ്. കർത്താവേ, അങ്ങയോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ. അങ്ങ് അങ്ങയുടെ ആത്മാവിനെ എന്റെ മേൽ വർഷിച്ചു. എന്റെ സഹോദരങ്ങളുടെ മേലും അങ്ങയുടെ ആത്മാവിനെ വർഷിക്കുകയില്ലേ? മൃതരുടെ ഇടയിൽ അങ്ങ് എന്നെ അന്വേഷിച്ചു വന്നു. അങ്ങ് എന്നെ ഉയർപ്പിച്ചിരിക്കുന്നു. അവശേഷിച്ച മൃതരെയും അങ്ങ് ഉയർപ്പിക്കുകയില്ലേ? വസൂല, ഞാൻ മൃതരെ ഉയർപ്പിക്കും. ഇതിനോടകം തന്നെ ആ മൃതശരീരങ്ങളുടെ സമീപത്ത് ഞാനുണ്ട്. അവർ മുമ്പൊരിക്കലും കേൾക്കാത്ത കാര്യങ്ങൾ കേൾക്കുകയും, മുമ്പൊരിക്കലും പറഞ്ഞു കേട്ടിട്ടില്ലാത്ത കാര്യങ്ങൾക്ക് അവർ സാക്ഷ്യം വഹിക്കുകയും ചെയ്യും. എന്റെ സൗന്ദര്യത്തെക്കുറിച്ച് ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ലാത്തവർ പ്രകാശമായ എന്നെ കാണും. എന്റെ സ്നേഹത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ എന്റെ സ്നേഹം ഗ്രഹിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യും. നിങ്ങളുടെ യുവജനങ്ങളെ എന്റെ അടുക്കലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള എന്റെ വചനത്തിന്റെ പാത്രമായിരിക്കും അവർ. അതെ, വിദേശികളായിരിക്കും എന്റെ സഭയെ പുനർനിർമ്മിക്കുക. അവർ പുരാതന നാശാവശിഷ്ടങ്ങൾ പുനർനിർമ്മിക്കും. ഇപ്പോൾ നശിച്ചു കിടക്കുന്നതിനെ അവർ പണിതുയർത്തും. നശിച്ചു കിടക്കുന്ന എല്ലാറ്റിനെയും അവർ പുനസ്ഥാപിക്കും. നീ ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ? കർത്താവേ, അങ്ങയുടെ സഭയുടെ നാശാവശിഷ്ടങ്ങളോട് തുലനം ചെയ്യുമ്പോൾ അവർ വളരെ കുറവാണ്. ഞാൻ അവരെ വർദ്ധിപ്പിക്കും. നീ കാത്തിരുന്നു കാണുക. സ്നേഹം സ്നേഹമായി തന്നെ തിരിച്ചുവരും. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്. ഇപ്പോൾ വരൂ. എന്നിൽ വിശ്രമിക്കുക. നമ്മൾ നമുക്ക്. എന്നേക്കും.